സ്‌ട്രോക്ക് എന്ന വില്ലന്‍

യാതൊരു കുഴപ്പവുമില്ലാതെ സംസാരിച്ചുകൊണ്ടിരുന്നയാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുക. അല്പസമയത്തിനകം മരിക്കുക. ഇത് പ്രായമായവരിലെന്നല്ല ചെറുപ്പക്കാര്‍ക്കിടയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇത്തരം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് സ്‌ട്രോക്ക് അഥവാ തലച്ചോറിലുണ്ടാകുന്ന ആഘാതം.

തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തവാഹിനികളില്‍ (artery) രക്തം കട്ടയായി ഉണ്ടാകുന്ന തടസ്സം മൂലമാണ് സ്‌ട്രോക്കുണ്ടാകുന്നത്. ഇതു സംഭവിച്ച് നിമിഷങ്ങള്‍ക്കകം തലച്ചോറിലെ ആ ഭാഗത്തെ നാഡീകോശങ്ങള്‍ നിര്‍ജീവമായി പ്രവര്‍ത്തന ക്ഷമ മല്ലാ തെയാകുന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എമര്‍ജന്‍സി കെയര്‍ എടുക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അല്ലെങ്കില്‍ അത് പെട്ടെന്നുള്ള ഒരു ഹാര്‍ട്ട് അറ്റാക്കില്‍ കലാശിച്ചേക്കാം. സ്‌ട്രോക്ക് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പെട്ടെന്നുതന്നെ ബാധിക്കുന്നൊരു ക്ലിനിക്കല്‍ കണ്ടീഷനാണ്. രക്തചംക്രമണ വ്യവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന പൊട്ടലുകള്‍ തലച്ചോറിനെ നേരിട്ടാണ് ബാധിക്കുന്നത്,(ischemic stroke 75%) ഇത്തരം വിഭാഗത്തില്‍പെട്ടവയാണ് പൊതുവെ ഭൂരിഭാഗം സ്‌ട്രോക്കുകളും. ബ്രെയിനില്‍ത്തന്നെ പെട്ടെന്നുണ്ടാകുന്ന ഹെമറേജുകളാണ് മറ്റൊന്ന് (hemorrhagic stokes 25%).

ഇന്ത്യയിലെ കണക്കനുസരിച്ച് 10000ല്‍ 200 എന്ന തോതിലാണ് ഓരോ വര്‍ഷവും സ്‌ട്രോക്ക് ബാധയുടെ ഏകദേശ കണക്ക്. അതായത് മൊത്തം ജനസംഖ്യയെടുത്താല്‍ (0.2%). ഓരോ വര്‍ഷംതോറും ഈ നിരക്ക് ഉയര്‍ന്നുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഇരുപത്തഞ്ച് ശതമാനവും അറുപത്തഞ്ചു വയസ്സിനു മുന്‍പു സംഭവിക്കുന്നതാണ്. വളരെ വലിയൊരു പൊതുജനാരോഗ്യ വിപത്തായി മാറുകയാണ് സ്‌ട്രോക്ക് ഇന്ത്യയില്‍; ഇതിന്റെ വ്യാപനം ഇപ്പോള്‍ 1000 പേരില്‍ 10-12 എന്ന തോതിലായിരിക്കുന്നു. ഏറ്റവും പുതിയ സ്ഥിതിവിവരമനുസരിച്ച് ഇവിടെ സംഭവിക്കുന്ന സ്‌ട്രോക്കില 12%വും നാല്‍പതു വയസ്സിനു ള്ളിലാണ് എന്നതാണ്. സ്‌ട്രോക്ക് ബാധയില്‍ ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം 7% ആണ്. ആഗോളതലത്തില്‍ ഓരോ രണ്ടുസെക്കന്റിലും ഒരാള്‍ എന്ന കണക്കില്‍ ഇതുമൂലം മരണ മടയുന്നുണ്ട്. അറുപത് വയസ്സിനു മുകളില്‍ പ്രായമായവരില്‍ മരണത്തിന് കാരണമാകുന്ന പ്രധാന രോഗങ്ങളില്‍ പ്രധാനിയാണ് സ്‌ട്രോക്ക്. കൂടാതെ 15-59 വയസ്സിനിടയിലുള്ളവര്‍ മരണപ്പെടുവാന്‍ കാരണമാകുന്ന അഞ്ചാമത്തെ പ്രധാന കാരണവും ഇതു തന്നെ. 1.6 മില്യണ്‍ കേസുകളാണ് ഇന്ത്യയില്‍ വര്‍ഷംതോറും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ മൂന്നിലൊന്നു ഭാഗത്തിന് കാര്യമായ വൈകല്യത്തിനും സ്‌ട്രോക്ക് കാരണമാകുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈ സേഷന്റെ ((WHO) കണക്കനുസരിച്ച് 2050തോടെ ലോകത്തിലെ 80% സ്‌ട്രോക്ക് കേസുകളും ലോ മിഡില്‍ ഇന്‍കം മാത്രമുള്ള രാജ്യങ്ങളില്‍ ആയിരിക്കും, ഇതില്‍ പ്രധാനം ഇന്ത്യയും ചൈനയു മാകുമെന്നാണ്. ഇന്ത്യയില്‍ ഇതിന്റെ തോത് ക്രമാനുഗതമായി വര്‍ദ്ധിക്കുകയാണ്; അതിനു തക്ക കാരണങ്ങളുമുണ്ട്.

എ) ജനസംഖ്യാ വര്‍ദ്ധന

ബി) കൂടിയ ആയുര്‍ദൈര്‍ഘ്യം

സി) ദ്രുതഗതിയിലുള്ള നഗരവത്കരണവും ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും.

ഡി) മാറിയ ജീവിത രീതിയും, പുകവലി, മദ്യത്തിന്റെ ഉപയോഗം മുതലായവയും.

സ്‌ട്രോക്ക് ബാധിതരായി ഏകദേശം ഒരു വര്‍ഷത്തിനുശേഷം 25% രോഗികള്‍ക്കും ഏതൊരു കാര്യത്തിനും പരസഹായം ആവശ്യമായി വരുന്നു. സ്‌ട്രോക്കിനു ശേഷം 5% മുതല്‍ 10% വരെ രോഗികള്‍ക്കും വര്‍ഷംതോറും വരാവുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക്. സ്‌ട്രോക്ക് വന്നാല്‍ വിഘാതമായി രോഗിക്കു സംഭവിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് വര്‍ദ്ധിക്കുന്ന വയസ്സ്, ഹൃദയരോഗങ്ങള്‍; ഇവ റിസ്‌ക്ക് കൂടുതലാക്കുന്നു. ഹാര്‍ട്ട് വാല്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍ ഹൃദയാഘാതങ്ങള്‍ നിമിത്തം ഹൃദയഭിത്തികളിലുണ്ടാകുന്ന തുളകള്‍ എന്നിവയാണവ. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിക്‌സ്, സ്‌മോക്കിങ്ങ് എന്നിവകൂടാതെ ഗര്‍ഭനിരോധക ഔഷധങ്ങളുടെ (Contraceptive pills) ഉപയോഗം എന്നിവ സ്‌ട്രോക്ക് വന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍, വ്യായാമമില്ലായ്മ എന്നിവയും പക്ഷാഘാതസാദ്ധ്യത കൂട്ടുന്നു.

സ്‌ട്രോക്ക് പെട്ടെന്നുണ്ടാവുന്ന ഒന്നായാണ് കാണാനാവുക; അതിന്റെ ലക്ഷണങ്ങളും പെട്ടെന്നാണ് പ്രകടമാകുക. ചില ലക്ഷണങ്ങള്‍:

പ്രതികരണശേഷി, ചിന്താശേഷി എന്നിവ കുറയുക (Numbness), ദുര്‍ബലമാകുക

(weakness) കൂടാതെ ശരീരത്തിന്റെ ഒരു വശത്തിന് ഭാഗികമായോ മുഖം, തോള്‍, കാലുകള്‍ എന്നിവിടങ്ങളിലോ വരുന്ന പരാലിസിസ് എന്നിവയാണ് സ്‌ട്രോക്കിന് കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍.

കാഴ്ചയ്ക്ക് പൂര്‍ണമായോ ഭാഗികമായോ ഉണ്ടാകുന്ന പ്രയാസം, പൂര്‍ണമായി ഉണ്ടാകുന്ന കാഴ്ച നഷ്ടപ്പെടല്‍.

ആശയക്കുഴപ്പം, വായന, സംസാരം, എഴുത്ത്, കേള്‍വി, ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലെ അപാകത

നടക്കുവാനുള്ള ആയാസം, ശരീരത്തിന്റെ തുലനാവസ്ഥ (Balance) നഷ്ടപ്പെടുക.
പെട്ടെന്നു ബോധം നഷ്ടപ്പെടുക, നിയന്ത്രണമില്ലാതെ മൂത്രം പോവുക.

പെട്ടെന്നുണ്ടാകുന്ന അപസ്മാരം.

മുന്‍കാലങ്ങളില്‍ രോഗബാധിതരെയുംകൊണ്ട് ഹോസ്പിറ്റലിലെത്തിയാല്‍ 24 മണിക്കൂര്‍ നീളുന്ന CT-MRI സ്‌കാന്‍ ECG/ECHO  ഒഛ പരിശോധന എന്നിവയൊക്കെക്കൊണ്ട് സമയം നഷ്ടമായിരുന്നു. ഇന്ന് അതിനേക്കാള്‍ ഏറെക്കുറെ കൃത്യമായ ആന്‍ജിയോഗ്രാഫിയാണ് (Blood vessel mapping of brain) രോഗനിര്‍ണയത്തിന് അവലംബിക്കുന്നത്. ഇത് ചികിത്സ സുഗമമാക്കുന്നു. സ്‌ട്രോക്കുണ്ടായി 3 മണിക്കൂറിനകമെങ്കിലും രോഗിയെ ഹോസ്പിറ്റലിലെത്തിക്കേണ്ടത് പ്രധാനമാണ്.

സ്‌ട്രോക്കിന്റെ ശക്തി കുറയ്ക്കുന്നതിനായി ഡ്രഗ് ട്രീറ്റ്‌മെന്റുകള്‍ ഉണ്ട്. അവ കൂടുതല്‍ സങ്കീര്‍ണതകള്‍ ഇല്ലാതെയാക്കുന്നു. അവയില്‍ ചിലതാണ്:

ആന്റി പ്ലേറ്റ്‌ലറ്റ് ഡ്രഗ്‌സ് (ആസ്പിരിന്‍ മുതലായവ) ഇവ ബ്ലഡിന്റെ

കനംകുറച്ച് ക്ലോട്ടാവാനുള്ള സാദ്ധ്യത കുറയ്ക്കുന്നു (ഇവ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഉപയോഗിക്കുക)

ക്ലോട്ട് ഡിസോള്‍വിംഗ് ഡ്രഗ്‌സ്

ആന്റി-കോയാഗുലന്റ് ഡ്രഗ്‌സ്

കൊളസ്‌ട്രോള്‍ ലോവറിംഗ് ഡ്രഗ്‌സ്

ആന്റി-ഹൈപ്പര്‍ ടെന്‍സീവ്, ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്ന മരുന്നുകള്‍

തലച്ചോറിലെ സെല്ലുകള്‍ക്ക് നാശം സംഭവിക്കാതിരിക്കാനുള്ള മരുന്നുകള്‍

ചിലയാളുകളില്‍ സ്‌ട്രോക്കുമൂലം കഴുത്തിലെ കരോട്ടൈഡ് ആര്‍ട്ടെറി ചുരുങ്ങിപ്പോകാറുണ്ട്. കരോട്ടൈഡ് എന്‍ഡാര്‍ട്ടെറെക്‌റ്റോമി ഓപ്പറേഷന്‍ വഴി ഈ അവസ്ഥ മറികടക്കാം. ഓപ്പറേഷന്‍ വേണ്ടെന്നുള്ളവര്‍ക്ക് അവിടെ ഒരു സ്‌റ്റെന്റ് (a short stainless steel mesh tube ഇടുന്നതാണ് ഏക വഴി.
സ്‌ട്രോക്കിനെ അതിജീവിക്കുന്നവരില്‍ പകുതിപേര്‍ക്കും പല ന്യൂനതകളും ഉണ്ടാകാം. തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലാവാന്‍തന്നെ ഏറെ സമയമെടുക്കാം. ചില ന്യൂനതകള്‍ നിലനില്‍ക്കാനും സാദ്ധ്യതകള്‍ ഏറെയാണ്. തലച്ചോറിലെ ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണിതിനു കാരണം. സ്‌ട്രോക്കിനെ അതിജീവിക്കുന്നതിനുള്ള സമയം മാസമോ വര്‍ഷമോ ആകാം.

പരിഹാരങ്ങള്‍

സ്‌ട്രോക്ക് വന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.സാധാരണ ശാരീരികാവസ്ഥയിലേക്ക് തിരികെ വരാന്‍ വേണ്ട സഹായം.ശാരീരികവും മാനസികവും സാമൂഹികവുമായ പിന്തുണ മാനസി കമായ തുല നാവസ്ഥ നഷ്ടപ്പെടാതിരിക്കാന്‍ ഒൗഷധങ്ങള്‍ നല്‍കുക.സ്‌ട്രോക്ക് വന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുനടത്താന്‍ ഫിസിയോതെറാപ്പി, ലേണിംഗ് ഡിസേബിളിറ്റിയുണ്ടെങ്കില്‍ സ്പീച്ച് & ലാംഗ്വേജ് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, കൂടാതെ സൈക്കോളജിസ്റ്റിന്റെ സഹായം എന്നിവ തേടാവുന്നതാണ്. സ്‌ട്രോക്ക് വന്നശേഷം റിഹാ ബിലിറ്റേഷന്‍ കഴിവതും നേരത്തേ തുടങ്ങുന്നത് റിക്കവര്‍ ചെയ്യാനുള്ള സാദ്ധ്യത കൂട്ടാനും സ്‌ട്രോക്കിന്റെ അവശതകള്‍ മാറാനും ഉപകരിക്കും.

പ്രതിരോധങ്ങള്‍

വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29 ലോക സ്‌ട്രോക്ക് ദിനമായി ആചരിക്കുകയാണ്. അവരുടെ കണക്കനുസരിച്ച് ഭൂരിപക്ഷം പേര്‍ക്കും ജീവിതത്തില്‍ എപ്പോഴെങ്കിലും സ്‌ട്രോക്ക് സംഭവിക്കുന്നു. സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ WSO ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.

1. ആപത്ഘട്ടങ്ങള്‍ സ്വയം തിരിച്ചറിയുക (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന ബ്ലഡ് കൊളസ്‌ട്രോള്‍ ലരേ..)

2. ശാരീരികമായി എപ്പോഴും ആക്ടീവായിരിക്കുക, ദിനവും വ്യായാമത്തിലേര്‍പ്പെടുക.

3. ആരോഗ്യകരമായ ഡയറ്റ് ശീലമാക്കുക

4. മദ്യത്തിന്റെ ഉപയോഗം നിജപ്പെടുത്തുക

5. പുകവലി ഒഴിവാക്കുക, നിങ്ങള്‍ക്ക് പുകവലി ഒഴിവാക്കാനാവുന്നില്ലെങ്കില്‍ സഹായം തേടുക.

6. മുന്നറിയിപ്പുകള്‍ ഉള്‍ക്കൊള്ളുക, സംജാതമായേക്കാവുന്ന അവസ്ഥതരണം ചെയ്യാനുള്ള പ്രാപ്തി നേടുക.

ഡയറ്റ് എന്നത് അതിപ്രധാനമായ ഒന്നാണ്. അതുപോലെതന്നെയാണ് ഉപ്പിന്റെ (salt) കാര്യവും. ഉപ്പ് മിതമായി കഴിക്കുന്നത് സ്‌ട്രോക്കിന്റെ റിസ്‌ക്ക് കുറയ്ക്കും. കൂടാതെ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും 40 മിനിറ്റ് വീതം വ്യായാമത്തിലേര്‍പ്പെടുന്നതും നല്ലതാണ്.

ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ ‘സ്‌ട്രോക്ക്’ ആരോഗ്യ കാര്യങ്ങളിലെ പ്രധാന വിഷയംതന്നെയാണ്. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഈ കാര്യത്തില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുകയും നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പല വികസ്വര രാഷ്ട്രങ്ങളിലും വളരെ പരിമിതമായ റിസോഴ്‌സുകളേ ഉള്ളൂ. എന്നാല്‍ ബുദ്ധിപരമായ ഇടപെടല്‍വഴി ഇവിടെ റിസ്‌ക്ക് ഫാക്ടര്‍ ഒഴിവാക്കാവുന്നതാണ്. പ്രധാന റിസ്‌ക്ക് ഫാക്ടറുകളായ ഹൈ ബ്ലെഡ് പ്രഷര്‍, പുകവലി, ഹൈ കൊളസ്‌ട്രോള്‍, പഴം-പച്ചക്കറികള്‍ എന്നിവയുടെ കുറഞ്ഞ ഉപയോഗം, ശാരീരികമായ ജഡത്വം, മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കുകയാണ് എന്നിവ ബുദ്ധിപരമായ നീക്കം. ഏറ്റവും കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന നിരവധി പദ്ധതികള്‍ ഉണ്ട്. ഉപ്പിന്റെയും പുകയിലയുടെയും ഉപഭോഗം കുറയ്ക്കുന്നതും വളരെ നല്ലൊരു വഴിയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ചെലവു കുറഞ്ഞ ഔഷധങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. അതേ സമയംതന്നെ സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തക്ക ബോധവത്കരണ പരിപാടികള്‍ എല്ലാത്തരം ജനങ്ങള്‍ക്കും വേണ്ടി നടത്തേണ്ടതാണ്. ഇത്തരം നീക്കം ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര സംഘടനകളില്‍നിന്നും ഉണ്ടാവേണ്ടതാണ്. കൂട്ടായ പ്രവര്‍ത്തനം മൂലം കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം വരും നാളുകളില്‍ കുറയട്ടെ.

സില്‍വര്‍ലൈന്‍ സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012 Volume 7 Issue 2

 By

ഡോ. പി. സുബ്രഹ്മണ്യന്‍
ന്യൂറോ സര്‍ജ്ജന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
സണ്‍റൈസ് ഹോസ്പിറ്റല്‍, കാക്കനാട്‌