യു ടേണ്‍

യാത്രയ്ക്കിടയില്‍ തിരക്കുകുറഞ്ഞ ബസ് സ്‌റ്റോപ്പി നടുത്തുവച്ചാണ് എന്റെ വിദ്യാലയത്തിലെ മുന്‍ അദ്ധ്യാപകനെ കണ്ടുമുട്ടിയത്. ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പേതന്നെ അദ്ദേഹം ജോലിയില്‍നിന്നും വിരമിച്ചിരുന്നു. സ്‌കൂളിലെ പൊതു പരിപാടികള്‍ക്കും യാത്രയയപ്പു സമ്മേളനങ്ങളിലും മുടങ്ങാതെ വരുന്ന സാറിനോട് എനിക്ക് പ്രത്യേക താല്പര്യം തോന്നിയിരുന്നു. കുശലാന്വേഷണങ്ങള്‍ക്കുശേഷം ഒട്ടനവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തിലേക്ക് കടന്നുവന്നു. എന്തിനെക്കുറിച്ചും അദ്ദേഹത്തിന് തന്റേതായ അഭിപ്രായമുണ്ടായിരുന്നു. എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞതിനോടൊപ്പം എന്നെ ഉപദേശിക്കുവാനും മറന്നില്ല. ”സാമൂഹ്യ പ്രവര്‍ത്തനമൊക്കെ നല്ലതാണ്. ഒപ്പം സ്വന്തം കാര്യവും നോക്കണേട്ടോ….” സ്‌നേഹം ഉറപ്പിക്കുവാനും ക്ഷീണമകറ്റാനുമായി ഞങ്ങള്‍ക്കൊരു ചായ കുടിക്കണമെന്നു തോന്നി. നടന്നു സംസാരിക്കുന്നതിനിടയില്‍ കണ്ട ചായക്കടയിലേക്ക് ഞങ്ങള്‍ കയറി. പട്ടണത്തിന്റെ പരിഷ്‌കാരം തെല്ലും തീണ്ടിയിട്ടില്ലാത്ത കടയും പരിസരവും. ചായ ഏര്‍പ്പാടു ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കകം ചായ മുന്നിലെത്തി. ചായ കൊണ്ടു വന്നയാള്‍ ചെറുപ്പ ക്കാരനായിരുന്നെങ്കിലും ദാരിദ്ര്യം അയാളുടെ മുഖത്തിന്റെ പ്രസന്നത കുറച്ചിരുന്നു. നരച്ച തലമുടിയും താടിയും അയാള്‍ക്കൊരു വൃദ്ധഛവിയായിരുന്നു. എന്റെ കൂടെയുള്ള സാറ് അയാളെ അടിമുടി ഒന്നു നോക്കി. ആ നോട്ടത്തില്‍ ചായക്കടക്കാരന്‍ കൂടുതല്‍ ഭവ്യത പ്രകടിപ്പിച്ചു.ഞങ്ങള്‍ ഒന്നും ചോദിക്കാതെ തന്നെ അയാള്‍ ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ഇവിടം വരെയായുള്ളൂ സാറേ… സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്. സാറിനെ ഞാന്‍ മിക്കപ്പോഴും കാണാറുണ്ട്. സാറ് പണ്ട് പറഞ്ഞത് എന്നും ഞാന്‍ ഓര്‍ക്കും. നിനക്കൊക്കെ വല്ല ചായക്കടേലും ചായയടിക്കാനേ പറ്റൂ… പഠിക്കാന്‍ പറ്റില്ല.”

ചിരിച്ചുകൊണ്ടാണയാള്‍ ഇതു പറഞ്ഞതെങ്കിലും ഞങ്ങള്‍ക്ക് ചിരിക്കാനായില്ല. ചമ്മലാണോ അതോ ചങ്കില്‍കൊണ്ട വേദനയായിരുന്നോ? എന്തായാലും വല്ലാത്തൊരനുഭവമായിരുന്നു. കുറ്റബോധത്തോടെയാണ് അവിടെനിന്ന് ഞങ്ങളിറങ്ങിയത്.

നമ്മുടെ ജീവിതത്തില്‍ ചിലപ്പോള്‍ നാമറിയാതെ പറയുന്ന വാക്കുകള്‍ വാചകങ്ങള്‍ മറ്റുള്ളവരില്‍ പ്രത്യേകിച്ച് കുട്ടികളില്‍ അതുപോലെതന്നെ സംഭവിക്കും. കാരണം കുട്ടികളുടെ മനസ്സ് ഒഴിഞ്ഞ കുപ്പിക്കു സമാനമാണ്. ഒഴിഞ്ഞ കുപ്പിയെ സാധാരണയായി നാം കുപ്പിയെന്നു പറയും. അതില്‍ പാലൊഴിച്ചാല്‍ അതിനെ പാല്‍ക്കുപ്പിയെന്നു വിളിക്കും. മഷിയൊഴിച്ചാലതു മഷിക്കുപ്പിയാകും. വിഷമാണൊഴിക്കുന്നെങ്കിലതിനെ വിഷക്കുപ്പിയെന്നു പറയും. നാം മാതാപിതാക്കള്‍, അദ്ധ്യാപകര്‍ ഒഴിഞ്ഞ കുപ്പിക്കു സമാനമായ കുട്ടികളുടെ മനസ്സിലേക്ക് പാലാണോ അതോ വിഷമാണോ ഒഴിക്കുന്നത്? എന്താണോ ഒഴിക്കുന്നത്, അതുപോലെയായിത്തീരും കുട്ടികള്‍ എന്ന് മനഃശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.

കുറുമ്പുകാട്ടുന്ന കുട്ടികളോട് ചില മാതാപിതാക്കളെങ്കിലും ”നീ നശിച്ചുപോകുകയേയുള്ളൂ കാലമാടാ…” (പ്രാദേശികമായി വാക്കുകളില്‍ വ്യത്യാസമുണ്ടാകും) എന്നൊക്കെ ശാപവാക്കുകള്‍ ചൊരിയാറുണ്ട്. ഇത്തരം ശകാരങ്ങള്‍ നിരന്തരമായി കേള്‍ക്കുന്ന കുട്ടികളുടെ വ്യക്തിത്വം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കപ്പെടും. ഇതിനു വിപരീതമായി കുട്ടികളുടെ വ്യക്തിത്വത്തിനു മാറ്റമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഭാഗ്യമെന്നോ തമ്പുരാന്റെ കൃപയെന്നോ പറഞ്ഞാല്‍ മതി. എന്നാല്‍ അനുഭവങ്ങളും പഠനങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അങ്ങനെയല്ല. അക്രമികളുടേയും സാമൂഹ്യവിരുദ്ധരുടേയും ജീവിത പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഇത് മനസ്സിലാകും. മുതിര്‍ന്നവരുടെ നിരന്തരമായ ശകാരവാക്കുകള്‍ കുഞ്ഞുങ്ങളെ വേദനിപ്പിക്കും. തന്നെയാരും അംഗീകരിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല എന്ന നിഗമനത്തിലെത്തുകയും ചെയ്യും. ഞാന്‍ ഒന്നിനും കൊള്ളാത്തവനാകയാല്‍ എനിക്കിങ്ങനെയായാല്‍ മതിയെന്നു സ്വയം തീരുമാനിക്കും. ഇത്തരം മാനസികാ വസ്ഥയോടെയുള്ള വ്യക്തിത്വ രൂപീകരണം പിന്നീട് വ്യക്തിക്കും സമൂഹത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന വികലമായ വ്യക്തിത്വത്തിന്റെ ഉടമകളെ സൃഷ്ടിക്കും.

നാമെന്താണോ അതുതന്നെയായിത്തീരും നമ്മുടെ കുഞ്ഞുങ്ങളും. നിഷ്‌കളങ്കമായ നിര്‍മ്മലമായ ഇളം കുഞ്ഞു മനസ്സിലേക്ക് പോസിറ്റീവ് ചിന്തകളാണോ നല്‍കുന്നത്? നമ്മുടെ വികാര വിചാരങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപംകൊള്ളുന്ന കാലഘട്ടം മുതല്‍ തിരിച്ചറിയാനും അങ്ങനെയായിത്തീരാനും കുഞ്ഞിനു കഴിയും എന്നാണ് ആധുനിക മനഃശാസ്ത്രം പറയുന്നത്.

കുഞ്ഞായാലും മുതിര്‍ന്നവരായാലും എപ്പോഴും ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും പ്രോത്സാഹനവും ലഭിക്കണം എന്നാണ്. അവരുടെ ഭാഗത്തുനിന്നും ഗുണപരമായ പ്രവൃത്തികളോ നീക്കങ്ങളോ ഒന്നുംതന്നെ ഉണ്ടായില്ലേലും മേല്‍പ്പറഞ്ഞതാണ് ഏവരും കാംക്ഷിക്കുന്നത്.

പല കുടുംബങ്ങളിലും കുട്ടികളെ മാതാപിതാക്കള്‍ വിളിക്കുന്നത് അവര്‍ തന്നെയിട്ട പേരല്ല, മറിച്ച് ‘അസത്തേ’ എന്നാണ്. ഒന്നു ചിന്തിക്കൂ, ഈ കുഞ്ഞ് ആരുടെ സത്താണ്? പിതാവിന്റേയും മാതാവിന്റെയും സത്തുതന്നെയാണീ കുഞ്ഞ്. മേല്‍പ്പറഞ്ഞ വാക്കിന്റെ അര്‍ത്ഥമോ ഇതിന്റെ പരിണതഫലമോ അറിയാതെയാണിങ്ങനെ വിളിക്കുന്നത്. നമ്മുടെതന്നെ ചിന്തയും രൂപവും അങ്ങനെ എല്ലാമെല്ലാമായ നമ്മുടെ കുട്ടിയെ അസത്തേ എന്നു വിളിച്ച് സംബോധന ചെയ്യുന്നത് തെറ്റു മാത്രമല്ല പാപം തന്നെയാണ്. കുഞ്ഞുങ്ങളുടെ മനസ്സ് വളരെ ലോലമാണ്. അവന്റെ അല്ലെങ്കില്‍ അവളുടെ സ്വഭാവ രൂപീകരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കേണ്ടത് നാംതന്നെയല്ലേ? നമ്മള്‍ പറയാറില്ലേ എന്തു പഠിക്കണമെങ്കിലും ചെറുതിലേ ആകണമെന്ന്. കാരണം നന്നായി കുഴച്ച കളിമണ്ണിനു തുല്യമാണ് കുട്ടികള്‍. നാം ഏത് രൂപമാണോ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്, അതുപോലെയായിത്തീരും അവര്‍.

ആരോഗ്യകരമായ സമൂഹം ഉണ്ടാകണമെങ്കില്‍ ആരോഗ്യമുള്ള വ്യക്തികളുണ്ടാവണം. ഇന്ന് പലപ്പോഴും മാനസികാരോഗ്യത്തിനു തീരെ പ്രാധാന്യം കൊടുക്കുന്നില്ല. പണ്ടൊക്കെ രക്ഷിതാക്കള്‍ക്ക് ദാരിദ്ര്യം കൂടപ്പിറപ്പായതിനാല്‍ മക്കളുടെ വളര്‍ച്ചയ്ക്ക് വേണ്ട അത്യാവശ്യം ഭക്ഷണത്തിനുവേണ്ടി നെട്ടോട്ടമായിരുന്നു. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിനുള്ള വക കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും കഴിഞ്ഞാല്‍ അവര്‍ സംതൃപ്തരായി. അവര്‍ക്ക് മനഃശാസ്ത്രമോ മാനസികാരോഗ്യമോ ഒന്നുമറിയില്ല. അറിയാനൊട്ടു നേരവുമില്ലായിരുന്നു. ഇന്ന് അങ്ങനെയാണോ? കുടുംബത്തില്‍ മക്കളുടെ എണ്ണം കുറഞ്ഞതിനാല്‍ അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ കാര്യങ്ങളിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ വളര്‍ച്ചയെ ലാക്കാക്കി അഭ്യസ്തവിദ്യരായ അമ്മമാര്‍ പരസ്യങ്ങളുടെ വലയില്‍പെട്ട് എന്തെല്ലാം ഭക്ഷണമാണ് അവര്‍ക്ക് വാങ്ങിക്കൊടുക്കുന്നത്. ഇന്ന് കൂടുതലും ടിന്‍ ഫുഡുകളാണ് കുഞ്ഞിന് കൊടുക്കുന്നത്. വിസ്താരഭയത്താല്‍ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല. പ്രഭാതഭക്ഷണം കഴിഞ്ഞാല്‍ 11 മണിക്ക് സ്‌നാക്‌സ്. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണ്. 4 മണിക്ക് ചായയും പലഹാരവും. രാത്രിയില്‍ കെങ്കേമമായ വിഭവങ്ങള്‍. ഇതിന്റെയൊക്കെ ഇടയിലും പലതരത്തിലുള്ള ഭക്ഷണം കഴിക്കാറുണ്ട്; കഴിപ്പിക്കാറുണ്ട്. കൂടാതെ ടോണിക്കുകള്‍, ലേഹ്യങ്ങള്‍, പ്രത്യേകം പൊടിക്കൂട്ടുകള്‍. ഇതെല്ലാം വാങ്ങിക്കൊടുക്കുന്നതിന്റെ ഉദ്ദേശം മറ്റൊന്നല്ല. കുട്ടിക്ക് ആരോഗ്യം വേണം. കൂടുതല്‍ ‘സ്‌ട്രോങ്ങര്‍, ടോളര്‍, ഷാര്‍പര്‍’ ഇതാകുന്നു നമ്മുടെ ലക്ഷ്യം. എന്നാല്‍ കുഞ്ഞിന്റെ മാനസികാരോഗ്യത്തിനായി നാമെന്തുചെയ്യുന്നു? അവനെ/അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ നമ്മളെങ്ങനെയാണ് പെരുമാറുന്നത്? എടാ മോനേ നീ മിടുക്കനാണ്. നീ നന്നായിരിക്കുന്നു; എത്ര മനോഹരമായിരിക്കുന്നു നിന്റെ പാട്ട്. നീ നന്നായി വരും, നീ വലിയൊരു വ്യക്തിത്വത്തിനുടമയാകും എന്നിങ്ങനെയുള്ള പ്രോത്സാഹനജനകമായ വാക്കുകളോ വാചകങ്ങളോ പെരുമാറ്റമോ നാം നല്‍കാറുണ്ടോ? ഇതിനൊപരവാദമായി ചില കുടുംബങ്ങളോ വ്യക്തികളോ കണ്ടേക്കാം. എന്നാല്‍ ഭൂരിഭാഗവും ഇങ്ങനെയല്ല. ഇന്നുമുതല്‍ ഈ നിമിഷം മുതല്‍ നമ്മുടെ ജീവിതരീതിക്ക് കാതലായ മാറ്റം വരുത്തുക. അതിനായി ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാവൂ. അല്ലെങ്കില്‍ നാമവശേഷിപ്പിച്ചിട്ടുപോകുന്നത് മാനസികാരോഗ്യമുള്ള ഉയര്‍ന്ന ചിന്തയും മൂല്യബോധവമുള്ള തലമുറയെയായിരിക്കില്ല, തീര്‍ച്ച!

Published on സില്‍വര്‍ലൈന്‍ സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012 Volume 7 Issue 2

ലേഖകന്‍: ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്‌കൂളിലെ ചിത്രകലാദ്ധ്യാപകന്‍, പ്രഭാഷകന്‍, സംഘാടകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മാതൃഭൂമി ‘സീഡി’ന്റെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് ജേതാവ്. ശാലോം ടി.വി., ഡിവൈന്‍ ടി.വി., ഗുഡ്‌നെസ് ടി.വി. ഇവയില്‍ പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു.