സ്‌നേഹപ്പുഴക്കരയിലെ ദര്‍ശനത്തുരുത്ത്

ഞാന്‍ ഇന്ന് ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം ചമ്രവട്ടം ഗ്രാമമാണ്. പക്ഷേ, ഞാന്‍ വളരാന്‍ തുടങ്ങിയത് ഈ നാട് എല്ലാംകൊണ്ടും മോശമാണ് എന്ന വലിയ സങ്കടത്തോടുകൂടി ആയിരുന്നു. പഠിക്കാന്‍ പൊന്നാനി ഹൈസ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഈ ദുഃഖം ഉറച്ചു. കാരണം, പൊന്നാനിയില്‍ ഉള്ള ഒന്നും ചമ്രവട്ടത്തില്ല. ബസ്സില്ല, കാറില്ല, വലിയ കടകളില്ല, ആസ്പത്രിയില്ല, ഹൈസ്‌കൂളില്ല, വായനശാലയില്ല, കോടതിയില്ല, പൊലീസ് സ്‌റ്റേഷന്‍ ഇല്ല, സിനിമാ തീയേറ്റര്‍ ഇല്ല. സര്‍ക്കസുകാരോ കഥകളിക്കാരോ കഥാപ്രസംഗക്കാര്‍ പോലുമോ വരില്ല! എല്ലാംകൊണ്ടും ഓണം കേറാമൂല! ഒരു ചമ്രവട്ടത്തുകാരനാണ് എന്ന് സഹപാഠികള്‍ അറിയുന്നതു തന്നെ കുറച്ചില്‍!

ചമ്രവട്ടത്ത് വിശേഷമായി ആകെ ഉള്ളത് ഭാരതപ്പുഴയില്‍ ഒരു തുരുത്തില്‍ സ്ഥിതിചെയ്യുന്ന ധര്‍മ്മശാസ്താവിന്റെ അമ്പലമാണ്. അതോ, നന്നേ ചെറുത്. അവിടെയാകട്ടെ, കേമമായ ഉത്സവമോ പൂരമോ വെടിക്കെട്ടോ ഒന്നും ഇല്ല. വഴിപാടായല്ലാതെ ചെണ്ടകൊട്ടുപോലും ഇല്ല. ധനുമാസത്തില്‍ പത്ത് ദിവസത്തെ ചുറ്റുവിളക്കുണ്ട്. അതും വെറും ചടങ്ങാണ്.കച്ചവടക്കാരന്‍ സ്വാമിയും മനയ്ക്കലെ തിരുമേനിയും കഴിഞ്ഞാല്‍ ജാതിമതഭേദം കൂടാതെ ബാക്കിയെല്ലാരും ഇല്ലായ്മക്കാരാണ്. കൃഷി ചെയ്താല്‍ വിളവ് കാര്യമായി ഇല്ല. മിക്കവര്‍ക്കും മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലതാനും. പട്ടാളത്തില്‍ പോയവരും തമിഴ്‌നാട്ടില്‍ വല്ല ഹോട്ടലിലോ മരക്കമ്പനികളിലെ അറക്കപ്പട്ടി യിലോ ഏര്‍പ്പെട്ടവരുമായ കഷ്ടിവരുമാനക്കാര്‍ അല്ലാതെ, നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളും ഇല്ല. കന്നുകാലികള്‍ വരെ മുടന്തി മാറു കുരച്ച് അവശരാണ്. കാക്കയ്‌ക്കോ കാക്കക്കുയിലിന്റെ വലിപ്പം മാത്രം! കഷ്ടിമുഷ്ടി എങ്ങനെയൊക്കെയോ ജീവിച്ചുപോകുന്ന കുറച്ചു മനുഷ്യരുടെയും ജീവജാലങ്ങളുടെയും ലോകം!

ഇങ്ങനെയിരിക്കെയാണ് എട്ടാം ക്ലാസ്സില്‍ എന്റെ മലയാളം സാര്‍ ചുറ്റുവട്ടത്തുള്ള ഓരോ നാടിന്റേയും ചരിത്രം പറഞ്ഞത്. ഈശ്വരമംഗലം, കോട്ടത്തറ, നരിപ്പറമ്പ്, തവനൂര്‍, ഇടപ്പാള്‍, കടവനാട്, ചമ്രവട്ടം, പുതുപ്പള്ളി, വെട്ടം, മംഗലം എന്നിങ്ങനെയുള്ള സ്ഥലനാമങ്ങളുടെ ഉല്പത്തിയും ആ പ്രദേശങ്ങളുടെ പ്രത്യേകതകളും വിശദീകരിച്ചു. ഇതില്‍ ചരിത്രപാരമ്പര്യംകൊണ്ട് ഏറ്റവും മുഖ്യമായ നാട് ചമ്രവട്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

തിരുന്നാവായ വരെ പടിഞ്ഞാട്ടൊഴുകുന്ന ഭാരതപ്പുഴ അവിടെവച്ച് തെക്കോട്ട് തിരിഞ്ഞാല്‍ പിന്നെ ഒരു കാതം (മൂന്നു നാഴിക-നാലര കിലോമീറ്റര്‍) പിന്നിട്ട് വീണ്ടും ഗതിമാറി പടിഞ്ഞാട്ടൊഴുകി കടലില്‍ ചേരുംവരെയുള്ള ഘട്ടത്തില്‍ പുഴയ്ക്കും കടലിനുമിടയിലെ തുരുത്താണ് ചമ്രവട്ടം. വെറും ഇത്തിരി വട്ടം! പക്ഷേ, ഇവിടെയായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ വിദ്യാപീഠം. ശബരന്‍ എന്നൊരു മഹാപണ്ഡിതന്‍ പ്രധാന ഗുരു. കൃഷി, കന്നുകാലി സംരക്ഷ, ആയുര്‍വേദം, ദര്‍ശനം, ജ്യോതിശാസ്ത്രം എന്നിവ തുടങ്ങി അറുപത്തിനാല് കലകളും ജാതിമതഭേദം കൂടാതെ പഠിപ്പിച്ചിരുന്നതിനു പുറമെ ഒരു വാനനിരീക്ഷണാലയവും കാലാവസ്ഥാ കേന്ദ്രവും ഇവിടെ ഉണ്ടായിരുന്നു. ‘ശബരവട്ടം’ ആണ് ചമ്രവട്ടം. ശബരന്‍ ജൈനമുനിയായിരുന്നു, ക്ഷേത്രം ജൈനവിഹാരവും.

അക്കാലങ്ങളില്‍ ഭാരതപ്പുഴയായിരുന്നു ഗതാഗതത്തിനും ചരക്കുനീക്കത്തിനും ഏക വഴി. പൊന്നാനി മുതല്‍ വള്ളുവനാടിന്റെ ഉള്ളറകള്‍ വരെ തോണികള്‍ സഞ്ചരിച്ചു. മലഞ്ചരക്ക് പടിഞ്ഞാട്ട്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇറക്കുമതി ഉരുപ്പടികള്‍ തിരികെ കിഴക്കോട്ട്. ഈ കെട്ടുവള്ളങ്ങളുടെ ഇടത്താവളവുമായിരുന്നു ചമ്രവട്ടം. ഇവിടെ തോണി അടുപ്പിക്കുന്നതിനും കുറ്റിയടിച്ചുകെട്ടുന്നതിനും അക്കാലത്ത് ചുങ്കം ഏര്‍പ്പെടുത്തുകയും അതു പിരിക്കാനുള്ള അവകാശത്തോടെ ഒരു നമ്പൂതിരി കുടുംബം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.കുറ്റിശ്ശേരിമന.അതിപ്രാചീന കാലത്ത് പ്രശസ്തരായ ജ്യോതിശാസ്ത്രജ്ഞരും ഗണിത പണ്ഡിതരും ആര്യഭട്ടന്‍ ഉള്‍പ്പെടെ, ജനിച്ചുവളര്‍ന്നതും ജീവിച്ചതും ഇവിടെ ആയിരുന്നു. ആര്യഭടീയം എന്ന പ്രസിദ്ധ കൃതി സൂക്ഷിച്ചുവായിച്ചാല്‍ ഇതു മനസ്സിലാവും. ഈ പ്രദേശത്ത് പിച്ചക്കാരെ ഇപ്പോഴും ധര്‍മ്മക്കാരെന്നു പറയുന്നതിനു കാരണം ഈ ജൈനധര്‍മ്മസ്മരണയാണ്. ലോകരില്‍ നിന്ന് ലഭിക്കുന്ന ഭിക്ഷകൊണ്ടാണ് വിദ്യാലയവും ഗവേഷണാലയവും ചികിത്സാ കേന്ദ്രവും നിരീക്ഷണ കേന്ദ്രവുമെല്ലാം നടന്നത്. പേഴ്‌സ്യയും ചൈനയുമുള്‍പ്പെടെ ലോകത്തെല്ലായിടത്തു നിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വന്നിരുന്നു.

ഏഴാം നൂറ്റാണ്ടില്‍ ഹിന്ദു രാജാക്കന്മാരുടെ കീഴില്‍ ബ്രാഹ്മണാധിപത്യം വന്നതോടെ ഇതത്രയും കഥാവശേഷമായി. ജൈനാചാര്യന്മാര്‍ രായ്ക്കുരാമാനം ആട്ടിയോടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. പള്ളികളും കാവുകളും ക്ഷേത്രങ്ങളായി മാറി. ചാതുര്‍വര്‍ണ്യം സമൂഹത്തെ ഗ്രസിച്ചു. ഉയര്‍ന്നവരും താണവരും എന്ന രണ്ട് വര്‍ഗ്ഗമുണ്ടായി. സമൂഹം നെടുകെ പിളര്‍ന്നു. രാജശാസനപ്രകാരം നാടു മുഴുവന്‍ ഏതാനും ഉയര്‍ന്നവരുടെ \സമ്പത്തായി.പെരുമാക്കന്മാരുടെ കാലത്തും തുടര്‍ന്ന് സാമൂതിരിയുടെ കാലത്തും സങ്കേതങ്ങള്‍ എന്ന ബ്രാഹ്മണക്കൂട്ടായ്മകള്‍ നാട്ടില്‍ നീതിന്യായ നിശ്ചയവും ക്രമസമാധാനപാലനവും കയ്യടക്കി. പിന്നീട് വിദേശികള്‍ ഇതേ ജന്മിമാരെ തങ്ങളുടെ ഭരണമുറപ്പിക്കാന്‍ ഉപയോഗിച്ചു. അവരുടെ ജന്മാവകാശം നിയമം മൂലം സ്ഥിരീകരിക്കുകയും കരം പിരിക്കാന്‍ അവകാശം അനുവദിക്കയും കുടിയിരുത്താനും കുടിയൊഴിപ്പിക്കാനും ചാതുര്‍വര്‍ണ്യം പരിപാലിക്കാനും പോലീസിന്റെ സഹായം നല്‍കുകയും ചെയ്തു.

സ്വാതന്ത്ര്യം കിട്ടി ഇന്ത്യ റിപ്പബ്ലിക്കായിട്ടും ഭരണം ഈവഴി തന്നെയാണ് പോകുന്നതെന്ന് ക്ലാസ്സില്‍ തുറന്നു പറഞ്ഞു തന്നതിന്റെ പേരില്‍ ഈ ഗുരുവിന് അന്ന് മാനേജ്‌മെന്റിന്റെ താക്കീത് കിട്ടിയതായി ഞാന്‍ അറിയുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ക്ലാസിലെ ഒരു കുട്ടിയുടെ അച്ഛന്‍ പൊന്നാനിയില്‍ മുന്‍സിഫ് ആയിരുന്നതിനാല്‍ ആ വഴിയാണ് പരാതി ഉണ്ടായതത്രെ.എന്റെ മനസ്സില്‍ അടഞ്ഞുകിടന്ന ഒരു വാതില്‍ തുറക്കുന്നതു പോലെ ആയിരുന്നു ഈ അറിവുകള്‍. സ്‌നേഹവും സംസ്‌ക്കാരങ്ങളും പുഴയിലൂടെ താഴോട്ടും മേലോട്ടും തുഴഞ്ഞുവന്ന് സമ്മേളിച്ച ഈ മണ്ണ് അന്നുമുതല്‍ എനിക്ക് പ്രിയപ്പെട്ടതായി. ഉദയസൂര്യപ്രഭയുടെ പട്ടുടുത്ത് മഞ്ഞുപുതച്ചു നില്‍ക്കുന്ന അമ്പലത്തുരുത്തും അതില്‍ നിരന്നു പൂവിട്ടു നില്‍ക്കുന്ന വെള്ള മരുതുമരങ്ങളും ആയിരം കടവാതിലുകള്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന ആല്‍മരവും അമ്പലത്തിനു മുന്നില്‍ ആകാശം നിഴലിച്ചുകാണുന്ന പുഴയും എന്നില്‍ നിര്‍വചിക്കാനാവാത്ത ഭാവങ്ങളും അസുലഭമായ പ്രസാദവും ഉളവാക്കി. പുഴയില്‍ ഇറങ്ങിനിന്ന് കിഴക്കോട്ടു നോക്കിയാല്‍ പശ്ചിമഘട്ടവും പടിഞ്ഞാട്ട്‌നോക്കിയാല്‍ അറബിക്കടലും കാണാവുന്നത്ര വിശാലത! സ്വച്ഛമായ മണല്‍പ്പരപ്പും! രണ്ടും ഇവിടത്തുകാരുടെ മനസ്സുപോലെ!

ക്ലാസ്സില്‍ സാര്‍ പറഞ്ഞതൊക്കെ ശരിയാണോ എന്ന് ഞാന്‍ മുത്തച്ഛനോട് ചോദിച്ചു. അതെ എന്നായിരുന്നു നിസ്സംശയം മറുപടി. അക്കാലത്തെ പാരമ്പര്യമാണ് ഇപ്പോഴും നാട്ടില്‍ അവശേഷിക്കുന്നത്. അത്രയാണ് അതിന്റെ വേരുറപ്പ്. അമ്പലത്തുരുത്തിനു ചുറ്റും മണല്‍ മാന്തിയാല്‍ ഇപ്പോഴും ജൈനകാലത്ത് കളിമണ്ണില്‍ പണിത് ചൂളയ്ക്കുവെച്ച ശില്പരൂപങ്ങള്‍ കിട്ടുെമന്നും പറഞ്ഞുതന്നു. ഞങ്ങള്‍ ഏതാനും കുട്ടികള്‍ ഇത് പരീക്ഷിച്ചു. ഒരു ‘സത്വന്‍’ ഞങ്ങള്‍ക്കു കിട്ടി. ഈ പ്രതിമയെ ‘ചാത്തന്‍’ എന്നാണ് അമ്പലത്തിലെ ശാന്തിക്കാരന്‍ മറ്റും വിളിച്ചത്. അമ്പലത്തുരുത്തില്‍ അനാഥമായി കിടന്ന അതിന് കാലംകൊണ്ട് എന്ത് സംഭവിച്ചു എന്ന് നിശ്ചയമില്ല. കാത്തുസൂക്ഷിക്കേണ്ട ഒരു പുരാവസ്തുവാണ് അതെന്ന അറിവൊന്നും അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു (ഈയിടെ മണല്‍ത്തൊഴിലാളികള്‍ക്ക് ഒരു ലോറി നിറയെ ജൈനകാലപ്രതിമകള്‍ കിട്ടിയതും അനാഥമായി നശിച്ചുപോയി. ആര്‍ക്കിയോളജി വകുപ്പുകാര്‍ മണല്‍വാരുന്നവരില്‍ നിന്ന് കോഴ വാങ്ങാനേ ഇവിടെ വരാറുള്ളൂ.)ഈ പുഴതന്നെ ഒരു മഹാസര്‍വ്വകലാശാലയാണെന്ന് കാലക്രമേണ എനിക്ക് മനസ്സിലായി. ഇതിന്റെ മാറില്‍ കാണപ്പെടുന്ന പലയിനം കല്ലുകളും മണല്‍തരികളും മതി ജിയോളജി പഠിക്കാന്‍. വെള്ളത്തിലും അല്പം ഈര്‍പ്പമുള്ള ചെളിപ്പാറലുകളിലും വളരുന്ന സസ്യങ്ങള്‍ ബോട്ടണി പഠിക്കാന്‍ ധാരാളം മതിയാവും. വെള്ളത്തിലും മണലിലുമായി കാണാവുന്ന ജീവികളും ജീവാവശിഷ്ടങ്ങളും ജീവശാസ്ത്രം പഠിപ്പിക്കാന്‍ കഴിവുള്ളവയാണ്. കെമിസ്ട്രിയും ഹൈഡ്രോളജിയും ഫ്‌ളൂയിഡ് ഡൈനാമിക്‌സും വ്യാഖ്യാനിച്ചുകൊണ്ട് സ്ഥിരമായി ജലം ഒഴുകുന്നു. രാത്രിയും പകലും ആകാശം നോക്കി േജ്യാതിശാസ്ത്രം വശമാക്കാം.

പ്രകൃതിയുടെ എല്ലാ ഭാവങ്ങളും പുഴയില്‍ കാണാം. അലറിയൊഴുകുന്ന രൗദ്രം, തെളിയുന്ന നൈര്‍മ്മല്യം, ശോഷിക്കുന്ന ദൈന്യം, മഷിയെഴുതി കറുക്കുന്ന കണ്‍പീലിത്തീരങ്ങളിലെ നിഗൂഢത, എല്ലാ കാല്പാടുകളും നിത്യവും മാഞ്ഞ് കന്യകാത്വം വീണ്ടെടുക്കുന്ന മണ്‍തിട്ടകള്‍, പുലരിയെയും അന്തിയേയും മാറിമാറി കാത്തിരിക്കുമ്പോഴത്തെ പ്രതീക്ഷാനിര്‍ഭരത, വെയില്‍ മൂത്താലും വിട്ടുമാറാത്ത കുളിരും സന്ധ്യ മയങ്ങിയാലും കൈമോശം വരാത്ത ഊഷ്മളതയും കാത്തുസൂക്ഷിക്കുന്ന സ്വച്ഛമായ മണല്‍മാറിടം, ജനനമരണങ്ങള്‍ ഒരുപോലെ കണ്ടും അറിഞ്ഞും ഏറ്റുവാങ്ങിയും തഴുകിയ നിസ്സംഗത, ഋതുക്കളുടെ പരിണാമ നാടകങ്ങള്‍ അരങ്ങേറുമ്പോഴത്തെ പകിട്ടുകള്‍, സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോകാനുള്ള ചവിട്ടുപടികള്‍പോലെ കാണപ്പെടുന്ന മേഘങ്ങളുമായി ഇടവപ്പാതിയെ വരവേല്‍ക്കുന്ന സന്നദ്ധത, ദേശാടനസഹസ്രങ്ങളെ പുല്‍കുന്ന ആതിഥ്യ മര്യാദ, ചവിട്ടുന്നവന്റെയും കുഴിക്കുന്നവന്റെയും കാലില്‍ മൃദുത്വമല്ലാതെ ഒന്നും അര്‍പ്പിക്കാത്ത മഹാമനസ്‌കത-അനേകായിരം ഭാവങ്ങളാണ് പുഴയ്ക്ക്. അഥവാ, ആ ഭാവങ്ങളെല്ലാം ചേരുന്ന ദര്‍ശന സൗഭാഗ്യമാണ് ഇവിടത്തെ പൈതൃകം.

ഈ പുഴക്കരയില്‍ ജീവിക്കുന്ന എല്ലാവരിലും ഈ ഭാവങ്ങള്‍ കാണാം. അതിനാലാണ്, ഒരു ചമ്രവട്ടത്തുകാരനെ മറ്റൊരു ചമ്രവട്ടത്തുകാരന് എവിടെവെച്ചും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത്. കല്മഷമില്ലാതെയാണ് ഇവിടെ ആളുകള്‍ എന്നും ജീവിച്ചുപോന്നത്. ഒരുതരം സംഘര്‍ഷവും ഇവിടത്തുകാരെ ബാധിക്കാറില്ല. വിരുന്നുവന്നവരോ ഇവിടെ സ്ഥിരമായി ഉള്ളവരോ ആരും ആര്‍ക്കും അന്യരല്ല.

അക്രമിക്കാന്‍ വരുന്നവരെപ്പോലും ബന്ധുക്കളായി രൂപാന്തരപ്പെടുത്തുന്ന ക്ഷമാശീലമുണ്ട് ഇവിടത്തെ ലോക വീക്ഷണത്തിന്. ടിപ്പുവിന്റെ പടയോട്ടക്കാലത്തും ഒരു ദുരിതവും ഇവിടെ ഉണ്ടായില്ല. ഖിലാഫത്ത് എന്ന പ്രസ്ഥാനത്തെ ഒരു വര്‍ഗ്ഗീയ ലഹളയായി ബ്രിട്ടീഷുകാര്‍ മാറ്റിയെടുത്തപ്പോഴും അതിന്റെ കഷ്ടപ്പാടുകള്‍ ഇവിടെ അരങ്ങേറിയില്ല. ഇവിടെ ഉണ്ടായിരുന്ന കരുത്തരായ ആളുകള്‍ പ്രഖ്യാപിച്ചു. ‘ഏതു ലഹളയ്ക്ക് ഇവിടെ കടന്നുവരാനും ഞങ്ങളുടെ മയ്യിത്തിനു മുകളിലൂടെയേ ഒക്കൂ!’ ഇത് വെറുതെ പറയുകയല്ല എന്ന് അവര്‍ ചെറുത്തുനില്പിലൂടെ തെളിയിക്കയും ചെയ്തു. കോളറയുടെയും വസൂരിയുടെയും താണ്ഡവകാലങ്ങളില്‍ കരുത്തരായ ആളുകള്‍ നിറഞ്ഞുകവിഞ്ഞ പുഴയിലൂടെ ജീവന്‍ പണയപ്പെടുത്തി സാഹസികമായി തോണി തുഴഞ്ഞ് അരിയും ഉപ്പും മണ്ണെണ്ണയും പൊന്നാനി പാതാറില്‍ നിന്ന് കൊണ്ടുവന്ന് ജാതിമതഭേദമില്ലാതെ വിതരണംചെയ്തു.

വിശക്കുന്നവന് തനിക്കുള്ളതില്‍ പാതി ആഹാരം കൊടുക്കാന്‍ ഇവിടെ ആര്‍ക്കുെമാരു മടിയും പണ്ടേ ഇല്ല. അന്തിക്ക് തല ചായ്ക്കാന്‍ ഇടംചോദിച്ചുവരുന്നവര്‍ എത്തരക്കാരാണ്? ഇവിടെ ആരും അന്വേഷിക്കാറില്ല. പുര മേയുന്നതും കൃഷി ഇറക്കുന്നതും പരസ്പര സഹായ അടിസ്ഥാനത്തില്‍ ആയിരുന്നു. ഇതിലൊന്നും ജാതിയോ മതമോ പ്രശ്‌നമായിരുന്നുമില്ല. ആര്‍ക്കെന്ത് അപകടമുണ്ടായാലും എല്ലാരും ഓടിയെത്തും. എല്ലാവര്‍ക്കും എല്ലാരെയും അറിയാം. ഇതെല്ലാം എല്ലാ ഗ്രാമങ്ങളിലും പണ്ടുണ്ടായിരുന്നില്ല എന്നാണെങ്കില്‍ ഇവിടെ ഇത്തരം പെരുമാറ്റം ഒരു സവിശേഷസ്വഭാവമുള്ളതായിരുന്നു. ആ സവിശേഷ സ്വഭാവമാണ് ‘ചമ്രവട്ടത്തം.’

ഒരു ദാര്‍ശനികനും ഒരു ഭ്രാന്തനും ഒരു വിദൂഷകനും ഒരു കലാകാരനും ഒരുമിച്ചാല്‍ ഒരു ചമ്രവട്ടത്തുകാരനായി! ആ കൂട്ടുകറിക്ക് എന്ത് രുചിയുണ്ടാകുമോ അതാണ് ഇവിടത്തുകാരുടെ പൊതുവായ വ്യക്തിത്വം. ഒരു ദാര്‍ശനികനും ഒരു വിദൂഷകനും ഒരു കലാകാരനും ഒരു ഭ്രാന്തനും എക്കാലത്തും ഇവിടെ ഉണ്ടാകാറുമുണ്ട്. ഇത്തരത്തില്‍പെട്ട ഓരോരുത്തരെങ്കിലും ഇപ്പോഴുമുണ്ട്. കലഹിക്കാന്‍ വക ഇല്ല എന്നതാണ് ഈ സവിശേഷമായ വ്യക്തിത്വചേരുവയുടെ മെച്ചം. ഒരു കലഹമുണ്ടാകുന്ന സാഹചര്യത്തില്‍ ഇപ്പറഞ്ഞ സ്വഭാവവിശേഷങ്ങളില്‍ ഏതെങ്കിലുമോ എല്ലാംകൂടിയോ ഇടപെട്ട് തടയും- പ്രത്യേകിച്ചും ആ വിദൂഷകന്‍. ആര്‍ക്കും ഒരു രഹസ്യ അജണ്ടയും ഉണ്ടാകാറുമില്ല.

ആരെയും ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ലെന്നതാണ് മറ്റൊരു മെച്ചം. അതിനാലാണ് ആരും ആര്‍ക്കും അന്യരല്ലാത്തത്. എവിടന്നെങ്കിലും വന്ന് കുടിയേറി ഭ്രാന്തന്മാര്‍ ഇന്നാട്ടുകാരായി മാറുന്നു. എന്തെങ്കിലുമൊരു വിരുതുമായി കടന്നു വരുന്നവര്‍ക്ക് നല്ല സ്വീകരണം കിട്ടുന്നു. അറിവുള്ളവരെ ആദരിക്കാന്‍ സന്മനസ്സുണ്ടാകുന്നു. പണം രണ്ടാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെടുന്നു (കൈയ്യില്‍ നാലു കാശുണ്ടെന്നല്ലാതെ അയാള്‍ക്കെന്താ വിശേഷം?)
ഇന്നിപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. വഴികളെല്ലാം മതിലുകള്‍ കെട്ടി അടഞ്ഞു. മിക്കവരും മിക്കവര്‍ക്കും അപരിചിതരോ അന്യരോ അനഭിമതരോ എതിരാളികളോ ആയി. ചിരിക്കാനും കെസ്സുപാട്ടുപാടി രസിക്കാനും മറന്നുപോയി. പുഴ മരിച്ചു. വയലുകളില്‍ പച്ചയില്ലാതായി. മനസ്സിലും ഇല്ല പച്ച എന്നുമായി. കൃഷിഭൂമി മിക്കവാറും തൂര്‍ന്നുപോയി. കുളങ്ങളും കായലും നികന്നു. കുന്നുകള്‍ അപ്രത്യക്ഷങ്ങളായി. വാഹനങ്ങള്‍ നിറഞ്ഞു. മാലിന്യം വഴിയോരങ്ങളെ അലങ്കരിക്കുന്നു! രോഗികളും ആസ്പത്രികളും മരുന്നുകളും പെരുകി. പ്രമുഖമായ പ്രാധാന്യം പണത്തിനായി. ശുദ്ധമായ കള്ളും ചാരായവും വല്ലവരും പാത്തും പതുങ്ങിയും കഴിച്ചിരുന്നു പണ്ടെങ്കില്‍, ഇന്ന് വിഷം കലക്കിയ ലഹരി പരസ്യമായി അകത്താക്കുന്നത് അന്തസ്സായി മാറി.
പുതിയ പാതകള്‍ വന്നു. നിരവധി പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുകയോ പരിക്കേറ്റ് മുടക്കാച്ചരക്കുകളാകുകേയാ ചെയ്തു. നഗരം അതിന്റെ നീണ്ട കൈകളില്‍ ഈ ഗ്രാമത്തെയും ഒതുക്കിപ്പിടിക്കുകയാണ്. ശ്വാസംമുട്ട് അനുഭവപ്പെടുന്നു.

ഇപ്പോഴിതാ ചമ്രവട്ടം പദ്ധതി എന്ന സ്വപ്‌നപ്പാലം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇതിലൂടെ അനേകായിരം വാഹനങ്ങള്‍ ചീറിപ്പായുന്നു. അവയുടെ പുകയും ശബ്ദവും പൊടിയും ശാന്തതയുടെ അവശേഷിക്കുന്ന പ്രാണനുമെടുക്കുന്നു. പ്രയത്‌നശാലികളായ കുറച്ചുപേരുടെ കടുംപിടുത്തം കൊണ്ട് സാക്ഷാല്‍ക്കരിക്കപ്പെട്ട ഈ പാലവും ജലസംഭരണിയും വേണ്ടരീതിയില്‍ ഉപയോഗിക്കാനോ പൊതുവായ സമതുലിതാവസ്ഥ നിലനിര്‍ത്തിയുള്ള വികസനത്തിന് ഉതകാനോ വേണ്ട ആസൂത്രണം ഇപ്പോഴും ഇല്ല. ഉദാഹരണത്തിന്, പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഏതിലൂടെ എന്ന് തീരുമാനമായില്ല, ഇനിയും ഇപ്പോഴുള്ള നിരത്തിന് എത്ര വീതി കൂട്ടണമെന്നോ അതിന് എന്ത് നടപടി വേണമെന്നോ ആരും ചിന്തിച്ചുതുടങ്ങിയ ലക്ഷണമില്ല. ജലസംഭരണിയും പാലവും ജലസേചന വകുപ്പിന്റേതാണ്. അപ്രോച്ച് റോഡും മറ്റും പി.ഡബ്ല്യു.ഡി. ആണ് നോക്കേണ്ടതത്രെ. ആ ‘ഡി’ ഇപ്പോഴും കുഴി നികത്തലില്‍നിന്ന് കരകയറിയിട്ടില്ല! എത്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ട് എത്ര ജീവന്‍ പോയാലാണ് ശാസ്ത്രീയമായ അലൈന്‍മെന്റോടു കൂടിയ അപ്രോച്ച് റോഡ് ഉണ്ടാവുക എന്ന് കണ്ടറിയണം.
വെട്ടത്തുനാട്ടില്‍ പതിനെട്ടര കാവുകളുണ്ട്, അവയിലെല്ലാം ഉത്സവങ്ങളും തിറകളും തിയ്യാട്ടങ്ങളും താലപ്പൊലിയുമുണ്ട്. കാലംപോകെ ഞങ്ങള്‍ ഭക്തിയില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരായിട്ടുണ്ട്. അമ്പലങ്ങളൊക്കെ പുതുക്കി പണിത് കേമമാക്കി. വെടിക്കെട്ടിന്റെ ചെലവ് വര്‍ഷംതോറും ഇരട്ടിക്കുന്നു. ധര്‍മ്മശാസ്താവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് രാഷ്ട്രീയത്തിന്റെ കറവപ്പശുവാക്കി പോറ്റുന്നു.

ഞാന്‍ വളവും വെള്ളവും ഊര്‍ജവും ഉള്‍ക്കൊണ്ടത് ഇവിടന്നാണ്. ഇവിടെ സ്വയം തഴച്ചുവളരുന്ന ചിരപുരാതനമായ ഏതോ വാസന എന്നിലും പ്രവര്‍ത്തിക്കുന്നു. അതാണ് എന്നെ എഴുതിക്കുന്നത്. പക്ഷേ, ഇവിടെ എന്നെ വായിച്ചവര്‍ വളരെ കുറവാണ്. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരനെ ഇവിടെ അധികമാരും അറിയില്ല. സംശയമുണ്ടെങ്കില്‍ ഇവിടെവരെ വന്ന് ആരോടെങ്കിലും ചോദിച്ചുനോക്കുക. ഞാന്‍ ഇവര്‍ക്ക് ഇന്നും ചക്കുപുരയിലെ അപ്പുവോ മാധവന്‍

നായരുടെ മൂത്ത മകനോ മാത്രമാണ്. ആ നിലയ്ക്ക്അന്വേഷിച്ചാല്‍ എളുപ്പം വഴിപറഞ്ഞുതരും! കോണകമുടുക്കുമ്മുമ്പു മുതല്‍ എന്നെ കണ്ട് എന്റെ അടിവേരുവരെ അറിയുന്ന ഇവരില്‍ ഒരാളായി, വിശേഷിച്ച് ആരുമല്ലാതെ, കഴിയാനാണ് എനിക്ക് ഇഷ്ടം. ഇവര്‍ നിഷ്‌കളങ്കമായി എന്നോടിടപഴകുന്നത് തങ്ങളില്‍ ഒരാളെന്ന നിലയിലാണ്.

ഈ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നോവല്‍ ലോകത്തിലെ ‘എല്ലാം മായ്ക്കുന്ന കടല്‍’, ‘പുഴ മുതല്‍ പുഴവരെ’, ‘വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍’ എന്ന മൂന്നു കൃതികളിലും ‘അഗ്‌നി’, ‘ഒറ്റയടിപ്പാതകള്‍’, ‘ബൃഹദാരണ്യകം’ മുതലായ അനേകം ലഘുനോവലുകളിലും ചെറുകഥകളിലും തെളിഞ്ഞുകാണാം.

1956-ല്‍ പഠിക്കാനായി നാടുവിട്ടതില്‍പ്പിന്നെ ഇവിടെ നീണ്ട കാലം താമസിക്കാന്‍ ഒത്തത് ഉദ്യോഗപര്‍വ്വം കഴിഞ്ഞ് 2000-ത്തിലാണ്. അര നൂറ്റാണ്ടിനിടെ നാടാകെ മാറിയിരുന്നു. മനസിലുള്ള നാട് ഏട്ടിലെ പശു മാത്രം. ആ നാട്ടില്‍ ആര്‍ക്കും ജീവിക്കാനാവില്ലല്ലോ. അതിനാല്‍, ഇടക്കാലത്ത് ഇവിടെ ഉണ്ടായ തരിശുകള്‍ വീണ്ടും പച്ചയാക്കാനുള്ള വഴിയൊരുക്കാന്‍ കഴിവതു ശ്രമിക്കുന്നു. കൃഷി കൂട്ടായ്മകള്‍ മുതല്‍ മതസൗഹൃദ സദസ്സുകള്‍വരെ ഇതില്‍പെടുന്നു.ഇവടന്ന് എവിടെ പോയി, എത്രകാലം കഴിഞ്ഞ്, എങ്ങനെയൊക്കെ മാറിയാണ് ഒരാള്‍ തിരികെ വരുന്നതെന്നാലും നന്നായൊന്നു തോണ്ടിയാല്‍ പഴയ ചമ്രവട്ടത്തുകാരനെ അയാളില്‍ കണ്ടുകിട്ടുമെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുന്നു! അതായത്, ഈ നാടിന്റെ സംസ്‌ക്കാരത്തിലെ കാരം ഒരിക്കലും നശിക്കാത്തതാണെന്ന് തെളിയുന്നു. അതിനാല്‍, ഞങ്ങള്‍ ചമ്രവട്ടത്തുകാരെ ചമ്രവട്ടത്തുകാരല്ലാതാക്കാന്‍ ഒരു നിവൃത്തിയുമില്ല. എന്നെങ്കിലും ഈ ലോകമെല്ലാം കൂടി ഒരു വലിയ ചമ്രവട്ടമാകും, എല്ലാരും ചമ്രവട്ടത്തുകാരുമാകും, എന്ന് ഞങ്ങള്‍ കിനാവു കാണുന്നു.

ഞങ്ങളെ കളിയാക്കി ഞങ്ങള്‍ ചിരിക്കുന്ന ചിരി ഒരു ശീലമായി ലോകത്തെങ്ങും പടരുകയാണ്. ഈ കിനാവ് സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ കാണുന്ന ഒരു വഴി. ഒരു സാമ്പിള്‍ വേണമെങ്കില്‍ പറയാം. ഗതകാലത്തെ കാലാവസ്ഥാ നിരീക്ഷകനായ ശാസ്ത്ര ഗുരുനാഥനെ ഞങ്ങള്‍ മഴ പെയ്യിക്കാനും പെയ്യിക്കാതിരിക്കാനും ശക്തിയുള്ള ദേവനായി സങ്കല്പിച്ച് ആരാധിക്കുകയാണ് ഇപ്പോള്‍! മകളുടെ കല്യാണം നിശ്ചയിച്ച ആള്‍ മഴയില്ലായ്മയ്ക്കും, പാടത്തു വിത്തിട്ടവര്‍ മഴയ്ക്കും, രണ്ടിനും വേണ്ടി ഒരേ ദിവസം അപേക്ഷിച്ച് തൃപ്പടിയില്‍ പണംവെച്ച് ഞങ്ങള്‍ അദ്ദേഹത്തെ ധര്‍മ്മസങ്കടത്തിലാക്കുകയും ചെയ്യുന്നു! എങ്കിലും ഇൗ പോഴത്തമോര്‍ത്ത് ഇതേസമയം ഞങ്ങളെല്ലാവരും ചേര്‍ന്ന് മനസ്സിളകി ചിരിക്കാതിരിക്കുന്നില്ല!

ഞങ്ങള്‍ക്ക് വലിയ സങ്കല്പങ്ങള്‍ വേറെയും ഉണ്ട്. തിരൂരെ ചട്ടി നിറയെ ചായയും വാവൂരെ കുറ്റിക്ക് ഒരു കുറ്റി പുട്ടും ഞങ്ങളുടെ നാട്ടിലെ കിറുക്കന്‍ ചാത്തപ്പന്‍ കിനാവു കാണുന്നു. ഇക്കാര്യം ഉറക്കെ വിളിച്ചുപറഞ്ഞ് ഞങ്ങളെ ആ കിനാവില്‍ പങ്കാളികളാക്കുന്നു. തിരൂരെ ചട്ടി അവിടത്തെ റെയില്‍വേ സ്‌റ്റേഷനിലെ വലിയ വാട്ടര്‍ ടാങ്കും വാവൂരെ പുട്ടുകുറ്റി അവിടത്തെ ഓട്ടുകമ്പനിയുടെ പുകക്കുഴലുമാണ്. ഒരിക്കലും ഒക്കാത്ത കിനാവാണല്ലോ മിത്തിന്റെ വിത്താവുന്നത്.

ഇതോടൊപ്പം, നടക്കാത്ത കാര്യത്തെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്ന് അമ്പലത്തിനകത്ത് ശാന്തിക്കാരന്‍ തിരുമേനി നീട്ടി പാടുന്നു- അപരിഹാര്യേര്‍ത്ഥേ ന ത്വം ശോചിതുമര്‍ഹസി!അമ്പലനടയിലെ പൊത്തോടിയ കല്പടവുകളില്‍ പുഴ ഓളമടിക്കുന്നു- ക്വ? ക്വ?അമ്പലത്തുരുത്തിലെ കുളക്കോഴികള്‍ മറുപടി പറയുന്നു- ദമ, ദമ, ദമ!സുഖമാകാന്‍ ഇത്രയൊക്കെയേ വേണ്ടൂ എന്ന് അറിയാവുന്നതിനാല്‍ ഞങ്ങള്‍ക്ക് കാര്യമായ ദുഃഖങ്ങള്‍ ഇല്ല. ഞങ്ങളെ സങ്കടപ്പെടുത്താനോ, പ്രലോഭിപ്പിക്കാനോ, പ്രീണിപ്പിക്കാനോ, പേടിപ്പിക്കാനോ ആര്‍ക്കും എളുപ്പവും അല്ല. ഈ ദുഃഖസംയോഗവിയോഗം എല്ലാവരുമായും പങ്കിടാന്‍ ഞങ്ങളെല്ലാം ആവത് ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് എന്റെ എഴുത്തും. സ്വയം പരീക്ഷിച്ച് ഫലിക്കുന്നതെന്ന് ബോദ്ധ്യമായ മരുന്നേ ഞങ്ങള്‍ ആര്‍ക്കും കൊടുക്കാറുമുള്ളൂ. അതിനാല്‍, സത്യമായും പറയാം, എന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ – ദുഃഖമെല്ലാമകലും പല ജാതിയും, തീര്‍ച്ച.

Published on ജനുവരി – മാര്‍ച്ച് 2013 സില്‍വര്‍ലൈന്‍ Volume 6 Issue 5

BY സി. രാധാകൃഷ്ണന്‍