മക്കളുടെ ദാമ്പത്യം തകര്‍ക്കുന്നത് മാതാപിതാക്കളോ

നീര്‍ക്കുമിളകള്‍ പോലെ നമുക്കുചുറ്റും പൊട്ടിത്തകരുന്ന നവദാമ്പത്യബന്ധങ്ങളെ വിലയിരുത്തിക്കൊണ്ട് ”ഈ പുതുതലമുറയ്ക്ക് ഇതെന്തുപറ്റി? ഇവരുടെ പോക്ക് ശരിയായ ദിശയിലല്ല; പണ്ടൊക്കെ ഇങ്ങനെയാണോ? ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് വിട്ടുവീഴ്ചാമനോഭാവം തീരെയില്ല” എന്നിങ്ങനെ യുവതലമുറയെ പഴിക്കാനും വിധിയെഴുതാനും മാതാപിതാക്കളുടെ തലമുറ രണ്ടാമതൊന്ന് ആലോചിക്കാറില്ല. എന്നാല്‍ ഇപ്പോഴത്തെ ചെറുപ്പക്കാരെ കുറ്റംപറയുന്ന മാതാപിതാക്കളുടെ ഈ തലമുറ അവരുടെ ചെറുപ്പകാലത്ത് അവരുടെ മാതാപിതാക്കളില്‍ നിന്ന് ഇത്തരം പഴികള്‍ കേട്ടുകഴിഞ്ഞവരായിരിക്കാം! കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണു കുടുംബ ങ്ങളിലേക്ക് പരിണമിച്ച കുടുംബവ്യവസ്ഥിതിയിലെ കണ്ണികളാണ് പല ന്യൂജനറേഷന്‍ മാതാ പിതാക്കളും. മക്കളുടെ ദാമ്പത്യം പുഷ്പിക്കുന്നതിലും, തകരുന്നതിലും ഇവരെന്തു പങ്കു വഹിക്കുന്നു അഥവാ ഇവര്‍ക്കെന്തു ചെയ്യാനാകുന്നു എന്നതാണ് ചിന്താവിഷയം.

മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ മക്കള്‍. ആണായാലും പെണ്ണായാലും സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ചും മക്കള്‍ക്കുവേണ്ടി ജീവിച്ച് അവരെ ലാളിച്ചും, ഓമനിച്ചും, ചിറകിനടിയിലൊതുക്കിയും, വേണ്ടുന്നതെല്ലാം കൊക്കിലെത്തിച്ചും, വളര്‍ത്തി വലുതാക്കി വിദ്യാഭ്യാസവും, പണവും, ജോലിയും, സ്ത്രീധനവും ഒപ്പിച്ചുകൊടുക്കുന്നു ഭൂരിഭാഗം മാതാപിതാക്കളും. ചുരുക്കം ചില മാതാപിതാക്കളാകട്ടെ, മക്കള്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കി അവരെ അതിരുകളില്ലാത്ത സ്വന്തം ലോകത്തിന്റെ അവകാശികളാക്കിയും വളര്‍ത്താറുണ്ട്. ഇവര്‍ മക്കളുടെമേല്‍ യാതൊരു പ്രതീക്ഷയോ, അധികാരമോ വച്ചു പുലര്‍ത്തുന്നുമില്ല.

മാതാപിതാക്കളുടെ വളര്‍ത്തുഗുണമനുസരിച്ച് മക്കള്‍ സ്വന്തം കാര്യം നോക്കാനോ, സ്വയം തീരുമാനിക്കാനോ പ്രാപ്തിയില്ലാത്തവരായെന്ന് വരാം. അതല്ലെങ്കില്‍ സ്വന്തം കാര്യം, അഥവാ സ്വന്തം തീരുമാനം മാത്രം പരിഗണിക്കുന്നവരാകാം. രണ്ടിനുമിടയില്‍ വരുന്ന സ്വന്തമായി വ്യക്തിത്വമുള്ള സഹകരണമനോഭാവമുള്ള സാമൂഹ്യജീവിയായി കുട്ടി വളരണമെങ്കില്‍ മാതാപിതാക്കളുടെ സവിശേഷ ശ്രദ്ധ അത്യാവശ്യം. സ്വന്തമായി ഒരു കുടുംബം നടത്താന്‍ പ്രാപ്തരായ രീതിയില്‍ മക്കളെ വളര്‍ത്തിയെടുക്കുക എന്നതില്‍ പരാജയപ്പെടുന്ന മാതാപിതാക്കള്‍ പിന്നീട് അവരുടെ തകരുന്ന ദാമ്പത്യബന്ധങ്ങളെക്കുറിച്ചോര്‍ത്ത് പരിതപിച്ചിട്ടു കാര്യമില്ല. മക്കള്‍ വിവാഹിതരായിക്കഴിഞ്ഞാലും അവരെ സ്വതന്ത്രവ്യക്തികളായി പരിഗണിക്കാതെ അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതു മൂലം മാതാപിതാക്കള്‍ തന്നെ മക്കളുടെ ദാമ്പത്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന ഒട്ടനവധി സംഭവങ്ങള്‍ കുടുംബ കോടതി കളിലെ അഭിഭാഷകര്‍ക്ക് പറയാനുണ്ട്. വിവാഹിതരായ മക്കളുടെ കുടുംബകാര്യങ്ങളില്‍ എപ്പോള്‍ ഇടപെടണം, എപ്പോള്‍ ഇടപെടാന്‍ പാടില്ല എന്ന് മാതാപിതാക്കള്‍ക്ക് ധാരണയുണ്ടെങ്കില്‍ പല വിവാഹമോചനങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ ഇതിനൊരു മറുപുറമായി കുടത്തിലെ ഭൂതം എന്നും അവിടെത്തന്നെയുണ്ട്; വിവാഹ മോചന കേസുകള്‍ ഇന്നിപ്പോള്‍ കൂടുതലായി വെളിച്ചത്തു വരുന്നുവെന്നേയുള്ളൂവെന്നും, സ്ത്രീ സ്വാതന്ത്ര്യമാണ് അതിനു കാരണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മാതാപിതാക്കളല്ല കൂടുതല്‍ സ്വതന്ത്രചിന്താഗതിക്കാരായ മക്കള്‍ തന്നെയാണ് ഈ മോചനങ്ങള്‍ക്ക് കാരണക്കാര്‍ എന്നും അഭിപ്രായമുണ്ട്. എന്തായാലും ഈയൊരു വിഷയത്തെക്കുറിച്ച് സമൂഹത്തിലെ വിവിധ തുറകളിലുള്ളവരില്‍നിന്ന് വളരെ വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് സില്‍വര്‍ലൈന് ലഭിച്ചത്.

മാതാപിതാക്കളുടെ ഇടപെടല്‍ മൂലം മക്കളുടെ ദാമ്പത്യബന്ധങ്ങള്‍ തകരുന്നുണ്ടോ എന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കണമെങ്കില്‍ ദാമ്പത്യജീവിതവും അതിന്റെ അടിസ്ഥാനമായ വിവാഹവും കുടുംബവും കൂടി പരിശോധിക്കേണ്ടതുണ്ട്. എന്താണ് വിവാഹം? എന്തിനാണ് വിവാഹം? ഈ വിവാഹത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്താണ്? രണ്ടുപേരെ ദാമ്പത്യത്തിലേക്ക് എത്തിക്കുന്നതിന്റെ പങ്ക് പറയാതെ ദാമ്പത്യം തകരുന്നതില്‍ മാതാപിതാക്കളുടെ പങ്ക് പറയാനാവില്ല.

പ്രണയവും ലൈംഗികതയും ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും പോലെ ഒരു പ്രകൃതിദത്ത പ്രക്രിയയല്ല വിവാഹവും, ഇന്ന് നമ്മള്‍ പറയുന്ന ദാമ്പത്യജീവിതവും. അത് മനുഷ്യന്‍ രൂപപ്പെടുത്തിയതാണ്. സ്വകാര്യസ്വത്തിന്റെ സംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും ഇത് ഉറപ്പാക്കുന്നു. അതിനോടൊപ്പം ജാതി, മത വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ന്യായാന്യായങ്ങള്‍, നന്മ-തിന്മകള്‍, കടമ, ഉത്തരവാദിത്വം, സംഭാഷണം, ഭാഷ, ആഹാരം, ശീലങ്ങള്‍ തുടങ്ങിയവയുടെ മൂല്യ ബോധവും പുന:രുല്പാദിപ്പിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. എന്നാല്‍ ദാമ്പത്യബന്ധം തുടങ്ങുന്നവര്‍ സ്വാഭാവിക ജൈവപ്രക്രിയയെ അടിസ്ഥാനമാക്കിയോ, അല്ലെങ്കില്‍ വിശ്വാസങ്ങള്‍ പരസ്പരം മനസ്സിലാക്കിയോ അല്ല ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത്.

ഒരു നിശ്ചിത പ്രായത്തിനുള്ളില്‍ മാതാപിതാക്കള്‍ ചെയ്യേണ്ട കടമയായിട്ടാണ് വിവാഹത്തെ ഇന്നും നമ്മുടെ സമൂഹം കണക്കാക്കുന്നത്. ദാമ്പത്യബന്ധത്തിലേര്‍പ്പെടുന്നവരുടെ മുന്‍പറഞ്ഞ ജൈവ – സാമൂഹ്യ പ്രത്യേകതകള്‍ മനസ്സിലാക്കാതെ ബാഹ്യസാഹചര്യങ്ങള്‍ ജാതി, മതം, പണം, ജാതകം എന്നിവ പരിശോധിച്ച് മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന ദാമ്പത്യം. അങ്ങനെയുള്ള ഒരു ദാമ്പത്യം നിലനില്‍ക്കുന്നതിലും, തകരുന്നതിലും അവര്‍ക്ക് പങ്കുണ്ട്. പ്രായപൂര്‍ത്തിയായവര്‍ തന്റെ ജീവിതപങ്കാളിയെ കണ്ടുപിടിച്ചാല്‍ മാതാപിതാക്കളോടുള്ള സ്‌നേഹക്കുറവും ധിക്കാരവും മാനം കെടുത്തലും, ചീത്തപ്പേര് കേള്‍പ്പിക്കലും, മുഖത്ത് കരിവാരിത്തേക്കലും, ഓടിപ്പോക്കും, ഒളിച്ചോട്ടവുമായി മാറുന്നു. സ്വന്തം ജീവിതം തീരുമാനിക്കുവാനുള്ള കഴിവായി കാണുന്നില്ല. ഒരു ഭ്രമത്തിന്റെ പേരില്‍ യാഥാര്‍ത്ഥ്യബോധമില്ലാതെ പ്രണയവിവാഹം എന്ന പേരില്‍ തുടങ്ങുന്ന ബന്ധങ്ങളിലെ പരാജയങ്ങളെ ചൂണ്ടിക്കാണിച്ച് ഈ ചിന്താഗതിയെ ന്യായീകരിക്കുന്നു.

വിക്‌ടോറിയന്‍ കാലഘട്ടത്തിലെ വിശ്വാസങ്ങളും 21-ാം നൂറ്റാണ്ടിലെ ജീവിതസാഹചര്യങ്ങളുമായി ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകുന്നത് അസാധ്യമാണ്. സാമൂഹ്യസൃഷ്ടിയാണെങ്കില്‍ സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച് മാറണം. അല്ലാത്തത് തകരുന്നത് സ്വാഭാവികമാണല്ലോ. പുതിയ തലമുറയുടെ ഉത്തരവാദിത്വമില്ലായ്മ, ആര്‍ഭാടഭ്രമം, പണത്തിനോടുള്ള ആര്‍ത്തി, സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, രോഗം, ജീവിതത്തിന് ലക്ഷ്യമില്ലായ്മ, മടുപ്പ്, ലൈംഗിക മരവിപ്പ്, ആവര്‍ത്തനവിരസത, ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങള്‍ ഇതൊക്കെ മനുഷ്യബന്ധങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിന് മാതാപിതാക്കള്‍, മദ്യപാനം, സ്ത്രീവിദ്യാഭ്യാസം, നിയമങ്ങള്‍, പ്രണയം ഇങ്ങനെ പലതും നിമിത്തമാകുന്നുവെന്നു മാത്രം.

പല മാതാപിതാക്കളും അവരുടെ സ്റ്റാറ്റസിന്റെയും പ്രസ്റ്റീജിന്റെയും അടയാളമായിട്ടാണ് മക്കളെ കണക്കാക്കുന്നത്. അവരുടെ ഈ വിശ്വാസത്തിന് ഇളക്കം തട്ടുന്ന എന്തെങ്കിലും ഉണ്ടായാല്‍ അവര്‍ മക്കളുടെ ബന്ധത്തില്‍ കയറി ഇടപെടും. മാതാപിതാക്കളുടെ ദാരിദ്ര്യം, മദ്യപാനം, രോഗം തുടങ്ങിയവയും മക്കളുടെ ദാമ്പത്യബന്ധത്തില്‍ അനാവശ്യമായി ഇടപെടുന്നതിനും തകര്‍ക്കുന്നതിനും കാരണമാകാറുണ്ട്. മക്കളുടെ ഭാവിയെ കുറിച്ചുള്ള അമിത ഉത്കണ്ഠ അവരുടെ ജീവിതം പെരുവഴിയിലാക്കാറുണ്ട്. ജനാധിപത്യബോധമില്ലാത്ത ചില മത/സമുദായ ആളുകളെ ഭയപ്പെട്ടും, മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയും മാതാപിതാക്കള്‍ മക്കളുടെ ദാമ്പത്യത്തില്‍ അനാവശ്യമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വളരെ കഷ്ടപ്പെട്ടും ത്യാഗം സഹിച്ചും മക്കളെ വളര്‍ത്തിക്കൊണ്ടുവന്ന മാതാപിതാക്കള്‍ മക്കളുടെ പണം, അവരോടൊത്ത് ചെലവഴിക്കുന്ന സമയം, അവരുടെ അംഗീകാരം, അവരുടെ മുന്‍ഗണനകള്‍ ഇതൊക്കെ നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

തെറ്റിദ്ധാരണകളും, സാമ്പത്തികപ്രശ്‌നങ്ങളും, പ്രത്യേക സാഹചര്യങ്ങളില്‍ സഹായമില്ലാത്തതുകൊണ്ടും മറ്റും തകരുന്ന ബന്ധങ്ങള്‍ അവരുടെ മാതാപിതാക്കളുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് ഒഴിവാക്കാനും കഴിഞ്ഞേക്കാം.

അനുഭവിക്കേണ്ടത് തങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച് പരസ്പരസ്‌നേഹത്തോടും വിശ്വാസത്തോടും ആശ്രിതത്വത്തോടും ജീവിക്കേണ്ടത് ദമ്പതികളാണ്. അതിന്റെ ഉത്തരവാദിത്വവും ബുദ്ധിമുട്ടുകളും ആനന്ദവും അവര്‍ തന്നെ ഏറ്റെടുക്കുന്നതിന് പകരം മറ്റുള്ളവരെ കുറ്റം ചുമത്തിയിട്ട് കാര്യമില്ല.

ദാമ്പത്യബന്ധത്തില്‍ രണ്ടുപേര്‍ക്കും തുല്യപങ്കാളിത്തമാണെങ്കിലും അധികാരവും സമ്പത്തും ബാധ്യതകളും പുരുഷന്‍ കൂടുതല്‍ കയ്യാളുന്നതിനാല്‍ കുടുംബത്തിനകത്ത് പുരുഷന്മാര്‍ ശരിയായ തീരുമാനമെടുത്താല്‍ പ്രശ്‌നങ്ങള്‍ കുറയും. പലപ്പോഴും സ്ത്രീകള്‍ അഡ്ജസ്റ്റ് ചെയ്യുന്നതുകൊണ്ട്, മാത്രം പ്രയോജനം കാണുന്നില്ല.

ഇന്നത്തെ ദാമ്പത്യബന്ധങ്ങളില്‍ സൗഹാര്‍ദ്ദപരമായ സമീപനം കുറവാണ്. കരിയറിന് അമിതപ്രാധാന്യം നല്‍കുന്ന ദമ്പതികള്‍ ഒന്നിച്ച് പങ്കിടുന്ന നിമിഷങ്ങളും സ്വകാര്യസംഭാഷണങ്ങളും കുറവാണ്.

എന്തും സഹിച്ചും കുടുംബജീവിതം നിലനിര്‍ത്തണമെന്ന പഴയ ചിന്താഗതിയില്‍ നിന്ന് ആധുനിക സ്ത്രീകള്‍ ഏറെ മുന്നോട്ടു പോയികഴിഞ്ഞു. ഉന്നതവിദ്യാഭ്യാസവും മാധ്യമങ്ങളുടെ സ്വാധീനവും എല്ലാം കൂടിച്ചേര്‍ന്ന് എന്തും സഹിക്കേണ്ടവളാണ് സ്ത്രീ എന്ന ചിന്താഗതിക്ക് മാറ്റമുണ്ടാക്കിയിരിക്കുന്നു. ഭര്‍ത്താവിനേക്കാള്‍ ഇരട്ടി ശമ്പളം വാങ്ങുന്ന ഭാര്യമാര്‍ ഇന്നുണ്ട്. അത്രതന്നെ പ്രാധാന്യവും അവര്‍ക്ക് കുടുംബത്തിലുണ്ടാകും.

മാതാപിതാക്കളുടെ അമിതമായ ഇടപെടലുകള്‍ അഭിപ്രായസ്വാതന്ത്ര്യമുള്ള മക്കള്‍ അംഗീകരിക്കണമെന്നില്ല. മക്കളുടെ കാര്യത്തില്‍ വളരെ സ്വാര്‍ത്ഥപരമായി പെരുമാറുന്ന മാതാപിതാക്കളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഞാന്‍ മകനെ വളര്‍ത്തുന്നതിനും പഠിപ്പിക്കുന്നതിനുമായി ചിലവഴിച്ച തുക തിരിച്ചു കിട്ടണമെന്ന് വാശിപിടിക്കുന്നവരുണ്ട്. മകന്റെ എല്ലാ കാര്യങ്ങളും വിവാഹശേഷവും അമ്മ തന്നെ നിര്‍വഹിക്കുകയും ഭാര്യ ഒരു വേലക്കാരിയായി മാറുകയും ചെയ്തിട്ടുള്ള കേസുകള്‍ അറിയാം. കുടുംബജീവിതത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എനിക്ക് എന്റെ അമ്മയെ ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് ചിന്തിക്കുന്ന മകന്റെ പിന്നീടുള്ള ഏറ്റവും നല്ല ചോയ്‌സ് ഭാര്യയെ ഉപേക്ഷിക്കുന്നതായിരിക്കും. ഇന്നത്തെ കാലത്ത് നമ്മുടെ വീടുകളില്‍ പെണ്‍കുട്ടിക്ക് നല്ല വീട്ടമ്മയാകാനുള്ള പരിശീലനം നാം കൊടുക്കാറില്ല. ഓരോ പ്രൊഫഷനിലേയ്ക്കാണ് നാം അവരെ വഴിതിരിച്ചു വിടുന്നത്. എന്നാലോ വിവാഹത്തിനൊടുവില്‍ അവരും കുടുംബം നടത്താന്‍ നിര്‍ബന്ധിതരാകുന്നു.

മക്കള്‍ വിവാഹിതരായാല്‍ അവരുമായി ആരോഗ്യപരമായ ഒരു അകലം കാത്തു സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഒരേ സമയം അടുപ്പവും അകലവും കാത്തു സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞാല്‍ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. ഞങ്ങള്‍ക്കു യോജിച്ചു പോകാന്‍ കഴിയുന്നില്ലെന്നാണ് വിവാഹമോചനമാവശ്യപ്പെടുന്ന എല്ലാ ദമ്പതികളും പറയാറുള്ളത്. മാതാപിതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ ഈ തീരുമാനത്തിനു പിറകിലുണ്ടാകും. മക്കള്‍ തങ്ങളെ ഉപേക്ഷിച്ചുപോകാതിരിക്കാനായി അവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. വാടകയ്ക്ക് വീടെടുത്ത് മാറി താമസിച്ചാല്‍ ഭാഗമായി പത്തുപൈസ തരില്ലെന്ന് പറഞ്ഞ കേസുകള്‍ അറിയാം.

വിവാഹത്തിന് മുമ്പ് വധൂവരന്മാരെ പോലെ മാതാപിതാക്കള്‍ക്കും ബോധവത്കരണക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും. എന്റെ ഭര്‍ത്താവിനെ ഇത്രകാലവും ഒട്ടനവധി ത്യാഗങ്ങള്‍ സഹിച്ച് ഈ വീട്ടുകാര്‍ വളര്‍ത്തിയതും പരിപാലിച്ചതുമാണെന്ന് ഭാര്യയും തങ്ങളുടെ കാലശേഷമാണെങ്കിലും മകന് നല്ലൊരു ജീവിതത്തിനുള്ള സാഹചര്യം ഒരുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് മാതാപിതാക്കളും വിചാരിച്ചാല്‍ മാത്രം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. വ്യക്തിത്വത്തിലെ പോരായ്മകള്‍ പലപ്പോഴും വിവാഹമോചനത്തിലേയ്ക്ക് നയിക്കുന്ന കാരണമാകാറുണ്ട്. പാസീവ് ഡിപെന്‍ഡന്‍സി പേഴ്‌സണാലിറ്റിയുള്ള മകന്‍ മാതാപിതാക്കള്‍ പറയുന്നതേ കേള്‍ക്കൂ. തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത ഇത്തരം വ്യക്തിത്വമുള്ള പുരുഷന്‍ വിവാഹിതനാകുമ്പോള്‍ സ്വാഭാവികമായും അമ്മയ്ക്ക് സ്വാധീനം കൂടുതല്‍ ഉണ്ടാകും. വിവാഹിതരായ മക്കളുടെ ലൈംഗികതപോലും വിലക്കുന്ന മാതാപിതാക്കള്‍ ഉണ്ട് എന്നത് അതിശയോക്തിയല്ല.

മക്കളുടെ ദാമ്പത്യജീവിതത്തിന് ആവശ്യം വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും തീര്‍ച്ചയായും മാതാപിതാക്കള്‍ ചെയ്തു കൊടുക്കണം. പക്ഷേ, നേരിട്ടുള്ള ഇടപെടലുകള്‍ മിനിമം ആയിരിക്കണം; ആരോഗ്യകരമായിരിക്കണം.

ഇന്നത്തെ പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്മാരെ ‘എടാ’ എന്നാണ് വിളിക്കുന്നത്. സംബോധനയില്‍ വരെ സ്ത്രീ-പുരുഷസമത്വമാണ്. സാമ്പത്തികമായി സ്ത്രീ സ്വതന്ത്രമായതോടെ ഭര്‍ത്താവിന് അമിതമായി കീഴ്‌വഴങ്ങി ജീവിക്കാന്‍ സ്ത്രീ തയ്യാറാകാതെ വന്നു.

കൂട്ടുകുടുംബങ്ങള്‍ ഇല്ലാതെ പോയതാണ് നമ്മുടെ നാട്ടില്‍ വിവാഹമോചനങ്ങള്‍ പെരുകാനുള്ള പ്രധാന കാരണം. കൂട്ടുകുടുംബങ്ങളിലെ പങ്കുവയ്ക്കലുകള്‍ പല പ്രശ്‌നങ്ങളെയും ഒരു പരിധിവരെ തണുപ്പിക്കുമായിരുന്നു.

കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതില്‍ ന്യൂജനറേഷന്‍ മാതാപിതാക്കള്‍ക്ക് നല്ലൊരു പങ്കുണ്ട്. ‘ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും’ എന്നു പറഞ്ഞുകൊടുക്കാന്‍ പല മാതാപിതാക്കളും ശ്രമിക്കാറില്ല. കാരണം അവര്‍ തന്നെ അധികം ജീവിത പരിചയ മില്ലാത്ത വരായിരിക്കും. മക്കളെ അമിതമായി താലോലിക്കുകയും തങ്ങളുടെ ഇഷ്ടങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. മനസ്സിന് ഇഷ്ടപ്പെടാത്ത ഒരാളെ വിവാഹം കഴിച്ച് മരണം വരെ ജീവിക്കുന്നതിനേക്കാള്‍ ഭീകരമാണ് മനസ്സിന് ഇഷ്ടപ്പെടാത്ത തൊഴില്‍ ചെയ്ത് ജീവിക്കുന്നതും.

മകനെക്കുറിച്ച് തെറ്റായ ഒരു അഭിപ്രായം കേട്ടാല്‍ ചില അച്ഛനമ്മമാര്‍ സമ്മതിക്കില്ല. നിങ്ങളുടെ മകന്‍ കഞ്ചാവ് വലിക്കുന്നവനാണ്, മോഷ്ടിക്കുന്നവനാണ്, സംശയരോഗിയാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ‘There is a possibility’ എന്ന അടിസ്ഥാനത്തില്‍ അന്വേഷിക്കണം. ഇല്ലെന്ന് മാതാപിതാക്കള്‍ തന്നെ തീരുമാനിക്കുകയല്ല വേണ്ടത്. മാതാപിതാക്കള്‍ വിവാഹത്തിനു മുമ്പും പിമ്പും മക്കളുടെ കാര്യം അന്വേഷിക്കാന്‍ കൂട്ടാക്കിയാല്‍ പല പ്രശ്‌നങ്ങളും വരാതിരിക്കും. ഹൃദയം തുറന്ന് സംസാരിക്കുവാന്‍ ദമ്പതികള്‍ക്ക് അവസരം കിട്ടിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ പലപ്പോഴും ഉണ്ടാകൂ. എന്നാല്‍ 60%വും പുറത്തു നിന്നും അതായത് സമൂഹത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളാണ് വിവാഹമോചനത്തിനു കാരണമാകുന്നത്. ദമ്പതികളുടേതായ 40% പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ പരിഹരിക്കാനാകും. കുടുംബം മൊത്തമായി ഇടപെട്ടത് പരിഹരിക്കാനാവില്ല.

മക്കളുടെ വിവാഹബന്ധത്തില്‍ ഏറ്റവും കുറവ് ഇടപെടലുകളേ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാവൂ. എന്റെ മരുമകള്‍ എന്നോട് പെരുമാറുന്നത് മോശമായിട്ടാണെന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചാല്‍ പിന്നെ അവളുടെ എല്ലാ പെരുമാറ്റവും എനിക്ക് മോശമായിരിക്കും. അത് ഞാന്‍ മകനിലേക്കും പടര്‍ത്തും. അവരുടെ കുടുംബം തകരും. മാനസികഘടനയില്‍ മാറ്റം വരുത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. പ്രായമായവരാണ് കൂടുതല്‍ പക്വതയോടെ പെരുമാറേണ്ടത് എന്ന കാര്യം എല്ലാ സന്നിഗ്ദ്ധഘട്ടങ്ങളിലും ഓര്‍മ്മിക്കണം.

മകനെയോ മകളെയോ പൂര്‍ണമായും പിന്താങ്ങാതിരിക്കുക. സ്വന്തം ഭാര്യയ്ക്കു വേണ്ടി മാതാപിതാക്കളോട് വാദിക്കാന്‍ മകനും, മകള്‍ക്കു വേണ്ടി മരുമകനോടു വാദിക്കാന്‍ മാതാപിതാക്കളും തയ്യാറാകരുത്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ കുറവാണ്. മക്കള്‍ക്കും മരുമക്കള്‍ക്കും ഉണ്ടാകുന്ന വീഴ്ചകള്‍ തിരുത്തി അവരുടെ ദാമ്പത്യത്തെ ഊട്ടി ഉറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്. മാതാ പിതാക്കള്‍ മക്കളുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടരുതെന്ന പോലെ പ്രധാനമാണ് ദമ്പതികള്‍ പരസ്പരം തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുക എന്നതും. ഞങ്ങള്‍ ഒരു ശരീരമാണെന്നു നിങ്ങള്‍ പറഞ്ഞാലും വെവ്വേറെ പരിസ്ഥിതികളില്‍ നിന്നു വരുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും സ്വകാര്യതയും വ്യക്തിത്വവും ഉണ്ടാകും. അതിനെ ബഹുമാനിക്കണം.

ആണ്‍കുട്ടിയെ ആണ്‍കുട്ടിയായി വളര്‍ത്തണം. പെണ്‍കുട്ടിയെ പെണ്‍കുട്ടിയായും. കേരളീയര്‍ വിശ്വസിക്കുന്ന കുടുംബസങ്കല്പങ്ങളുടെ നിലനില്‍പ്പിന് ഇത് അതാവശ്യമാണ്. ഇല്ലെങ്കില്‍ അവരുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മക്കളുടെ മേല്‍ അമിതമായ കരുതലും മേല്‍ക്കോയ്മയും ഇന്ന് പല അമ്മമാര്‍ക്കുമുണ്ട്. പക്ഷേ വിവാഹശേഷം ആ സ്വാതന്ത്ര്യം കുറഞ്ഞില്ലെങ്കില്‍ പ്രശ്‌നമായേക്കാം. നിങ്ങളുടെ കുട്ടിയെ ഏത് സ്‌കൂളില്‍ ചേര്‍ക്കണമെന്ന തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്; നിങ്ങളുടെ അമ്മയല്ല. ഹണിമൂണ്‍ വേളയില്‍ പോലും ഓരോ മിനിറ്റിലും അമ്മയെ വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. ആണ്‍കുട്ടികള്‍ അമ്മയെയും ഭാര്യയെയും ഒരുപോലെ പ്രാധാന്യം നല്‍കി സ്‌നേഹിക്കാന്‍ പഠിച്ചാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇപ്പോഴും നമ്മുടെ വ്യവസ്ഥിതിയനുസരിച്ച് സ്ത്രീ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുകയാണ്. ഭര്‍ത്താവിന്റെ സാഹചര്യങ്ങള്‍ മനസിലാക്കുവാനും അവയോട് സൗഹാര്‍ദ്ദപരമായി പ്രതികരിക്കാനും തയ്യാറാകേണ്ടത് സ്വാഭാവികമായും പെണ്‍കുട്ടികള്‍ തന്നെ.

ഭര്‍ത്താവിന്റെ വീട്ടില്‍, എത്തുമ്പോള്‍ സ്വന്തം വീട്ടില്‍ അച്ഛനും അമ്മയും നല്‍കിയ സംരക്ഷണമോ ലാളനയോ ഒക്കെ ലഭിക്കാതെ വരുന്നതാണ് പല പെണ്‍കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് തുടക്കം. എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തന്നെ ‘വീട്ടിലേയ്ക്ക് തിരിച്ചു പോരൂ’ എന്ന് മാതാപിതാക്കള്‍ പറയുന്നത് തന്റെ മകള്‍ക്ക് ആ വീട്ടില്‍ എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം മൂലമായിരിക്കും. വിവാഹിതയായ മകളുടെ കുടുംബകാര്യത്തില്‍ കൂടുതല്‍ ഇടപെടുന്നത് മരുമകന്റെയും വീട്ടുകാരുടെയും അപ്രീതി ക്ഷണിച്ചു വരുത്താനേ ഉപകരിക്കൂവെന്ന് മനസ്സിലാക്കണം.

മക്കളുടെ ജീവിതത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം പണത്തിനു നല്‍കുന്ന മാതാപിതാക്കളുമുണ്ട്. മകള്‍ക്ക് കൊടുത്ത സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും കണക്കു സൂക്ഷിക്കുകയും വിവാഹമോചനം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ അതില്‍ കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന് ശഠിക്കുന്നവരും ഒക്കെ ഉണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചാലും മകള്‍ക്ക് രണ്ടാമതൊരു ജീവിതം ഉണ്ടാക്കികൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് എന്നതു കൊണ്ടാവാം. പെണ്‍മക്കളുടെ മാതാപിതാക്കള്‍ വൈകാരികമായി മാത്രം ഇടപെടുന്നത്. കുടുംബകോടതിയിലെത്തുന്ന പ്രശ്‌നങ്ങളില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും പ്രശ്‌നങ്ങള്‍ പറഞ്ഞു പരിഹരിക്കാനാവും. അവരുടെ കുടുംബങ്ങളുടെ ഇടപെടല്‍ കൂടിയുണ്ടെങ്കില്‍ പ്രശ്‌നപരിഹാരം എളുപ്പമല്ല. മാതാപിതാക്കള്‍ ഇടപെടേണ്ട സാഹചര്യം വരുമ്പോള്‍ മാത്രം ഇടപെടുക. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായ മക്കളുടെ എല്ലാകാര്യത്തിലും മാതാ പിതാ ക്കളുടെ അഭിപ്രായങ്ങള്‍ ആവശ്യമില്ല. മക്കള്‍ക്കും വേണ്ടത്ര സ്വാതന്ത്ര്യം കൊടുത്താല്‍ മാത്രമേ, മാതാപിതാക്കളെപ്പോലെ സ്വന്തമായ ഒരു ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അവര്‍ക്കും സാധിക്കുകയുള്ളൂ.

ഇന്ന് ഒരുമിച്ചിരുന്ന് ഒരു നേരം ഭക്ഷണം കഴിക്കുന്ന കുടുംബങ്ങള്‍ പോലും കുറവാണ്. മകള്‍ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് അറിയാത്ത അച്ഛനും കുഞ്ഞിന് അസുഖം വന്നാല്‍പോലും ലീവെടുക്കാന്‍ കഴിയാത്ത മാതാവും ഉണ്ടാകാം. ഇതെല്ലാം ന്യൂനതകളായി കാണാന്‍ തുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ വലുതാകും. പങ്കാളിയുടെ തിരക്കുകളും കഷ്ടപ്പാടുകളുമെല്ലാം പരസ്പരം അറിഞ്ഞിരിക്കണം. എത്ര മോശപ്പെട്ട പുരുഷനാണെങ്കില്‍പോലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവനെ അനുകൂലിക്കാന്‍ ബന്ധുക്കളുണ്ടാകും. സ്ത്രീകള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ പൊതുവെ ലഭിക്കാറില്ല. സ്വന്തം മകന്റെ സ്വഭാവം മോശമാണെങ്കിലും മരുമകളെ ഒരു പരിധിയില്‍ കൂടുതല്‍ ആരും അനുകൂലിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല.
സ്വന്തം മകളും, മരുമകളും ചെയ്യുന്നത് ഒരേ അപരാധമാണെങ്കിലും മരുമകളുടേത് മകന്റെ മാതാപിതാക്കള്‍ സാധാരണ പൊറുക്കില്ല. മുതിര്‍ന്ന തലമുറ ഇത്തരം സങ്കുചിത മനോഭാവം വെടിയുന്നത് പുതുതലമുറയുടെ ഈടുറ്റ ദാമ്പത്യത്തിന് സഹായകരമായിരിക്കും.

അനുകരിക്കാവുന്ന റോള്‍ മോഡലുകളുടെ അഭാവം ഏതു തുറയിലാണെങ്കിലും സമൂഹത്തില്‍ ഇന്ന് പ്രകടമാണ്. ദാമ്പത്യബന്ധത്തിന്റെ പരിശുദ്ധിയെ ഉയര്‍ത്തി കാണിക്കുന്ന സീത, സാവിത്രി തുടങ്ങിയ ബിംബങ്ങളൊന്നും ഇന്ന് നമുക്കിടയിലില്ല. പഴയ കാലഘട്ടങ്ങളില്‍ ദാമ്പത്യ ബന്ധ ത്തില്‍ അപസ്വരങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കള്‍ തുടക്കത്തിലെ ഇടപെടും. ഉപദേശിക്കും, നേര്‍ച്ചകള്‍ നേരും. പ്രശ്‌നപരിഹാരത്തിനായി ബന്ധുമിത്രാദികളെയും ഉള്‍പ്പെടുത്തി തീവ്രമായി പരിശ്രമിക്കും. ന്യൂക്ലിയര്‍ ഫാമിലിയില്‍ മക്കളെ കല്യാണം കഴിപ്പിച്ചു കൊടുക്കണം എന്നല്ലാതെ ബന്ധം നന്നായി കൊണ്ടുപോകണമെന്ന് പല മാതാപിതാക്കള്‍ക്കും നിര്‍ബന്ധമില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ അത് മറ്റൊരാള്‍ അറിയാതെ മൂടിവെച്ച് സ്വയം പരിഹരിക്കാനാണ് ശ്രമം.

നിസാരകാര്യങ്ങളായിരിക്കും പ്രധാനമായും ദാമ്പത്യങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് കാരണം. മാതാപിതാക്കളുടെ ബലം പിടുത്തം സാഹചര്യങ്ങളെ വഷളാക്കുന്നു. കുടുംബബന്ധങ്ങളില്‍ വല്ലാത്ത മൂല്യച്യുതിയാണ് ഇന്നുള്ളത്. എല്ലാവരും സ്വാര്‍ത്ഥരാണ്. മാതാപിതാക്കള്‍ സ്വത്ത് മക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. കാരണം, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ ഭൂരിഭാഗം മക്കളും തയ്യാറാകുന്നില്ല. പ്രേമവിവാഹങ്ങളില്‍ പോലും സ്ത്രീധനവും സമ്പത്തും വില്ലനായി മാറുന്നു. ദൃഢബന്ധമുള്ള മാതാപിതാക്കളുടെ മക്കള്‍ വിവാഹമോചനത്തിനെത്തുന്നത് വളരെ കുറവാണ്. ആണ്‍കുട്ടിയുടെ മേല്‍ അമ്മയ്ക്ക് സ്വാധീനം കൂടുതലുണ്ടെങ്കില്‍ സ്വാഭാവികമായും പെണ്ണിന് ദുരിതം അനുഭവിക്കേണ്ടിവരും.

സാമ്പത്തികമായി ഗതിയില്ലാത്ത മാതാപിതാക്കളാണ് പലപ്പോഴും കേസില്‍ വഴങ്ങിക്കൊടുക്കുന്നത്. തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് എതിര്‍കക്ഷിയെ വഴങ്ങാന്‍ നിര്‍ബന്ധിക്കുന്നതല്ലാതെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ മനസിലാക്കി വിട്ടുവീഴ്ചയ്ക്ക് ഭൂരിഭാഗം ദമ്പതികളും അവരുടെ മാതാപിതാക്കളും തയ്യാറാകാറില്ല.

തുറന്ന മനസ്സോടെയുള്ള സ്വയം വിമര്‍ശനം പല കുടുംബങ്ങളിലും നടക്കുന്നില്ല. ദാമ്പത്യ അവിശ്വസ്തത, സ്ത്രീധനം എന്നിവയേക്കാള്‍ ഉപരിയായി ദാമ്പത്യജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്‌നങ്ങളാണ് പലപ്പോഴും വിവാഹമോചനത്തില്‍ ചെന്നെത്തുന്നത്. ചെറിയ ഈഗോ പ്രശ്‌നങ്ങള്‍ അവയെ പെരുപ്പിക്കുന്നതും, സാഹചര്യങ്ങളെ ബലംപിടിച്ച് വഷളാക്കുന്നതും പലപ്പോഴും മാതാപിതാക്കളും. മാതാപിതാക്കളുടെ വിവേകപൂര്‍ണ്ണവും സ്‌നേഹനിര്‍ഭരവുമായ കരുതല്‍ മക്കളുടെ വിവാഹബന്ധത്തിന്റെ അടിത്തറയ്ക്ക് അത്യന്താപേക്ഷിതമാണ്.

സ്ത്രീ എപ്പോഴും സഹിക്കേണ്ടവളാണ്, ആശ്രയിച്ചു ജീവിക്കേണ്ടവളാണ് എന്ന മനോഭാവം ഇപ്പോഴും നമ്മുടെ സമൂഹം വച്ചു പുലര്‍ത്തുന്നുണ്ട്. അഞ്ച് വയസ്സായ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്ന രീതികളിലും വ്യത്യാസമുണ്ടായിട്ടുണ്ട്. വളരെ ലിബറല്‍ ആണെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടികള്‍ പോലും അവര്‍ അമ്മമാരാകുമ്പോള്‍ സ്ത്രീ എപ്പോഴും പുരുഷനു താഴെയാണ് എന്ന ബോധം അറിയാതെയെങ്കിലും തന്റെ മക്കളില്‍ അടിച്ചേല്‍പ്പിക്കുന്നു.

പുതിയ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളെ അമിതമായി ആശ്രയിക്കുന്നവരാണ്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാനും പ്രാവര്‍ത്തികമാക്കാനും പലപ്പോഴും അവര്‍ക്ക് സാധിക്കുന്നില്ല. പുസ്തകവിജ്ഞാനമോ കുടുംബകാര്യങ്ങളെക്കുറിച്ചുള്ള അറിവോ അവര്‍ക്ക് വേണ്ട പോലെയില്ല. വിവാഹ ജീവിതത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെയാണ് പലരും വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. എന്നാല്‍ മാതാപിതാക്കളുടെ വളര്‍ത്തുദോഷം ഒന്നുകൊണ്ട് മാത്രം കേരളത്തില്‍ ഒരു ദാമ്പത്യജീവിതവും തകരുന്നില്ല എന്നു തന്നെ പറയണം. അടിസ്ഥാനപരമായ പ്രശ്‌നം ഭര്‍ത്താവും ഭാര്യയും തമ്മിലായിരിക്കും.

അമ്മ കുറ്റം പറഞ്ഞാല്‍ ഗൗരവമായി എടുക്കാത്ത മകള്‍ അമ്മായിയമ്മ കുറ്റം പറഞ്ഞാല്‍ മറക്കണമെന്നില്ല.

”നീ ഇങ്ങോട്ടു പോരെ. ഞാന്‍ നോക്കിക്കൊള്ളാം.” എന്നു പറയുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ സ്വാഭാവികമായും മരുമകനില്‍ അകല്‍ച്ചയും വാശിയും സൃഷ്ടിക്കും. ”നീ അവളെ കൊണ്ടുചെന്ന് വീട്ടിലാക്ക്” എന്നു പറഞ്ഞാല്‍ അനുസരിക്കുന്ന ആണ്‍മക്കളുണ്ടെങ്കിലും ബന്ധം തീര്‍ച്ചയായും വഷളാകും.

ഗാര്‍ഹിക പീഡനനിയമം, 49 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താല്‍ ഒരുമിപ്പിച്ചു ചേര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് അനുഭവം. അറിവില്ലായ്മ, ഈഗോ സഹകരിച്ചു പോകാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങളെ കോടതിയിലെത്തിക്കാതെ ശരിയായ രീതിയില്‍ കുടുംബത്തിനകത്തു തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ മാതാപിതാക്കളും തയ്യാറാകുന്നില്ല.

സ്വന്തം ഈഗോയ്ക്കുവേണ്ടി കുട്ടികളെ വിവാഹമോചനത്തിനു നിര്‍ബന്ധിക്കുന്നവരുണ്ട്. പെണ്‍കുട്ടി തിരികെപോകാന്‍ തയ്യാറാണെങ്കിലും അച്ഛന്‍ സമ്മതിക്കാത്ത കേസുകളും കണ്ടിട്ടുണ്ട്. മക്കളുടെ ദാമ്പത്യബന്ധത്തില്‍ മാതാപിതാക്കള്‍ ഇടപെടാതിരിക്കുക. കഴിയുമെങ്കില്‍ സാമ്പത്തികമായി അവരെ ആശ്രയിക്കാതിരിക്കുക. ഒരു തരത്തിലും യോജിച്ചു പോകാത്തപ്പോഴേ വിവാഹമോചനത്തിനു സമ്മതിക്കാവൂ.

മരുമകന് കുറ്റമൊന്നും ഇല്ലെങ്കിലും മകള്‍ വേണ്ടെന്ന് പറഞ്ഞാല്‍ അച്ഛന് മകളുടെ കൂടെ നില്‍ക്കാനേ നിവൃത്തിയുള്ളൂ. ഇങ്ങനെ മക്കളുടെ സുരക്ഷയെ കരുതിയും താല്പര്യത്തെ കരുതിയും നിവൃത്തിയില്ലാത്തതുകൊണ്ട് മാത്രം വിവാഹമോചനത്തിനു സമ്മതിക്കുന്ന മാതാപിതാക്കളുണ്ട്. ഇപ്പോഴത്തെ കുട്ടികളെ മാതാപിതാക്കള്‍ക്ക് ഇമോഷണലായി മാത്രമേ കൈകാര്യം ചെയ്യാനാകുന്നുള്ളൂ.

പ്രായമായ അച്ഛന്റെയും അമ്മയുടെയും സ്വഭാവം മാറ്റുന്നതിലും എളുപ്പമാണ് തങ്ങളുടെ സ്വഭാവം മാറ്റുന്നതെന്ന് മക്കളും, മക്കളുടെ ദാമ്പത്യത്തില്‍ അമിതമായി ഇടപെടില്ലെന്നും, അവരെ മനസ്സിലാക്കണമെന്നും മാതാപിതാക്കളും വിചാരിച്ചാല്‍ നിസ്സാരപ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വിവാഹമോചനങ്ങള്‍ ഒഴിവാക്കാം.

ഇന്നത്തെ കാലത്ത് മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ വളരെ കുറവാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും ഒക്കെ പ്രാപ്തരായിരായിട്ടുളളവരാണ് ഇന്നത്തെ തലമുറയിലുളളവര്‍. മക്കള്‍ക്ക് അനാവശ്യമായ ഉപദേശങ്ങള്‍ നല്‍കി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാതാപിതാക്കള്‍ ഇപ്പോഴുമുണ്ടായിരിക്കാം. എന്നിരുന്നാലും മുന്‍പത്തേക്കാളും അതു കുറഞ്ഞുവരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അമ്മയുടെയും അച്ഛന്റെയും കൂടെ കുടുംബവീട്ടില്‍ താമസിക്കുന്ന ആണ്‍മക്കളും ഇന്നു വിരളമാണ്. മിക്കവരും വിവാഹം കഴിയുമ്പോള്‍ ഭാര്യമാരെ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും. അല്ലെങ്കില്‍ ആദ്യമേ മാറി താമസിക്കും. പെണ്‍കുട്ടിക്ക,് ഭര്‍ത്താവിന്റെ അമ്മ എപ്പോഴെങ്കിലും കാണുന്ന ഒരമ്മ മാത്രമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ അമ്മായിയമ്മപ്പോര് കുറവാണെന്നു തന്നെ പറയാം. ദാമ്പത്യബന്ധങ്ങള്‍ തകരാന്‍ കാരണം അവരവര്‍ തന്നെയാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ചേര്‍ച്ചക്കുറവ് ഡൈവോഴ്‌സില്‍ കലാശിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് കാര്യമായ റോളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

കേരളത്തില്‍ മാറി വരുന്ന സാമൂഹിക സാമ്പത്തിക ഇടപെടലുകള്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കുടുംബങ്ങളെയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി ചുരുങ്ങിയപ്പോള്‍ മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ പരിഗണനയുള്ളവരായി; കൂടുതല്‍ സ്വാര്‍ത്ഥരായിത്തീര്‍ന്നു. അത് മക്കളുടെ കുടുംബബന്ധങ്ങളുടെ ഭദ്രതയ്ക്ക് വലിയ തോതില്‍ വിളളല്‍ വരുത്തുന്നുണ്ട്. മകന്റെയോ, മകളുടെയോ സ്‌നേഹം പങ്കുവെക്കപ്പെടുന്നത് സഹിക്കാനാവാതെ ചില മാതാപിതാക്കള്‍ അവരറിയാതെ തന്നെ മക്കളുടെ ദാമ്പത്യജീവിതത്തിലേക്ക് കടന്നു ചെന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. തൊഴിലിന്റെയും, ജാതിയുടെയും മഹത്വവും, കുടുംബത്തിന്റെ പെരുമയും മറ്റും പറഞ്ഞ് മക്കളുടെ ദാമ്പത്യം തകര്‍ക്കുന്ന തലത്തിലേക്കാണ് പിന്നീടുളള കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്നത്തെ തലമുറയില്‍പ്പെട്ട പലരും ഇത്തരം പ്രശ്‌നങ്ങളെ മൂന്‍കൂട്ടി കാണുകയും രണ്ടു വീട്ടുകാരുടേയും അമിത ഇടപെടലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാനായി ഒറ്റയ്ക്കു മാറിതാമസിക്കുവാനും തുടങ്ങിയിരിക്കുന്നു; മറ്റൊരു അണുകുടുംബത്തിന് തുടക്കം കുറിക്കുന്നുവെന്ന് അര്‍ത്ഥം.

ഒരു പെണ്‍കുട്ടിയുടെ കാര്യമെടുത്താല്‍ അവളെ സ്വസ്ഥമായും സ്വതന്ത്രമായും മറ്റൊരു കുടുംബത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനു പകരം, എല്ലാ കാര്യങ്ങളിലും അമിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഇന്ന് പല അച്ഛനമ്മമാരും ചെയ്യുന്നത്. വീട്ടില്‍ ഒരു അതിഥി വന്നപ്പോള്‍ അമ്മായിയമ്മ ചായയിടാന്‍ പറഞ്ഞുവെന്ന ഒരൊറ്റ കാരണത്തിന്റെ പേരില്‍ ഡിവോഴ്‌സിലെത്തിയ ഒരു കേസ് എന്റെ ഓര്‍മ്മയില്‍ വരുന്നു. സംഭവം ഇങ്ങനെയാണ്- ചായയിടാനായി പറഞ്ഞപ്പോള്‍ പെണ്‍കുട്ടി ഉടനെ അമ്മയെ വിളിച്ച് വിവരം പറയുക യാണുണ്ടായത്. പിന്നീടുളള സംസാരം മുഴുവന്‍ മാതാപിതാക്കള്‍ തമ്മിലായിരുന്നു. ‘എന്റെ മോളെകൊണ്ട് ഞാനെന്റെ വീട്ടില്‍ പോലും ചായയിടീപ്പിച്ചിട്ടില്ല. അഥവാ ചെയ്യേണ്ട ഒരു സാഹചര്യം വന്നാലും എന്റെ മോനേ കൊണ്ടേ ചെയ്യിപ്പിക്കൂ. മോളേകൊണ്ട് ചെയ്യിക്കില്ല” എന്നു പറഞ്ഞായിരുന്നു വഴക്കിന്റെ ആരംഭം. ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പ്രശ്‌നം ഗുരുതരമായി. ഒടുവില്‍ വേര്‍പിരിയാന്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇഷ്ടമില്ലാഞ്ഞിട്ടു പോലും മാതാ പിതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ആ ബന്ധം ഡൈവോഴ്‌സിലെത്തി. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നോ രസകരമെന്നോ തോന്നുമെങ്കില്‍ പോലും ഇത്തരം സംഭവങ്ങള്‍, ഇടപെടലുകള്‍ ഇന്ന് കൂടുതലാണ്.

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിവാഹിതരായി കഴിഞ്ഞാല്‍ അവരുടെ ജീവിതം മുന്‍പോട്ട് കൊണ്ടുപോകാന്‍ സഹായിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അവരുടെ ദാമ്പത്യം കുടുംബങ്ങള്‍ക്ക് മത്സരിക്കാനുളള മത്സരവേദിയാക്കരുത്. വിവാഹിതരായി കഴിഞ്ഞാല്‍ മക്കളെ അവരുടെ ഇഷ്ടത്തിന് വിടുക. അവര്‍ക്ക് മുന്‍പോട്ട് പോകാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇരുപക്ഷത്തിന്റെയും നല്ല കേള്‍വിക്കാരായി മാറാന്‍ ശ്രമിക്കുക. പല മാതാപിതാക്കളും അവരുടെ വിവാഹ ജീവിതത്തില്‍ നേരിട്ട ദുരിതങ്ങളും കഷ്ടപ്പാടുകളും മക്കളുടെ പങ്കാളികള്‍ വരുമ്പോള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായി കുടുംബബന്ധങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകുകയാണ് വേണ്ടത്. എവിടെ സ്‌നേഹവും വിശ്വാസവും തകരുന്നുവോ അവിടെ ഏതൊരു ബന്ധവും തകരുന്നു. മുതിര്‍ന്ന തലമുറയ്ക്ക് ഈ സ്‌നേഹവും വിശ്വാസവും പ്രായത്തിനനുസരിച്ച് കൂടുകയാണെങ്കില്‍, അവരിലൂടെ വന്ന പുതു കുടുംബങ്ങള്‍ക്ക്, അവര്‍ അനുഗ്രഹമായിത്തീരും.

‘പെണ്ണിലധിഷ്ഠിതമായി ഉറപ്പിക്കപ്പെട്ട കുടുംബം’ എന്ന പാവന വിശ്വാസം എന്നെന്നേക്കുമായി ഇല്ലാതായി പോകുന്നുണ്ടോ എന്ന ഭയത്തില്‍ നിന്നുമാണ് മാതാപിതാക്കള്‍ മക്കളുടെ ജീവിതം തകര്‍ക്കുന്നുണ്ടോ എന്ന ചോദ്യമുണ്ടാകുന്നത്. വിവാഹത്തെക്കുറിച്ചും  കുടുംബ ജീവിത ത്തെക്കുറിച്ചുമുളള പഴയ വിശ്വാസങ്ങള്‍ ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുന്നു.കേരളത്തിലെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ വന്ന പുരോഗമനാത്മകമായ പരിവര്‍ത്തനങ്ങള്‍ ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. പ്രത്യക്ഷമായല്ലെങ്കില്‍ കൂടി സ്ത്രീ വിമോചനാശയങ്ങള്‍ താഴെത്തട്ടിലുളള കുടുംബങ്ങളെ വളരെ സ്വാധീനിച്ചു. അതിന്റെ ഫലമായി സ്ത്രീ, വിദ്യാഭ്യാസരംഗത്തും തൊഴില്‍ മേഖലയിലും സ്വന്തം നില ഭദ്രമാക്കുകയും ചെയ്തു.

സാമ്പത്തികമായ സ്വയംപര്യാപ്തത ഒരു പെണ്‍കുട്ടിക്കും, അവളുടെ വീട്ടുകാര്‍ക്കുമുണ്ടാക്കുന്ന ആത്മവിശ്വാസം കുടുംബത്തിന്റെ നിലനില്‍പ്പിനെന്നതു പോലെ തന്നെ അതിന്റെ മേല്‍ കെട്ടിപ്പടുത്തിരിക്കുന്ന വിശ്വാസത്തിന്റെ തകര്‍ച്ചയ്ക്കും കാരണമായേക്കാം. അതിന് അതിന്റേതായ യുക്തിയും ന്യായങ്ങളുമുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മക്കളുടെ കാര്യത്തില്‍ പണ്ടില്ലാതിരുന്ന ധൈര്യവും അധികാരവും കാണിക്കുന്നത് മാറിയ സാമൂഹിക സാഹചര്യങ്ങളുടെ ഗുണഫലമായാണ് ഞാന്‍ കാണുന്നത്. പഴയ കാലത്തേതുപോലെ ഭര്‍ത്താവിന്റെ വീട്ടില്‍ എന്തു ത്യാഗവും സഹിച്ച് വീര്‍പ്പുമുട്ടികഴിയാന്‍ ഇന്ന് പെണ്‍കുട്ടി തയ്യാറല്ല. വിവാഹമോചിതയായ കുട്ടിയെ ഇന്നൊരു ദുശ്ശ:കുനമായി സമൂഹത്തിലെ ചിന്തിക്കുന്ന വിഭാഗം കാണുന്നതുമില്ല. അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പുതിയ വിവാഹത്തിനുളള സാധ്യതകളുമുണ്ട്. പെണ്‍കുട്ടിയുടെ ഭര്‍തൃഗൃഹത്തിലെ അസംതൃപ്തികള്‍ ഇന്ന് നിശബ്ദ സഹനത്തിന് വഴങ്ങിനില്‍ക്കുന്നില്ല.കുടത്തിനുളളില്‍ ഭൂതം പണ്ടുമുണ്ടായിരുന്നു. പക്ഷേ സാഹചര്യം അനുകൂലമായപ്പോള്‍ ഭൂതം പുറത്തിറങ്ങിയെന്നുമാത്രം. അച്ഛനമ്മമാര്‍ മക്കളുടെ വിവാഹജീവിതത്തില്‍ ഇടപെടുന്നതിന്റെ സാഹചര്യവും ഇതാണ്.

മാതാപിതാക്കളുടെ ഇടപെടല്‍ കൊണ്ടുമാത്രം മക്കളുടെ ദാമ്പത്യബന്ധങ്ങള്‍ തകരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പ്രായമെത്തുമ്പോള്‍ എല്ലാ ജീവജാലങ്ങള്‍ക്കിടയില്‍ നിന്നും മാതാപിതാക്കള്‍ പതിയെ അകന്നു പോകും. തുടര്‍ന്ന് സ്വന്തമായ തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുന്ന മക്കളുടെ കുടുംബജീവിതത്തിലേക്ക് കടന്നുചെന്ന്, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രക്ഷിതാക്കള്‍ അശക്തരാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. സ്വയം നേരിടാനും സ്വന്തം കാലില്‍ നില്‍ക്കാനും കഴിവുളള സ്ത്രീ പുരുഷന്‍മാരാണ് വിവാഹബന്ധങ്ങള്‍ എളുപ്പത്തില്‍ വേര്‍പെടുത്തുന്നത്. സമൂഹിക നിയമങ്ങള്‍ അനുസരിച്ച് മുന്‍പോട്ട് പോകേണ്ടതുകൊണ്ട് പലരും വിവാഹം കഴിക്കുന്ന വ്യക്തി ചീത്തതായാലും നല്ലതായാലും മുന്‍പോട്ട് കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. പിന്നീട് കുട്ടികളെ വളര്‍ത്തുക എന്ന ഉത്തരവാദിത്തം അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടും. ഇങ്ങനെയൊരു അച്ചടക്കത്തില്‍ മുന്‍പോട്ട് പോകണമെന്നുളള സാമൂഹികവാഴ്ചയുടെ പേരിലാണ് ഇത്തരത്തിലുളള ബേജാറുകളും അന്ധാളിപ്പുകളും ഉണ്ടാകുന്നത്. ശരീരശാസ്ത്ര പ്രകാരം,വിവാഹശേഷം സ്ത്രിയും പുരുഷനും തമ്മിലുളള ബന്ധം ഓരോ വര്‍ഷം കഴിയും തോറും ദുര്‍ബലമാകുന്നു. തുടര്‍ന്ന് അവര്‍ തമ്മില്‍ ആകര്‍ഷി ക്കപ്പെടുന്നില്ല. ‘ഇങ്ങനെയാണ് ജീവിക്കേണ്ടത് എന്ന സാമൂഹിക നിയമത്തിന്റെ പേരിലാണ് പീന്നിടുളള ജീവിതം അവര്‍ ജീവിച്ചു തീര്‍ക്കുന്നത്.

മനുഷ്യന്‍ കൃത്രിമമായി വികസിപ്പിച്ചെടുത്ത ഒരു ആശയം മാത്രമാണ് കുടുംബം. കുടുംബം ശിഥിലമാകാന്‍ കാരണവും അവരവര്‍ തന്നെയാണ്.എല്ലാ കുടുംബങ്ങളും തകര്‍ന്നു തരിപ്പണമാകണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. മനുഷ്യന്‍ സ്വതന്ത്രനാകണം. മിക്ക കുടുംബങ്ങളും സമൂഹത്തിനെതിരെ ഗൂഢാലോചന ചെയ്യുന്ന കേന്ദ്രങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യന്‍ ഒരു മൃഗമാണ്. പശു പാല്‍ ചുരത്തുന്നതും കോഴി മുട്ടയിടുന്നതുമെല്ലാം മനുഷ്യനു വേണ്ടി മാത്രമാണ് എന്ന ചിന്തയാണവനിലുളളത്. വേറൊന്നിനെക്കുറിച്ചും അവന്‍ ചിന്തിക്കുന്നില്ല. ഒരു പശുവിന് ഇണയടുക്കേണ്ടേ സമയമാകുമ്പോള്‍, മനുഷ്യന്‍ അതിനെ ആശുപത്രിയില്‍ കൊണ്ടുപോയി ഇഞ്ചക്ഷന്‍ ചെയ്യുന്നു. അതിന്റെ സ്‌നേഹമോ, അനുരാഗമോ, കുടുംബമോ ഒന്നും അവന് പ്രശ്‌നമല്ല. തന്റെ കുടുംബത്തിനു പുറത്തുളളവര്‍ ചീത്തവരും നമ്മള്‍ മാത്രം നല്ലവരും എന്ന ചിന്തയാണ് ഇന്ന് എല്ലാവര്‍ക്കും.

നമ്മുടെ യുവതലമുറയെ ഒഴിയാബാധയായി പിന്‍തുടരുന്ന ശാപമാണ് ശിഥിലീകരിക്കപ്പെടുന്ന ദാമ്പത്യബന്ധങ്ങള്‍. അതിന് കാരണമായി ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നത് ഈ ശിഥില ദാമ്പത്യ ബന്ധങ്ങള്‍ക്കു പിന്നിലുള്ള മാതാപിതാക്കളുടെ അനാവശ്യ ഇടപെടലുകളാണ്. കൂട്ടുകുടുംബ വ്യവസ്ഥ അണുകുടുംബത്തിനു വഴിമാറിയതുമൂലം സ്വന്തം മക്കളുടെ കാര്യത്തില്‍ പുതിയ തലമുറയിലെ മാതാപിതാക്കള്‍ അതിരില്‍ കവിഞ്ഞ ശ്രദ്ധയും സ്വാര്‍ത്ഥതയും പ്രകടിപ്പി ക്കുന്നുണ്ടെന്നത് നിസ്തര്‍ക്കമാണ്. നമ്മുടെ പൂര്‍വ്വികര്‍ ‘വളര്‍ത്തുദോഷം’ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന ഒരു സ്വഭാവവിശേഷം നമ്മുടെ യുവതലമുറ പ്രകടിപ്പിക്കുവാനും തുടങ്ങി. മക്ക ളോടുള്ള അമിതലാളന അവരെ സ്വാര്‍ത്ഥരും കടുകിട വിട്ടുവീഴ്ചയില്ലാത്ത അസഹിഷ്ണുക്കളും ആക്കി മാറ്റിക്കഴിഞ്ഞു. മാത്രമല്ല, മുത്തശ്ശന്‍, മുത്തശ്ശി സങ്കല്‍പങ്ങള്‍ മാറിയ ഇന്നത്തെ യുഗത്തില്‍ പ്രായോഗിക അറിവുള്ള മുതിര്‍ന്നവരുടെ അഭാവം വരുത്തുന്ന വിപത്തുകള്‍ ചെറുതല്ല.

മക്കളെ പഠിപ്പിച്ച് വലിയ പ്രൊഫഷണലുകള്‍ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ്‌സ് ആക്കുകയാണ് നവയുഗ മാതാപിതാക്കളുടെ ലക്ഷ്യം. അവയെല്ലാം നല്ലതു തന്നെ. എന്നാല്‍ അതോടൊപ്പം തന്നെ മക്കള്‍ക്ക് നല്ലൊരു ദാമ്പത്യ ജീവിതം കൂടി വേണമെന്ന് എല്ലാ മാതാപിതാക്കളും മനസ്സിലാക്കേണ്ടതും അതിന് ഊന്നല്‍ നല്‍കേണ്ടതുമാണ്. പെണ്‍കുട്ടികളെ ഉത്തമകുടുംബിനികളാക്കാനായിരുന്നു നമ്മുടെ പൂര്‍വ്വ തലമുറ ശ്രമിച്ചത്. മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികള്‍ സ്വഭവനങ്ങളിലേതല്ല, മറിച്ച് ഭര്‍ത്തൃഗൃഹത്തിലെ സ്വത്താണെന്ന അടിയുറച്ച വിശ്വാസം അവര്‍ പുലര്‍ത്തിപ്പോന്നു. അതുകൊണ്ട് തന്നെ ശൈഥില്യമായ ദാമ്പത്യജീവിതങ്ങള്‍ അക്കാലത്ത് തുലോം കുറവായിരുന്നു. എന്നാല്‍ ഇന്ന് ഭര്‍ത്താവിനോട് വഴക്കിട്ട് സ്വ ഗൃഹ ത്തി ലെത്തുന്ന പെണ്‍കുട്ടികളെ അച്ഛനമ്മമാര്‍ സ്വീകരിച്ചു കയറ്റുന്നു. ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും വിശദീകരണങ്ങള്‍ ആരായാതെ തന്നെ, അവര്‍ നിരപരാധികള്‍ ആയാല്‍ പോലും, ജാമ്യം പോലും കിട്ടാത്ത വിധത്തില്‍ പീഡനക്കേസില്‍ കുടുക്കി ഭര്‍തൃവീട്ടുകാര്‍ക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ മാതാപിതാക്കള്‍ അറിയുന്നില്ല, അവരുടെ കൈക്കുമ്പിളില്‍ നിന്ന് ചോര്‍ന്ന് പോകുന്നത് സ്വന്തം കുഞ്ഞിന്റെ ജീവിതമാണെന്ന്. ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ രണ്ടുകൂട്ടരുടെയും അച്ഛനമ്മമാര്‍ ശ്രദ്ധിക്കാതിരിക്കേണ്ടതിനു പകരം ഇതില്‍ കയറി അഭിപ്രായം പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ വാശിപിടിപ്പിച്ച് കൂടുതല്‍ വഷളാക്കുന്ന പ്രവണതയും യുവദമ്പതികളുടെ ജീവിതം ദുസ്സഹമാക്കി മാറ്റും. ”കിറൗഹഴലിരല ശ െംീൃേെ വേമി രമിരലൃ” അതായത് അനാവശ്യ ഇടപെടല്‍ ക്യാന്‍സര്‍ എന്ന മാരകരോഗത്തേക്കാള്‍ ഭയാനകമത്രെ.

ഭാര്യ സ്വന്തം ഭര്‍ത്താവിനോട് പങ്കുവയ്ക്കുന്ന, അയാളുടെ വീട്ടുകാരെ കുറിച്ചുള്ള കാര്യങ്ങള്‍ അതേപടി വീട്ടുകാരെ അറിയിക്കുന്ന ഭര്‍ത്താവ്, അതുപോലെ ഭര്‍ത്താവുമായോ ഭര്‍തൃ വീട്ടുകാരുമായോ ഉള്ള നിസ്സാര സൗന്ദര്യപ്പിണക്കംപോലും മാതാപിതാക്കളെ വിളിച്ചറിയിക്കുന്ന ഭാര്യ. ദമ്പതികളുടെ ഇത്തരം പ്രവണത അത്യന്തം അപലപനീയമാണ്. ഭാര്യയെ അമ്മയുമായി താരതമ്യപ്പെടുത്തുന്ന ഭര്‍ത്താവും, ഭര്‍ത്താവിനെ സ്വന്തം അച്ഛനെയോ, സഹോദരനെയോ അപേക്ഷിച്ച് നിസ്സാരനായി കാണുന്ന ഭാര്യമാരും ഇന്നത്തെ സമൂഹത്തിലെ നിത്യകാഴ്ചകളാണ്. Pre marital അല്ലെങ്കില്‍ Post marital counselling യുവദമ്പതികള്‍ക്ക് നല്‍കുന്നത് ഉചിതം തന്നെ. എന്നാല്‍ വിവാഹിതരാവാന്‍ പോകുന്ന മകന്റെയോ മകളുടെയോ അച്ഛനമ്മമാര്‍ക്കുകൂടി രീൗിലെഹഹശിഴ കൊടുക്കേണ്ടത് ഇക്കാലത്ത് വളരെ അത്യാവശ്യവും നിര്‍ബന്ധവുമാണ്. കാരണം ന്യൂക്ലിയര്‍ ഫാമിലി അംഗങ്ങളായ അവര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ഒരു അവബോധം മുതിര്‍ന്ന തലമുറയില്‍ നിന്ന് കിട്ടിക്കാണില്ല.

മേല്‍പറഞ്ഞ കാര്യങ്ങളില്‍ വാസ്തവികതയും അവാസ്തവികതയും ഉണ്ടാവാം, ഇല്ലാതിരിക്കാം. എന്നാല്‍ പ്രായ പൂര്‍ത്തിയായി വിവാഹം കഴിക്കുന്ന സ്തീയും പുരുഷനും സ്വന്തം ജീവിതം ഭദ്രമാക്കുന്നതിനും, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും സ്വയം തീരുമാനമെടുത്താല്‍ മാത്രമേ ജീവിതവിജയം കണ്ടെത്താനാവുകയുള്ളു എന്നു മനസ്സിലാക്കണം. മാതാപിതാക്കളുടെ ഇടപെടല്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കുക. സ്വന്തം ‘ഭാര്യയുടെ/ഭര്‍ത്താവിന്റെ കുറ്റം രക്ഷിതാക്കളോടും അന്യരോടും പറയാനുള്ളതല്ല; തമ്മില്‍ പറഞ്ഞ് പരിഹരിക്കാനുള്ളതാണ് എന്നും തങ്ങളുടെ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടത് തങ്ങളാണെന്നും അവര്‍ മനസ്സിലാക്കുന്നപക്ഷം ജീവിതം ഭദ്രം.

Published 22 സില്‍വര്‍ലൈന്‍ സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012

ക്രോഡീകരണം: ലിജോ പാറയ്ക്കല്‍, ദിനജ കെ.