ദൈവത്തിന്റെ കയ്യൊപ്പുമായി ഒരാള്‍

‘ക്യാൻസര്‍’ എന്ന ഒറ്റ വാക്കിന്റെ ശ്രവണമാത്രയില്‍ത്തന്നെ ‘മരണം’ എന്ന പറയാത്ത വാക്കു കൂടി കേട്ടു നടുങ്ങിനില്‍ക്കുന്നവര്‍ അവസാനത്തെ പ്രതീക്ഷയുടെ തിരിനാളംപോലെ, ജീവശ്വാസം പോലെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നൊരു പിടിവള്ളിയുണ്ട്. മരണത്തിന്റെ തണുപ്പില്‍നിന്ന് ജീവന്റെ ചൂടിലേക്ക് പിടിച്ചടുപ്പിക്കുന്ന ദൈവത്തിന്റെ കൈ എന്ന പോലെ മുറുകെപ്പിടിക്കുന്നൊരു കൈ. ഡോ. വി.പി. ഗംഗാധരന്റേതാണത്. കാന്‍സര്‍ എന്ന മാരകരോഗം തള്ളിയിട്ടേക്കാവുന്ന നിരാശയുടെ പടുകുഴികളില്‍നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്കും, മരുന്നു മണക്കാത്ത സ്വച്ഛതയിലേക്കും ജീവിതത്തിന്റെ നാളം തിരികെ കൊളുത്തിക്കൊടുക്കുന്ന കാവല്‍ മാലാഖയാണ് പലര്‍ക്കും ഇദ്ദേഹം.

എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. വി.പി. ഗംഗാധരന്‍ രോഗവിമുക്തരായവരും, അല്ലാത്തവരുമായ പല കാന്‍സര്‍ രോഗികള്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും ദൈവത്തിന്റെ ആള്‍രൂപമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഡോക്ടറുടെ വിരല്‍സ്പര്‍ശത്തിന്റെ മാത്രയില്‍ രോഗികള്‍ പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍ ദര്‍ശിക്കുന്നു എന്ന് പറയുമ്പോള്‍ അതില്‍ അവിശ്വസനീയമായി ഒന്നുമില്ല. ഉള്ളത് അനുഭവങ്ങളുടെ സാക്ഷിമൊഴികള്‍ മാത്രമാണ്.അദ്ദേഹത്തിന്റെ കാന്‍സര്‍ ചികിത്സാനുഭവങ്ങള്‍, ജീവിത ദര്‍ശനങ്ങള്‍ എന്നിവ സമാഹരിച്ച് കഥാകൃത്ത് കെ.എസ്. അനിയന്‍ എഴുതിയ ‘ജീവിതമെന്ന അത്ഭുതം’ എന്ന പേരിലിറങ്ങിയ പുസ്തകം വായിക്കുന്ന ഏതൊരു സഹൃദയനും തൊട്ടറിയാനാകും, എന്താണാ സ്‌നേഹവും കാരുണ്യവും മാനുഷികതയെന്നും. ജീവന്റെ തുടിപ്പുകളും സത്യത്തിന്റെ ചൂടും ചൂരുമുള്ള ഈ പുസ്തകം പലരും സൂക്ഷിച്ചിരിക്കുന്നത് പൂജാമുറികളിലത്രെ. ജീവിതത്തിന്റെ നിറങ്ങള്‍ക്കുമേല്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട് ഒരുനാള്‍ കാന്‍സറെത്തുമ്പോള്‍ വാടിപ്പോകുന്ന പലര്‍ക്കും മരുന്നു കൊണ്ടും, മനുഷ്യത്വംകൊണ്ടും ജീവിതാഭിവാഞ്ഛ പകരുന്ന ഈ അര്‍ബുദ ചികിത്സകന്‍ തന്റെ ചികിത്സാനുഭവങ്ങളും കാഴ്ചപ്പാടുകളും സില്‍വര്‍ലൈനുമായി പങ്കുവയ്ക്കുന്നു. സമൂഹത്തില്‍ കാന്‍സര്‍ എന്ന രോഗവും രോഗികളും എങ്ങനെ വിലയിരുത്തപ്പെടുന്നു എന്ന് ഡോ. വി.പി. ഗംഗാധരന്റെ വാക്കുകളിലൂടെ അറിയാം.

“കാന്‍സര്‍ എന്ന രോഗം ഒരിക്കലുമെന്നെ ഭയപ്പെടുത്തിയിട്ടേയില്ല. എത്ര ക്രോണിക് ആയ കാന്‍സറിന്റെ അവസ്ഥയായാല്‍ പോലും ഭയം തോന്നാറില്ല. എന്നെ ഭയപ്പെടുത്തുന്നത് നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് ഈ രോഗത്തോടുള്ള മനോഭാവമാണ്. ചികിത്സകൊണ്ട് കാന്‍സര്‍ മാറ്റാം എന്നതാണ് ശാസ്ത്രീയവശമെന്നിരിക്കെ എത്ര കേരളീയര്‍ വിശ്വസിക്കുന്നുണ്ട് കാന്‍സര്‍ പൂര്‍ണമായും മാറുമെന്ന്? കാന്‍സര്‍ രോഗമെന്നത് രോഗിക്ക് വളരെ പരിഗണന കൊടുക്കേണ്ട രോഗമാണ്. എന്നാല്‍ കഷ്ടമാണ് സമൂഹത്തിന്റെ മനോഭാവം. എന്റെ ഒരു പേഷ്യന്റിന്റെ അനുഭവം കടമെടുത്തു ഞാന്‍ പറയാം. അയാള്‍ പറഞ്ഞതിതാണ്; ”ഡോക്ടര്‍, കാന്‍സര്‍ ചികിത്സയുടെ സമയത്ത് ഞാന്‍ ശരിക്കും വറചട്ടിയിലായിരുന്നു. കീമോതെറാപ്പിയും മരുന്നും ചേര്‍ന്ന് അന്ന് എന്റെ ശരീരത്തെ തളര്‍ത്തി. എന്നാല്‍ രോഗവിമുക്തനായി സമൂഹമദ്ധ്യത്തിലേക്കിറങ്ങിയപ്പോള്‍ ഞാനിന്ന് എരിതീയിലായി; എന്തിനാണെന്നെ ഈ സമൂഹം ഇങ്ങനെ തിരസ്‌ക്കരിക്കുന്നത്?”

കാന്‍സറിനെ ഒരു സ്റ്റിഗ്മയായിട്ടേ സമൂഹത്തിന് ഇന്നും കാണാനാവുന്നുള്ളൂ. എത്രയോ മാരകമായ എച്ച്.ഐ.വി. എയ്ഡ്‌സ് രോഗത്തെപ്പോലെ ഒന്നുമല്ല; പകരാനിടയില്ലാത്ത രോഗമായിട്ടുപോലും കാന്‍സര്‍ രോഗികളും അതില്‍നിന്നും പടവെട്ടി ജീവിതത്തിലേക്ക് തിരികെ എത്തിയവരും പലപ്പോഴും തിരസ്‌ക്കരിക്കപ്പെടുന്നുണ്ട്. ഡോ. വി.പി. ഗംഗാധരന്റെ തൃപ്പൂണിത്തുറ പേട്ടയിലെ വീട്ടിലെ ലിവിങ് റൂമിലെത്തുമ്പോള്‍ അലമാരകളില്‍ ഒരിഞ്ചുസ്ഥലം വിടാതെ അടുക്കിവച്ചിരിക്കുന്ന അനവധി പുരസ്‌ക്കാരങ്ങളും അനവധി ഉപഹാരങ്ങളും നമ്മുടെ കണ്ണിലുടക്കും. അവയിലേറെയും രോഗികളുടെയും രോഗം മാറി പോയവരുടെയും, അവരുടെ ബന്ധുജനങ്ങളുടെയും സ്‌നേഹസമ്മാനങ്ങളാണ്. എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും സമത്വത്തോടെയും സ്‌നേഹത്തോടെയും അവ സൂക്ഷിച്ചിരിക്കുന്നു ഇവിടെ. തന്റെ ജീവിതം കാന്‍സറിനെതിരെ ഒരു പോരാട്ടമാണെന്ന് ദിവസേന ഓര്‍മ്മിപ്പിക്കാനാണ് സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും ഈ ഉപഹാരങ്ങള്‍ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത് എന്ന് ഡോക്ടര്‍. ”രാവിലെ എട്ടര മുതല്‍ ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍,വൈകീട്ട് ആറു മുതല്‍ ഒന്‍പതുവരെ വീട്ടില്‍. ഇവിടെ ചികിത്സ തേടിയെത്തുന്നവരിലധികംപേരും വരുന്നത് ഒരൊറ്റ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. ”ഈ ഡോക്ടര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. എന്തെങ്കിലുമൊരു വഴിയുണ്ടെങ്കില്‍ ഇദ്ദേഹം ഞങ്ങളെ രക്ഷിക്കും” എന്ന വിശ്വാസത്തില്‍.

24 മണിക്കൂറും ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ സജീവമാണ്. രോഗിക്കോ ബന്ധുക്കള്‍ക്കോ ആര്‍ക്കും അദ്ദേഹത്തോട് ഏതുനേരത്തും സംസാരിക്കാം. സൗമ്യഭാവത്തിലേ ഇദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളൂ. രോഗിയോട് എത്ര അടുത്തിടപഴകാമോ അത്രയും അടുത്തിടപഴകുന്നു ഡോക്ടര്‍. അതിനെപ്പറ്റി അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരം. ”രോഗികളും എല്ലാ അവകാശങ്ങളും ഉള്ള ജീവനുകളാണ്. ആര്‍ക്കും വരാവുന്ന രോഗമാണ് കാന്‍സര്‍. ഗര്‍ഭസ്ഥ ശിശുവിനു മുതല്‍ എണ്‍പതുകഴിഞ്ഞ വൃദ്ധര്‍ക്കു വരെ ഈ രോഗം വരാം. രണ്ടാഴ്ചയ്ക്കു മുന്‍പ് എന്റെയടുക്കല്‍ ഒരു കുഞ്ഞിനെ ചികിത്സയ്ക്കു കൊണ്ടുവന്നിരുന്നു. അന്‍പതു ദിവസം മാത്രം പ്രായമായ ആ കുഞ്ഞിന് ലുക്കീമിയയായിരുന്നു. കാന്‍സറെന്നാല്‍ വളരെ സാധാരണമായൊരു രോഗം എന്ന ചിന്ത രോഗിയില്‍ പകരാനാകണം. കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കലാണെന്റെ തൊഴില്‍. അത് ആത്മാര്‍ത്ഥമായി ചെയ്യുന്നതിന് രോഗിയുടെ മനസ്സിനെ എനിക്ക് ചേര്‍ത്തുപിടിക്കാനാകണം. ഇയാള്‍ എന്റെ രോഗം മാറ്റും എന്ന വിശ്വാസം രോഗിക്ക് എന്നെപ്പറ്റി ഉണ്ടാവണം, അതും ഒരു മരുന്നാണ്.”

എറണാകുളം ലേക്‌ഷോര്‍ ആസ്പത്രിയിലെത്തുന്നതിനു മുന്‍പ് തിരുവനന്തപുരം ആര്‍.സി.സി.യിലും അഡയാറിലുമായിരുന്നു ഡോക്ടറുടെ സേവനമേഖല. പക്ഷേ ഡോക്ടര്‍ എവിടേക്കു സ്ഥലംമാറിപ്പോയാലും രോഗികളും രോഗവിമുക്തരും അദ്ദേഹത്തിനു പിന്നാലെ പോരും. കാരണം അവര്‍ക്ക് വി.പി. ഗംഗാധരന്‍ കേവലം ഡോക്ടര്‍ മാത്രമല്ല ജീവന്‍ എന്നതിന്റെ മറുപേരാണ്.

സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഡോക്ടര്‍. ഏറ്റവും എളിമയുള്ളവരാണ് ഡോക്ടറും കുടുംബവും. ഇദ്ദേഹം ഇരിങ്ങാലക്കുട സ്വദേശിയാണ്. അച്ഛന്‍ കുമരകം സ്വദേശിയായ എം എന്‍ പി നായര്‍ക്ക് തിരുപ്പൂരില്‍ ടെക്‌സ്റ്റൈല്‍-ഡൈയിങ് ബിസിനസ്സായിരുന്നു. മകന്‍ ഒരു ഡോക്ടറായിക്കാണണമെന്നായിരുന്നു ഗംഗാധരന്റെ അമ്മ മാലതിയമ്മയുടെ ആഗ്രഹം. സ്വന്തം സഹോദരനായ ഡോക്ടര്‍ ഗംഗാധരന്റെ പേരു തന്നെയാണ് അവര്‍ മകനും ഇട്ടത്. ആ അമ്മയുടെ ആഗ്രഹം പോലെ തന്നെ മകന്‍ വളര്‍ന്ന് പഠിച്ച്    ലോകം അറിയുന്ന  കാന്‍സര്‍ രോഗ വിദഗ്ദ്ധനായി വളരെ ബുദ്ധിമുട്ടിയും സഹിച്ചുമൊക്കെത്തന്നെയാണ് ഡോ വി പി ഗംഗാധരന്‍ ഇന്നത്തെ നിലയിലെത്തിയത്. ”ശൂന്യതയില്‍ നിന്നാരംഭിക്കുമ്പോഴാണ് ജീവിതത്തിന് ഹരമേറുന്നത്. കേറിപ്പോന്ന ചവിട്ടു പടികളില്‍ നില്ക്കുമ്പോള്‍ അഹങ്കരിക്കാനാവാത്തതും അപ്പോഴായിരിക്കും. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞാന്‍ ജീവിതം തുടങ്ങിയത്. ചെറുപ്പത്തിലോ എം ബി ബി എസ്സിനോ പഠിക്കുന്ന കാലത്തോ ബുദ്ധിമുട്ടുകള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷേ പഠനം കഴിഞ്ഞയുടനെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിച്ചു. വീട്ടുകാരില്‍ നിന്നും യാതൊന്നും സ്വീകരിക്കില്ല എന്നത് എന്റെ തീരുമാനമായിരുന്നു, സ്വയം ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണല്ലോ.

1989 വരെ ഞാന്‍ പഠിക്കുകയായിരുന്നു, യാതൊരു വരുമാനവുമില്ലാത്ത ആ കാലത്ത് ചിത്ര നല്കിയ പിന്തുണ എനിക്ക് കുറച്ചൊന്നുമല്ല കരുത്തേകിയത്. ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട് ആ കാലത്ത്. കഴിഞ്ഞ കാലത്തേക്ക് ഡോക്ടര്‍ തിരിഞ്ഞു നോക്കുകയായിരുന്നു. ”ഉപരി പഠനത്തിന്റെ കാലമായിരുന്നു ശരിക്കും പരീക്ഷണ ഘട്ടം. ഉടുത്തു മാറാന്‍ കുറച്ചു തുണികളുമായി ഞങ്ങള്‍ ഡല്‍ഹിയിലെത്തി,ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിസിനില്‍ എംഡി റേഡിയേഷനു പഠിക്കാന്‍. ഇടുങ്ങിയ ഒരു ഫ്‌ളാറ്റില്‍ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു താമസം. കട്ടിലോ ഫര്‍ണിച്ചറോ മറ്റൊന്നുമില്ല, ചുട്ടു പഴുത്ത തറയില്‍ വെള്ളം കോരിയൊഴിച്ച് ഞങ്ങള്‍ കിടക്കും. ചൂടിന്റെ തീക്ഷ്ണത കൊണ്ട് ഞൊടിയിടയില്‍ വെള്ളം ആവിയാകും, പിന്നെ കോരിയൊഴിക്കാന്‍ വെള്ളവുമില്ല. ഞങ്ങള്‍ മുഖത്തോടു മുഖം നോക്കിയിരുന്നു നേരം വെളുപ്പിക്കും. അഡയാറില്‍ ഡിഎം ഓങ്കോളജിക്കു പഠിക്കുമ്പോള്‍ ശമ്പളമോ സ്‌റ്റൈപ്പെന്‍ോ ഇല്ല, ചിത്ര നിസ്സാര ശമ്പളത്തിന് ഒരാശുപത്രിയില്‍ ജോലി ചെയ്യുന്നു. ഞങ്ങളുടെ മൂത്തമകന്‍ ഗോകുല്‍ അന്ന് എല്‍ കെ ജിയില്‍ പഠിക്കുന്നു, ഇളയ മകന്‍ ഗോവിന്ദ് കൈക്കുഞ്ഞാണ്.വൈകുന്നേരങ്ങളില്‍ കുഞ്ഞുങ്ങളോടൊത്ത് ഞങ്ങള്‍ നടക്കാനിറങ്ങുമ്പോള്‍ ഒരു പൊതി കടല വാങ്ങാനുള്ള കാശേ കൈയില്‍ കാണൂ. ഐസ്‌ക്രീം വില്ക്കുന്നവരെ നോക്കി ഗോകുല്‍ കരയാന്‍ തുടങ്ങുമ്പോള്‍ ഞാനവനെ തിരിച്ചു പിടിച്ചു നടക്കും. ഒരു ഐസ്‌ക്രീം വാങ്ങിയാല്‍ ഇപ്പോള്‍ത്തന്നെ അരിഷ്ടിക്കുന്ന ഫാമിലി ബജറ്റ് താളം തെറ്റും.”(ജീവിതമെന്ന അത്ഭുതം).

ഇങ്ങനെ വളരെ എളിയ ജീവിത സാഹചര്യങ്ങളിലൂടെയും, ഒട്ടനവധി പരീക്ഷണ ഘട്ടങ്ങളിലൂടെയും കടന്നു വന്നതിനാലാകണം തന്റെ മുന്നിലിരിക്കുന്നയാളുടെ മാനസികാവസ്ഥയും അദ്ദേഹത്തിനു പെട്ടെന്നു മനസ്സിലാകുന്നത്.ഡോക്ടറുടെ ഭാര്യ ഡോക്ടര്‍ ചിത്രതാര ഗൈനക്കോളജിസ്റ്റും കേരളത്തിലെ ആദ്യ ലേഡി യൂറോളജിസ്റ്റുമാണ്. മൂത്ത മകന്‍ ഗോകുല്‍ ബോസ്റ്റണില്‍ ഇലക്ട്രോണിക്ക് എന്‍ജിനീയറാണ്. രണ്ടാമത്തെ മകന്‍ ഗോവിന്ദ് ഡോക്ടറും.സിനിമയിലും കഥകളിലുമൊക്കെ കാന്‍സറിനെ ഒരു മാറാരോഗമെന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ടതിനാലാവണം, കാന്‍സര്‍ രോഗത്തെ സമൂഹത്തിനിന്നും ഇത്ര ഭയം. ചികിത്സ കൊണ്ട് രോഗം മാറി തിരികെ പോയിട്ടും മനഃശക്തികൊണ്ട് കാന്‍സറിനെ തോല്പിച്ചിട്ടും സമൂഹത്തിനു മുന്നില്‍ പലരും തോറ്റുപോവാറുണ്ട്. അത്തരം ഒരനുഭവം ഡോക്ടര്‍ പറയുകയായിരുന്നു. ”കാന്‍സര്‍ ചികിത്സ കഴിഞ്ഞു രോഗം മാറിപ്പോയ ഒരു പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്കു ശേഷം മാതാപിതാക്കള്‍ എന്റെ അടുക്കല്‍ കൊണ്ടുവന്നു. മേരി, അതായിരുന്നു അവളുടെ പേര്. അവളുടെ മാതാപിതാക്കള്‍ എന്നോടു പറഞ്ഞത് വിചിത്രമായ കാര്യങ്ങളായിരുന്നു; ഡോക്ടര്‍, ഇപ്പോള്‍ ഇവള്‍ക്ക് ഭ്രാന്താണ്. ഞങ്ങളെ ഇവള് കൊല്ലാന്‍ വര്വാണ്. മേരി അപ്പോള്‍ ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു. ഏറെ ചോദിച്ചിട്ടും മേരി എന്നോടൊന്നും പറഞ്ഞില്ല. ഞാന്‍ അവളുടെ അമ്മയോട് കാര്യങ്ങള്‍ തിരക്കി. അവര്‍ പറഞ്ഞു. ”മേരിയെ പുറത്തൊന്നും വിടാറില്ല. അത് പിന്നെ അവള് പൊറത്തൊക്കെ എറങ്ങിനടന്നാ ആള്‍ക്കാര്‍ക്കൊക്കെ ബുദ്ധിമുട്ടാവില്ലേ? നാട്ടുകാര്‍ക്കൊക്കെ അവളെ കൂട്ടിതൊട്ട് നടക്കാന്‍ പറ്റുമോ?”

മേരിയോട് ശാന്തമായി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ പറഞ്ഞു, ”സാറിനറിയാഞ്ഞിട്ടാ… എന്നെ എപ്പോഴും മുറിയില്‍ അടച്ചിടും. ഒരു ഭ്രാന്തിയെപ്പോലെ, കഴിക്കാന്‍ ജനലിലൂടെ എന്തെങ്കിലും തരും. ആ ചെറിയ തുരുത്തില്‍ എല്ലാവര്‍ക്കും അറിയാം എനിക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ടെന്ന്. അറിയാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ എന്റെ അപ്പനും അമ്മേം അറിയിക്കും. ഞാന്‍ നടന്ന് പള്ളീല്‍ പോകുമ്പോ ഞാന്‍ കേള്‍ക്കേ ആളുകള്‍ പറയണതു കേള്‍ക്കാം: ‘ദേ… കാന്‍സറു പോണു എന്ന്’. ചിലര്‍ തമ്മില്‍ ഞാന്‍ എന്നു മരിക്കും എന്നതിനെപ്പറ്റിയാണു തര്‍ക്കം. ഒരാള്‍ക്ക് ഭ്രാന്തുവരാന്‍ ഇത്രയൊക്കെ പോരേ ഡോക്ടര്‍, പക്ഷേ, എന്നിട്ടും എനിക്ക് ഭ്രാന്ത് വന്നിട്ടില്ല. വരാന്‍ വേണ്ടിയാ സൈക്യാട്രിസ്റ്റ് തന്ന മരുന്ന് കഴിക്കുന്നത്. എന്തിനാ സാറേ എന്റെ രോഗം മാറ്റീത്…?ഇതാണ് പൊതു സമൂഹത്തിന്റെ മനോഭാവം. കരളുപിളര്‍ക്കുന്നത്ര ഭയാനകമായ കാന്‍സറിന്റെ വിവിധ ഘട്ടങ്ങള്‍ നമുക്ക് ഭേദപ്പെടുത്തിയെടുക്കാനായേക്കാം. എന്നാല്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് എന്താണു മരുന്ന്?
ഡോക്ടറുടെ ഈ ചോദ്യം ഒരാത്മഗതമെന്നതിനുപരി, വളരെ പ്രസക്തമായ ഒന്നാണ്. നമ്മുടെ സമൂഹമൊന്നാകെ ഇതിനു മറുപടി പറയാന്‍ ബാദ്ധ്യസ്ഥരുമാണ്.

”രോഗവിമുക്തി നേടുന്ന രോഗികള്‍ ശതമാനക്കണക്കില്‍ നോക്കുമ്പോള്‍ വലുതാണ്. എന്റെ അഭിപ്രായത്തില്‍ നേരിടാന്‍ ഏറ്റവും വില്‍പവര്‍ വേണ്ട രോഗമാണ് കാന്‍സര്‍. പോസിറ്റീവ് തിങ്കിങ്ങ് ഏറ്റവും കൂടുതല്‍ വേണ്ട രോഗം. പല രോഗികളും രക്ഷപ്പെടാറുള്ളത് അവരുടെ പങ്കാളികള്‍ പകര്‍ന്നു നല്‍കുന്ന ആത്മബലത്തിലാണ്. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും പേടിക്കാതെ ചികിത്സിക്കുകയാണ് വേണ്ടത്. കാരണം ചികിത്സ വെച്ചു നീട്ടുന്തോറും രോഗവിമുക്തിക്കുള്ള സാദ്ധ്യതകള്‍ കുറഞ്ഞിരിക്കും. ‘എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് ഞാന്‍ കീമോ തെറാപ്പി എടുത്തോളാം ഡോക്ടര്‍. അവള്‍ അറിയേണ്ട എനിക്ക് കാന്‍സറാണെന്ന്’ ഇങ്ങനെപറയുന്ന അമ്മമാരുണ്ട്. അല്ലെങ്കില്‍ മകള്‍ക്ക് നല്ലൊരു വിവാഹബന്ധം വരില്ലെന്നുകരുതി ചികിത്സിക്കാതിരിക്കുന്നവര്‍. എനിക്കെല്ലാവരോടും ഒന്നേ പറയാനുള്ളൂ. കാന്‍സര്‍ വന്നുവെന്നു കരുതി പേടിക്കേണ്ട. ഇത് അവസാനമെന്നു കരുതുകയും വേണ്ട. എന്തിനു പേടിക്കുന്നു? ‘ “Fear is a sickeness, it will crawl in to the soul of anyone who engages it”.’.
കഥാകൃത്ത് കെ.എസ്. അനിയന്‍ ഡോക്ടറെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറഞ്ഞതിതാണ്: ”കാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ പ്രതിഭ തന്നെയാണ് ഡോക്ടര്‍ വി.പി. ഗംഗാധരന്‍. ഡോക്ടറുടെ ജീവിതം അടുത്തു കാണാനിടയായതാണ് ജീവിതമെന്ന
അത്ഭുതം എന്ന പുസ്തകത്തിന്റെ പിറവിക്കു കാരണം. ഇത്രയധികം പേര്‍ ഈ രോഗത്തിന്റെ പീഡകള്‍ അനുഭവിക്കുന്നുണ്ടെന്ന് നേരില്‍ കാണുംവരെ ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ആ പുസ്തകമെഴുതിയത് ഒരിക്കലും കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയല്ല, കാന്‍സര്‍ ഇല്ലാത്തവര്‍ക്കു വേണ്ടിയാണ്. ജീവിതത്തിലെ ചെറു പ്രശ്‌നങ്ങള്‍ വലുതായി കരുതി, ജീവിതത്തിന്റെ സുഗന്ധമറിയാതെ ജീവിക്കുന്നവരെ ഇതൊന്നും അല്ല ഇതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നു തിരിച്ചറിയിക്കാന്‍വേണ്ടിയാണ് അതെഴുതിയത്. അതിലൂടെ അനാവൃതമായത് കാന്‍സറിന്റെ ഭീകരതയ്‌ക്കൊപ്പം ഡോ. വി.പി. ഗംഗാധരന്റെ സേവനവഴികള്‍ കൂടിയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സൗമ്യനായ മനുഷ്യന്‍ കൂടിയാണ് ഡോ: വി പി ഗംഗാധരന്‍”.

”ഞാനിന്ന് ഏറ്റവും ഇഷ്ടപ്പെടുന്ന സാന്നിദ്ധ്യം ഞാന്‍ ചികിത്സിക്കുന്നവരുടേയും, ചികിത്സ കൊണ്ട് രോഗം ഭേദമായവരുടേതുമാണ്. എന്നില്‍ നിന്നും കൈവിട്ട് ആ മഹാ വൈദ്യന്റെയടുക്കലേക്ക് തിരികെപ്പോയവരുടെ ബന്ധുക്കളുമായി പോലും ഞാനിന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നു. ജീവിതത്തിന്റെ അനേക വൈവിധ്യങ്ങള്‍ അടുത്തറിയാന്‍ പലപ്പോഴും അവസരങ്ങള്‍ വിധിയൊരുക്കി. തിരസ്‌ക്കാരത്തിന്റെ കയ്പുകൊണ്ട് ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍, രോഗത്തോടു പടവെട്ടി ജീവിത്തിലേക്ക് തിരികെ നടന്നവര്‍. എല്ലാറ്റിനും സാക്ഷിയായി കണ്ണീരും, ഇടയ്ക്ക് ചിരിയുമായി ദശാസന്ധികളില്‍ ഞാനും ഈ ജീവിതവും. അടിസ്ഥാനപരമായി നോക്കുമ്പോള്‍ ഈ ജീവിതമെന്നത് എത്രയോ നിസ്സാരമെന്ന് കണ്ടറിഞ്ഞു കൊണ്ട്” ഇങ്ങനെ ഡോക്ടര്‍ ഗംഗാധരന്‍ പറയുമ്പോള്‍ അദ്ദേഹം മനസ്സു കൊണ്ട് നമ്മെ തൊടുന്നു.

by

ഡോ വി. പി ഗംഗാധരൻ/സിറിൾ രാധ് എൻ. ആർ

 Published on ജനുവരി-മാർച്ച്  2013  Silverline Vol 6 Issue 5