മക്കളെ റോഡ് സൈഡ് കൗണ്‍സലിങ്ങിന് വിടണോ?

സ്‌കൂളില്‍ നല്ല കുട്ടി. എല്ലാവരും മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവന്‍. ദീപു. പഠനത്തില്‍ ഒന്നാമനാണ്. കുറേ നാളുകള്‍ക്കുശേഷമാണ് അവന്റെ കൂട്ടുകാരില്‍ പലരും തിരിച്ചറിഞ്ഞത് അവന് സ്‌ക്കൂളില്‍ ഒരു സ്വഭാവവും വീട്ടില്‍ മറ്റൊരു സ്വഭാവവുമാണെന്ന്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു, നിന്ന നില്പില്‍ കണ്ണു നിറയുന്നു. അച്ഛനോടോ അമ്മയോടോ എന്നില്ല, ആരോടും തര്‍ക്കിക്കും. താന്‍ ആഗ്രഹിക്കുന്നതെന്തോ അതവന് കിട്ടിയേ മതിയാകൂ. രണ്ടുതരത്തിലുള്ള സ്വഭാവം. ഇത് ദീപുവിന്റെ മാത്രം പ്രത്യേകതയല്ല. കൗമാരക്കാരായ പലരുടെയും പ്രത്യേകതയാണ്.

കുട്ടികളുടെ പിടിവാശിക്കുമുന്നില്‍ മാതാപിതാക്കള്‍ പലപ്പോഴും പലതും കണ്ണടയ്ക്കുന്നു. അവര്‍ ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് ചെറുപ്പംമുതലേ സാധിച്ചുകൊടുത്ത് പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ അനുവദിക്കാതെ അവരെ വളര്‍ത്തുന്നു. അതുകൊണ്ടുതന്നെ ചെറിയചെറിയ പരാജയങള്‍ അവരെ തളര്‍ത്തുന്നു.

പരാജയങ്ങളില്ലാത്ത  ജനറേഷന്‍

പരാജയങ്ങളേറ്റുവാങ്ങാന്‍ ഇന്നത്തെ തലമുറ തയ്യാറല്ല. പരാജയങ്ങളും കഷ്ടപ്പാടുകളും അറിഞ്ഞാണ് വിജയത്തിലേക്കുള്ള വഴി എന്നത് സ്വന്തം മാതാപിതാക്കള്‍ വരെ വിസ്മരിക്കുന്നു. അണുകുടുംബങ്ങളില്‍ മക്കള്‍ ആഗ്രഹിച്ചതെന്തും നേടിക്കൊടുക്കുന്ന അച്ഛനമ്മമാര്‍ തന്നെയാണ് അവരുടെ ആത്മാഭിമാനത്തിന് (self esteem) തടയിടുന്നത്. വീട്ടിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാതെ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ ‘കൊലവറി സ്‌റ്റൈലില്‍’ അലഞ്ഞു നടപ്പാണ് ഇന്നത്തെ കൗമാരം.

മടിപിടിച്ച തലമുറ

പൊതുവെ മടിപിടിച്ച തലമുറയാണ് ഇന്നത്തേത്. അതുകൊണ്ടു തന്നെ ഇവരുടെ സ്വഭാവത്തിന്റെ 3 ഘടകങ്ങളെ പരിശോധിച്ചാല്‍…
I=Inertia
A=Activation
S=Stability
ഇങ്ങനെ 3 തരത്തിലുള്ളവര്‍ ഉണ്ടാകും. ഇതില്‍ Inertia അതായത് മടിപിടിച്ചിരിക്കുന്നുവരുണ്ടാകാം. രണ്ടാമത് Activation ഒരു നിമിഷം അടങ്ങിയിരിക്കില്ല. പൊട്ടിത്തെറിച്ചപോലെ. ഒറ്റനോട്ടത്തില്‍ സ്മാര്‍ട്ടാണെന്നു തോന്നും. എങ്കിലും വൈകാരിക പക്വത ഇല്ലാത്തതിനാല്‍ ഇത് പലപ്പോഴും ദൂഷ്യം ചെയ്യും.

മൂന്നാമത്തേത് Stability പക്വതയാര്‍ന്ന സ്വഭാവം. അതായത് ബാലന്‍സ്ഡ് വ്യക്തിത്വം. ഈ ഘടകങ്ങള്‍ അറിഞ്ഞിരുന്നാല്‍ നിങ്ങളുടെ കുട്ടികള്‍ ഇതില്‍ ഏതു വിഭാഗത്തില്‍ പെടുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

എളുപ്പവഴിയില്‍ ക്രിയ

എല്ലാം എങ്ങനെ എളുപ്പത്തില്‍ സാധിക്കാം എന്നാണ് ഇന്നത്തെ തലമുറ ചിന്തിക്കുന്നത്. സ്വയം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് അതിന്റെ വരും വരായ്കയോ കാര്യഗൗരവമോ തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. ഇങ്ങനെ കഷ്ടപ്പാടും ഉത്തരവാദിത്വങ്ങളും കൊടുക്കാതെ വളര്‍ത്തി ക്കൊണ്ടു വരുന്നത് അവരുടെ സെല്‍ഫ് എസ്റ്റീമിനെ ബാധിക്കുന്നു. കാര്യങ്ങളോടുള്ള സമീപനം, തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പക്വത, ചിന്താഗതി ഇതെല്ലാം അവരില്‍ സ്വയം ഉടലെടുക്കേണ്ട സംഗതികളാണ്. അതിന് വഴിയൊരുക്കേണ്ടത് അച്ഛനമ്മമാര്‍ തന്നെയാണ്. ഇവിടെയാണ് എംപതി (empathy) എന്ന വാക്കിന്റെ പ്രസക്തി; സ്‌നേഹം, ബഹുമാനം, സ്വയം ഉത്തരവാദിത്വബോധം (self responsibility) ഇതെല്ലാം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. ഇതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. നേരിട്ടല്ലെങ്കില്‍കൂടി അച്ഛനുംഅമ്മയും തമ്മിലുള്ള സംസാര രീതി, അവരുടെ കാഴ്ചപ്പാട്, സമൂഹത്തെക്കുറിച്ചുള്ള വീക്ഷണം ഇതെല്ലാം കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്. സമയനിഷ്ഠ പാലിക്കുന്ന ഒരു അച്ഛനും അമ്മയും ആണെങ്കില്‍ അവരുടെ കുട്ടികളിലും അതുണ്ടാകും. അല്ലാതെ ‘ഡാഡികൂള്‍’ സിനിമയിലെ പോലെ പണി യെടുക്കാത്ത അച്ഛന് അതുപോലെ തന്നെയുള്ള മകനേയേ വളര്‍ത്താനാകൂ. എല്ലാവരേയും കാതടച്ച് കുറ്റം പറയുന്ന അമ്മ. ആ അമ്മയുടെ മകളും അതുതന്നെ ആവര്‍ത്തിക്കും. അച്ഛനെ ബാറില്‍ നിന്നും സ്ഥിരമായി കൂട്ടിക്കൊണ്ടുവരുന്ന മകന്‍ നാളെ എങ്ങനെ ബാറില്‍നിന്നിറങ്ങാതിരിക്കും!

യൂ ആര്‍ റോങ്ങ്

ആക്റ്റിവേഷന്‍ നല്ലതാണെങ്കിലും ചിലപ്പോള്‍ ദൂഷ്യം ചെയ്യും. പൊട്ടിത്തെറിക്കുന്ന ഒരു മകനോട് അല്ലെങ്കില്‍ മകളോട് പൊട്ടിത്തെറിച്ചു കൊണ്ടുതന്നെ മറുപടി പറയുകയല്ല വേണ്ടത്. നീ ചെയ്തത് തെറ്റാണെന്ന് മുഖമടച്ച് പറയാതെ, സമാധാനപരമായ രീതിയില്‍ അവരെ പറഞ്ഞു മനസ്സിലാ ക്കാന്‍ ശ്രമിക്കുക. ”നീ അതൊന്നുകൂടി ചിന്തിച്ചു നോക്കൂ ശരിയാണോ എന്ന്?” അല്ലെങ്കില്‍ ”ഇതു തെറ്റല്ലേ മോനേ?” എന്നിങ്ങനെയുള്ള സംഭാഷണങ്ങളാവും നല്ലത്. അവരുടെ കഴിവുകളെ അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക. എന്റെ കുട്ടിയെ എനിക്ക് വിശ്വാസമാണ് എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കുക. അവരുടെ താല്‍പര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ആരുമില്ലാതെ വരുമ്പോഴാണ് പലപ്പോഴും തെറ്റുകളിലേക്ക് അവര്‍ വഴുതിപ്പോകുന്നത്. പ്രണയത്തിലേക്കുള്ള എടുത്തുചാട്ടം ഇതിനൊരു കാരണമാണ്. ചിരിച്ചുകാണിക്കുന്ന മുഖത്തെ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഫെയ്‌സ്ബുക്കിലോ ഓര്‍ക്കൂട്ടിലോ വരുന്ന പൈങ്കിളി വാക്കുകള്‍ അവരെ ആകര്‍ഷി ക്കുന്നു. ബസ്സിലെ ഡ്രൈവര്‍മാരോടോ ഓട്ടോ ഡ്രൈവര്‍മാരോടോ അപക്വമതികളായ സുഹൃ ത്തുക്കളോടോ ഇവര്‍ പലതും തുറന്നുപറയാന്‍ തയ്യാറാവുന്നു. അങ്ങനെ ഒരു റോഡ് സൈഡ് കൗണ്‍സലിങ്ങിലേക്ക് തെന്നിമാറുന്നു. ഇത് പിന്നീട് വന്‍ വിപത്തിലേക്ക് വഴിയൊ രുക്കുന്നു. അന്താരാഷ്ട്ര ഡ്രഗ് ബിസിനസ് സംഘത്തിന്റേയും സെക്‌സ് റാക്കറ്റുകളുടേയും ഒക്കെ പിടിയിലമരുകയും കുട്ടികളുടെ ജീവിതം അവസാനം ഒളിച്ചോട്ടം, ആത്മഹത്യ ഇവയില്‍ കലാശിക്കുകയും ചെയ്യുന്നത് വീട്ടില്‍ വേണ്ടസമയത്ത് കിട്ടാതെ പോയ ഒരു ശാസനയിലായിരിക്കും.

മാതാപിതാക്കളും നന്നാകണം

സ്‌നേഹം, ബഹുമാനം ഇതെല്ലാം അങ്ങോട്ടുമിങ്ങോട്ടും വേണ്ടതാണ്. കുട്ടികളാണെന്നു കരുതി അവരെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. കുട്ടികള്‍ വളരുന്നതിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ അവരെ ഏല്‍പ്പിക്കുക. അവരോട് അഭിപ്രായം ചോദിക്കേണ്ട കാര്യങ്ങളില്‍ ചോദിക്കുക. അതുപോലെ തന്നെ അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുക. എന്നുകരുതി ചോദിച്ചതെന്തും വാങ്ങിച്ചു കൊടുത്ത് പഠിപ്പിക്കാതിരിക്കുക. വ്യക്തിത്വ വികസന ക്ലാസ്സുകളിലും, മനോശാക്തീകരണശില്പശാലകളിലും പങ്കെടുപ്പിക്കുക. അച്ഛനും അമ്മയും ഏതു കാര്യത്തിനും കൂടെത്തന്നെയുണ്ട് എന്ന തോന്നല്‍ അവരില്‍ ഉളവാക്കുക. മതപരമായ കാര്യങ്ങളോടും യോഗ, മെഡിറ്റേഷന്‍, പ്രാര്‍ത്ഥന തുടങ്ങിയ മാനസികോര്‍ജ്ജം നല്‍കാനുതകുന്ന കാര്യങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുക. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള വഴികളായി തുറന്നുകാട്ടുക. ഇനിയൊരുപക്ഷേ സൈക്കോളജിസ്റ്റിനെ കാണേണ്ട അവസരം വന്നാല്‍ അത് മോശം കാര്യമാണെന്ന തോന്നല്‍ മാതാപിതാക്കളുടെ മനസ്സില്‍ത്തന്നെ ആദ്യം തിരുത്തുക. ഒരു വണ്ടി സര്‍വീസ് ചെയ്തില്ലെങ്കില്‍ അത് ബ്രേക്ക് ഡൗണ്‍ ആയി അവസാനം വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ടിവരും. അതുപോലെ തന്നെ തുടക്കത്തിലേ തന്നെ മാറ്റങ്ങള്‍ വിലയിരുത്തി വേണ്ട കൗണ്‍സിലിങ്ങ് കൊടുത്തില്ലെങ്കില്‍ നമ്മുടെ കൗമാരവണ്ടികളും വഴിയില്‍ ബ്രേക്ക് ഡൗണായേക്കാം. സ്വയംബോധം അവരില്‍ ഉണ്ടാക്കുക, ലക്ഷ്യബോധം ചെറുപ്പംമുതലേ അവരില്‍ വളര്‍ത്തിയെടുക്കുക. തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നുണ്ടോ? അതോ അസൂയ ഉള്ളവരാണോ? വീട്ടില്‍ വന്നിരുന്ന് ടീച്ചര്‍മാരേയും കൂട്ടുകാരേയും സദാ കുറ്റം പറയുന്നുണ്ടോ? ഇതൊക്കെ ശ്രദ്ധിക്കുക. ഒരു ആരോഗ്യകരമായ ബന്ധം സമൂഹത്തോടും ബന്ധുമിത്രാദികളോടും വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുക. വ്യക്തി എന്ന നിലയില്‍ സ്വന്തം കണ്ണിലൂടെ ഓരോന്നും വീക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കുക. മക്കളുടെ വ്യക്തിത്വ വികാസത്തില്‍ മാതാപിതാക്കളുടെ വ്യക്തിത്വം നിര്‍ണായക ഘടകമാണെന്നതിനാല്‍ ആവശ്യമെങ്കില്‍ ആത്മപരിശോധനയ്ക്കും സ്വയം തിരുത്തലിനും കൂടി തയ്യാറാകണം.

Published on മാര്‍ച്ച് – ഏപ്രില്‍ 2012 സില്‍വര്‍ലൈന്‍ 55

by

ഡോ. വിപിന്‍ വി. റോള്‍ഡന്റ്
ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജി, സണ്‍റൈസ് ഹോസ്പിറ്റല്‍, കാക്കനാട്‌