കത്തിയ പച്ചമരങ്ങള്‍ വീണ്ടും തളിര്‍ത്തപ്പോള്‍

ഓരോ ദിവസവും നമ്മെ ജീവിതം ചിലതു പഠിപ്പിക്കുന്നുണ്ട്. എന്താവണം എങ്ങിനെയാവണം എന്തെല്ലാം നേടണം അങ്ങിനെ പലതും. എന്നാല്‍ ജീവിതം തരുന്ന ഉള്‍വിളികള്‍ക്ക് കാതോര്‍ത്ത് ആ പാഠങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതം ശിഥിലമാകുന്ന അവസ്ഥകള്‍പോലും തരണം ചെയ്യാം. പക്ഷേ അതിന് ഒരു കാര്യംകൂടി നാം അറിയേണ്ടതുണ്ട്. സ്വന്തം കഴിവ് തിരിച്ചറിയണം, അതിനെ പോഷിപ്പിക്കണം. മനുഷ്യജീവിതത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ നേരിടേണ്ടിവരുന്നവയാണ് പ്രശ്‌നങ്ങള്‍. അവ പലര്‍ക്കും പല രൂപത്തിലായിരിക്കും എന്നു മാത്രം. അങ്ങനെ നരകവാരിധിയില്‍നിന്നും നീന്തി കരപറ്റിയ ചിലരുണ്ട് ഉത്തമോദാഹരണങ്ങളായി, മനസ്സലിയിക്കുന്ന ജീവിതാനുഭവങ്ങളുടെ കയ്പുനീര്‍ കുടിച്ചവര്‍ കവി പവിത്രന്‍ തീക്കുനിയെപ്പോലെ….

ഒരുനാളില്‍ മലയാള കവിതാലോകത്ത് പെട്ടെന്നു കറുത്ത മഷിയില്‍ പതിഞ്ഞ പേരല്ല പവിത്രന്‍ തീക്കുനി എന്ന കവിയുടേത്. അനുഭവങ്ങളുടെ ഉലയില്‍ ഉരുകിത്തിളച്ചാണ് പവിത്രനെന്ന കവി ജനിച്ചത്. പവിത്രന്റെ ജീവിതത്തെ അടുത്തുകാണുമ്പോള്‍ കാണാനാകും അതിന്റെ വരികള്‍ക്കപ്പുറത്തെ ആഴവും പവിത്രതയും.

ഒരുനാളില്‍ മലയാള കവിതാലോകത്ത് പെട്ടെന്നു കറുത്ത മഷിയില്‍ പതിഞ്ഞ പേരല്ല പവിത്രന്‍ തീക്കുനി എന്ന കവിയുടേത്. അനുഭവങ്ങളുടെ ഉലയില്‍ ഉരുകിത്തിളച്ചാണ് പവിത്രനെന്ന കവി ജനിച്ചത്. പവിത്രന്റെ ജീവിതത്തെ അടുത്തുകാണുമ്പോള്‍ കാണാനാകും അതിന്റെ വരികള്‍ക്കപ്പുറത്തെ ആഴവും പവിത്രതയും.

മുറിവുകളുടെ വസന്തം

ജീവിതം കത്തിത്തുടങ്ങിയ ഘട്ടത്തിലാണ് പവിത്രന്‍ തീക്കുനി എഴുത്തിലേക്കുവരുന്നത്. പവിത്രന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘തിക്താനുഭവങ്ങള്‍ നിറഞ്ഞ ശപിക്കപ്പെട്ട ബാല്യ കാലത്തിനൊടുവില്‍’. അച്ഛനുമമ്മയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പവിത്രന്‍ അനാഥ നായിത്തീര്‍ന്നു. പവിത്രനെ ഒന്‍പതു വയസ്സുവരെ അമ്മ വളര്‍ത്തി. അച്ഛന്‍ എന്നയാള്‍ ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേ ഇല്ലായിരുന്നു. ‘തെരുവിലലയുന്ന ഭ്രാന്തിന്റെ മടുപ്പിക്കുന്ന സങ്കടകരമായ ഓര്‍മ്മയാണ് അച്ഛന്‍’. അമ്മയുടെ വഴിവിട്ട ജീവിതത്തില്‍ പ്രതിഷേധിച്ച് ഒന്‍പതാം വയസ്സില്‍ പവിത്രന്‍ തന്റെ ഗ്രാമമായ തീക്കുനിയില്‍നിന്നും നാടുവിട്ടു കണ്ണൂരിലേക്ക്. ഒന്‍പതു വയസ്സുള്ള ആ നാലാം ക്ലാസ്സുകാരനില്‍ അന്നൊരു നിഷേധി ജനിച്ചിരുന്നുവെന്ന് പവിത്രന്‍!

പച്ച അയല കടിച്ചുതിന്നുന്നതാണ് അച്ഛനെക്കുറിച്ച് എനിക്കുള്ള ഓര്‍മ്മ എന്ന് ഒരിക്കല്‍ പവിത്രന്‍ തീക്കുനി എഴുതിയിട്ടുണ്ട്. തന്റെ അനാഥത്വം എന്നും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. കാരണം അദ്ദേഹത്തിന്റെ അച്ഛനുമമ്മയും ഇന്നും ജീവിച്ചിരിക്കുന്നു.

നാടുവിട്ട പവിത്രന്‍ കണ്ണൂരിലെ ഒരു ഹോട്ടലില്‍ പണിക്കാരനായി രണ്ടു വര്‍ഷം. പിന്നെ തിരികെവന്നു പഠനം തുടര്‍ന്നു. എഴുത്തുകാരനാവും മുന്‍പ് കല്ലേറുകൊണ്ട് പരിഹസിക്കപ്പെട്ടൊരു കഥാപാത്രമായിരുന്നു പവിത്രന്‍; തെരുവിലലയുന്ന ഭ്രാന്തന്റെ മകന്‍. നാടുവിട്ട് തിരികെവന്ന് പഠനം തുടങ്ങിയ പവിത്രന്‍ ഏഴാം ക്ലാസ്സ് മുതല്‍ മീന്‍ വില്‍പനക്കാരനായി. പവിത്രന്‍ കൊട്ടക്കണക്കിന് ഉപ്പിലയും തേക്കിലയും മീന്‍ പൊതിയാന്‍ മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ അവര്‍ 50 പൈസ കൊടുത്തു. കൂടെ അല്പം മീനും. ലോകത്തിലെ ഏറ്റവും നല്ല മനുഷ്യര്‍ എന്നത് പവിത്രനെ സംബന്ധിച്ചിടത്തോളം ചന്തയിലെ മീന്‍കാരായിരുന്നു. സ്‌കൂളില്‍ പോകാന്‍ അവര്‍ പണം കൊടുത്തു. ഉടുക്കാന്‍ വസ്ത്രം വാങ്ങി നല്‍കി. മീന്‍ വില്പനക്കാര്‍ പവിത്രന്റെ ലോകത്ത് ദൈവതുല്യരായ കാലം.

10-ാം ക്ലാസ്സുവരെ ഹോട്ടലിലെ പണിക്കാരനായിരുന്നു പവിത്രന്‍. പഠനത്തിന്റെ ഇടവേളകളില്‍ പവിത്രന്‍ അവിടെ തൊഴിലാളിയായി. വട്ടോലിയിലെ ആ ഹോട്ടലില്‍ തന്നെയായിരുന്നു താമസവും. അക്കാലത്ത് പവിത്രന്‍ രണ്ട് പണികള്‍ പഠിച്ചെടുത്തു. ബാര്‍ബര്‍ പണിയും കല്ലുവെട്ടും. പിന്നെ മൊകേരി ഗവ. കോളേജില്‍ പി.ഡി.സി.ക്കുചേര്‍ന്നു. അന്നും പവിത്രന്‍ തലചായ്ക്കാനിടമില്ലാത്ത വിദ്യാര്‍ത്ഥിയും തൊഴിലാളിയുമായിരുന്നു. അന്നൊക്കെ കവിതയെഴുത്തിനെ കണ്ടിരുന്നത് ഒരാശ്വാസമായിട്ടാണ്. ബി.എ.യ്ക്ക് മാഹി ഗവ. കോളേജില്‍ എത്തിയ പവിത്രനെ കാത്തിരുന്നത് സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള നല്ല അദ്ധ്യാപകരാണ്. വത്സലന്‍ പാദുശ്ശേരി, കെ.പി. മോഹനന്‍, എസ്.എസ്. ശ്രീകുമാര്‍ എന്നിവര്‍. അവര്‍ പവിത്രന് അന്നവും പുസ്തകവും നല്‍കി- ഏതാണ്ടതേ കാലയളവിലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ആദ്യ കവിത അടിച്ചുവരുന്നത്. ‘റോസാപ്പൂവും മെഴുകുതിരിയും’. ബി.എ. പൂര്‍ത്തിയാക്കാനാവാതെ പിന്നെയും പവിത്രന്റെ മേല്‍ വിധിയുടെ വിളയാട്ടം തുടങ്ങി. പ്രായം തികഞ്ഞ പെങ്ങളായിരുന്നു അന്ന് തടസ്സം. അവള്‍ പ്രണയിച്ച യുവാവിനെത്തന്നെ അവള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കേണ്ടിവന്നു അന്ന് പവിത്രന്. പിന്നീട് തീക്കുനി വിട്ടു, പിന്നെ മീന്‍കാരന്റെ വേഷത്തിലായി ജീവിതം. നാട്ടിലെ കുണ്ടനിടവഴികളില്‍ തെരുവിന്റെ വിശാലതകളില്‍ തെങ്ങിന്‍കള്ള് മണക്കുന്ന, നാടന്‍ പാട്ടു പൂക്കുന്ന വഴികളില്‍ പവിത്രന്‍ എന്ന കവിയായ മീന്‍കാരന്‍ കച്ചവടത്തിനു സൈക്കിളും ബക്കറ്റുമായി ഇറങ്ങി. പക്ഷേ അരാജകത്വവും പട്ടിണിയും വിട്ടൊഴിഞ്ഞില്ല.

വീട്ടിലേക്കുള്ള വഴികള്‍

ഇരുപത്തിനാലാം വയസ്സില്‍ വിവാഹിതനായ പവിത്രന്റെ ജീവിതം ഏറെക്കാലം നാടോടിയുടേതിനു സമമായി. കേരളത്തിന്റെ മുക്കിലും മൂലയിലും താമസിച്ചു. ഭാര്യ ശാന്ത ദുരിതപര്‍വ്വതത്തിലും പവിത്രനു കൂട്ടായി. ഒരു മകളും മകനുംകൂടി പിറന്നതോടെ അരക്ഷിതാവസ്ഥ എന്നത് നിത്യസംഭവമായി. പിടിച്ചുനില്‍പ്പിനൊടുവിലൊരു തിരുവോണദിവസം പവിത്രന്‍ കുടുംബത്തോടൊപ്പം മരണത്തിന്റെ റെയില്‍വേ ട്രാക്കിലെത്തി. കുട്ടികളെ അരികിലുറക്കി കിടത്തി പവിത്രനും ശാന്തയും മരണത്തെ പുല്‍കാന്‍ കാത്തിരിക്കേ മകന്‍ തൊണ്ട നനയ്ക്കാന്‍ വെള്ളം ചോദിച്ചു. പവിത്രനിലെ പിതാവുണര്‍ന്നു, പിടഞ്ഞ ഹൃദയത്തോടെ ഭാര്യയെയും മക്കളെയും പാളത്തില്‍നിന്നും എഴുന്നേല്പിച്ചു. ഉറക്കെ കൂവിക്കൊണ്ട് തീവണ്ടി പാഞ്ഞുപോയി. അന്ന് അതുവരെ വിറ്റുപോകാതിരുന്ന ആദ്യപുസ്തകം ‘മുറിവുകളുടെ വസന്തം’ ഏതോ ഒരു സുഹൃത്ത് വാങ്ങി, 50 രൂപ നല്‍കി. പിന്നെ ഭാര്യയെയും മക്കളെയും കൂട്ടി പവിത്രന്‍ ചെങ്ങന്നൂര്‍ക്ക് പോന്നു. പട്ടിണിയും കുത്തഴിഞ്ഞുപോയ ജീവിതവും കവിയെ ഏറെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. ഏറെ കയ്പുനീര്‍ കുടിച്ച കവിക്ക് ഇരുട്ടില്‍ ആശ്വാസമായി ‘കത്തുന്ന പച്ചമരങ്ങള്‍ക്കിടയിലൂടെ’ എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2005-ല്‍ ലഭിച്ചു. പവിത്രന്‍ തീക്കുനി എന്ന കവിയെ അതോടെ ലോകമറിഞ്ഞുതുടങ്ങി. അന്നും വടകരയ്ക്കടുത്ത ആയഞ്ചേരിയിലെ ചന്തയില്‍ മീന്‍ വില്പനക്കാരനായിരുന്നു കവി.

ജീവിത പരിസരമാണ് കവിതയുടെ ഊര്‍ജം

ഒരിക്കല്‍ പവിത്രനൊരു എഴുത്തുകിട്ടി. കവി സച്ചിദാനന്ദന്റെ കത്ത്. ജീവിതവുമായി ബന്ധപ്പെട്ടതൊന്നും കവിതയ്ക്കന്യമല്ല എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ആ ഉപദേശം അന്വര്‍ത്ഥമാക്കുന്നവിധമാണ് പവിത്രന്റെ കവിതകള്‍. ജീവിത കഷ്ടപ്പാടുകളും പകയും വിദ്വേഷവും തൊഴില്‍രാഹിത്യവുമെല്ലാം നമ്മുടെ ആധുനിക കവികള്‍ ഒട്ടൊക്കെ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പവിത്രന്റെ കവിത വ്യത്യസ്തമായൊരു അസ്തിത്വത്തിന്റെ വേറിട്ട മാതൃകയായി നില്‍ക്കുകയാണ്, കാരണം പലരും കാണാത്ത, കണ്ടാല്‍ത്തന്നെ കാണാത്തപോല്‍ നടിക്കുന്ന തെങ്ങിന്‍കള്ള് മണക്കുന്ന നാടന്‍പാട്ടു പൂക്കുന്ന വഴികളും, സങ്കടവും സന്തോഷവും ഒരേ സഞ്ചിയിലിട്ട്, ഉച്ചനേരത്തെത്തുന്ന തപാല്‍ക്കാരന്റെ സാധാരണ വഴികളിലൂടെ, തന്റെ സ്വന്തം ചുറ്റുപാടുകളിലൂടെയുമാണ് പവിത്രന്റെ സഞ്ചാരം. പക്ഷേ ഈ സഞ്ചാരിയെ ഏറെ വൈകിയാണ് പുറംലോകമറിഞ്ഞതെന്നു പറയുന്നതാവും ശരി. മാതൃഭൂമിയില്‍ കവിതകളയച്ച് പ്രസിദ്ധീകരിച്ചുവരാന്‍ 10 വര്‍ഷം കാത്തിരുന്നു കവി.

തന്റെ ജീവിതാനുഭവങ്ങള്‍ പവിത്രനെ എഴുതിച്ചു. ആ എഴുത്ത് വേദനകളില്‍ സംഹാരിയായി. കെട്ടിച്ചുവിട്ട പെങ്ങള്‍ വിവാഹവും പ്രണയവും തകര്‍ന്നു വീട്ടിലെത്തി കുഞ്ഞിനേയുമേന്തി. പിന്നെയും അവരെ വിവാഹം ചെയ്തയച്ചു കവി. ഈ ദുരിതങ്ങള്‍ക്കിടയില്‍ അച്ഛനെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചെങ്കിലും മനസ്സിന്റെ കണക്കുകള്‍ പിണഞ്ഞുപോയ അയാള്‍ വരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പെരിന്തല്‍മണ്ണയിലെ അനാഥാലയത്തില്‍ എത്തി ആ ഭ്രാന്തന്‍ ജന്മം. തെരുവിനേക്കാള്‍ നല്ലതല്ലേ തലചായ്ക്കാനിടം എന്ന ചിന്തയും നിസ്സഹായതയും അച്ഛന്‍ അനാഥനാണെന്ന് എഴുതി നല്‍കേണ്ട അവസ്ഥയുണ്ടാക്കി. ഏറെ അലച്ചിലിനൊടുവില്‍ കവി കുടുംബസമേതം മുന്‍പ് വടകരയ്ക്കടുത്ത ആയഞ്ചേരിയില്‍ സ്ഥിരവാസമുറപ്പിച്ചു. ടൗണില്‍നിന്നും പല വഴികളിലൂടെ വീട്ടിലെത്താവുന്ന വിധത്തിലൊരിടത്തൊരു വീടുവച്ചു. അങ്ങനെയിരിക്കെ വീടുവെക്കാന്‍ എടുത്ത ലോണ്‍ പെരുകി, ജപ്തിയുടെ ഭീഷണി വന്നു. പവിത്രന്‍ ജപ്തി എന്ന കവിത എഴുതി. കലാകൗമുദി അത് പ്രസിദ്ധപ്പെടുത്തി. ഫേസ്ബുക്ക് വഴി പലരും അറിഞ്ഞു സഹായിച്ചു. അങ്ങനെ വീട് തിരികെ കിട്ടി.

പണയങ്ങളും രാഷ്ട്രീയവും

എത്രപേരെ പ്രണയിച്ചിട്ടുണ്ട്? ഈയൊരു ചോദ്യം തീക്കുനിയോടു ചോദിച്ചാല്‍ അദ്ദേഹം പറയുന്നും; ഏകദേശം അറുപതോളം പേരെ എന്ന്. എഴുത്തുജീവിതത്തിലെ പവിത്രന്‍ തീക്കുനിയുടെ പ്രണയങ്ങള്‍ ചില കുറിപ്പിലൂടെ, ചില ഫോണ്‍വിളികളിലൂടെ സംഭവിക്കുന്നതാണ്. ആ പ്രണയങ്ങള്‍ എഴുതാന്‍ വേണ്ടി മാത്രമാണ്. ഒരു ഉല്‍പ്രേരകമാണ് ഇത്തരം പ്രണയങ്ങള്‍. അവ കാലാകാലമുള്ള പ്രണയങ്ങളുമല്ല. ചിലത് ദിവസങ്ങള്‍. ഏറിയാല്‍ ചിലത് 1-2 വര്‍ഷങ്ങള്‍. ”ഇതിനെ പ്രണയമെന്നു വിളിക്കാമോ എന്നറിയില്ല. പക്ഷേ ഞാന്‍ ഇതിനെ പ്രണയമെന്നു വിളിക്കുന്നു” എന്ന് കവി പവിത്രന്‍ തീക്കുനി. കുടുംബനാഥനായ പവിത്രന്‍ ഭാര്യ ശാന്തയെയാണ് പ്രണയിക്കുന്നത്. പണ്ട് മീന്‍വിറ്റ കാലത്തുമുണ്ടായിരുന്നു മീന്‍വഴിയിലെ പ്രണയം. ഒരു ഒന്‍പതാം ക്ലാസ്സുകാരി 18 വയസ്സുവരെ പവിത്രനുമായി പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ അവളോട് പിരിഞ്ഞുപോകാന്‍ കവി പറഞ്ഞു. പവിത്രന്റെ വീട്ടില്‍ സംസാരിച്ചിരിക്കുമ്പോള്‍ തന്റെ അവസാന പ്രണയവും പവിത്രന്‍ വെളിപ്പെടുത്തി. കഴിഞ്ഞ മാസം വരെ ഒരു യുവ തമിഴ് കവയിത്രിയുമായി പ്രണയത്തിലായിരുന്നു പവിത്രന്‍. ഒന്നര വര്‍ഷം നീണ്ടുനിന്നു ആ പ്രണയം. പവിത്രന്റെ പ്രണയത്തിനു പ്രായപരിധിയില്ല. 55 വയസ്സുള്ള ടീച്ചര്‍വരെ അതില്‍പെടുന്നു.

By സിറിള്‍ രാധ് എന്‍.ആര്‍

Published on സില്‍വര്‍ലൈന്‍ സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍ 2012 Volume 7 Issue 2