രാമേശ്വരം-സാഗരസംഗമഭൂമിയില്‍

കിഴക്കിന്റെ വെനീസിനേയും പുനലൂരിലെ തൂക്കുപാലത്തെയും പിന്നിട്ട് വാഹനം മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. ഇത് ഞങ്ങള്‍ക്ക് വെറുമൊരു ഉല്ലാസയാത്ര മാത്രമല്ല, യാത്രകളെ ദൂരത്തിന്റെ മൈല്‍ക്കുറ്റികള്‍കൊണ്ടല്ലാതെ അനുഭവങ്ങള്‍കൊണ്ടളക്കാനാണ് ഞങ്ങള്‍ക്കാഗ്രഹം. അതിനാല്‍ ഓരോ യാത്രയും ഞങ്ങളില്‍ പലവിധ സ്വാധീനങ്ങള്‍ ചെലുത്തിയിരുന്നു. ഓരോ തവണത്തെപ്പോലെയും വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങള്‍ നേരിട്ടുകാണാന്‍ തന്നെയായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളുടെ ഈ യാത്രയും.

ദക്ഷിണേന്ത്യയിലെവിടെ യാത്ര ചെയ്താലും രാമേശ്വരത്ത് എത്തുമ്പോള്‍ ഉണ്ടാകുന്നൊരു അനുഭൂതി നമുക്കുണ്ടാകില്ല. ഇവിടെ പ്രകൃതി രണ്ടേ രണ്ടു നിറങ്ങളാല്‍ നമ്മെ അമ്പരപ്പിക്കുന്നു; മണലിന്റെ വെണ്‍മയും കടലിന്റെയും ആകാശത്തിന്റെയും നീലയും. ചരിത്രം പലപ്പോഴും പല തിരുശേഷിപ്പുകളും നാളെകള്‍ക്കായി അവശേഷിപ്പിക്കും. എന്നാല്‍ അത്തരം ശേഷിപ്പുകള്‍ ഏറെയൊന്നും ഇവിടെയില്ല. പക്ഷേ ഇവിടെ കാണുന്ന ഓരോന്നും നമുക്ക് അത്ഭുതങ്ങളുമാവും… അതാണ് രാമേശ്വരവും ധനുഷ്‌കോടിയും.

പുനലൂരിലെ തൂക്കുപാലവും കണ്ണറപ്പാലങ്ങളും കുറ്റാലം വെള്ളച്ചാട്ടവും പാലരുവിയുമൊക്കെ ഈ യാത്രയില്‍ ഞങ്ങള്‍ക്ക് ഇടത്താവളങ്ങളായി. പുനലൂരിലെ ചൂടില്‍നിന്നും രക്ഷപ്പെട്ട് പ്രകൃതിയുടെ പച്ചപ്പിലേക്കും തണുപ്പിലേക്കും കടന്നുചെല്ലുമ്പോള്‍ കാടിന്റെ സ്‌നേഹം നമ്മള്‍ അറിയും. പുനലൂര്‍ നിന്നും നമ്മള്‍ എത്തുന്നത് തെന്‍മല വന്യജീവിസങ്കേതത്തിലാണ്, ഇതിനപ്പുറം തമിഴ്‌നാടാണ്. പച്ചപുതച്ച കാടുകള്‍ പിന്നെ വിശാലമായ റോഡുകളായിത്തീരുന്നു. അങ്ങകലെയായി വന്‍ മലകള്‍ മേഘങ്ങളുമായി തൊട്ടുരുമ്മി നില്‍ക്കുകയായിരുന്നു; ഞങ്ങള്‍ക്ക് സ്വാഗതമെന്നപോലെ. ഇവിടെനിന്നും തിരുനല്‍വേലി വഴി സന്ധ്യയോടെ ഞങ്ങള്‍ രാമേശ്വരത്തെത്തി, അവിടെയെത്തിയപ്പോള്‍ മനസ്സിലായി തമിഴ്‌നാട്ടിലെ മറ്റ് ഇടങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കൊച്ചുനഗരമെന്ന്. നഗരം എന്ന് നമ്മള്‍ ചിന്തിക്കുന്ന അര്‍ത്ഥത്തില്‍ വിചാരിച്ചാല്‍ നിരാശയാവും ഫലം. ഏതാനും വര്‍ഷം മുന്‍പുവരെ അഭയാര്‍ത്ഥികളെക്കൊണ്ടു നിറഞ്ഞിരുന്നു ഇവിടം. ശ്രീലങ്കയില്‍ വര്‍ഷങ്ങളോളം നടന്ന ചോരചിന്തലില്‍ വീടും നാടും നഷ്ടപ്പെട്ടവര്‍, ഇന്ന് അഭയാര്‍ത്ഥികള്‍ ഏറെയില്ല. നേരത്തേയടയ്ക്കുന്ന കടകള്‍; ഇരുട്ടുമ്പോഴേയ്ക്കും തിരക്കൊഴിയുന്ന തെരുവീഥികള്‍. എത്തുമ്പോള്‍ രാത്രിയായിരുന്നു. ഞങ്ങള്‍ ഹോട്ടലിലേക്ക് ചേക്കേറി.

രാവിലെ അമ്പലമണികള്‍ മുഴക്കുന്ന മംഗളനാദവും ഓംകാര ശബ്ദവും കേട്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലേക്കാണുണര്‍ന്നത്. അതൊരു വല്ലാത്ത ഉണര്‍വു നല്‍കുന്ന അനുഭവംതന്നെ. മനസ്സിനും ശരീരത്തിനും ലഭിച്ച നവോന്മേഷവുമായി പുകള്‍പെറ്റ രാമേശ്വരം ക്ഷേത്രത്തിലേക്ക്. രാമേശ്വരം ദ്വീപിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമസാന്നിദ്ധ്യവും ഇവിടെയുണ്ട്. കൂടാതെ ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണിത്. ഏതാണ്ട് ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ക്ഷേത്രസമുച്ചയങ്ങളില്‍ ഇപ്പോഴുള്ളത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. പാണ്ഡ്യന്‍മാരുടെ ശില്പ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളില്‍വച്ച് ഏറ്റവും വലിയ ഇടനാഴി ഉള്ളത് ഈ ക്ഷേത്രത്തിലാണ്. ഇതിലൂടെ നടക്കുമ്പോള്‍ അനുഭവപ്പെടുന്ന ആന്തരികമായ സംതൃപ്തി വേറൊന്നുതന്നെ.

അറുപത്തിനാല് പുണ്യതീര്‍ത്ഥങ്ങളാണ് രാമേശ്വരത്തിനു ചുറ്റും. സ്‌കന്ദപുരാണമനുസരിച്ച് അവയില്‍ ഇരുപത്തിനാലെണ്ണം അതിപ്രധാനമാണ്. ആദ്യത്തെ തീര്‍ത്ഥം അഗ്‌നിതീര്‍ത്ഥമാണ്. പിന്നെ ജടായു തീര്‍ത്ഥം, വില്ലൂന്നി തീര്‍ത്ഥം, ഹനുമാന്‍ തീര്‍ത്ഥം (പ്രധാന തീര്‍ത്ഥങ്ങള്‍ ഇവിടെയാണ്) സുഗ്രീവ തീര്‍ത്ഥം, ലക്ഷ്മണ തീര്‍ത്ഥം എന്നിങ്ങനെപോകുന്നു മറ്റ് തീര്‍ത്ഥങ്ങള്‍. ഈ തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തുകൊണ്ട് ഞങ്ങളും മനസ്സിലും ശരീരത്തിലും ഭൗതിക ജീവിതത്തില്‍നിന്നുപറ്റിയ കറ കഴുകിക്കളഞ്ഞ് വിശുദ്ധരായി. അധികം വൈകാതെ ക്ഷേത്രത്തില്‍നിന്നും യാത്രയായി.

രാമേശ്വരത്തിനടുത്തു തന്നെ വേറൊരത്ഭുതമുണ്ട്. ഗന്ധമാദനപര്‍വ്വതം. രാമായണത്തില്‍ സീതയെത്തേടി ഹനുമാന്‍ ലങ്കയിലേക്ക് കുതിച്ചുയര്‍ന്നത് ഈ പര്‍വ്വതത്തലപ്പില്‍നിന്നത്രേ. രാമന്റെ കാലടിപ്പാടുകള്‍ പതിഞ്ഞ ഇടമാണിതെന്നാണ് ഐതിഹ്യം. രാമേശ്വരത്ത് എവിടെ തിരിഞ്ഞാലും കാണുന്ന മൂന്നു കാര്യങ്ങളുണ്ട്. ഭക്തി, ഐതിഹ്യം, ചരിത്രം…. രാമേശ്വരത്തെ പ്രധാന വ്യവസായവും തൊഴിലും മത്സ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. പ്രധാന മത്സ്യ ബന്ധന കേന്ദ്രംകൂടിയാണിവിടം.

റോഡിന്റെ ഇരു വശത്തും കാറ്റാടി മരങ്ങള്‍ വളര്‍ന്നിരിക്കുന്നു. അതിലൂടെയെത്തുന്ന കാറ്റിനുപോലുമുണ്ട് ഏകാന്തതയുടെ ചുവ. ഇന്ത്യയുടെ തെക്കേ മുനമ്പിലേക്ക് അടുക്കുന്തോറും ജനവാസം കുറഞ്ഞുവരുന്നത് അറിയാം. കടന്നുപോകുന്ന അപൂര്‍വ്വം വാഹനങ്ങള്‍ ഞങ്ങളെപ്പോലെയുള്ള സഞ്ചാരികളുടേതു മാത്രം. രാമേശ്വരത്തുനിന്നും ധനുഷ്‌കോടിയിലേക്കാണിനി ഞങ്ങളുടെ അഞ്ചംഗ സംഘം. ധനുഷ്‌കോടിയിലേക്കടുക്കും തോറും മനസ്സ് മൂകമായിക്കൊണ്ടിരുന്നു. കേട്ടറിഞ്ഞ അറിവുകളില്‍ ധനുഷ്‌കോടി ഒരു ഒറ്റപ്പെട്ട തകര്‍ന്നയിടമാണ് എന്നതാവാം കാരണം. കാറില്‍നിന്നും മുന്നിലേക്ക് നോക്കുമ്പോള്‍ ഇപ്പോള്‍ ഒറ്റ നിറമേയുള്ളൂ. മണലിന്റെ മഞ്ഞനിറം. എങ്ങും മണല്‍ മാത്രം. വേറെ യാതൊന്നുമില്ല. മണലിലൂടെയുള്ള യാത്ര അവസാനിക്കുകയില്ലെന്നു തോന്നി. മണല്‍ കയറിക്കിടക്കുന്ന റോഡും ഒടുവില്‍ തീര്‍ന്നു. 8 കിലോമീറ്റര്‍ വെറും മണലില്‍കൂടിയാണിനി യാത്ര. ഇവിടെ മുതലാണ് ഫോര്‍വീല്‍ ഡ്രൈവിന്റെ ആവശ്യം നമുക്ക് ബോധ്യമാവുക. ഞങ്ങളുടെ കാര്‍ ഫോർ വീല്‍ ഡ്രൈവല്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും 100 രൂപ നല്‍കി ജീപ്പിലാക്കി യാത്ര. മണല്‍പ്പരപ്പിലെ ഡ്രൈവ് ആസ്വദിക്കാന്‍ രണ്ടുപേര്‍ വാഹനത്തിന്റെ മുകളിലേക്കു കയറി. ഒടുവില്‍ ഞങ്ങള്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും പരസ്പരം ആലിംഗനം ചെയ്യുന്ന തീരത്തെത്തി. ഇവിടെനിന്നും നോക്കിയാല്‍ 18 കിലോമീറ്റര്‍ അകലെയായി കണ്ണുനീര്‍ത്തുള്ളിപോലൊരു നാടുകാണാം; ശ്രീലങ്ക.

ധനുഷ്‌കോടിയിലെ മണല്‍ത്തരികള്‍ക്ക് ഏറെ പറയുവാനുണ്ട്. 1893ല്‍ യു.എസ്.എ.യിലെ ചിക്കാഗോയില്‍ നടന്ന ലോക മത പാര്‍ലമെന്റില്‍ പങ്കെടുത്തശേഷം സ്വാമി വിവേകാനന്ദന്‍ ഇന്ത്യയില്‍ കാലുകുത്തിയത് ധനുഷ്‌കോടിയിലാണ്. ധനുഷ്‌കോടിയില്‍നിന്നും നോക്കിയാല്‍ കാണാനാവുന്ന പ്രകൃതിയുടെ ഇന്ദ്രജാലമുണ്ട്, അതാണ് രാമസേതു. ഐതിഹ്യപ്രകാരം ലങ്കയിലേക്ക് പടനയിക്കാന്‍ വാനരന്‍മാര്‍ ശ്രീരാമാനുഗ്രഹത്തോടെ കെട്ടിയുണ്ടാക്കിയ ചിറ; ജൈവ വൈവിധ്യത്തിന്റെ കലവറയാണിവിടം.

ധനുഷ്‌കോടിയിലെ കടല്‍വെള്ളത്തിന് ഉപ്പു മാത്രമല്ല കണ്ണുനീരിന്റെ പുളിയുമുണ്ട്. 1964 ഡിസംബര്‍ 21ന് ആഞ്ഞടിച്ച സൈക്ലോണ്‍ ധനുഷ്‌കോടിയെ ആകെ മാറ്റിമറിച്ചുകളഞ്ഞു. അന്നുരാത്രി 11.55ന് ധനുഷ്‌കോടിയിലെ പാമ്പന്‍ പാലത്തിനു മുകളിലെത്തിയ 653-ാം നമ്പര്‍ ട്രെയിന്‍ ആഞ്ഞടിച്ച തിരമാലകളും സൈക്ലോണിന്റെ പ്രഹരശേഷിയുമേറ്റ് കടലില്‍ പതിച്ചു. ട്രെയിനിലുണ്ടായിരുന്ന 115 പേരുടെ ജീവന്‍ കടലിന്റെ ആഴങ്ങളില്‍ പൊലിഞ്ഞു. രണ്ടായിരത്തോളം ജീവനുകളാണ് അന്ന് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ധനുഷ്‌കോടിയില്‍ പൊലിഞ്ഞത്. പാമ്പന്‍ പാലത്തിലൂടെ ട്രെയിനില്‍ പോകുന്നവര്‍ ഇന്ന് ഉള്‍ഭയത്തോടെ അതോര്‍ക്കുമത്രേ; അന്നത്തെ കാറ്റിന്റെ ഹുങ്കാരശബ്ദം വരുന്നുവോ എന്ന്.

ഞങ്ങള്‍ ധനുഷ്‌കോടിയുടെ മണല്‍പരപ്പിലൂടെ ഏറെ നേരം നടന്നു. ചുട്ടുപൊള്ളുന്ന മണലിലൂടെ നടക്കുമ്പോള്‍ മണ്‍മറഞ്ഞ ജീവനുകളും ചരിത്രങ്ങളും കാല്‍ച്ചുവട്ടില്‍ സ്പന്ദിക്കുന്നതുപോലെ തോന്നി. ഈ യാത്ര സമ്മാനിച്ച ഏറ്റവും നല്ല അനുഭവവും ഇതു തന്നെയായിരുന്നു.

BY ആന്റണി സ്റ്റീഫന്‍ & ജാക്‌സണ്‍ ജോസ്‌

സില്‍വര്‍ലൈന്‍ സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012

please visit our wwebsite

രാമേശ്വരം-സാഗരസംഗമഭൂമിയില്‍