ഫ്രെയിമിലൊതുങ്ങും കാലചിത്രങ്ങള്‍

ഫോട്ടോഗ്രാഫിയില്‍ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫി. സംവിധായകന്‍ സെറ്റ് ചെയ്ത സീന്‍ ഒപ്പിയെടുക്കുക മാത്രം ചെയ്യുന്നതായിരുന്നു ആദ്യകാലത്ത് സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ ജോലി. എന്നാല്‍ ആ പരിമിതിക്കപ്പുറം കടന്ന് സ്വന്തം ശൈലിയില്‍ ഫാട്ടോയെടുത്ത് പേരെടുത്ത അപൂര്‍വം ചിലരുമുണ്ട്.

വിയറ്റ്‌നാമില്‍ അമേരിക്ക നാപ്പാം ബോംബ് വര്‍ഷിച്ചപ്പോള്‍ ഉടുവസ്ത്രം പോലും നഷ്ടമായി കരഞ്ഞുകൊണ്ടോടിവരുന്ന കിംഫുക്കെന്ന പെണ്‍കുട്ടിയുടെ എഡ്ഡി ആഡംസ് എടുത്ത ചിത്രം ആര്‍ക്കാണ് മറക്കാനാവുക. കഴുകന്‍ കൊത്തിക്കീറാന്‍ കാത്തിരിക്കുന്ന മൃതപ്രായനായ ബാലന്റെ ചിത്രം, വിശപ്പും മരണവും സംഗമിച്ച കെവിന്‍ കാര്‍ട്ടറിന്റെ ചിത്രം. ഗുജറാത്തിലെ കലാപഭൂമിയില്‍നിന്നും കൈകൂപ്പി നില്‍ക്കുന്ന കുഞ്ഞബുദ്ദീന്‍ അന്‍സാരിയെന്ന യുവാവിന്റെ ദീനചിത്രം ആരെങ്കിലും മറക്കുമോ? ഫോട്ടോഗ്രാഫുകള്‍ നമ്മോടു പല കഥകളും പറയുന്നു.

ഒരു നിമിഷാര്‍ദ്ധത്തില്‍ത്തന്നെ പലതവണ തുറന്നടയുന്ന കാമറക്കണ്ണുകള്‍ തുറന്നടയുന്നത് കാലത്തിന്റെ പല പല മാറ്റങ്ങളിലേക്കും പ്രകൃതിയുടെ ആത്മാവിലേക്കും സത്യത്തി ലേക്കുമാണ്. ചില സമയങ്ങളില്‍ ചില കാലങ്ങളെയും കാര്യങ്ങളെയും നാമോര്‍ക്കുക ചിത്രങ്ങള്‍ വഴിയാണ്. മനസ്സിനെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍, സുന്ദരമായ ഓര്‍മ്മച്ചിത്രങ്ങള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍, ഞെട്ടിക്കുന്ന ദുരന്തങ്ങള്‍, ഓരോ നല്ല ഫോട്ടോഗ്രാഫറും ഒരു സത്യാന്വേഷിയാണ്, അവന്‍ ലോകത്തിന് നല്‍കുന്നത് ഒരു ഫ്രെയിമിലൊതുക്കിയ സത്യത്തേയാണ്.

കാലത്തിന്റെ ഒരു ബിന്ദുവിനെ ചരിത്രവും ജീവിതവും എല്ലാം ഉള്‍പ്പെടുത്തി ഒറ്റ ക്ലിക്കില്‍ ഫ്രീസ് ചെയ്യുന്ന കലയാണ് ഫോട്ടോഗ്രാഫി. എന്നാല്‍ ചിലരുടെ ക്യാമറയില്‍ പുറംമോടികള്‍ക്കപ്പുറം, ചില അഗാധ സൗഹൃദങ്ങളും, അപൂര്‍വമായ സംഭവങ്ങളും എല്ലാം പതിഞ്ഞിരിക്കും. ചില നിമിഷങ്ങള്‍ പകര്‍ത്താന്‍ കഴിവും ഭാഗ്യവും വേണം.

തന്റെ വ്യൂ ഫൈന്‍ഡറിലൂടെ മലയാള ചലച്ചിത്രത്തെ വീക്ഷിച്ചൊരാള്‍ …. പ്രകൃതിയുടെ ഓരോ സ്പന്ദനവും തൊട്ടറിയുന്ന ഒരു ഫോട്ടോഗ്രാഫര്‍, നാടിനേക്കാള്‍ കാടിനേയും കാടകങ്ങളേയും തന്നിലേക്കാവാഹിച്ചിരുത്തിയ മറ്റൊരാള്‍… അധികാരിവര്‍ഗ്ഗം ശ്രദ്ധിക്കാത്ത ജനതയെ ലോകത്തിന് വെളിപ്പെടുത്തിയ വേറൊരാള്‍…. ഇങ്ങനെ വ്യത്യസ്തരായ ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ക്യാമറാകണ്ണുകളിലൂടെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഓര്‍മ്മകളുമായി…

-സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമാരംഗത്തെത്തി, സിനിമാനടനായി പേരെടുത്ത എന്‍.എല്‍. ബാലകൃഷ്ണനെപ്പോലെ. തന്റെ ഓര്‍മ്മച്ചിത്രങ്ങളുമായി എന്‍.എല്‍. ബാലകൃഷ്ണന്‍.
”അപ്രതീക്ഷിതമായി സിനിമാ രംഗത്തെത്തിയ ആളാണ് ഞാന്‍. പത്താം ക്ലാസ് തോറ്റപ്പോള്‍ എന്റെ ഹിന്ദി സാറായ വലിയശാല സുകുമാരന്‍ നായരാണ് ചിത്രരചന പഠിക്കാന്‍ ഉപദേശം തന്നത്. അങ്ങനെ പാളയത്തെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെത്തി. പാളയം ബസ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഒരിക്കല്‍ അവിടത്തെ മെട്രോ സ്റ്റുഡിയോ മാനേജര്‍ കൊച്ചിക്കാരന്‍ തോമസ് ജോസഫിനെ പരിചയപ്പെട്ടു. പുള്ളിയുടെ കൂടെ ഡാര്‍ക്ക്‌റൂം അസിസ്റ്റന്റായി കൂടി. ഒപ്പം ചിത്രരചനാ പഠനവും. ആറ് മാസത്തോളം മെട്രോ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫി പഠിച്ചു. അന്നൊക്കെ ആര്‍ട്‌സ് പഠനം കഴിഞ്ഞാല്‍ സിനിമാ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നതിലാണ് കാര്യം. എസ്.എ. നായരൊക്കെയാണ് അന്ന് പേരുകേട്ട പോസ്റ്റര്‍ ഡിസൈനേഴ്‌സ്. പഠനമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇനി എന്തുചെയ്യണമെന്നറിയില്ലായിരുന്നു. രൂപലേഖ സ്റ്റുഡിയോ ഉടമ കെ.എന്‍.പിള്ളയെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വലിയ വഴിത്തിരിവായത്. കെ.എന്‍.പിള്ള അന്നേ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്. ഫോട്ടോയെടുക്കാന്‍ എന്നെയും കൂടെ കൂട്ടാമോ എന്ന് എന്തോ ഒരു ധൈര്യത്തില്‍ ഞാന്‍ ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പിറ്റേന്ന് അതിരാവിലെ ഞാന്‍ തമ്പാനൂരിലെ ശ്രീവിഘ്‌നേശ്വര ടൂറിസ്റ്റ് ഹോമിലെത്തി. മിലിറ്ററി ക്യാമ്പില്‍ നിന്നും കണ്ടം ചെയ്ത ഒരു ശക്തിമാന്‍ ട്രെക്കില്‍ അവിടെനിന്ന് സെറ്റിലേക്കുള്ള യാത്ര. അങ്ങനെ വെള്ളായണി കാര്‍ഷിക കോളേജില്‍ ‘കള്ളിച്ചെല്ലമ്മ’യുടെ സെറ്റിലെത്തി. ഷീല മണ്ണു ചവിട്ടിക്കുഴയ്ക്കുന്ന രംഗമാണ് സിനിമയ്ക്കു വേണ്ടി ഞാനെടുത്ത എന്റെ ആദ്യ ചിത്രം. ഒരു മിനോള്‍ട്ട 120 ക്യാമറയിലാണത് ഞാനതെടുത്തത്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ കെ.എന്‍.പിള്ള പറഞ്ഞു: ഇനി ഞാന്‍ പടമെടുക്കാന്‍ വരുന്നില്ല. ബാക്കി നീയെടുത്തോ എന്ന്. എന്നില്‍ അദ്ദേഹത്തിന് വിശ്വാസമായി. പിന്നെ സിനിമാരംഗവുമായിട്ടുള്ള ബന്ധം ശക്തമാവുകയായിരുന്നു. എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ എന്നെ ഏറെ സ്വാധീനിച്ചയാളാണ് അരവിന്ദന്‍. അടൂരിന്റെ സ്വയംവരത്തിന് പോസ്റ്റര്‍ വരയ്ക്കാന്‍ വന്നപ്പോഴാണ് അരവിന്ദേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്. ആ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫി ഞാനായിരുന്നു. ഒരിക്കല്‍ ഞാന്‍ അരവിന്ദേട്ടനു ചായയുമായി ചെന്നപ്പോള്‍ ഞാന്‍ ‘സാറേ ചായ’ എന്നു പറഞ്ഞു. ‘സാര്‍ എന്ന വിളി വേണ്ട, ചായ മതി’ എന്നു പറഞ്ഞു. അതോടെ സാര്‍ എന്ന വിളി അരവിന്ദേട്ടാ എന്നായി. അരവിന്ദേട്ടന്റെ പതിനൊന്നു ചിത്രങ്ങള്‍ക്ക് പിന്നീട് ഞാന്‍ ഫോട്ടോയെടുത്തു. ‘വാസ്തുഹാര’യില്‍ അഭിനയിക്കുകയും ചെയ്തു.

ഓര്‍മ്മയുടെ ഫ്രെയിമുകള്‍

അരവിന്ദേട്ടന്‍, പത്മരാജന്‍, ഭരതന്‍ എന്നിവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതിനാല്‍ത്തന്നെ അവരുടെ സിനിമകളില്‍ എനിക്കെളുപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍ ഒരുപാധികളും അവര്‍ എനിക്കുമുന്നില്‍ വെച്ചില്ല. ഭരതന്റെ തകരയൊക്കെ ഞാനാണ് ചെയ്തത്. തകര മുതലാണ് ആക്ഷനില്‍ തന്നെ ഫോട്ടോ യെടുപ്പ് തുടങ്ങിയത്. അതിനുമുന്‍പ് സീന്‍ കഴിഞ്ഞാല്‍ സംവിധായകന്‍ സ്റ്റില്‍സ് എന്നു വിളിച്ചുപറയും. പിന്നെയാണ്  ഫോട്ടോയെടുക്കുന്നത്. എന്നാല്‍ ഞാന്‍ ടേക്കില്‍ത്തന്നെ ഫോട്ടോയെടുത്തുതുടങ്ങി. മലയാള സിനിമയില്‍ ഇത് ചെയ്തുതുടങ്ങിയത് ഞാനാണ്. തകരയില്‍ പ്രതാപ് പോത്തന്‍ ഓടിവരുന്ന പടമൊക്കെ അങ്ങനെയെടുത്തതാണ്. അതുകൊണ്ടുതന്നെ തകര മുതലിങ്ങോട്ട് നിശ്ചലചിത്രങ്ങള്‍ക്കും ജീവനുണ്ട്. തകരയില്‍ ഞാനഭിനയിക്കുകയുമുണ്ടായി. അതിലെ ഓപ്പണിങ്ങ് ഷോട്ടില്‍ ഞാനാണുള്ളത്.

പത്മരാജന്റെ പടങ്ങളില്‍ വര്‍ക്ക് ചെയ്തത് ഏറ്റവും നല്ല ഓര്‍മ്മകളിലൊന്നാണ്, പപ്പന്റെ 7 പടങ്ങളില്‍ ഞാന്‍ പടമെടുത്തു. പെരുവഴിയമ്പലത്തിലെ അശോകന്റെ സ്‌ക്രീന്‍ ടെസ്റ്റും, അപരനിലെ ജയറാമിന്റെ സ്‌ക്രീന്‍ ടെസ്റ്റും എടുത്തത് ഞാനാണ്. തൈക്കാട് ഗസ്റ്റ് ഹൗസിലെ ഒരു പുളിമരച്ചോട്ടില്‍നിന്നായിരുന്നു അശോകന്റെ ഫോട്ടോ ഷൂട്ട്. ഒരു ബാഗ് നിറയെ ഡ്രസ്സു മായിട്ടാണ് ജയറാം സ്‌ക്രീന്‍ ടെസ്റ്റിന് വന്നത്. ഞാനും പത്മരാജന്റെ ഡ്രൈവര്‍ കര്‍ത്തായും കൂടി ജയറാമിനെ മ്യൂസിയത്തില്‍ കൊണ്ടുപോയി സ്‌ക്രീന്‍ ടെസ്റ്റ് നടത്തി. അതൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.

പത്രപ്രവര്‍ത്തനവും ഫോട്ടോയെടുപ്പും

ഓര്‍ത്തെടുക്കാന്‍ തുടങ്ങിയാല്‍ ഒട്ടനവധി നല്ല ഫോട്ടോകള്‍ എനിക്കോര്‍മ്മവരും. അതിലൊന്ന് എ.കെ.ജി. മതില്‍ചാടുന്ന ചിത്രമാണ്. പൂജപ്പുര സെതല്‍മണ്ട് കൊട്ടാരത്തില്‍ മിച്ചഭൂമി സമരത്തിനിടയിലാണിതെടുത്തത്. പിന്നെ അച്യുതമേനോന്‍, ഇ.എം.എസ്., മുണ്ടശ്ശേരി മാഷ് എന്നിവരുടെ പടങ്ങള്‍. പിന്നെ അരവിന്ദേട്ടന്‍, പത്മരാജന്‍, ജോണ്‍ മുതല്‍പേര്‍. ഇതിനിടയില്‍ പതിനൊന്നു വര്‍ഷക്കാലം ഞാന്‍ കേരള കൗമുദിയിലും ഫോട്ടോഗ്രാഫറായി. അക്കാലത്താണ് മിക്ക രാഷ്ട്രീയ നേതാക്കളുടെയും പടമെടുക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അന്ന് എടുത്ത പടങ്ങളില്‍ പലതും കൈമോശം വന്നു. ഫോട്ടോഗ്രാഫിക്ക് ഇന്നത്തെപ്പോലൊരു സുവര്‍ണകാലം വരും എന്നൊന്നും അന്ന് വിചാരിച്ചതല്ല.

എം.എസ്. മണിയുമായുള്ള പരിചയമാണ് എന്നെ കേരള കൗമുദിയിലെത്തിച്ചത്. പത്രാധിപര്‍ പി.കെ. ബാലകൃഷ്ണനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ പങ്കെടുത്തതോടെ കേരളകൗമുദിയില്‍ നിന്ന് എനിക്കും പുറത്തു പോകേണ്ടി വന്നു. അതോടുകൂടി സിനിമയില്‍ കൂടുതല്‍ സജീവമായി.

ക്യാമറയ്ക്കു പിന്നില്‍നിന്ന് പടമെടുത്തു തുടങ്ങിയ ഞാന്‍ മൂവി ക്യാമറയ്ക്കു മുന്നിലെത്തിയത് വളരെ സ്വാഭാവികമായൊരു സംഭവമായിട്ടാണ് എനിക്കു തോന്നുന്നത്. ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഞാന്‍ ഒരു നടനായി ക്യാമറയ്ക്കു മുന്നില്‍ വന്നത്. കേശവദാസപുരത്ത് ഒരു കല്യാണം ഫോട്ടോയെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് രാജീവ് അഞ്ചലും സി.പി. വര്‍ഗ്ഗീസും അന്വേഷിച്ചുവന്നത്. എന്നോട് അവര്‍ കൂടെ ചെല്ലാന്‍ പറഞ്ഞു. അസിസ്റ്റന്റിനെ പണി ഏല്‍പ്പിച്ച് ഞങ്ങള്‍ പുറപ്പെട്ടു. വീട്ടില്‍പോയി വസ്ത്രങ്ങള്‍ എടുത്തു, ക്യാമറയും. പന്തളം ടി.ബി.യിലാണ് ഞങ്ങള്‍ എത്തിയത്. പിറ്റേന്ന് ചാമക്കാവില്‍ രാജന്‍ പി.ദേവ്, കവിയൂര്‍ പൊന്നമ്മ, കുഞ്ഞുണ്ണിമാഷ്, സൂര്യ എന്നിവരുള്‍പ്പെടുന്ന സീനുകളുടെ ഷൂട്ടിംഗ് ആണ്. ഞാന്‍ പടമെടുത്തു തുടങ്ങി. പക്ഷേ, അങ്ങനെ നാലാം ദിവസമാണ് ഞാനറിയുന്നത് ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെന്ന്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഈ പടത്തിന്റെ പേര് ‘അമ്മാനംകിളി’ എന്നായിരുന്നു. കൊക്കണാംപാണ്ടി എന്ന ഒരു പക്ഷി വില്‍പനക്കാരന്റെ റോളായിരുന്നു എനിക്ക്. പക്ഷേ, നിര്‍ഭാഗ്യമെന്നുപറയട്ടെ ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നെ നിരവധി പടങ്ങളില്‍ അഭിനയിച്ചു. നാടോടിക്കാറ്റിലെ ബേഡ് വാച്ചറെയൊക്കെപ്പോലെ കുറെ ശ്രദ്ധേയവേഷങ്ങള്‍. ഞാനൊരു ഫോട്ടോഗ്രാഫറാണ് എന്നതിനേക്കാള്‍ കൂടുതല്‍ നടനാണ് എന്നറിയുന്നവരാണ് ഏറെയെന്നു തോന്നുന്നു.

തടിയും കുടിയും

ചെറുപ്പംമുതല്‍ എന്റെ ഐഡന്റിറ്റിയാണ് ഈ തടി. എന്നെ പലരും ശ്രദ്ധിച്ചിരുന്നതും ഈ തടി കാരണം തന്നെ. ഇപ്പോഴാണ് ഞാന്‍ ഭക്ഷണ കാര്യത്തില്‍ കുറച്ചെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നത്. രാവിലെ നാലോ അഞ്ചോ മുട്ട പുഴുങ്ങിയത്, പതിനൊന്നു മണിക്ക് പഴങ്കഞ്ഞി, ഉച്ചയ്ക്ക് പന്നിയിറച്ചിയും മത്സ്യവും കൂട്ടി ഊണ്. വൈകുന്നേരം ഒരു ഫുള്‍ എന്നതായിരുന്നു മുമ്പുകാലത്തെ മെനു. മദ്യം ഒരു ചീത്ത സാധനമൊന്നുമല്ല, പക്ഷേ സ്വന്തം കപ്പാസിറ്റിയനുസരിച്ചേ കഴിക്കാവൂ. ഞാനിന്നേവരെ കുടിച്ചു വീണിട്ടില്ല. ഞാന്‍ മദ്യത്തിന്റെ കൂടെ നന്നായി ഭക്ഷണം കഴിക്കും. ഈ അറുപത്തൊന്‍പതാം വയസ്സിലും എനിക്ക് അസുഖങ്ങള്‍ ഒന്നുമില്ല. കാലിന്റെ മുട്ടിന് ചെറിയ തേയ്മാനം വന്നു തുടങ്ങിയപ്പോഴാണ് ഫുള്ള് സ്‌മോളാക്കിയും, പന്നിയിറച്ചി ആഴ്ചയില്‍ മൂന്നു ദിവസമാക്കിയും കുറച്ചത്.

എന്റെ സുഹൃത്തുക്കളില്‍ ഏറിയ പങ്കും എനിക്ക് ലഭിച്ചത് സിനിമാ സൗഹൃദങ്ങളില്‍ നിന്നാണ്. അതില്‍ അരവിന്ദേട്ടന്‍, പത്മരാജന്‍, ജോണ്‍, ഗോപിയാശാന്‍ എന്നിങ്ങനെ പ്രഗല്‍ഭരായവരും അല്ലാത്തവരും എല്ലാം ഉണ്ട്. മലയാള സിനിമയില്‍ 170-ഓളം ചിത്രങ്ങള്‍ക്ക് ഞാനിതുവരെ വര്‍ക്ക്‌ചെയ്തു. നീണ്ട 45 വര്‍ഷമായി ഫോട്ടോ എടുത്തുകൊണ്ടേയിരിക്കുന്നു. എന്റെ സുഹൃത്തുക്കളും, കള്ളും, ക്യാമറക്കണ്ണിലൂടെ ഞാന്‍ ഒപ്പിയെടുക്കുന്ന ജീവിത ചിത്രങ്ങളുമില്ലെങ്കില്‍ ബാലകൃഷ്ണനില്ല. അവയാണ് എനിക്കെല്ലാം.

By ഫോട്ടോ: പ്രജിത്ത് തിരുമല

Publisehd on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ Volume 7 Issue 2