അഗസ്ത്യഹൃദയം

ഒരു ദൂരക്കാഴ്ചയില്‍ പച്ചപുതച്ച് ശാന്തമായി കിടക്കുന്ന മലനിരകള്‍. ആ മലനിരകള്‍ക്കിടയില്‍ പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്നു അഗസ്ത്യമുനിയുടെ പര്‍ണശാല കുടികൊണ്ടുവെന്നു പറയപ്പെടുന്ന അഗസ്ത്യകൂടം. പശ്ചിമഘട്ട മലനിരകളുടെ തെക്കേയറ്റത്തുവരുന്ന ഭാഗത്താണ് അഗസ്ത്യകൂടം. കേരളത്തിലെ കൊല്ലം, തിരുവനന്തപുരം. തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി എന്നീ ജില്ലകളിലായാണ് അഗസ്ത്യകൂടം വ്യാപിച്ചുകിടക്കുന്നത്. കേരളത്തിന്റെ അധീനതയിലുള്ള പേപ്പാറ വന്യജീവി സങ്കേതം തമിഴ്‌നാടിന്റെ കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് എന്നിവ അഗസ്ത്യകൂടത്തിന്റെ ഭാഗമാണ്. ഹിന്ദു ഐതിഹ്യങ്ങള്‍ പ്രകാരം സപ്തര്‍ഷികളില്‍ പ്രധാനിയായ അഗസ്ത്യമുനിയുടെ വാസസ്ഥാനമാണ് അഗസ്ത്യകൂടം. ഇന്ന് ഇതൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. എന്നാല്‍ തീര്‍ത്ഥാടന കേന്ദ്രം എന്നതിനേക്കാള്‍ ജൈവവൈവിധ്യ സമൃദ്ധിയുടെ ആകെത്തുകയാണ് ഈ വനപ്രദേശം എന്നു പറയുന്നതാവും ശരി. കണ്ടുപിടിക്കപ്പെട്ടതും അല്ലാത്തതുമായ അമൂല്യമായ നിരവധി ഔഷധങ്ങളുടെ പ്രകൃത്യാലുള്ള ശേഖരം. ഇനിയും കൈയേറപ്പെട്ടിട്ടില്ലാത്ത നിബിഡ വനങ്ങളും നല്ല ചോല വനങ്ങളും, വര്‍ഷം മുഴുവന്‍ നിലനില്‍ക്കാതെയൊഴുകുന്ന കാട്ടാറുകള്‍, ഏതാണ്ടെല്ലായിനം വന്യജീവികളും എണ്ണിയാലൊടുങ്ങാത്ത ഷഡ്പദങ്ങളും ശലഭങ്ങളും. അഗസ്ത്യകൂടത്തിന്റെ നെറുകയില്‍ അഗസ്ത്യമുനിയുടെ ഒരു പൂര്‍ണകായ പ്രതിമയുണ്ട്. ഇവിടെയെത്തുന്ന ഭക്തര്‍ അതില്‍ പൂജകള്‍ അര്‍പ്പിക്കുന്നു.

6129 അടിയാണ് അഗസ്ത്യകൂടത്തിന്റെ ആകെ ഉയരം. ഇന്ത്യയിലെ മറ്റ് ഉയരമുള്ള പര്‍വതങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് വലിയൊരു ഉയരമെന്നു പറയാനാവില്ല. അഗസ്ത്യകൂടത്തിലേക്ക് പുറപ്പെടുമ്പോള്‍ ഈ കണക്കായിരുന്നു മനസ്സില്‍. കൂടെയുണ്ടായിരുന്ന സഹയാത്രികന്‍ അഖില്‍ കൊമാച്ചി പറഞ്ഞു ആറായിരം അടിയല്ലേയുള്ളൂ. വേഗത്തില്‍ നടന്നു പിടിക്കാമെന്നേ! അഗസ്ത്യാര്‍കൂടത്തിലേക്ക് എല്ലായ്‌പോഴും പ്രവേശിക്കാനാവില്ല. പ്രവേശനം വനംവകുപ്പിന്റെ അനുമതിയോടെ മാത്രം. ഇതിന് നിശ്ചിത ഫീസും വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചുപേരുള്ള ഒരു ഗ്രൂപ്പിനെ വീതമാണ് സാധാരണ അനുവദിക്കാറ്. എന്നാല്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമുള്ളതിനാല്‍ കടത്തിവിടാന്‍ വൈമനസ്യം കാണിച്ച വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ അവരുടെ മനസ്സലിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍നിന്നും 40 കിലോമീറ്റര്‍ അകലെ വിതുര എന്ന ഗ്രാമത്തില്‍നിന്നാണ് അഗസ്ത്യകൂടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. അവശ്യ സാധനങ്ങള്‍ നേരത്തേതന്നെ വാങ്ങിയിരുന്നതിനാല്‍ വിതുരയില്‍ നിന്നും പ്രഭാതഭക്ഷണവും കഴിഞ്ഞ് ബോണക്കാടേക്ക് ബസ് കാത്തുനിന്നപ്പോഴറിഞ്ഞു ബസ് വഴിയിലെവിടെയോ ബ്രേക്ക് ഡൗണായി കിടക്കുകയാണ്. ഇനി വേറെ ബസ് ഉച്ചയ്ക്കുശേഷം മാത്രം. ടാക്‌സി വിളിച്ചുനോക്കി, അവര്‍ വരുന്നില്ല. വിതുര-ബോണക്കാട് 20 കിലോമീറ്റര്‍ മാത്രമേയുള്ളൂ. റോഡ് പക്ഷേ, വളരെ മോശമാണ്. പോരാത്തതിന് ഹെയര്‍പിന്‍ വളവുകളും. ഒടുവില്‍ ഒരു ഓട്ടോറിക്ഷക്കാരന്‍ വരാമെന്നേറ്റു, 700 രൂപയ്ക്ക്. വിലപേശലിനൊടുവില്‍ 500 രൂപയ്ക്ക് ഉറപ്പിച്ചു.

ബോണക്കാട്, വനംവകുപ്പിന്റെ പിക് അപ് സ്‌റ്റേഷനിലെത്തുമ്പോള്‍ സമയം രാവിലെ 10.10. ഇതാണ് യാത്രയിലെ ബേസ് ക്യാമ്പ്-1. സമ്മതപത്രത്തിലൊപ്പിടുവിച്ച് ബാഗേജ് ചെക്കിംഗും കഴിഞ്ഞപ്പോള്‍ സമയം 11 കഴിഞ്ഞു. വനംവകുപ്പുകാര്‍ പറഞ്ഞു സമയം വൈകി. ഇനി കയറിത്തുടങ്ങുന്നത് റിസ്‌ക്കാണ്. അതിരുമലയെത്തുമ്പോള്‍ രാത്രിയാവും വൈകുന്നേരമാകുമ്പോള്‍ ആനകള്‍ ഇറങ്ങും. ഒടുവില്‍ ഒരിക്കല്‍ അഗസ്ത്യകൂടം കയറിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു, ഞങ്ങള്‍ ശ്രദ്ധിച്ചോളാം. പിക്-അപ് സ്‌റ്റേഷനില്‍നിന്നും ഞങ്ങള്‍ രണ്ടുപേര്‍ക്കും മാത്രമായൊരു ഗൈഡിനെ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിത്തന്നു.
പിക്ക് അപ് സ്‌റ്റേഷനില്‍നിന്നും കാട്ടുപാതയിലേക്കിറങ്ങവേ തന്നെ ഞങ്ങളൊക്കെയിവിടെ ഈ കാട്ടിലുണ്ടേ എന്നറിയിക്കാനെന്നപോലെ ഒരു മൂര്‍ഖന്‍ അതാ മുന്നിലൂടെ ഇഴഞ്ഞുപോയി. പിന്നെ അപ്പോള്‍ത്തന്നെ ക്യാമറകള്‍ കയ്യിലേന്തിയായി ഞങ്ങളുടെ നടപ്പ്. കാട്ടിലൂടെ നടന്നു തുടങ്ങുമ്പോള്‍ നിരപ്പാണെങ്കിലും പതുക്കെ കയറ്റങ്ങള്‍ കയറാനും ഇറങ്ങാനും ആരംഭിച്ചു. ഒരു മണിക്കൂര്‍ നേരത്തെ തുടര്‍ച്ചയായ നടത്തത്തിനുശേഷം ഞങ്ങള്‍ ക്യാമ്പ്-2 ലെത്തി, ‘ലാത്തിമൊട്ട’. ക്യാമ്പിനുചുറ്റും 15 അടി ആഴത്തിലും 8 അടി വീതിയിലും ട്രഞ്ച് കുഴിച്ചിരിക്കുന്നു. ”കഴിഞ്ഞ വര്‍ഷം ഇതിനു മുന്നിലിട്ടാണ് രണ്ടുചെറുപ്പക്കാരെ ആനകള്‍ ചവിട്ടിക്കൊന്നത്.” ഞങ്ങളുടെ ഗൈഡ് ദൈവര്‍ചാമി വലിയൊരു മരം ചൂണ്ടി കാണിച്ചു പറഞ്ഞു.

ലാത്തിമൊട്ടയിലെത്തിച്ച ശേഷം ദൈവര്‍ചാമി മടങ്ങി. പുതിയ ഗൈഡുകള്‍ വന്നു, മനോജും സതീശനും. രണ്ടുപേരും കാണി വിഭാഗം ആദിവാസികള്‍. രണ്ടുപേര്‍ക്കും പ്രായം 20ന് താഴെ മാത്രം. അവര്‍ ഞങ്ങളെ കാത്തുകൊണ്ട് മുന്നിലും പിന്നിലുമായി നടന്നു. ഇനി കയറ്റങ്ങളാണ്. ഞാന്‍ വടി സംഘടിപ്പിച്ചു, കുത്തി നടക്കാന്‍. ചുമലിലെ ഭാരവും കൈയ്യിലെ ക്യാമറയും ചേര്‍ന്ന് വലിയൊരു ഭാരമാവാന്‍ തുടങ്ങിയോ? ”ഇത്രവേഗം വടികുത്തിയോ?” അഖിലിന്റെ ചോദ്യം. അഖില്‍ ഗൈഡിനോടു ചോദിച്ചു എത്ര ദൂരമുണ്ട് അവസാന ക്യാമ്പിലെത്താന്‍?” ”18 കിലോമീറ്റര്‍, ഒരു ആറ് മണിക്ക് അങ്ങെത്താം.” പിന്നെ കുറേ നേരത്തേക്ക് അഖില്‍ മിണ്ടിയതേയില്ല. വഴിയില്‍ നിറയെ പൂമ്പാറ്റകള്‍ വട്ടമിട്ടു പറക്കുന്നു. അവയെ ഫോട്ടോയെടുത്ത് കയറ്റം കയറവേ ഗൈഡുകള്‍ വിരല്‍ കൊണ്ട് നിശ്ശബ്ദനാവാന്‍ ആംഗ്യം കാണിച്ചു. മുകളില്‍നിന്നെവിടെയോ ഏതോ മൃഗം മുരളുന്ന ശബ്ദം, ‘കരടിയാണ്’. മനോജ് പറഞ്ഞു. കാണാന്‍ പറ്റ്വോ, അഖില്‍ ചോദിച്ചു. ”പ്രയാസമാവും. ഇപ്പോള്‍ കാണാന്‍ പാടാ, ആളുകള്‍ വരുന്നതുകാരണം മൃഗങ്ങള്‍ ഉള്‍ക്കാട്ടിലാണിപ്പോള്‍.” നടന്നുനടന്ന് കാലുകള്‍ വേദനിക്കാന്‍ തുടങ്ങി. കാലുകള്‍ പൊള്ളുന്നതു പോലെ.. അകലെയെവിടെയോ വെള്ളം ആര്‍ത്തലച്ചുവീഴുന്ന ശബ്ദം. അങ്ങെത്താനുള്ള ആവേശംകൊണ്ട് ആഞ്ഞുനടന്നു. വലിയൊരു കയറ്റത്തിനപ്പുറം ചെറിയൊരു നീര്‍ച്ചാലില്‍നിന്നും ജലം ഊര്‍ന്നുവീണ് ഒരു തടാകംപോലെയായി വെള്ളച്ചാട്ടമായി താഴേക്കൊഴുകുന്നു. ഞങ്ങള്‍ വെള്ളച്ചാട്ടത്തിലേക്കിറങ്ങി, അസ്ഥി തുളയ്ക്കുന്ന തണുപ്പുള്ള ജലം. സതീശന്‍ പറഞ്ഞു: ഇതാണ് കരമനയാര്‍. ഞാനൊന്നുകൂടി ആ ജലത്തിലേക്ക് നോക്കി. ഈ ചെറു അരുവിയാണോ തിരുവനന്തപുരം നഗരത്തിന്റെ ദാഹമകറ്റുന്നത്.

കരമനയാറാണ് ക്യാമ്പ്-മൂന്ന്. തെല്ലിട വിശ്രമിച്ചശേഷം കയറ്റംകയറാന്‍ തുടങ്ങി. കരമനയാറില്‍ നിന്നും ശേഖരിച്ച വെള്ളം കുടിച്ചപ്പോള്‍ ഒന്നുഷാറായി, നടത്തം തുടങ്ങി. ഇലപൊഴിയുന്ന കാട്ടിലൂടെയാണിപ്പോള്‍ നടത്തം. മരങ്ങളില്‍ ഇലകളില്ലാതെ ചില്ലകള്‍ മാത്രം. വെയിലിന്റെ ചൂട് അസഹ്യമായിത്തുടങ്ങി. ടവല്‍ നനച്ച് മുഖം തുടച്ച് ചൂടാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ കണ്ട നീര്‍ച്ചാലുകളില്‍ ഇറങ്ങിനിന്നു. ഫോട്ടോയെടുത്ത് നടന്നതിനാല്‍ ഞങ്ങളുടെ നടത്തത്തിനു വേഗത നന്നേ കുറഞ്ഞു. മനോജ് ഇടയ്ക്കിടെ അതോര്‍മ്മപ്പെടുത്തി.

വാഴപ്പേന്തിയാറെത്തിയപ്പോള്‍ സമയം വൈകുന്നതിനാല്‍ അവിടെ ഏറെ തങ്ങാതെ വേഗം നടന്നുതുടങ്ങി; വാഴപ്പേന്തിയാറാണ് ക്യാമ്പ്-നാല്. വാഴപ്പേന്തിയില്‍ നിന്നു മനോജും സതീശനും വിടപറഞ്ഞു, അവര്‍ക്ക് അവിടെവരെയേ ഡ്യൂട്ടിയുള്ളൂ.ക്യാമ്പ്-5 അട്ടയാറാണ്. അവിടെയെത്തിയിട്ട് വിശ്രമിക്കാമെന്നുറപ്പിച്ച് ആഞ്ഞുനടന്നു. അട്ടയാറെന്ന പേരുമാത്രമേയുള്ളൂ. വെയില്‍ തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ അട്ടകള്‍ നീര്‍ച്ചാലുകളില്‍ ഇല്ല എന്നുതന്നെ പറയാം. അട്ടയാറിലെ ക്യാമ്പിലെത്തുമ്പോള്‍ സമയം മൂന്നാവുന്നു. ക്യാമ്പ് കണ്ടപ്പോള്‍ ആശ്വാസമായി. പരന്നൊഴുകി താഴേക്ക് വെള്ളച്ചാട്ടമായി പതിക്കുന്ന അട്ടയാറില്‍നിന്നും മതിയാവോളം വെള്ളം മൊത്തിക്കുടിച്ചു. പാറമേല്‍ കിടന്നതും ഒന്ന് മയങ്ങിപ്പോയി, ഗൈഡ് സുരേഷിന്റെ വിളി കേട്ടുണര്‍ന്നു. ഒരു പാത്രത്തില്‍ കഞ്ഞിയുമായി സുരേഷ് വിളിക്കുന്നു. അഖിലും ഞാനും കഞ്ഞിയും അച്ചാറും കഴിച്ചു. നടത്തം തുടരാന്‍നേരം ആ ചോദ്യം ചോദിക്കാന്‍ കഴിഞ്ഞില്ല. അതിരുമലയ്ക്കിനി എത്ര കിലോമീറ്റര്‍? ”9 കിലോമീറ്റര്‍, അതില്‍ 4 കിലോമീറ്റര്‍ പുല്ലുമേടാണ്. മരങ്ങളില്ല.”

പുല്ലുമേട്ടില്‍ വെയിലും കാറ്റും ചൂടും കൈകോര്‍ക്കുമ്പോള്‍ നടത്തം എന്നത് വളരെ ഏറെ ബുദ്ധിമുട്ടാണ്. ചൂടുകാറ്റ് കാതില്‍ ചൂളമിടും. പക്ഷേ, ഏതാനും മലനിരകള്‍ക്കപ്പുറം ഉയര്‍ന്നുകാണുന്ന അഗസ്ത്യകൂടത്തിന്റെ നെറുക നമ്മെ മുന്നോട്ടുനടത്തും. പുല്ലുമേട്ടില്‍ എവിടെയും ജലത്തിന്റെ കണികപോലുമില്ല. കാറ്റില്‍ എവിടെയോ മുരളുന്ന മൃഗശബ്ദങ്ങള്‍ പ്രതിധ്വനികളായ് വന്നലയ്ക്കുന്നു. വഴിനീളെ കാണുന്ന ആനപ്പിണ്ടങ്ങള്‍ അടുത്തെവിടെയോ ആനകളുടെ സാന്നിദ്ധ്യമറിയിച്ചു. നിരവധി തവണ ഇരുന്നിരുന്ന് പുല്ലുമേടു പിന്നിടുമ്പോള്‍ സമയം 5 മണി കഴിയുന്നു. എന്നിട്ടും വെയില്‍ ഉജ്ജ്വലമായിത്തന്നെ നില്‍ക്കുന്നു.
ഇനിയാണ് പരീക്ഷണം, ”മുട്ടിടിച്ചാന്‍ തേരി”. തേരി എന്നാല്‍ കയറ്റം. വെറും കയറ്റമല്ല. കയറുമ്പോള്‍ മുട്ടുകാല്‍ നെഞ്ചിലും താടിയിലും മുട്ടും. കുത്തനെയാണ് കയറുന്നത്. ഏകദേശം 4 കിലോമീറ്റര്‍ ദൂരം. കയറ്റത്തിനു മുന്‍പ് ഒന്നു വിശ്രമിച്ചു. പെട്ടെന്നോര്‍മ്മവന്നത് വി. മധുസൂദനന്‍ നായരുടെ കവിതയാണ് അഗസ്ത്യഹൃദയം.

“രാമരഘുരാമ നാമിനിയും നടക്കാം രാവിനു
മുന്‍പേ കനല്‍ക്കാടു താണ്ടാം,

നോവിന്റെ ശൂലമുനമുകളില്‍ കരേറാം നാരായ ബിന്ദുവിലഗസ്ത്യനെക്കാണാം”. ആ പ്രതീക്ഷയിലും ആവേശത്തിലും തേരിയിലെ കയറ്റങ്ങള്‍ നടന്നും ഇഴഞ്ഞും വടികുത്തിയും ഞങ്ങള്‍ കയറി. തേരി കഴിഞ്ഞപ്പോള്‍ സൂര്യന്‍ താണുകഴിഞ്ഞു. ഇനി നിരപ്പാണ്, പക്ഷേ അതിശക്തമായ കാറ്റ്, പൊടി പറന്ന് കണ്ണ് മൂടും. തേരി കടന്ന് പതിനഞ്ചു മിനിറ്റ് ആഞ്ഞു നടന്നാല്‍ ബേസ് ക്യാമ്പ് ആറെത്തും, ”അതിരുമല”. അഗസ്ത്യന്റെ പര്‍ണശാലയ്ക്ക് അതിരു നില്ക്കുന്ന മല. ക്യാമ്പിലേക്ക് ചെന്നപാടെ ഞങ്ങള്‍ക്ക് മുന്നേ കയറിയ 65 പേര്‍ ഞങ്ങളെത്തന്നെ നോക്കിനില്ക്കുന്നു. രണ്ടുപേര്‍ നേരം വൈകി കാടുകയറിയ വിവരം പിക് അപ് സ്‌റ്റേഷനില്‍നിന്നും വനം വകുപ്പ് അധികൃതര്‍ അതിരുമലയിലേക്ക് വയര്‍ലെസ് മെസേജ് ചെയ്തിരുന്നു. ഇവിടെ വയര്‍ലെസ് അല്ലാതെ മറ്റ് വാര്‍ത്താ വിനിമയ സൗകര്യങ്ങളില്ല.
അതിരുമലയില്‍ വനംവകുപ്പിന്റെ ഒരു റെസ്റ്റ് ഹൗസുണ്ട്. പക്ഷേ അത് ജീര്‍ണാവസ്ഥയിലാണ്. പകരം വനംവകുപ്പ് മൂന്ന് ഷെഡുകള്‍ കെട്ടിയിരിക്കുന്നു. മലകയറിയെത്തുന്നവര്‍ക്ക് തലചായ്ക്കാന്‍. ചെന്നപാടെ ഈറ്റപ്പായയില്‍ വീണു. പെട്ടെന്ന് പുറത്ത് മരങ്ങള്‍ ഉലയുന്ന ശബ്ദം. പലരും ഓടി പുറത്തിറങ്ങി. ”കാറ്റാണ്”, ഇവിടെ ചെറു ചുഴലിക്കാറ്റുകള്‍ സാധാരണമത്രേ. ക്യാമ്പിനുചുറ്റും ട്രഞ്ച് കുഴിച്ചിരിക്കുന്നു. മുകളില്‍ മുഴുവന്‍ ഈറ്റക്കാടാണ്, ആനകളുടെ സാമ്രാജ്യം. രാത്രിയാകുന്തോറും തണുപ്പ് കൂടിക്കൂടി വന്നു. രണ്ട് പുതപ്പിന്റെ കനത്തിനും അപ്പുറം ഇഴഞ്ഞെത്തുന്ന തണുപ്പ്. എട്ടരയോടെ സകലരും ഉറങ്ങാന്‍ കിടന്നു. പാതിരാത്രിയിലെപ്പോഴോ വാതിലിനു പകരംവച്ചിരുന്ന ഈറ്റത്തട്ട് പറന്നുപോയി. തണുപ്പ് നേരിട്ട് ഷെഡിലെത്തി.

രാവിലെ 7 മണിക്ക് ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ക്കുശേഷം മലകയറാന്‍ തുടങ്ങി. ഭക്ഷണം വനംവകുപ്പിന്റെ താത്ക്കാലിക കാന്റീനില്‍ നിന്ന്. അതിരുമലയില്‍നിന്നും 6 കിലോമീറ്റര്‍ ദൂരമുണ്ട് അഗസ്ത്യകൂടത്തിലേക്ക്. ഈ ആറ് കിലോമീറ്ററില്‍ 4 കിലോമീറ്റര്‍ കയറ്റം മാത്രമാണ്. ഈ വഴിയില്‍ നീളെ ശലഭങ്ങളെ കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡ ശലഭം, കൃഷ്ണശലഭം, ചക്കര ശലഭം, ചൊട്ട ശലഭം, ചിന്നപ്പുല്‍ നീലി എന്നിവയെ കാണാം. നടന്നുനടന്ന് പൊങ്കാലപ്പാറയെത്തിയപ്പോഴേയ്ക്കും തളര്‍ന്നു. ഇവിടെ പാറക്കെട്ടുകള്‍ കയറുപിടിച്ചാണ് കയറുന്നത്. ഭക്തര്‍ ഈ പാറമേല്‍ അഗസ്ത്യനു പൊങ്കാലയിടാറുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ആരും പൊങ്കാലയിട്ടുകണ്ടില്ല. പൊങ്കാലപ്പാറ ഭാഗത്ത് ഭാഗ്യമുണ്ടെങ്കില്‍ കല്ലാനയെ കാണാം. ഇവിടെനിന്നും അഗസ്ത്യകൂടത്തിന്റെ തലപ്പിലേക്ക് 2 കിലോമീറ്റര്‍ ആണ് ദൂരം. രണ്ടര മണിക്കൂര്‍ നടത്തം. കാറ്റ് ഞങ്ങള്‍ക്ക് വില്ലനായി വന്നു, എതിരെ വീശുന്ന കാറ്റില്‍ കണ്ണിലും ക്യാമറ ലെന്‍സിലും പൊടിവീണുതുടങ്ങി. കൂടുതല്‍ മുകളിലേക്ക് കയറിയപ്പോള്‍ തണുപ്പും കൂടി. പലരും ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നതിനാല്‍ ചുറ്റിലും മൂടല്‍ മഞ്ഞു മൂടി കാഴ്ച മറച്ചു കൊണ്ടിരുന്നു. മുകളിലെത്തിയപ്പോള്‍ അതാ മഞ്ഞും വെയിലുമേറ്റ് അഗസ്ത്യമുനി. ”ഗിരിമകുടമാണ്ടാലഗസ്ത്യനെ കണ്ടാല്‍, പരലുപോലൊത്താരമിഴിയൊളിപുരണ്ടാല്‍. കരളില്‍ക്കലക്കങ്ങള്‍ തെളിയുന്ന പുണ്യം ജ്വരമാണ്ടൊരുടലിന്നുശാന്തി ചൈതന്യം.” വീണ്ടും മധൂസൂദനന്‍ നായര്‍ സാര്‍ മനസ്സില്‍ നിറഞ്ഞു.

മിനിറ്റുകള്‍ക്കകം തിരിച്ചിറങ്ങി. ബേസിലെത്തുമ്പോള്‍ രണ്ടര മണി. താണ്ടാന്‍ 19 കിലോമീറ്റര്‍ കാത്തിരിക്കുന്നു. അഗസ്ത്യദര്‍ശനത്തിന്റെ ആവേശം കാലിലാവഹിച്ച് നടന്നിറങ്ങി അട്ടയാറിലെത്തി കുളിച്ചു. പക്ഷേ 6.50നാണ് ബോണക്കാടുനിന്നും തിരുവനന്തപുരത്തേക്ക് അവസാന കെ.എസ്.ആര്‍.ടി.സി. അതുപോകും എന്നുറപ്പായി. ഏഴുമണിയായി, കാട്ടിലും കണ്ണിലും ഇരുട്ടുവീണു. ചീവീടുകള്‍ മൂളാന്‍ തുടങ്ങി. പക്ഷേ, നടത്തം നിറുത്തിയില്ല. ടോര്‍ച്ച് തെളിച്ചു നടന്നു. ഒടുവില്‍ അതും തീര്‍ന്നു. പിന്നെ ക്യാമറ ഫ്‌ളാഷ് മിന്നിച്ചായി നടത്തം. നടന്നുനടന്നു വാഴപ്പേന്തിയാര്‍ പിന്നിട്ടപ്പോള്‍ അകലെ നിന്നൊരു കൂവല്‍. ഞങ്ങളെ തിരഞ്ഞെത്തിയ ഗൈഡുകള്‍… ദൈവസഹായവും ത്യാഗരാജനും. പിന്നെ അവര്‍ക്കൊപ്പം കാട്ടിലൂടെ 5 കിലോമീറ്റര്‍ നടന്ന് പിക് അപ് സ്‌റ്റേഷനിലെത്തി. അവിടെയുറങ്ങി പുലര്‍കാലത്തെണീറ്റ് മുകളില്‍ അഗസ്ത്യകൂടത്തിലേക്ക് നോക്കി ഞാന്‍ നില്‍ക്കവേ അഖില്‍ പറഞ്ഞു ”ഈ അഗസ്ത്യമുനിയെ സമ്മതിക്കണം. ഈ കൊടും മുടിയില്‍ വന്ന് തപസ്സു ചെയ്തതിന്”. ഫോട്ടോ: അഖില്‍ കൊമാച്ചി, സിറിള്‍ രാധ്. എന്‍.ആര്‍

Published on ജനുവരി – മാര്‍ച്ച് 2013 സില്‍വര്‍ലൈന്‍ 20

BY അഖില്‍ കൊമാച്ചി/സിറിൾ രാധ് എൻ .ആർ