സാറാമ്മക്കുട്ടിയുടെ അച്ചായന്‍

നിസ്സാര കാരണങ്ങളുടെ പേരില്‍ തകര്‍ന്നുപോകുന്ന ഇന്നത്തെ ദാമ്പത്യ ബന്ധങ്ങള്‍ക്കിടയില്‍ മാളിയേക്കല്‍ ജോര്‍ജിന്റെയും സാറാമ്മയുടെയും ദാമ്പത്യം ഒരു ആഘോഷംതന്നെയാണ്. നീണ്ട അമ്പത്താറുവര്‍ഷത്തെ സംതൃപ്ത ദാമ്പത്യ ജീവിതം ആഘോഷമാക്കുന്ന ഇവര്‍ ഇന്നും അന്നും എന്നും ഭാര്യാഭര്‍തൃബന്ധത്തിന്റെ തീവ്രതയും മഹനീയതയും കാത്തു സൂക്ഷിക്കാനി ഷ്ടപ്പെടുന്നവരാണ്. ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ജീവിതമാണ് തങ്ങളുടേതെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. എറണാകുളം പള്ളിക്കര മാളിയേക്കല്‍ തറവാട്ടിലെ ജോര്‍ജിനു പ്രായം ഇപ്പോള്‍ 82. സാറാമ്മയ്ക്ക് 72ഉം. ഇപ്പോഴും ജോര്‍ജിന്റെ എല്ലാ കാര്യങ്ങളിലും നിഴലായി സാറാമ്മ കൂടെയുണ്ട്. കണ്‍മുന്നില്‍ കിടക്കുന്ന ഒരു സാധനം എടുത്തുകൊടുക്കണമെങ്കില്‍പോലും ജോര്‍ജിന് സാറാമ്മ തന്നെ വേണം എന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ പുതുതലമുറക്കാര്‍ ചിരിച്ചുപോകും. പക്ഷേ പഴയ തലമുറക്കാര്‍ അതു നന്നായി മനസ്സിലാക്കും. “മീന്‍ വെട്ടുകയാണെങ്കില്‍പോലും വിളിക്കുമ്പോള്‍ വിളിപ്പുറത്തുണ്ടായിരിക്കണം. ഞാനിങ്ങനെ എല്ലാറ്റിനന്നു. എങ്കിലും ഞാന്‍ പോയി എടുത്തുകൊടുക്കും. വിളിച്ചിട്ട് പോയില്ലെങ്കില്‍ അന്നുമിന്നും അതെനിക്കു സങ്കടമാ.” സാറാമ്മ പറയുന്നു.

യഥാര്‍ത്ഥ ദാമ്പത്യം ആരംഭിക്കുന്നതേ പ്രായമാകുമ്പോഴാണെന്നാണ് ഇവരുടെ അഭിപ്രായം. 19-ാം വയസ്സിലാണ് സാറാമ്മയുടെ കഴുത്തില്‍ ജോര്‍ജ് താലികെട്ടുന്നത്. ”എന്റെ അപ്പന്റെ ഇളയ മകളായിരുന്നു ഞാന്‍. കണ്ണടയുന്നതിനു മുന്‍പ് എന്റെ കൂടി കല്യാണം നടന്നുകാണാന്‍ അപ്പച്ചന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ അപ്പച്ചന്‍ നടത്തിയ തിരക്കു പിടിച്ച അന്വേഷണത്തെത്തുടര്‍ന്നാണ് ഇങ്ങേരുടെ കല്യാണാലോചന എനിക്ക് വരുന്നത്. പക്ഷേ കല്യാണത്തലേന്ന് അപ്പന്‍ ഞങ്ങളോട് എന്നേക്കുമായി വിട പറഞ്ഞു. തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട കല്യാണം പിന്നീട് കുറേ കാലത്തിനുശേഷമാണ് നടന്നത്. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ അപ്പന്‍ കണ്ടുവച്ചയാളുതന്നെ എന്റെ കഴുത്തില്‍ മിന്നുകെട്ടി. അതുവരെ പുള്ളിയുടെ മുഖംപോലും ഞാന്‍ ശരിക്കും കണ്ടിരുന്നില്ല.” അന്നത്തെ മണവാട്ടിയുടെ അതേ നാണത്തോടെ സാറാമ്മ പറയുന്നത് കേട്ടുകൊണ്ടാണ് ‘നമ്മുടെ കല്യാണത്തെക്കുറിച്ചാണോ പറയുന്നത്’ എന്ന ചോദ്യവുമായി ജോര്‍ജ്കുട്ടി അകത്തേക്ക് കടന്നുവന്നത്. ”ഞങ്ങളുടേത് ഒരു വലിയ കര്‍ഷക കുടുംബമായിരുന്നു. നെല്ല്, കുരുമുളക്, ഏലം തുടങ്ങി നിരവധിയിനങ്ങള്‍ കൃഷി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞു വന്ന അന്നുമുതല്‍ ഇവള്‍ക്ക് വീട്ടില്‍ നിറയെ പണികളുണ്ടായിരുന്നു. ഇവര്‍ക്ക് എല്ലാം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഇവള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി എന്നു മാത്രമല്ല അന്നുമുതല്‍ ഇതുവരെ എല്ലാം ഇവളുടെ കൈകളിലൂടെ നന്നായി നടക്കുകയും ചെയ്യുന്നു” എന്ന് ജോര്‍ജ്കുട്ടിച്ചായന്റെ അംഗീകാരം പത്‌നിക്ക്.

പരിഭവങ്ങള്‍,പിണക്കങ്ങള്‍

കൊച്ചുകൊച്ചുവഴക്കുകളും പിണക്കങ്ങളും ഇന്നും ഇവര്‍ക്കിടയിലുണ്ട്. പക്ഷേ ഓരോരോ പിണക്കങ്ങളും ദാമ്പത്യ ബന്ധത്തിന്റെ ആഴം കൂട്ടിയിട്ടേ ഉള്ളുവെന്നും പിണക്കമുള്ളിടത്തേ സ്‌നേഹമുണ്ടാകൂവെന്നുമാണ് സാറാമ്മ ചേട്ടത്തിയുടെ അഭിപ്രായം. “ചെറിയ കാര്യത്തിനുപോലും അച്ചായന്‍ ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യും. എന്നാല്‍ അല്പം കഴിഞ്ഞാല്‍ അച്ചായനത് മറക്കും. പക്ഷേ ഇത്രയും വഴക്കുപറഞ്ഞ ഒരാളോട് പെട്ടെന്നുകയറി മിണ്ടാനൊന്നും എനിക്കു തോന്നില്ല. കണ്ടുകഴിഞ്ഞാല്‍ മിണ്ടാതിരിക്കാനാകാത്തതുകൊണ്ട് ഞാന്‍ കണ്‍വെട്ടത്തുപോകില്ല. ഇതറിയാവുന്നതുകൊണ്ട് ഇദ്ദേഹം തപ്പിപ്പിടിച്ച് എന്റെ മുന്‍പില്‍ വന്നുപെടും. അതോടെതീരും ഞങ്ങളുടെ പിണക്കം.” ഇങ്ങനെ സാറാമ്മ ചേട്ടത്തിയുടെ കൊച്ചു കൊച്ചു വാക്കുകളില്‍ ജീവിതത്തെ എങ്ങനെ പരസ്പരധാരണയോടെ ലഘുവായി അഭിമുഖീകരിക്കാമെന്ന സന്ദേശമുണ്ട്.

സംതൃപ്തമായ കുടുംബജീവിതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ഒരു പരാതി മാത്രം ഇന്നും സാറാമ്മയുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. കല്യാണം കഴിഞ്ഞ് ഇത്ര വര്‍ഷമായിട്ടും ജോര്‍ജ്കുട്ടിച്ചായനായിട്ട് തന്നെ ഒരു സിനിമയ്ക്കുപോലും കൊണ്ടുപോയിട്ടില്ലെന്ന പരാതി. എനിക്കതില്‍ ഇന്നും നല്ല മനഃപ്രയാസമുണ്ടെന്നുള്ള സാറാമ്മയുടെ വാക്കുകള്‍ കേട്ട് ”സിനിമ കാണുന്നത് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ ഞാന്‍ കൊണ്ടുപോകാതിരിക്കുന്നത്” എന്ന ക്ഷമാപണവുമായി ജോര്‍ജുകുട്ടി പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

കുടുംബം എന്ന സ്വര്‍ഗ്ഗം

മൂന്നു മക്കളാണ് സാറാമ്മ ജോര്‍ജ് ദമ്പതികള്‍ക്ക്. പ്രശസ്ത അച്ചാര്‍ കമ്പനിയായ പ്രിയം മസാലയുടെ ഉടമസ്ഥരാണ് മൂവരും. ”മക്കളായിട്ടാണ് പ്രിയം മസാല ആരംഭിച്ചത്. അവരുടെ കഠിന പരിശ്രമമാണ് സ്ഥാപനത്തെ ഇന്നത്തെ നിലയില്‍ പ്രശസ്തമാക്കിയത്. എല്ലാ ആഘോഷവേളകളിലും കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചുണ്ടാകണമെന്ന ഒരു ആഗ്രഹം മാത്രമേ ഞങ്ങള്‍ അവര്‍ക്കുമുന്നില്‍ വെച്ചിട്ടുള്ളൂ. അതംഗീകരിക്കാനുള്ള മനസ്സും അവരുടെ കൂട്ടായ്മയും ഈ കുടുംബത്തെ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുന്നു. മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് ഇന്ന് ഞങ്ങളുടെ ജീവിതം സുന്ദരമാക്കിത്തീര്‍ക്കുന്നത്.” സാറാമ്മയും ജോര്‍ജും ഒരേ സ്വരത്തില്‍ പറയുന്നു.

വീട്ടിലാരെല്ലാമുണ്ടായാലും ഇന്നും സാറാമ്മ ചേട്ടത്തി പാചകം ചെയ്ത ഭക്ഷണം മാത്രമേ ജോര്‍ജ് കഴിക്കൂ. കാപ്പി, ദോശ, ചെതുമ്പലില്ലാത്ത മീന്‍ എന്നിവയാണ് ജോര്‍ജിന്റെ പ്രിയ വിഭവങ്ങള്‍. ഇതെല്ലാം ജോര്‍ജിനിഷ്ടമാകുന്ന തരത്തില്‍ ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് സാറാമ്മ ചേട്ടത്തിയുടെ പ്രധാന വിനോദം. ആരോഗ്യ കാര്യങ്ങളില്‍ സാറാമ്മ ചേട്ടത്തി കാണിക്കുന്ന ശ്രദ്ധമൂലം പ്രായത്തിന്റേതായ കാര്യമായ അലട്ടലുകളൊന്നും ജോര്‍ജിനില്ല. പക്ഷാ ഘാതത്തിന്റേതായ ചെറിയൊരു ശാരീരിക അവശതയുണ്ടെങ്കിലും ഊര്‍ജസ്വലനായി നടക്കാന്‍ ജോര്‍ജിനാകുന്നുണ്ട്. സാറാമ്മയ്ക്ക് സ്‌റ്റെപ്പുകളിറങ്ങണമെങ്കില്‍ ആരുടെയെങ്കിലും കൈസഹായം കൂടിയേ തീരൂ. ഇത്തരം നിസ്സഹായതകളില്‍ സാറാമ്മയ്ക്ക് കൈത്താങ്ങായി ജോര്‍ജ് കൂടെയുണ്ടാകും.

”ഈ സ്‌നേഹവും കരുതലുമാണ് ഇന്നത്തെ തലമുറയിലെ പലര്‍ക്കുമില്ലാതെ പോകുന്നത്” പുതുതലമുറക്കാര്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പരസ്പര സ്‌നേഹവും വിശ്വാസവും കൈമുതലാക്കി അര നൂറ്റാണ്ടായി ജീവിത വഴിത്താരയില്‍ ഒരുമിച്ചുള്ള യാത്ര തുടരുന്ന ജോര്‍ജിന്റെയും സാറാമ്മയുടെയും ജീവിതം മുന്നോട്ടുവയ്ക്കുന്ന സന്ദേശം സുഖദുഃഖങ്ങളില്‍ തുല്യപങ്കാളികളാകാന്‍ ദമ്പതികള്‍ക്കു കഴിയണം; അഥവാ ദമ്പതികള്‍ക്കേ അതിനു കഴിയൂ എന്നതാണ്.

Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012 സില്‍വര്‍ലൈന്‍  Volume 7 Issue 2

BY ദിനജ കെ.