ഇടമലക്കുടിയുടെ ഇതിഹാസം അവസാനിക്കുന്നുവോ

നി എങ്ങോട്ടാണ്?

”ഇനി-” രവി പറഞ്ഞു. അരയാലിലകളില്‍ കാറ്റുവീശി. ”ഖസാക്കിലിയ്ക്ക്,” രവി പറഞ്ഞു. ഏറുമാടങ്ങളില്‍ ഒന്ന് സര്‍വത്ത് പീടികയായിരുന്നു. പീടികക്കാരന്‍ ആളുകളെ വെറുതെ വിടുന്ന കൂട്ടത്തിലായിരുന്നില്ല. ഒരു ഗ്ലാസ് സര്‍വത്തു കുടിച്ചു തീരുന്നതിനിടയില്‍ രവി ഖസാക്കി ലേക്കാണെന്നും അവിടുത്തെ മാസ്റ്ററാവാന്‍ പോവുകയാണെന്നുമൊക്കെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ”അപ്പോ അവടെ ഷ്‌കോള്‌ണ്ടോ?””ഞാന്‍ ചെന്നിട്ടു വേണം തൊടങ്ങാന്‍”
രവി വിവരിച്ചു. ഏകാധ്യാപകവിദ്യാലയമാണ്. ജില്ലാബോര്‍ഡിന്റെ പുതിയ പദ്ധതിയാണ്. രവി ചിരിച്ചു.
-ഖസാക്കിന്റെ ഇതിഹാസം

ഒറ്റയൊരാള്‍ ചെന്ന് തുടങ്ങിയ ഒന്നിലധികം വിദ്യാലയങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അനവധി രവിമാര്‍. അവര്‍ക്കു പറയാന്‍ ഇതിഹാസങ്ങള്‍ തന്നെയുണ്ട്. ഖസാക്ക് എന്ന ഭൂമികയെ രവി എങ്ങനെ പ്രണയിച്ചുവോ അതിലേറെ തങ്ങള്‍ ജീവിക്കുന്ന, ജോലി ചെയ്യുന്ന മണ്ണുമായി ഇഴുകിച്ചേര്‍ന്നവര്‍.

കേരളത്തില്‍ ഇന്നു നിലവിലുള്ള ബദല്‍ സ്‌കൂളുകളില്‍ (മള്‍ട്ടി ഗ്രേഡിങ് ലേണിങ് സെന്റര്‍) വെച്ച് ഏറ്റവും വ്യത്യസ്തമായ ഇടമാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ വിദ്യാലയങ്ങള്‍ – സംസ്‌കാരം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടും. ഇരുപത്തിയെട്ടു കുടികള്‍ ചേര്‍ന്നയിടമാണ് ഇടമലക്കുടി. കേരളത്തിലെ ഗോത്രവര്‍ഗ്ഗ പഞ്ചായത്ത്. ഇതില്‍ പതിനൊന്നു കുടികളിലാണ് ഇന്ന് ഏകാധ്യാപക വിദ്യാലയങ്ങള്‍ നിലവിലുള്ളത്. ഈ അധ്യാപകരുടെ ആരുമറിയാത്ത അനുഭവ ഇതിഹാസങ്ങള്‍ രചിക്കാന്‍ വേണ്ടി സില്‍വര്‍ലൈന്‍ ഇവരില്‍ ഏഴുപേരെ ഇടമലക്കുടിയിലെ വെള്ളവരക്കുടിയില്‍ ഒത്തുചേര്‍ക്കുകയായിരുന്നു. ചിരിയുടെയും കണ്ണീരിന്റെയും അനുഭവപ്പകര്‍ച്ചകള്‍. മൂന്നാറില്‍ നിന്നും ഇരവികുളം നാഷണല്‍ പാര്‍ക്കിലൂടെ വേണം ഇടമലക്കുടി എന്ന ഗോത്രവര്‍ഗമേഖലയിലേക്കെത്താന്‍. മൂന്നാറില്‍ നിന്നും ജീപ്പില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിനകത്തേക്ക്…

ഇനിയങ്ങോട്ട് നാഷണല്‍ പാര്‍ക്കാണ്. ഇടമലക്കുടിയിലെയും പെട്ടിമുടിയിലേയും നിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഉദ്യോസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം പിന്നെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകര്‍ക്കും. നാഷണല്‍ പാര്‍ക്കിലൂടെ ഒരു മണിക്കൂര്‍ യാത്രയുണ്ട് പെട്ടിമുടി വരെ. പെട്ടിമുടിയാണ് ഇടമലക്കുടിയുടെ യഥാര്‍ത്ഥ ബേസ് ക്യാംപ്. ഇവിടുന്നങ്ങോട്ട് വാഹനസൗകര്യമോ ഇലക്ട്രിസിറ്റിയോ ഇല്ല. ഇടമലക്കുടിക്കാര്‍ക്കു വേണ്ടി ഇവിടെയൊരു സൊസൈറ്റിയുണ്ട്, അവശ്യസാധനങ്ങള്‍ മാത്രം ഇവിടെയുണ്ട്. അല്ലാത്തവ വേണമെങ്കില്‍ മൂന്നാറില്‍ തന്നെ പോകണം. ഇടമലക്കുടിയില്‍ എന്തെങ്കിലും എത്തണമെങ്കില്‍ ഇവിടെ നിന്നും ചുമന്നു തന്നെ കൊണ്ടുപോകണം.

കാട്ടിലേയ്ക്ക് അഥവാ സ്‌ക്കൂളിലേയ്ക്ക്‌

പെട്ടിമുടിയില്‍ നിന്നും ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകര്‍ക്കൊപ്പം നടപ്പു തുടങ്ങി. 18 കിലോമീറ്ററിലേറെയുണ്ട് ഇവിടെനിന്നും വെള്ളവര കുടിയിലേക്ക്. ഇടമലക്കുടിയില്‍ ഏകാ ധ്യാപക വിദ്യാലയം തുടങ്ങിയ നാള്‍ മുതല്‍ അവിടെ സേവനം ചെയ്യുന്ന സതീഷ്, ഭാര്യയും ടീച്ചറുമായ സിജി, അവരുടെ രണ്ടുവയസ്സു പ്രായമായ കുഞ്ഞ്, സെലിന്‍, ശെല്‍വി, സുനിത, വേളാങ്കണ്ണി എന്നീ അധ്യാപകരുമുണ്ട് സഹയാത്രികരായി. യാത്രയുടെ കിതപ്പിലൂടെ സതീഷ് ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയങ്ങളെക്കുറിച്ച് വാചാലനായി.1999ല്‍ ഡി പി ഇ പി പദ്ധതി പ്രകാരമാണ് കേരളത്തിലെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങുന്നത്. 5നും 14നും ഇടയില്‍ പ്രായമുള്ള എത്ര വിദ്യാര്‍ത്ഥികള്‍ വിദ്യാലയ ങ്ങളില്‍ പോകാത്തവരായി ഇവിടെയുണ്ട് എന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ എം ജി എല്‍ സി ആയി ഡി പി ഇ പി പദ്ധതി പ്രകാരമായിരുന്നു ഇവയുടെ തുടക്കം.ഏറെ പ്രത്യേകത കളുള്ള ഇടമാണ് ഇടമലക്കുടി. കുടി എന്നാല്‍ കുറച്ചു വീടുകള്‍ മാത്രമുള്ള ഒരു ചെറിയ ഊര അത്തരം 28 കുടികള്‍ ഇവിടെയുണ്ട്. മുതുവാന്‍ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമാണ് ഇവിടുത്തെ നിവാസികള്‍. പെട്ടിമുടിയില്‍ നിന്നും വരുമ്പോള്‍ വെളളവര മാത്രമാണ് അടുത്ത കുടി, 18 കിലോമീറ്ററാ ണിങ്ങോട്ടുള്ള ദൂരം. ഇത്രയും ദൂരം കാല്‍നടയായി വേണം താണ്ടാന്‍. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഇവിടെ വിവിധ കുടികളില്‍ പഠിപ്പിക്കുന്ന ഞങ്ങളില്‍ 40 ഉം 50 ഉം കിലോമീറ്റര്‍ നടന്ന് സെന്ററിലെത്തുന്നവരുമുണ്ട്. ഇത്രയും പറയുമ്പോള്‍ സതീഷിന് എന്തുകൊണ്ടോ വാക്കുകള്‍ മുറിഞ്ഞു…

ഇനി കൊടുങ്കാടിനു നടുവിലൂടെ കുത്തനെയുള്ള കയറ്റങ്ങളും, ചെങ്കുത്തായ ഇറക്കങ്ങളും കയറിയാണ് യാത്ര. സതീഷിന്റെ മകള്‍ അനാമിക തന്റെ യാത്ര അച്ഛന്റെ തോളിലേക്കാക്കി… വഴി നിറയെ മഞ്ഞു വന്നു മൂടി. പുഴയ്ക്ക് കുറുകെ മരച്ചില്ലകള്‍ കൊണ്ടു പണിത ഒരു പാലം കടന്നുവേണം അപ്പുറമെത്താന്‍, സെലിന്‍ ടീച്ചര്‍ പറഞ്ഞു. അവിടെയിരുന്നാണ് ഈ വഴി വരുമ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും…

വെള്ളവരയില്‍

നടന്ന് നടന്നൊടുവില്‍ വെള്ളവരയിലെത്തുമ്പോള്‍ സമയം വൈകുന്നേരം അഞ്ചാവുന്നു. ഷീജ ടീച്ചറിന്റെ സെന്ററാണ് വെള്ളവര. രാത്രിയായാല്‍ വെള്ളവര കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും വിഹാരരംഗമാണ്. കുടികളിലേക്കിറങ്ങിയെത്തുന്ന കാട്ടാനകള്‍ ഇവിടുത്തെ മണ്ണുകൊണ്ടുണ്ടാക്കിയ മുതുവക്കുടികള്‍ തകര്‍ത്തെറിയും. കാട്ടാനകളെപ്പേടിച്ച് ഒരു രാത്രിയങ്ങനെ വെളളവരയിലെ സ്‌കൂളില്‍ കടന്നുപോയി. പുലര്‍ന്നാലും വെയില്‍ താഴെയെത്താന്‍ ഏറെനേരമെടുക്കും. വെള്ളവരയെ കാക്കാന്‍ കോട്ടപോലെ നില്‍ക്കുന്ന ചെങ്കുത്തായ മലകളാണിതിനു കാരണം. പിറ്റേന്നു പകലില്‍ തങ്ങളുടെ ഓരോരുത്തരുടെയും ഏകാധ്യാപകദിനങ്ങള്‍ അധ്യാപകര്‍ പങ്കുവെയ്ക്കുകയായി.

സതീഷ് തന്റെ തുടക്കക്കാലം ഓര്‍ത്തെടുത്തു. ”ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങിയ, കാലത്ത് ഞാന്‍ ട്രൈബല്‍ വളണ്ടിയറാണ്, 1999ല്‍. അക്കാലം ശ്രമകരമായ കാലമായിരുന്നു, ഇവിടുത്തെ മുതുവാന്‍ വിഭാഗക്കാര്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ഓടിയൊളിക്കുന്നവരായിരുന്നു. പുറംലോകത്തെ അവര്‍ക്ക് വിശ്വാസമില്ലായിരുന്നു, ഭയമായിരുന്നു. ഞങ്ങള്‍ ആറുപേരാണ് അന്ന് ഏകാധ്യാപക വിദ്യാലയം തുടങ്ങാനെത്തിയത്. വിദ്യാഭ്യാസ വകുപ്പിനുപോലും ഈ പ്രദേശത്തെക്കുറിച്ചറിയില്ലായിരുന്നു. ഏറെ ശ്രമത്തിനു ശേഷം മുതുവാന്മാരെ ഒരു പാതി സമ്മതത്തിലെത്തിച്ചശേഷം 2000 ത്തിലാണ് ഇവിടെ ആദ്യ വിദ്യാലയം തുടങ്ങുന്നത്. ഈ വിഭാഗക്കാരെ സ്‌കൂളിലെത്തിക്കുക എന്നത് ദുഷ്‌കരമായിരുന്നു. അതിലും എനിക്കന്ന് പ്രയാസം തോന്നിയത് ഇടമലക്കുടിയിലേക്ക് പോന്നുകഴിഞ്ഞാല്‍ പൂര്‍ണമായും പുറംലോകവുമായുള്ള ബന്ധം അറ്റുപോവുന്നു എന്നതാണ്. ഇരുപതും ഇരുപത്തിനാലും ദിവസങ്ങള്‍ കൂടുമ്പോഴായിരുന്നു തിരിച്ച് കാടിറങ്ങിയിരുന്നത്. നമ്മള്‍ തിരികെ വരുമ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നുപോലും ഇവിടെയുണ്ടാവില്ല. പിന്നെയും അവരെ സ്‌കൂളിലെത്തിക്കാന്‍ ശ്രമം തുടങ്ങും. തുടക്കത്തില്‍ 750 രൂപയായിരുന്നു ഞങ്ങള്‍ക്ക് പ്രതിഫലം. പിന്നെ 2500 രൂപ ഓണറേറിയം തന്നുതുടങ്ങി. പിന്നെ സ്ലാബ് അനുസരിച്ച്, കുട്ടികളുടെ എണ്ണത്തിനനുസൃതമായി ശമ്പളം. എസ്.എസ്.എ. വന്നതോടെ ഈ കാട്ടില്‍ കിടക്കുന്നതിന് ശമ്പളമെന്നത്, 3000 രൂപയായി.

കാട്ടുവഴിയിലെ അധ്യാപികമാര്‍

ജീവിതപ്രാരാബ്ധംകൊണ്ടാണ് ഈ അധ്യാപകജോലിയില്‍ വന്നതെന്ന് വെള്ളവരയുടെ ചാര്‍ജ് വഹിക്കുന്ന ഷീജ ടീച്ചര്‍. ”ഇവിടെ വേറൊരു ടീച്ചര്‍ പിരിഞ്ഞുപോയ ഒഴിവിലാണ് ഞാന്‍ ഇവിടെ എത്തുന്നത്. ബി.ആര്‍.സി.യില്‍ ടീച്ചര്‍ തസ്തിക കണ്ട് അപേക്ഷിച്ചപ്പോള്‍ നിയമന ഉത്തരവുവന്നു, ഇടമലക്കുടിയിലെ വേലിയാംപാറയിലാണ് പോസ്റ്റിങ്ങെന്നു പറഞ്ഞു, ”എവിടെയാണീ സ്ഥലം” എന്നു ചോദിച്ചപ്പോള്‍ ”അറിയില്ല, തേടിക്കണ്ടുപിടിക്കൂ” എന്നാണവര്‍ പറഞ്ഞത്. പിന്നെ വഴിയറിയാതെ എന്റെ അച്ഛനൊപ്പം ആ കാടും മേടും താണ്ടിയാണവിടെയെത്തിയത്. പുറംലോകത്തിന് ഞാന്‍ ടീച്ചറാണെന്നേ അറിയൂ. വേലിയാംപാറയിലെ വിദ്യാലയത്തില്‍നിന്ന് പിന്നീട് പാറക്കുടിയിലും 2004-ല്‍ വെള്ളവരയിലുമെത്തി. മുതുവാന്മാരെ മെരുക്കിയെടുക്കാന്‍ ഏറെ ശ്രമകരമായിരുന്നു. ഭാഷയും പ്രശ്‌നമായിരുന്നു. തമിഴും മലയാളവും ഇടകലര്‍ന്ന പ്രാകൃതമായ മുതുവാന്‍ ഭാഷ അഥവാ കുടി ഭാഷയാണിവരുടേത്. ഇതിനു ലിപിയും ഇല്ല. ഞാന്‍ ഇവര്‍ പറയുന്ന ഓരോ വാക്കും എഴുതി സൂക്ഷിച്ചാണിതു പഠിച്ചത്. ആദ്യകാലത്ത് ഞങ്ങള്‍ മുതുവാന്‍ കുട്ടികളെ സ്‌ക്കൂളിലെത്തിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി, കാടുകയറി നടന്ന കുട്ടികളെ കുളിപ്പിച്ചെടുക്കുക വരെ ചെയ്തിട്ടുണ്ട്. വിവാഹം കഴിയുന്നതും ഇവിടെ വന്നതിനുശേഷമാണ്. പിന്നെ കുട്ടികളുണ്ടായപ്പോഴാണ് ഞാന്‍ ശരിക്കും വലഞ്ഞത്. എന്റെ മോനെ തോളില്‍ ചേര്‍ത്ത് കെട്ടിവച്ചാണ് ഈ ദൂരം ഞാന്‍ താണ്ടിയെത്തിയിരുന്നത്. മോന്‍ ഇപ്പോള്‍ എന്റെ മറയൂരിലെ വീട്ടിലാണ്. ഇപ്പോള്‍ എന്റെ മകള്‍ മാത്രമാണ് എന്റെ കൂടെ വെള്ളവരയില്‍ ഉള്ളത്. ഭര്‍ത്താവ് മണികണ്ഠന്‍ ഫോറസ്റ്റിന്റെ ഡ്രൈവറായതിനാല്‍ മിക്ക ദിവസവും കാടിനു പുറത്തായിരിക്കും. അപ്പോഴൊക്കെ എന്റെ കുഞ്ഞിനെയും കൊണ്ട്, ഈ വിദ്യാലയത്തിന്റെ ഭാഗമായ ഒറ്റ മുറിയിലാണെന്റെ താമസം. ഒരു ദിവസം രാത്രി ആനകള്‍ വന്ന് എന്റെ സ്‌കൂളിന്റെ ഒരു ഭാഗം തകര്‍ത്തു. അന്ന് മോളെയുംകൊണ്ട് തകര്‍ന്ന ചുവരിനിടയില്‍ കൂടിയാണ് ഞാന്‍ രക്ഷപ്പെട്ടത്. എത്രയോ തവണ ഇങ്ങനെ കാട്ടാനകള്‍ക്കുമുന്നില്‍ പെട്ടിരിക്കുന്നു.”

ഓരോരുത്തര്‍ക്കും ഇത്തരം നിരവധി അനുഭവങ്ങളുണ്ട്, ഇടമലക്കുടിയിലെ വിദ്യാലയങ്ങളില്‍ ആദ്യം മുതല്‍ തന്നെയുള്ള സുനിത ടീച്ചര്‍ക്കുമുണ്ട് ഇത്തരം അനുഭവകഥകളും കുറേ പ്രാരാബ്ധപ്പട്ടികയും. ”2000 ത്തില്‍ മൂന്നു മാസമുള്ള എന്റെ കൈക്കുഞ്ഞുമായി കാടുകയറാന്‍ തുടങ്ങിയതാണ് ഞാന്‍. പെട്ടിമുടിയും പുല്ലുമേടും കഴിഞ്ഞാല്‍ പിന്നെ ഒരു സെന്ററില്‍ ഒത്തുകൂടി സ്വന്തം സെന്ററുകളിലേക്ക് തനിച്ചാണ് ഞങ്ങള്‍ യാത്രയാവുന്നത്. എന്റെ മൂന്നുമാസം പ്രായമായ മോളെയുംകൊണ്ട് കാടുകയറുമ്പോള്‍ എനിക്ക് പേടിയായിരുന്നു. ഒരിക്കല്‍ ഞാനും വേളാങ്കണ്ണി ടീച്ചറും പുഴ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് പുഴയില്‍ വീണു, അന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം, എന്റെ ഇളയ മകളെ ഒരിക്കല്‍ കാട്ടിലൂടെ വരുമ്പോള്‍ അട്ട കടിച്ചു. കുഞ്ഞുങ്ങളെ അട്ട കടിച്ചാല്‍ രക്തം നിലയ്ക്കില്ല. അങ്ങനെ രക്തം വാര്‍ന്നൊഴുകിയ കുഞ്ഞിനെ വാരിപ്പിടിച്ച് പെട്ടിമുടിവരെ ഓടുകയായിരുന്നു ഞാന്‍. ഈ ദുരിതങ്ങള്‍ക്കിടയിലും ഒരുപിടി കുട്ടികളെ അക്ഷരത്തിന്റെ ലോകത്തെത്തിക്കാനായതാണ് ഞങ്ങള്‍ക്കെല്ലാം ആശ്വാസവും, ആവേശവും. ഒരുപാടുപേര്‍ ചോദിച്ചിട്ടുണ്ട് ഈ 3000 രൂപയ്ക്കുവേണ്ടിയാണോ ഈ പെടാപ്പാട്? തൊഴിലുറപ്പിനു പോയാല്‍ ഇതിലധികം കിട്ടില്ലേ എന്ന്!
അതിനേക്കാള്‍ സങ്കടം തോന്നുന്നത്, ഉദ്യോഗസ്ഥരുടെ കൈയ്യൊഴിയല്‍ കാണുമ്പോഴാണ്, ഇൗ കാട്ടില്‍ ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതം അവര്‍ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. ശമ്പളം ആദ്യം ബി.ആര്‍.സി. വഴിയായിരുന്നത് ഇന്ന് എ.ഇ. ഓഫീസ് വഴിയാണ് തരുന്നത്. അവര്‍ ചോദിക്കുന്നത് നിങ്ങള്‍ക്കെന്താണ് കുറവെന്നാണ്. സ്‌ക്കൂളിലേക്ക് അരിപോലും വാങ്ങുന്നത് ഞങ്ങളുടെ തുച്ഛവേതനത്തില്‍ നിന്നാണ്. യഥാര്‍ത്ഥത്തില്‍ ഇത്രയും അപരിഷ്‌കൃതരായ ഒറ്റപ്പെട്ട ജനവിഭാഗത്തില്‍നിന്നും കുറച്ചുപേരെങ്കിലും വിദ്യാസമ്പന്നരാവുന്നതിനു ഞങ്ങള്‍ കാരണക്കാരാവുന്നല്ലോ എന്നതാണ് ഏക സംതൃപ്തി. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ വിദ്യാഭ്യാസം. മള്‍ട്ടി ഗ്രേഡിംഗ് രീതിയിലായതിനാല്‍ ഒന്നുമുതല്‍ നാലാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളെ ഒന്നിച്ചിരുത്തി കാര്‍ഡുകളും ചാര്‍ട്ടുകളും കൊണ്ടാണ് പഠിപ്പിക്കുന്നത്. നാലാംതരത്തിനുശേഷം മൂന്നാറിലെ സ്‌ക്കൂളുകളിലേക്കാണ് ടി.സി. നല്‍കുന്നത്. ഇങ്ങെന ഞങ്ങള്‍ പഠിപ്പിച്ചു വിട്ട കുട്ടികളില്‍ ചിലരിന്ന് ഡിഗ്രിക്കും മെഡിസിനും വരെ പഠിക്കുന്നുണ്ട്.” എന്നതാണ് ഞങ്ങളുടെ ഊര്‍ജ്ജം.

കാടിന്റെ മക്കള്‍

മുതുവാന്‍ വിഭാഗത്തിന്റെ സാമ്രാജ്യമാണ് ഇടമലക്കുടി. ഈ പഞ്ചായത്തില്‍ വേറെയാരും തന്നെ ഇല്ല. പുറംലോകത്തുനിന്നാര്‍ക്കും ഇവിടെ സ്ഥിരതാമസമാക്കാനോ സ്ഥലം വാങ്ങാനോ കഴിയില്ല. അതിനാല്‍ത്തന്നെ കുടിയേറ്റം എന്നത് ഇവിടെയില്ല എന്നു പറയാം. ഏകാധ്യാപക വിദ്യാലയംവഴി വിദ്യാവെളിച്ചം വീണെങ്കിലും ഇന്നും ഏറെക്കുറെ അപരിഷ്‌കൃതവും വിശ്വാസങ്ങളും നിറഞ്ഞ ജീവിതമാണിവരുടേത്. പുറംലോകത്തുനിന്ന് വരുന്നവരെ കണ്ടാല്‍ ഇന്നും മുതുവ പെണ്ണുങ്ങള്‍ വീടിനകത്തേക്ക് ഓടിക്കയറും.പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ മുതുവാന്മാര്‍ കൊണ്ടകെട്ടല്‍ ചടങ്ങ് എന്ന ചടങ്ങ് നടത്തും. കൊണ്ട അഥവാ മുടിക്കെട്ട് അവള്‍ പിന്നെ ഉയര്‍ത്തിക്കെട്ടണം. പിന്നെയവളാണ് വീടിന്റെ ഉത്തരവാദിത്വങ്ങള്‍ നോക്കേണ്ടത്. ആണിനുമുണ്ട് ആചാരങ്ങള്‍. ഉറുമാല്‍കെട്ട് എന്നാണ് ആണ്‍കുട്ടികള്‍ പ്രായമായാല്‍ നടത്തുന്ന ചടങ്ങ്. ഇന്നും രോഗം വന്നാല്‍ ഇവരുടെ ചികിത്സ എന്നത് മന്ത്രവാദവും പൊടിപൂശല്‍ എന്ന ചടങ്ങുമാണ്.

രസകരവും ഉപകാരപ്രദവുമായ ചില സമ്പ്രദായങ്ങളും ഈ കുടിക്കുണ്ട്. ഇടമലക്കുടിക്കും പെട്ടിമുടിക്കും ഇടയിലുള്ള കൊടും കാട്ടിലൂടെയുള്ള യാത്ര എന്നത് അത്ര എളുപ്പമുള്ളതല്ല. കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുമ്പോള്‍ കൈയ്യില്‍ ഭക്ഷണമോ വെള്ളമോ തീര്‍ന്നുപോയാലും ഈ കാട്ടില്‍ കിടന്ന് ആരും വിശന്നു മരിക്കില്ല. ഈ വഴിയിലൂടെ ആരെങ്കിലും വന്നാല്‍ അവര്‍ക്കു മുന്നിലൊരു തുണി വിരിച്ചാല്‍ മതി, ഇതു കാണുമ്പോള്‍ വരുന്നവര്‍ കയ്യില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വിരിക്കുന്നയാള്‍ക്കു നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് കുടിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ബാധകമാണ്. ഇടമലക്കുടിയില്‍ നിന്നും കാട്ടിലൂടെ പുറംലോകത്തേക്കു നടക്കുമ്പോള്‍ കയ്യിലെ ഭക്ഷണം തീര്‍ന്നുപോയ ഞങ്ങള്‍ക്കും കിട്ടി മുതുവാന്‍മാരുടെ കയ്യില്‍നിന്നും കുറച്ചു റൊട്ടി! ഭക്ഷണം നല്‍കി കടന്നുപോയ മുതുവാന്മാരുടെ പിന്നാലെ പിന്നെയും ആരോ വരുന്ന കാടനക്കം കണ്ടപ്പോള്‍ സതീഷ് പറഞ്ഞു ”ഇനിയും വെള്ള വിരിക്കേണ്ട. ഇന്ന് ഇവിടെ എം.എല്‍.എ. വരുമെന്നു പറയുന്നുണ്ട്, രാഷ്ട്രീയക്കാര്‍ക്കു മുന്നില്‍ വെള്ളവിരിച്ചാല്‍ അവര്‍ ചിലപ്പോള്‍ അതില്‍ ചില്ലറയിട്ടിട്ട് കടന്നുപോകും…” തങ്ങളെ രാഷ്ട്രീയക്കാര്‍ കയ്യൊഴിഞ്ഞ രോഷം സതീഷിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

ഈവിധമൊരു അസാധാരണ ലോകേത്തക്കാണ് ഈ ഒറ്റയാള്‍ അധ്യാപകര്‍ വിദ്യ പകരാനെത്തിയത്. ഇന്ന് വിദ്യാഭ്യാസ വകുപ്പ് അവരോട് കാണിക്കുന്നത് തികഞ്ഞ അവഗണനയാണെന്നതിലാണവര്‍ക്ക് വേദന.

ഒഴിയുന്ന കളരികള്‍

എത്രകാലം ഇങ്ങനെ കാടുകടന്നു പഠിപ്പിക്കും എന്ന ചോദ്യത്തിനു മുന്നില്‍ ശെല്‍വി ടീച്ചറും വേളാങ്കണ്ണി ടീച്ചറും നിശ്ശബ്ദരായി. സെലിന്‍ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ പറഞ്ഞു. ”ഈ കുടി ഇതിലും നിരക്ഷരമായി കിടന്ന കാലത്താണ് ഞങ്ങള്‍ ഇവിടെയെത്തുന്നത്. ഈ പതിനൊന്നു വര്‍ഷം ഏറെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിച്ചുയര്‍ത്തിവിട്ടു. എന്നിട്ടിപ്പോള്‍ വിദ്യാഭ്യാസവകുപ്പ് പറയുന്നത് ഈ വരുന്ന മാര്‍ച്ച് 31ന് ഞങ്ങളെ പിരിച്ചുവിടുമെന്നാണ്. എന്നിട്ട് ഇടമലക്കുടിയില്‍ എല്‍.പി.സ്‌കൂള്‍ കൊണ്ടുവരും. അതിനു നടപടികള്‍ ആയിട്ടുണ്ടെന്ന്. പഞ്ചായത്ത് കെട്ടിടം പോലുമില്ലാത്ത വൈദ്യുതിയും ടെലഫോണുമില്ലാത്തയിടമാണിത്. ഇനി ഞങ്ങളെ പിരിച്ചുവിട്ട്, എല്‍.പി.സ്‌കൂള്‍ വന്നാലും ഇവിടുത്തെ കുട്ടികളെ പഠിപ്പിക്കാന്‍ ഈ കാടിനു നടുവില്‍ ആരെങ്കിലും നടന്നെത്തുമോ? ”ഈ ശമ്പളത്തില്‍പോലും ഇനിയും അവിടെത്തന്നെ തുടരാന്‍ ഈ അധ്യാപകര്‍ തയ്യാറാണ്. പക്ഷേ, ഇപ്പോള്‍ ഇവര്‍ക്ക് ഇടിത്തീയായി ചില സര്‍ക്കാര്‍ വാര്‍ത്തകളുണ്ട്.” നിയമനകാലത്ത് ആര്‍ക്കും ടി.ടി.സി. വേണ്ടെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ ടി.ടി.സി. വേണം എന്നാണ് അവര്‍ പറയുന്നത്. പത്തുപന്ത്രണ്ടു വര്‍ഷം ഈ കാട്ടില്‍ ഹോമിച്ച ഞങ്ങളോട് ഇതിനിടയില്‍ ഒരിക്കല്‍പോലും ഇങ്ങനെയൊരാവശ്യം വകുപ്പു മേധാവികള്‍ പറഞ്ഞില്ല. അതിലും വലിയ ചതി എന്താണെന്നാല്‍, ഇന്നുവരെ ഞങ്ങളുടെ ഇ.പി.എഫ്.പോലും അവര്‍ അടച്ചിട്ടില്ല എന്നതാണ്. കേരളത്തില്‍ മറ്റ് ബദല്‍ സ്‌കൂളുകളുടെ പി.എഫ്. തുക വകുപ്പ് അടച്ചിട്ടുണ്ട്. എന്നാല്‍ ഇടമലക്കുടിയിലെ അദ്ധ്യാപകരോട് ആ കാര്യത്തിലും വകുപ്പ് കരുണ കാട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടുമെന്ന ഭീഷണി ഉയര്‍ന്നെങ്കിലും പിന്നെയും കാലാവധി നീട്ടുകയായിരുന്നു. ഇടമലക്കുടി പോലൊരു ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടയിടത്ത് സാധാരണ സ്‌ക്കൂള്‍ എന്നത് പ്രായോഗികമല്ല എന്നതാണ് സത്യം. രാഷ്ട്രീയക്കാര്‍ക്കുപോലും ഇലക്ഷനാകുമ്പോള്‍ മാത്രം ഓര്‍ക്കുന്നയിടമാണിത്, ഇങ്ങോട്ടെത്തുന്നവരും വിരളം. കാരണം വൈദ്യുതിയോ, മൊബൈല്‍ റേഞ്ചോ വാഹന സൗകര്യമോ ഇല്ലല്ലോ…” സതീഷ് പറയുന്നു.

രണ്ട് ദിവസത്തെ കാനനവാസം കൊണ്ടുതന്നെ പരിക്ഷീണിതനായി ഞാന്‍ കാടിറങ്ങാന്‍ തുടങ്ങവേ, വഴിയില്‍ കണ്ട മുതുവ കുട്ടികള്‍ അധ്യാപകരോടു ചോദിക്കുന്നു. ഇനിയെന്നാണ് ക്ലാസെന്ന്. അപ്പോള്‍ ഷീജ ടീച്ചര്‍ നൊമ്പരത്തോടെ പതുക്കെ പറഞ്ഞു: ”അടുത്തയാഴ്ച… അത് ഒരുപക്ഷേ നമ്മുടെ അവസാന ക്ലാസ്സാകും.” ഖസാക്കില്‍ അവസാന ബസ്സുകാത്തു കിടന്ന രവിയെ ഓര്‍മ്മിപ്പിച്ചു, ആ വാക്കുകള്‍.

Published on മാര്‍ച്ച് – ഏപ്രില്‍ 2012 സില്‍വര്‍ലൈന്‍

BY സിറിള്‍ രാധ്‌