പൊരുത്തം പ്രധാന്യം

വി വാഹവിഷയങ്ങളില്‍ ജാതകപ്പൊരുത്തം പ്രധാനമാണ്. സ്ത്രീജാതകവും പുരുഷജാതകവും തമ്മിലുളള പൊരുത്തം നോക്കി, അതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ആ നാളുകാര്‍ തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന സന്തോഷവും സന്താനഭാഗ്യങ്ങളും ധനഭാഗ്യവുമെല്ലാം ജാതകം നോക്കുന്നതിലൂടെ ഗണിച്ചെടുക്കാനാകും. സ്ത്രീജാതകമാകുമ്പോള്‍ ഏഴാംഭാവത്തില്‍ ഭര്‍ത്താവിന്റെ ശുഭഗത, എട്ടാം ഭാവമാകുമ്പോള്‍ വൈധവ്യം എന്നീ ദോഷങ്ങള്‍ കാണാവുന്നതാണ്. എട്ടില്‍ പാപഗ്രഹവും രണ്ടില്‍ ശുഭനും വന്നാല്‍ ഭര്‍ത്താവിന് മരണം സംഭവിക്കില്ലെന്നാണ് പറയുന്നത്. ഒമ്പതില്‍ ശുഭന്‍ വന്നാലും ഏഴിലും എട്ടിലുമുളള പാപഗ്രഹങ്ങള്‍ക്ക് പരിഹാരമാണ്. ഭാഗ്യസ്ഥാനത്തില്‍ ശുഭോദയം വന്നാല്‍ ഭര്‍ത്താവും സന്താനങ്ങളും ദീര്‍ഘകാലം ജീവിക്കും. അഥവാ രണ്ടില്‍ ശുഭന്‍ വന്നില്ലെങ്കിലും നാലില്‍ വ്യാഴം വന്നാല്‍ വൈധവ്യദോഷത്തിനു പരിഹാരമാണ്. എഴാംഭാവത്തില്‍ പാപഗ്രഹങ്ങള്‍ വന്നാലും വൈധവ്യം തന്നെയാണ് ഫലം. സൂര്യന്‍ മാത്രം വരുകയാണെങ്കില്‍ സേച്ഛാധിപത്യത്തോടുകൂടി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കും. ചൊവ്വ വന്നാല്‍ വിവാഹം കഴിഞ്ഞയുടനേ വൈധവ്യം ഉണ്ടാകും. പുരുഷജാതകത്തില്‍ ഏഴാം ഭാവം വൃശ്ചികത്തില്‍ശുക്രനോ, പാപസംയുക്ത ശുക്രന്‍ ഏഴില്‍ വരികയോ ചെയ്താല്‍ ഭാര്യനാശം എന്നാണ് പറയുന്നത്. ചിലരാശികളില്‍ ലഗ്‌നാധിപന്‍ ഏഴില്‍ വന്നാല്‍ ഭാര്യക്കും ഭര്‍ത്താവിനും നന്മയാണ്. ജാതകത്തില്‍ മീനലഗ്‌നാധിപന്‍ ഏഴില്‍ വരികയും നാലില്‍ ഒരു പാപഗ്രഹവും കൂടി വന്നാല്‍ ഭാര്യ നാശം നിര്‍ബന്ധയോഗമാണ്. അത്തരത്തിലുളള ചില നിര്‍ബന്ധയോഗങ്ങള്‍ പൊരുത്തം നോക്കുമ്പോള്‍ പ്രത്യേകം പരിഗണിക്കേണ്ടതാണ്. സ്ത്രീ ജാതകത്തില്‍ ഭര്‍തൃവിയോഗവും പുരുഷജാതകത്തില്‍ ഭാര്യ വിയോഗവുണ്ടെങ്കില്‍, അവ തമ്മില്‍ ചേര്‍ത്തുവെക്കുന്നതില്‍ തെറ്റില്ല. ദോഷങ്ങള്‍ തമ്മില്‍ യോജിച്ച് ഫലം ഇല്ലാതാകും. പുരുഷജാതകത്തേക്കാള്‍ സ്ത്രീ ജാതകത്തില്‍ കുറവു ദോഷങ്ങള്‍ വരുന്നതാണ് ഉത്തമം എന്നു പറയാറുണ്ട്. ജീവിതമാണ് പ്രധാനമെന്നുളളതിനാല്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍, ദോഷങ്ങള്‍ കണക്കു കൂട്ടി കഷ്ടിച്ചു ഒപ്പിച്ചു കൊടുത്ത് വിവാഹം നടത്താറുമുണ്ട്. കാരണം ചില ദോഷങ്ങളെല്ലാം സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ മറികടക്കാനാകും. ഒന്നിലധികം വിവാഹം നടക്കാനുളള നിര്‍ബന്ധയോഗങ്ങള്‍ ചിലരുടെ ജാതകത്തില്‍ ഉണ്ടാകാം.ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും ഒരുമിച്ച് ഏഴാം ഭാവത്തില്‍ നിന്നാല്‍ രണ്ടാമതു വേള്‍ക്കാനുളള സാധ്യതകളേറെയാണ്. അത്തരം കേസുകളില്‍ ആദ്യ വിവാഹം ഉപേക്ഷിക്കപ്പെടുമെന്ന പൂര്‍ണ്ണ നിശ്ചയത്തോടെതന്നെ ചിലപ്പോള്‍ വിവാഹങ്ങള്‍ നടത്താറുണ്ട്. കാരണം അതൊന്നും പരിഹാരമില്ലാത്ത യോഗങ്ങളാണ്. സ്ത്രീ ജാതകത്തില്‍ ഏഴില്‍ പാപന്‍ വന്നാലോ മറ്റൊരു ശുഭഗ്രഹത്തിന്റെ ദൃഷ്ടി വന്നാലോ ഭര്‍ത്താവിനാല്‍ ത്യജിക്കപ്പെടാം. ശുഭഗ്രഹവും പാപഗ്രഹവും ഒരുമിച്ചു വന്നാല്‍ ഭാര്യയാല്‍ ഉപേക്ഷിക്കപ്പെടും. ജാതകവിഷയമൊഴികെ ബാക്കിയെല്ലാം കൊണ്ട് വിവാഹം നടത്താമെന്നുറച്ചു, ബന്ധുക്കള്‍ വിവാഹകുറിപ്പുകളുമായി സമീപിക്കുന്ന സാഹചര്യങ്ങളില്‍ ജ്യോതിഷികള്‍ക്ക് ജാതകം ചേരുംവിധം പാകപ്പെടുത്തികൊടുത്തികൊടുക്കേണ്ടതായും വരാറുണ്ട്. പക്ഷേ ഉത്തമമല്ല എന്ന് ബന്ധുക്കളെ തീര്‍ച്ചയായും ബോധ്യപ്പെടുത്തിയിരിക്കും. അങ്ങനെ സ്വീകരിക്കുന്ന വിവാഹബന്ധങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കുകയും ഡിവോഴ്‌സില്‍ കലാശിക്കുകയും ചെയ്തതായി കണ്ടിട്ടുണ്ട്.

പത്തുതരം പൊരുത്തങ്ങളാണ് ഉളളത്. ഇതില്‍ മധ്യമരജ്ജു,വേദം എന്നിവയാണ് പ്രധാന ദോഷങ്ങളായി കാണുന്നത്. ഇവ നന്നായാല്‍ ബാക്കിയുളളതിനൊക്കെ ഗുണമെന്നു തന്നെ പറയാം. ജാതകങ്ങള്‍ തമ്മില്‍ ഗണിക്കുമ്പോള്‍ മധ്യമരജ്ജു വേദ ദോഷങ്ങള്‍ കാണുകയാമെങ്കില്‍ ജീവിതകാലം മുഴുവന്‍ സന്തോഷമായി ജീവിക്കാന്‍ പറ്റില്ല. നല്ല മൂന്നു പൊരുത്തങ്ങള്‍ കിട്ടിയതിനുശേഷമുളള ബാക്കി ഏഴും ചീത്തയായലും സ്വീകരിക്കാവുന്നതാണ്. എട്ടു ഗുണങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല, ഉളള ഗുണങ്ങള്‍ നല്ലാതായിരിക്കണം. അഞ്ചില്‍ കൂടുതല്‍ പൊരുത്തം വന്നാല്‍ ഉത്തമം എന്നു പറയും. വിവാഹത്തിന് പ്രധാനമായും ഗണപൊരുത്തങ്ങളും നോക്കാറുണ്ട്. ദേവഗണം,അസുരഗണം, മനുഷ്യഗണം എന്നിങ്ങനെ മൂന്നു ഗണങ്ങളാണുളളത്. സ്ത്രീയും പുരുഷനും ഒരേ ഗണത്തിലാണ് വരുന്നതെങ്കില്‍ ഉത്തമമാണ്. സ്ത്രീ ദേവഗണവും പുരുഷന്‍ മനുഷ്യഗണവും വന്നാലും വിരോധമില്ല. സ്ത്രീ മനുഷ്യഗണവും പുരുഷന്‍ അസുരഗണവും വന്നാല്‍ നന്നല്ലയെന്നേയുളളു, കുഴപ്പമില്ല. സ്ത്രീ അസുരഗണവും പുരുഷന്‍ ദേവഗണവുമാണെങ്കില്‍ മധ്യമമാണ്, വിരോധമില്ല. പക്ഷേ സ്ത്രീ അസുരഗണവും പുരുഷന്‍ മനുഷ്യഗണവുമാണെങ്കില്‍ അതീവ അസ്വസ്ഥതകള്‍ ഉണ്ടാകും. സ്ത്രീ നക്ഷത്രം കഴിഞ്ഞുവരുന്ന പതിനഞ്ചോ അതു കഴിഞ്ഞോ വരുന്ന നക്ഷത്രങ്ങള്‍ ആയുമായുളള വിവാഹത്തിന് മനുഷ്യാസുരം ദോഷമില്ലെന്നാണ് പറയാറുളളത്. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ നോക്കുന്ന മറ്റൊന്നാണ് ദശാസന്ധി അഥവാ കൂട്ടുദശ. രണ്ടു പേര്‍ക്കും ഒരേ കൊല്ലത്തില്‍ ഒരേ ദശകള്‍ അവസാനിക്കുകയാണെങ്കില്‍ അത് ദോഷകരമാണ്. ഒരു ഭരണം അവസാനിച്ച് മറ്റൊരു ഭരണം തുടങ്ങുമ്പോള്‍ വിപ്ലവം ഉണ്ടാകാറുണ്ട്. അതു പോലെയാണ് ദശാസന്ധിയുടെ ഫലവും. ആ ദശാസന്ധികാലം വിവാഹം കഴിഞ്ഞയുടനേയാണ് വരുന്നതെങ്കില്‍ നിര്‍ബന്ധമായും ആ വിവാഹം നടത്താന്‍ പാടുളളതല്ല. അവസാനിക്കുന്ന ദിശകള്‍ എത്രതന്നെ നല്ലതാണെങ്കിലും ഭയപ്പേടേണ്ടതാണ്. ദശാസന്ധി അമ്പതുവര്‍ഷമൊക്കെ വിട്ടിട്ടാണ് വരുന്നതെങ്കില്‍ വിവാഹം നടത്തുന്നതില്‍ തെറ്റില്ല. മൂന്നുഗണങ്ങളും (ഗ്രഹസാമ്യം, പൊരുത്തം, ദശാസന്ധി) ഉത്തമമായാലും സ്വഗുണം എന്നൊരു ഗുണം കൂടി ശരിയാകണം. ഇതെല്ലാം ഗണിച്ചാണ് വിവാഹപ്പൊരുത്തം നോക്കുന്നത്.

by ജ്യോത്സ്യന്‍ മുകുന്ദന്‍ നമ്പൂതിരിപ്പാട്,

Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012 സില്‍വര്‍ലൈന്‍ Volume 7 Issue 2