എന്നെന്നും ചാരുഹാസം

ചാരുഹാസന്റെ കണ്ണുകളില്‍ ‘തബര’ യുടെ നൊമ്പരമുണ്ട്; കൃഷ്ണപ്പ നരസിംഹ ശാസ്ത്രിയുടെ ആഴവും. അടുത്തിടെ നടന്ന ഒരു ശസ്ത്രക്രിയയുടെതായ അവശതകളില്‍ നിന്ന് പതിയെ മോചിതനായി വരുകയാണ് ഹാസന്‍ കുടുംബത്തിന്റെ കാരണവര്‍. ഗിരീഷ് കാസറവള്ളിയുടെ ‘തബരാന കഥ’യിലെ ‘തബര’യ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതോടെ ചാരുഹാസന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരിലൊരാളായിട്ടാണ് കരുതപ്പെടുന്നത്. മലയാളത്തിലും, തമിഴിലും തെലുങ്കിലും കന്നടയിലും കഴിഞ്ഞ 30 വര്‍ഷമായി ചാരുഹാസന്റെ സാന്നിധ്യം സജീവം. ജോ ഈശ്വര്‍ സംവിധാനം ചെയ്ത ‘കുന്താപ്പുര’ എന്ന ബഹുഭാഷാ ചിത്രത്തിലെ കൃഷ്ണപ്പ നരസിംഹ ശാസ്ത്രിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മുന്‍പിലേയ്ക്ക് ഒരിക്കല്‍ കൂടി എത്തുകയാണ് ചാരുഹാസന്‍.

‘കുന്താപ്പുര’യിലെ നായകന്‍ ബിയോണ്‍ ആണ് സില്‍വര്‍ലൈന്‍ മാഗസിനു വേണ്ടി മദ്രാസില്‍ ചാരുഹാസന്റെ വസതിയില്‍ വച്ച് ഈ മഹാനടനുമായി അഭിമുഖം നടത്തിയത്. അഞ്ചാം വയസ്സില്‍ ഒരു വടക്കന്‍ വീരഗാഥയിലൂടെ സിനിമയിലെത്തി നാല്‍പ്പത്തിനാലോളം സിനിമകളിലൂടെ കഴിവുതെളിയിച്ച ബിയോണിന്റെ സിനിമാ ജീവിതത്തിന്റെ 25-ാം വര്‍ഷമാണിത്. ചോദ്യകര്‍ത്താവായി ബിയോണ്‍ എതിരെ ഇരുന്നപ്പോള്‍ ചാരുഹാസന്‍ പറഞ്ഞു ”ആദ്യമായിട്ടാണൊരു സിനിമാതാരം തന്നെ എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത്.”

ബിയോണ്‍ : വലിയ ഒരു ഭാഗ്യമായിട്ടാണ് ഞാനീ അഭിമുഖത്തെ കാണുന്നത്. പല തരത്തിലുള്ള വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനൊരു പത്രപ്രവര്‍ത്തകന്റെ വേഷമണിയുന്നത്. അതിന്റെ ഒരു ടെന്‍ഷനുമുണ്ട്.
(ബിയോണിന്റെ ചെറുപരിഭ്രമം ചാരുഹാസനില്‍ ചിരിയുണര്‍ത്തുന്നു).
ചാരുഹാസന്‍: അതു കുഴപ്പമില്ല ബിയോണ്‍, നമ്മളെല്ലാം തുല്യരാണ്.

ചാരുഹാസന്‍, ചന്ദ്രഹാസന്‍, കമലഹാസന്‍, ഈ ‘ഹാസന്‍’ പേരിനെപ്പറ്റി ഒരുപാട് കഥകളുണ്ട്. എന്താണ് സത്യം?

ഹാസന്‍ എന്ന രണ്ടാം പേര് ഞങ്ങള്‍ക്ക് വന്നത് ഒരു ചരിത്രമാണ്. എന്റെ അച്ഛന്‍ പരമക്കുടിയിലെ ഒരറിയപ്പെടുന്ന വക്കീലും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അക്കാലത്ത് മിക്കവാറും സ്വാതന്ത്ര്യ സമരസേനാനികളെല്ലാവരും തന്നെ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ജയില്‍വാസം അനുഷ്ഠിച്ചവരാണ്. അത്തരത്തിലൊരു ജയില്‍വാസകാലത്ത് അച്ഛനെ പരിചരിച്ചത് ഒരു ‘യാക്കൂബ് ഹാസനാണ്. ആ സുഹൃത്തിന്റെ പേര് അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഞങ്ങള്‍ക്കിട്ടു. ഈ മൂന്നു ഹാസന്‍മാരല്ല, വേറെയും ഹാസന്‍മാര്‍ കുടുംബത്തിലുണ്ട്, അനുഹാസന്‍, ശ്രുതിഹാസന്‍, അക്ഷരാഹാസന്‍, സുഹാസിനി…

ഒരു മലയാളിക്കു താങ്കള്‍ മലയാളിയും, തമിഴനു താങ്കള്‍ തമിഴനും, കന്നടക്കാരന് താങ്കള്‍ കന്നടക്കാരനുമാണ്. യഥാര്‍ത്ഥത്തില്‍ ആരാണു ചാരുഹാസന്‍?

താന്താങ്ങളുടെ ഭാഷക്കാരനാണ് ചാരുഹാസനെന്ന് ജനം വിചാരിക്കുന്നത് നല്ലതല്ലെ? ജനങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള വേഷങ്ങള്‍ ഒരു നടനു കിട്ടുമ്പോഴാണ് അവരിലൊരാളായി അയാളെ അവര്‍ കാണുന്നത്. ഒരു നടനെന്ന നിലയ്ക്ക് എനിക്കേറെ പോപ്പുലാരിറ്റി തന്നത് കന്നടപ്പടങ്ങളാണ്, ഒപ്പം പുരസ്‌കാരങ്ങളും.

ആരാണ് അങ്ങയുടെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി?

അച്ഛന്‍. ചെറിയ സ്വാധീനമൊന്നുമല്ല. വലിയ രീതിയില്‍ തന്നെ. ആ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലെ വ്യക്തിസ്വാധീനമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. കാമരാജും രാജാജിയുമൊക്കെയായി അച്ഛന് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് സിനിമയോട് വളരെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് രണ്ട് മക്കളേയും കൊച്ചുമക്കളേയും അഭിനേതാക്കളായി മാറ്റിയത്. കമല്‍ തന്റെ പഠിപ്പു നിര്‍ത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു ”എന്തുകൊണ്ടാണ് കമലിന്റെ പഠിപ്പു നിര്‍ത്താന്‍ അച്ഛന്‍

സമ്മതം മൂളിയത്? നമ്മുടെ കുടുംബത്തില്‍ ഐ എ എസ് പാസ്സാകാന്‍ സ്‌കില്‍ ഉള്ള ഏക വ്യക്തി അവനാണ്? അച്ഛന്റെ മറുപടി ലളിതമായിരുന്നു. ഐ എ എസ് പാസായി, ഏതെങ്കിലും ജില്ലയില്‍ പോയി ഒളിച്ചിരിക്കാന്‍ വിധിക്കപ്പെട്ടവനല്ല അവന്‍. അവന്‍ ലോകമറിയുന്ന ഒരു നടനാകേണ്ടവനാണ്.

തിരിഞ്ഞു നോക്കുമ്പോള്‍ സത്യമാണത്. സ്വന്തം സഹോദരനായിട്ടു പറയുകയല്ല, ലോകസിനിമയ്ക്ക് തന്നെ ഒരു മുതല്‍ക്കൂട്ടാണ് കമല്‍. ഓരോ ദിവസവും, ഓരോ മണിക്കൂറും, സെക്കന്‍ഡും സിനിമയെപ്പറ്റി മാത്രം ചിന്തിക്കുന്ന ഒരാള്‍.

സഹോദരന്‍ എന്ന നിലയിലല്ലാതെ ഒരു വിമര്‍ശകന്‍ എന്ന രീതിയില്‍ താങ്കള്‍ കമല്‍ സാറിന്റെ അഭിനയത്തെ എങ്ങനെ കാണും?

കമല്‍ ഒരു വ്യത്യസ്തനായ അഭിനേതാവാണ്. കമലിനെ സംബന്ധിച്ചിടത്തോളം സിനിമ തൊഴിലു മാത്രമല്ല, മറിച്ച് ജീവിതമാണ്. ഒപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരനുമാണ്. ചാരിറ്റിക്കു വേണ്ടിയുള്ളവ അല്ലാതെ കമലിനെ വച്ച് എന്തെങ്കിലുമൊരു പരസ്യചിത്രം ബിയോണ്‍ കണ്ടിട്ടുണ്ടോ? സഹോദരന്‍ എന്ന രീതിയില്‍ സ്‌നേഹവും, അഭിനേതാവ് എന്ന നിലയില്‍ ചിലപ്പോള്‍ അത്ഭുതവുമാണ് എനിക്ക് കമല്‍ സമ്മാനിക്കുന്നത്.

 

വ്യക്തിപരമായി ഏതു തരത്തിലുള്ള സിനിമകളാണ് സാറിനിഷ്ടം?

എല്ലാത്തരം സിനിമകളും എനിക്കിഷ്ടമാണ്. ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍ കാണാന്‍ ഒരു സുഖമുണ്ട്. ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സിന്‍ മഖ്മാല്‍ബഫിന്റെ സിനിമകള്‍ സത്യത്തില്‍ ജീവിതത്തിന്റെ പ്രതിഫലനമാണ്. അതുപോലെ തന്നെ മജീദ് മജീദിയും. ഞാന്‍ ഒരു ‘സ്റ്റാര്‍ മെറ്റീരിയല്‍’ അല്ലാത്തതുകൊണ്ട് റിയലിസ്റ്റിക്കായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും, കാണാനും ഇഷ്ടമാണ്.

ഒരുപാട് രാഷ്ട്രീയക്കാരുമായി താങ്കള്‍ക്ക് ബന്ധമുണ്ട്. എന്താണ് ചാരുഹാസന്റെ രാഷ്ട്രീയ നിലപാട്?

ചെറുപ്പത്തില്‍ ഒരു ഇടതുപക്ഷ ചായ്‌വ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു നിലപാടില്ല. എനിക്കെല്ലാവരോടും ബഹുമാനമുണ്ട്, സ്‌നേഹമുണ്ട്.
ചാരുഹാസന്റെ സ്വകാര്യജീവിതത്തെപ്പറ്റി മലയാളികള്‍ക്ക് അറിയില്ല, സുഹാസിനിയുടെ അച്ഛനാണ്, നടനാണ് എന്നെല്ലാം ഒഴികെ. താങ്കളുടെ കുടുംബത്തെപ്പറ്റി.
ഭാര്യ കോമളം, മൂന്നു പെണ്‍മക്കള്‍. വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ ഒരു വക്കീലായിരുന്നു. എന്നിലെ റൗഡി എലമെന്റ് മാറ്റിയത് ഭാര്യ കോമളമായിരുന്നു. എന്റെ മക്കളെപ്പോലെ തന്നെ അനുജന്‍ കമലിനെയും ചെറുപ്പത്തില്‍ വളര്‍ത്തിയത് അവളാണ്. സുഹാസിനി വിവാഹം കഴിച്ചിരിക്കുന്നത് നിങ്ങള്‍ക്കെല്ലാം പരിചിതനായ സംവിധായകന്‍ മണിരത്‌നത്തെയാണ്. അവള്‍ക്കൊരു മകന്‍, നന്ദന്‍ മണിരത്‌നം. വിദേശത്ത് പഠിക്കുകയാണവന്‍.

സാര്‍ എങ്ങനെയാണ് സിനിമയിലെത്തിയത്?

വര്‍ഷങ്ങള്‍ക്കു മുമ്പ് മഹേന്ദ്രന്‍ എന്ന സംവിധായകന്‍ എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: എനിക്കഭിനയിക്കാന്‍ അറിയില്ലാ എന്ന്. അദ്ദേഹം പറഞ്ഞു, അഭിനയിക്കാന്‍ അറിയില്ലാത്ത ഒരാളെയാണ് എനിക്കാവശ്യം. അങ്ങനെയാണ് തുടക്കം.
തബരാന കഥെ മുതല്‍ കുന്താപുര വരെയുള്ള ചാരുഹാസന്‍ എന്ന നടന്റെ സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍

നൂറുശതമാനവും അഭിനയജീവിതം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എത്രയോ സിനിമകള്‍, എത്രയോ വേഷങ്ങള്‍… എല്ലാം ആസ്വദിച്ചു തന്നെ ചെയ്തു. ഇപ്പോഴും ഞാന്‍ സിനിമ ആസ്വദിക്കുന്നു. ഒരു നടനെന്ന രീതിയില്‍ എന്നും ഒരു ‘ഡയറക്‌ടേഴ്‌സ് ആക്റ്ററാണ്’ ഞാന്‍. കാരണം സിനിമയെക്കാളും വലുതാണ് അതിന്റെ സംവിധായകന്‍. എപ്പോഴെങ്കിലും സംവിധായകനെക്കാളും കൂടുതല്‍ എനിക്കറിയാം എന്ന തോന്നല്‍ വന്നാല്‍, പിന്നെ എന്നിലെ നടന്‍ വളരില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞാന്‍ ആ പോളിസിയിലൂടെ മുന്നോട്ടു പോകുന്നു.

ചാരുഹാസന്‍ എന്ന പേര് കേള്‍ക്കുമ്പോഴേ ‘തബരാനെ കഥെ’ എന്ന സിനിമയാണ് മനസ്സില്‍ വരുന്നത്. ‘തബരാന കഥെ’ യിലെത്തിയ കഥ പറയാമോ?

ഞാന്‍ നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ചിലതിലൊക്കെ മധു അമ്പാട്ട് ആയിരുന്നു ക്യാമറാമാന്‍. ഒരു പക്ഷെ മധുവിന്റെ ശുപാര്‍ശയായിരുന്നിരിക്കണം. ഗിരീഷ് കാസറവള്ളിയെ പോലൊരു സംവിധായകനെക്കൊണ്ട് എന്നെ വച്ച് സിനിമയെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം. എന്നെ സംബന്ധിച്ചിടത്തോളം തബരാന കഥെയുടെ വിജയവും പുരസ്‌കാരങ്ങളുമൊക്കെ ആദ്യം മനസ്സില്‍ നന്ദിയോടെയുള്ള സ്മരണയായെത്തിക്കുന്ന പേര് മധു അമ്പാട്ടിന്റേതാണ്.

‘തബരാന കഥെ’ സിനിമയാക്കാനുള്ള അന്തിമ തീരുമാനമായപ്പോഴേക്കും അതിന്റെ സംവിധായകന്‍ ഗിരീഷ് കാസറവള്ളിയുമായി നല്ല സൗഹൃദത്തിലായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ഇംഗ്ലണ്ടില്‍പോയി ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ സംബന്ധിച്ചു, നിരവധി സിനിമകള്‍ കണ്ടു. ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ലേണിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു. എന്റെ പകുതി പ്രായത്തില്‍ എന്നേക്കാളും മൂന്നിരിട്ടി അറിവു നേടിയ സംവിധായകന്‍. ഗിരീഷിനെക്കുറിച്ച് അതില്‍ കൂടുതല്‍ എന്തു പറയണം? തബരാന

കഥെയുടെ നിര്‍മാണവും വ്യത്യസ്തമായിരുമലയാളികളോട് താങ്കള്‍ എന്തുപറയാന്‍ ആഗ്രഹിക്കുന്നു?

കേരളത്തിലെ പ്രേക്ഷകര്‍ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ട സിനിമകളെ സ്‌നേഹിക്കുന്നു. ഭാഗ്യവശാല്‍ അത്തരത്തിലുള്ള ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കവസരമുണ്ടായി. എന്നെപ്പോലൊരു നടനെ കേരളീയര്‍ സ്വീകരിച്ചതില്‍ സന്തോഷം. ഒപ്പം നന്ദിയും. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിച്ചു കഴിഞ്ഞതേയുള്ളൂ. ലോകത്തെവിടെയാണെങ്കിലും, ഓണനാളില്‍ എങ്ങനെയെങ്കിലും ഒരു ഇലയില്‍ സദ്യയുണ്ണാന്‍ അവന്‍ ശ്രമിക്കും. കാരണം അവന്റെ ജീവിതത്തിന്റെ ഭാഗമാണത്. എല്ലാ വര്‍ഷവും ഓണനാളില്‍ എന്റെ വീടിനടുത്തുള്ള ഒരു മലയാളി ഹോട്ടലില്‍ അവരുടെ ക്ഷണം സ്വീകരിച്ച് പോകാറുണ്ട്. ഇത്തവണയും പോയിരുന്നു. ലോകത്തെവിടെയായിരുന്നാലും സ്വന്തം നാടിനെ മറക്കാത്ത മലയാളികള്‍ക്കെല്ലാം എന്റെ സ്‌നേഹം.

നായകന്‍ ബിയോണ്‍ ആണ് സില്‍വര്‍ലൈന്‍ മാഗസിനു വേണ്ടി മദ്രാസില്‍ ചാരുഹാസന്റെ വസതിയില്‍ വച്ച് ഈ മഹാനടനുമായി അഭിമുഖം നടത്തിയത്.

by

രാഘവൻ സിറിൾ രാധ് എൻ. ആർ

Published on സില്‍വര്‍ലൈന്‍ മെയ്-ജൂൺ  2012