ജീവിതം ഒരു അന്വേഷണം

കൗമാരത്തില്‍ മനസിലുദിച്ച ഒരു ചോദ്യം ദശാബ്ദങ്ങളായി അതിനുത്തരം അന്വേഷിക്കുന്നു, കിട്ടിയില്ല. അന്വേ ഷണം ഇന്നും തുടരുന്നു. മരണമോ ഉത്തരമോ ആദ്യമെന്ന് നിശ്ചയമില്ല. ഇത്തരമൊരു അന്വേഷണപഥത്തിലത്രേ ജോണ്‍ മാത്യു.

ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ പലര്‍ക്കും പലവിധത്തില്‍ ആണ്. എന്നും സന്തോഷവാനായി ഇരിക്കുക; അതിനു കഴിയുന്നത് ഒരു ഭാഗ്യമാണ്. 75 -ാമത്തെ വയസ്സിലും ഊര്‍ജ്ജസ്വലനായി തന്റേതായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയാണ് ജോണ്‍ മാത്യു.

““പ്രായം ഒന്നിനും ഒരു തടസ്സമല്ല, സമയം ഒരിക്കലും എനിക്ക് തികയാതെ വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ വെറുതെ ശിഷ്ടകാലം തീര്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ല. മരിക്കുന്നതുവരെ പണിയെടുക്കുക.” അദ്ദേഹ്തിന്റെ സ്ഥാപനമായ കൊച്ചിയിലെ ഹോട്ടല്‍ മെര്‍മെയ്ഡിലിരുന്ന് അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ ജോണ്‍ മാത്യു എന്ന പ്രവാസി മലയാളിയുടെ ജീവിതവിജയത്തിന്റെ പൊരുളറിയുകയായിരുന്നു.

“”ചിന്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഞാന്‍ ആരെന്ന അന്വേഷണവും തുടങ്ങിയതാണ്. അന്വേഷണങ്ങള്‍ ഓരോ കാലഘട്ടത്തിലും അറിവിന്റെ പുതിയ പാതകള്‍ തുറന്നു. ഇന്നലെവരെ ശരിയെന്നു കരുതിയിരുന്ന ശാസ്ത്രതത്ത്വങ്ങള്‍വരെ ഇന്നു മാറ്റി എഴുതപ്പെടുന്നു. ഇന്നത്തെ ശരികള്‍ നാളെ ചോദ്യം ചെയ്യപ്പെടും. ഇത് ശാസ്ത്രത്തിന്റെ കാവ്യനീതിയാണ്. ഓരോ ദിവസവും മനുഷ്യര്‍ ഓരോ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ കണ്ടെത്തലുകളിലേക്ക് ചെന്നെത്തുകയാണ്.” അദ്ദേഹം പറയുന്നു.

ബിസിനസ്മാന്‍ എന്നതിലുപരി ഒരു എഴുത്തുകാരന്‍കൂടിയായ ജോണ്‍ മാത്യു അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങിയ അന്നു മുതല്‍ ഇന്നു വരെ ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്നു. പരിണാമം ഇന്നലെ ഇന്ന് നാളെ, മിശിഹാ മുതല്‍ അവിസെന്ന വരെ, എന്നീ പുസ്തകങ്ങളെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ ആയിട്ടാണ് ഇദ്ദേഹം കരുതുന്നത്. 15 വര്‍ഷം സമയമെടുത്തു ഒരു പുസ്തകം എഴുതിത്തുടങ്ങാന്‍ തന്നെ. കാഴ്ചപ്പാടുകളേയും അനുഭവങ്ങളേയും അക്ഷരങ്ങള്‍കൊണ്ട് കോര്‍ത്തിണക്കിയപ്പോള്‍ പ്രശസ്തിയും പദവിയും ആഗ്രഹിക്കാത്ത ബാലഗോപാലന്‍ എന്ന എഴുത്തുകാരന്‍ ജനിച്ചു. ഭാവനയും വസ്തുതയും കൂട്ടിയിണക്കി തുടങ്ങിയ എഴുത്തില്‍ ലോകത്തിലെ സമ്പദ് വ്യവസ്ഥ, അധംപതനം, മൂല്യശോഷണം, നെഹ്‌റുവിയന്‍ സോഷ്യലിസം ഇതെല്ലാം പിന്നാലെ കടന്നുവന്നതാണ്. ഇന്ന് ശാസ്ത്രലോകം ശരിയെന്നു കരുതുന്ന സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ചരിത്രം നോക്കിക്കാണാനും, നാം എവിടെതുടങ്ങി, എങ്ങോട്ടുപോകുന്നു എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ശ്രമിക്കുകയാണ് തന്റെ എഴുത്തിലൂടെ അദ്ദേഹം.

എഴുതിക്കഴിയുന്നതോടെ സ്വന്തം നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാവുന്ന പുസ്തകത്തില്‍ തന്റെ പേരിന് പ്രസക്തിയില്ല എന്നു കരുതി മാറിനില്‍ക്കാനാണ് ഗ്രന്ഥകര്‍ത്താവ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു തൂലികാനാമം സ്വീകരിച്ചത്. എഴുതിക്കഴിഞ്ഞാല്‍ പിന്നെ ജനങ്ങളത്രേ അക്ഷരങ്ങള്‍ക്ക് അവകാശികള്‍.

““എല്ലാവര്‍ക്കും ഒരേപോലെ ബുദ്ധിശക്തിയുണ്ട്. പക്ഷേ അത് വേണ്ടവിധം പലരും വിനിയോഗിക്കുന്നില്ല. കഠിനാദ്ധ്വാനമാണ് എന്തിന്റെയും അടിസ്ഥാനം. നമ്മള്‍ എല്ലാവരും സംരംഭകരാണ്. ഞാന്‍ എന്റെ തൊഴില്‍ ചെയ്യുന്നു. അതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ എനിക്ക് ടെന്‍ഷന്‍ ഇല്ല.” ഈ എഴുത്തുകാരന്‍ പറയുന്നു.

ുടുംബത്തോടൊപ്പം കുവൈറ്റില്‍ താമസമാക്കിയ അദ്ദേഹം, അവിടെയൊരു മികച്ച സ്ഥാപനത്തിന്റെ കെമിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ഉന്നത പദവി അലങ്കരിക്കുന്നു. കൊച്ചിയില്‍ ഹോട്ടല്‍ ബിസിനസ്, കൊച്ചിയിലും, മൂന്നാറിലും റിസോര്‍ട്ടുകള്‍. ചിട്ടയായ ജീവിതശൈലി ഇന്നും പിന്തുടരുന്നു. ”രാവിലെ ആറരയ്ക്ക് എഴുന്നേല്‍ക്കും. രാത്രി പതിനൊന്ന് മണിയ്ക്ക് ഉറങ്ങും. ഇടയ്ക്കുള്ള സമയം സോര്‍ട്ട് ചെയ്തു വച്ച് ഓരോന്നു ചെയ്യും. ജോലിത്തിരക്കുകള്‍ ഒരിക്കലും ജീവിതത്തില്‍ മടുപ്പ് ഉളവാക്കിയിട്ടിയില്ല” എന്ന് ജോണ്‍ മാത്യു പറയുന്നു.

ുടുംബത്തോടൊപ്പം കുവൈറ്റില്‍ താമസമാക്കിയ അദ്ദേഹം, അവിടെയൊരു മികച്ച സ്ഥാപനത്തിന്റെ കെമിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ഉന്നത പദവി അലങ്കരിക്കുന്നു. കൊച്ചിയില്‍ ഹോട്ടല്‍ ബിസിനസ്, കൊച്ചിയിലും, മൂന്നാറിലും റിസോര്‍ട്ടുകള്‍. ചിട്ടയായ ജീവിതശൈലി ഇന്നും പിന്തുടരുന്നു. ”രാവിലെ ആറരയ്ക്ക് എഴുന്നേല്‍ക്കും. രാത്രി പതിനൊന്ന് മണിയ്ക്ക് ഉറങ്ങും. ഇടയ്ക്കുള്ള സമയം സോര്‍ട്ട് ചെയ്തു വച്ച് ഓരോന്നു ചെയ്യും. ജോലിത്തിരക്കുകള്‍ ഒരിക്കലും ജീവിതത്തില്‍ മടുപ്പ് ഉളവാക്കിയിട്ടിയില്ല” എന്ന് ജോണ്‍ മാത്യു പറയുന്നു. കഷ്ടപ്പാടുകള്‍ അറിഞ്ഞുവളര്‍ന്ന ബാല്യവും, യൗവ്വനവും പിന്നിട്ടാണ് ജോണ്‍ മാത്യു ഇന്ന് സമ്പന്നതയുടെയും സ്വച്ഛതയുടെയും മടിത്തട്ടില്‍ വിശ്രമിക്കുന്നത്. ഐരൂരാണ് ജനിച്ചത്. വളര്‍ന്നത് അടൂരിലാണ്. 9 മക്കളില്‍ ഏറ്റവും ഇളയകുട്ടി. അച്ഛന്‍ അദ്ധ്യാപകന്‍ ആയിരുന്നു. പത്തുരൂപയായിരുന്നു ശമ്പളം. അത് കുടുംബം പോറ്റാന്‍ തികയാതെ വന്നപ്പോള്‍ അച്ഛന്‍ ജോലി രാജി വെച്ച് കൃഷിപ്പണി തുടങ്ങുകയായിരുന്നു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു സ്‌കൂള്‍തല വിദ്യാഭ്യാസം.

ഭാര്യ രമണി ഒരു പാചകവിദഗ്ധയും ചിത്രകാരിയുംകൂടിയാണ്. മൂന്നു പെണ്‍മക്കളാണ് അവര്‍ക്കുള്ളത്. എല്ലാവരും കുടുംബമായി വിദേശരാജ്യങ്ങളില്‍ താമസിക്കുന്നു. എല്ലാവിധ സ്വാതന്ത്ര്യവും മക്കള്‍ക്ക് നല്‍കിയാണ് വളര്‍ത്തിയത്. അവരുടെ ശരികള്‍ അംഗീകരിച്ചുകൊണ്ട് ഇഷ്ടപ്പെട്ട ജീവിതം നയിക്കാനുള്ള അവകാശവും അവര്‍ക്ക് നല്‍കി.

തന്റെ പ്രായത്തിലുള്ള ഓരോ വ്യക്തിക്കും, ജീവിതവിജയം കണ്ടെത്തിക്കഴിഞ്ഞ ഓരോരുത്തര്‍ക്കും ഓര്‍ക്കാന്‍ നിരവധി നിറവും നോവുമുള്ള ഓര്‍മ്മകള്‍ കാണുമെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞതെന്തിനെയും പോസിറ്റീവായി കണ്ടതും താന്‍ തന്നെ സ്വയം മാറ്റങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണെന്നു മനസിലാക്കി ജീവിക്കുന്നതുമാണ് തന്റെ ജീവിതവിജയത്തിനു കാരണമായി ജോണ്‍ മാത്യു കണ്ടെത്തുന്നത്.

Published on സില്‍വര്‍ലൈന്‍ സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012

രശ്മി പി.എസ്.