ചില തത്ത്വശാസ്ത്ര വിചാരങ്ങള്‍

ഒരുപാട് പണ്ടല്ല. ദേഹത്തുകൂടി കറണ്ടുകടത്തി ബള്‍ബ് കത്തിക്കുന്ന ഒരു മനുഷ്യനും ഒരു ശാസ്ത്രവിശ്വാസിയും തമ്മില്‍ വെല്ലുവിളി നടന്നു, കൊല്ലത്ത്. രണ്ടുപേരും മറ്റേ ആള്‍ പറയുന്നത് തെറ്റെന്നു പറഞ്ഞു. ഒടുവില്‍ ഒരു ഹാളെടുത്ത് അങ്കംകുറിച്ചു. ഹാള്‍ നിറഞ്ഞു. അവര്‍ വാദിക്കുകയും, പരീക്ഷിക്കുകയും ഫലത്തില്‍ ആരും ജയിക്കാതെയും ചര്‍ച്ച മുന്നോട്ടു നീങ്ങിയപ്പോള്‍ അക്ഷമനായി പുറത്തിറങ്ങിപ്പോയ ഒരു കൊല്ലംകാരന്‍ പറഞ്ഞു: ”അടി നടക്കും എന്നു കരുതി കയറിയതായിരുന്നു. അല്ലാതിപ്പം ബള്‍ബു കത്തിയാലും കത്തിയില്ലെങ്കിലും നമുക്കെന്ത്?”

അന്ധവിശ്വാസം, അനാചാരം എന്നൊക്കെ ഒറ്റ ശ്വാസത്തില്‍ പറയുമ്പോള്‍ അന്ധ വിശ്വാസം ഒരു അനാചാരം എന്ന രീതിയില്‍ത്തന്നെയാണ് കരുതപ്പെടുന്നത്. അന്ധവിശ്വാസം എതിര്‍ക്കപ്പെടേണ്ടതുതന്നെയെന്നുവരുന്നു. അങ്ങനെയാണോ? സച്ചിന്‍ തെണ്ടുല്‍ക്കര്‍ താന്‍ ഇടതുപാഡ് ആദ്യം കെട്ടുന്നതുകൊണ്ടാണ് സെഞ്ച്വറികള്‍ കിട്ടുന്നത് എന്നു വിചാരിച്ചാല്‍ പിന്നെ വലത് ആദ്യം പിടിച്ചുകെട്ടിക്കാന്‍ ധൃതിപ്പെടുന്നതെന്തിനാണ്? മറ്റുള്ളവന് യാതൊരു ദോഷവും ചെയ്യാതെ അവനവന് നല്ലതു വരുത്തുന്ന ഒരു വിശ്വാസം അന്ധമാകുന്നതുകൊണ്ട് കുഴപ്പമുണ്ടോ? കുറച്ചുപേര്‍ ഭൂമിക്കുചുറ്റും സൂര്യന്‍ കറങ്ങുന്നെന്നു കരുതിയാല്‍ അതുകൊണ്ട് ഭൂമിക്കോ സൂര്യനോ പ്രത്യേകിച്ച് കുഴപ്പമൊന്നും വരാനില്ലല്ലോ… ആ വിശ്വാസംകൊണ്ട് അവര്‍ക്കും പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലല്ലോ. പിന്നെ ആര്‍ക്കാണ് പ്രശ്‌നം?

അല്ലെങ്കില്‍ത്തന്നെ എന്താണ് ശരിയായ ശാസ്ത്രം? അതതുകാലത്തെ എത്രയോ ശാസ്ത്ര സത്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ അന്ധവിശ്വാസങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു. സത്യങ്ങള്‍ തന്നെ പലവിധം ലഭ്യമാകുമ്പോള്‍ ഏതു സത്യം തെരഞ്ഞെടുക്കണമെന്നതില്‍ എന്തു ശാസ്ത്രമാണ് പ്രയോഗിക്കുക? ഒരാള്‍ ഒരു സ്ഥാനം നോക്കിയെ വിളിച്ച് കിണറിനു സ്ഥാനംകണ്ടിട്ട് അവിടം കുഴിക്കുമ്പോള്‍ വെള്ളം കണ്ടാല്‍ അതിനു കുഴപ്പമുണ്ടോ? അതോ ശാസ്ത്രീയമായി പരിശോധിച്ച് കുഴിച്ചിട്ട് അഥവാ വെള്ളം കണ്ടില്ലെങ്കില്‍ അത് നികത്തി മറ്റൊന്നു കുഴിച്ച് ഒടുവില്‍ വെള്ളം കാണുന്നതുവരെ കുഴിയും നികത്തലും ആയിപ്പോകുന്നതാണോ ശരിയായ രീതി?

ശാസ്ത്രീയമായി മാത്രമേ കാര്യങ്ങള്‍ മനസ്സിലാക്കുകയും അപഗ്രഥിക്കുകയും ചെയ്യൂവെന്ന് ശഠിച്ചാല്‍ ഒരായുസ്സുകൊണ്ട് വീടും പറമ്പുമുള്‍പ്പെടുന്ന സ്ഥലത്തിന്റെയെങ്കിലും ശാസ്ത്രീയത പഠിച്ചെടുക്കാന്‍ പറ്റണമെന്നില്ല. ചുമ്മാതെ സെക്കന്റ് ഗ്രൂപ്പുമെടുത്ത് തവളയെയും കീറി നോക്കീട്ട് തേഡ് ഗ്രൂപ്പിലേക്ക് ചെയ്ഞ്ച് ചെയ്തുപോയവന്‍ കീറിയ തവളയുടെ കാര്യം ആലോചിക്കുക. ഏത് ശാസ്ത്രം നല്‍കും അതിനൊരു പുതുജീവന്‍? ആത്മാവിന് ശാന്തി? മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പാസ്സായിട്ട് ബാങ്ക് ടെസ്റ്റ് എഴുതി ജോലിയില്‍ കയറിയ ആളിന്റെ എഞ്ചിനീയറിംഗ്, പണ്ടം പണയംവയ്ക്കുന്നവന്‍ അറിയേണ്ട കാര്യമുണ്ടോ?

ആര്‍ക്കും കുതിര കയറാവുന്ന ഒന്നായി മാറിയിരിക്കുന്നു അന്ധവിശ്വാസങ്ങള്‍. അത് പവിത്രമായി അനുഷ്ഠിക്കുന്നവരെ ശാസ്ത്രം പറഞ്ഞ് പൊട്ടന്മാരാക്കേണ്ട കാര്യമുണ്ടോ? അധികം ശാസ്ത്രീയത അന്വേഷിക്കാതെ മറ്റുള്ളവന് സ്വപ്‌നേപി യാതൊരു ദ്രോഹവും ചെയ്യാതെ ജീവിക്കുന്നവന്റെ അല്പം അന്ധവിശ്വാസത്തെ കേറി മാന്തിപ്പൊളിക്കേണ്ടതുണ്ടോ?

ഒരു ശാസ്ത്രജ്ഞന്‍ സാമൂഹ്യശാസ്ത്രത്തില്‍ അജ്ഞനാകുന്നത് ഒരു കുറവായി അങ്ങനെ പറയാറില്ല. മറിച്ചായാല്‍ അത് പരിഹാസ്യതയായി. ശാസ്ത്രകാരന്റെ സാമൂഹ്യ അജ്ഞതകള്‍ പ്രതിഭാവിലാസങ്ങളായും, എന്തിനു പറയുന്നു. ശാസ്ത്ര പുസ്തകങ്ങളിലെ കഥകളായും വരെ മാറാറുണ്ട്. കുപ്പായമിടാന്‍ മറന്നുപോയതും തനിക്കു പകരം ഡ്രൈവറെ പ്രഭാഷണം നടത്താന്‍ കൊണ്ടുപോയതും ഒക്കെ. എങ്കില്‍പിന്നെ ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് അല്പം ശാസ്ത്രബോധം കുറഞ്ഞുപോയാല്‍ അത് പരിഹാസ്യമാകേണ്ടുന്ന കാര്യമുണ്ടോ? ശാസ്ത്രജ്ഞാനമില്ലായ്മ സാഹിത്യകാരന് ഒരുകുറവാകേണ്ടതുണ്ടോ?

കേരളത്തിലെ കാര്യമെടുത്താല്‍ ഇവിടുത്തെ മികച്ച ഒരന്ധവിശ്വാസം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്നതൊന്ന്, അപ്പനപ്പൂപ്പന്മാര്‍തൊട്ട് ഞങ്ങള്‍ ചിഹ്‌നം മാറിക്കുത്തിയിട്ടില്ലയെന്നുപറയുന്ന രാഷ്ട്രീയ അന്ധവിശ്വാസം തന്നെയാകും. കാറല്‍ മാര്‍ക്‌സ് കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിച്ചാല്‍ വോട്ടുചെയ്യാത്ത സി.പി.എം.കാരനും സോണിയാഗാന്ധി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മല്‍സരിച്ചാല്‍ വോട്ടുചെയ്യാത്ത മൂത്ത കോണ്‍ഗ്രസുകാരനും എത്ര വേണമെങ്കിലും കാണും. ഈ ചിഹ്‌നങ്ങള്‍ മാത്രമല്ലേ ചിലരുടെ രാഷ്ട്രീയം? നമ്മുടെ രാഷ്ട്രീയബോധം രൂപപ്പെടുത്തുന്നത് ഒരു പരിധിവരെ, ഒക്കത്തിരുന്നുപോയ ജാഥകളും മുലപ്പാല്‍കുടിച്ചുകൊണ്ടു പങ്കെടുത്ത സത്യാഗ്രഹപ്പന്തലുകളും, അച്ഛനോ അമ്മയോ പൊക്കിയുയര്‍ത്തി നേതാവിനിടീച്ചുകൊടുത്ത ഷാളും ലുങ്കിയും വീട്ടിലെ ഭിത്തിയില്‍ നിരത്തിവച്ച പടങ്ങളും ഒക്കെക്കൂടി രൂപപ്പെടുത്തുന്നതു തന്നല്ലേ? മൂലധനം വായിച്ച് മാര്‍ക്‌സിസ്റ്റായവര്‍ എത്രപേര്‍? ഗാന്ധിസത്തില്‍ ആകൃഷ്ടരായി കോണ്‍ഗ്രസുകാരായവര്‍ എത്രപേര്‍? അച്ഛനുമമ്മയും അതൊക്കെ ആയതിന്റെ പേരില്‍, ഒരു ജോലി വാങ്ങിച്ചുതന്നതിന്റെ പേരില്‍, സഹകരണ സംഘത്തില്‍ നിന്നും ഒരു ലോണ്‍ കിട്ടിയതിന്റെ പേരില്‍, ഒരു ട്രാന്‍സ്ഫര്‍ കിട്ടിയതിന്റെ പേരില്‍, ഒരവാര്‍ഡിനുവേണ്ടി, ഒരു അക്കാദമി അംഗത്വത്തിനുവേണ്ടി, ഒരു വൈസ് ചാന്‍സലര്‍ പദവിക്കുവേണ്ടി, ഒരു രാജ്യസഭാംഗത്വത്തിനുവേണ്ടി ഒക്കെയുള്ള രാഷ്ട്രീയ വിശ്വാസങ്ങള്‍ എല്ലാം ശാസ്ത്രീയമാണോ?

തൊണ്ടയില്‍ മീന്‍മുള്ള് തറച്ച ഒരു കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ സ്‌കാനിംഗും വിധിച്ച് ഓപ്പറേഷന്‍ റൂമും തയ്യാറായി, ഈയിടെ തലസ്ഥാനത്ത്. ഒരുവിധത്തില്‍ അവിടെനിന്നും മുങ്ങിയിട്ട് സര്‍വ്വപരാശക്തികളെയും ധ്യാനിച്ച് കണ്ണടച്ച് ഒരു ഉരുള ചോറ് വെട്ടിവിഴുങ്ങി മുള്ളിനെ കടത്തിവിട്ടിട്ട് ഒന്നു നേര്‍ന്നുപോയതിന്റെ പേരില്‍ ഒരു വെടിവഴിപാട് നടത്തിപ്പോയാല്‍ അത് അന്ധവിശ്വാസമാകുമോ? എല്ലാവര്‍ക്കും ദോഷംവരുത്തുന്ന ചില ശാസ്ത്രത്തേക്കാള്‍ കുറച്ചുപേര്‍ക്കെങ്കിലും ഉപകരിക്കുന്ന ചില അന്ധവിശ്വാസങ്ങള്‍കൊണ്ട് കുഴപ്പമുണ്ടോ?

നാട്ടുവൈദ്യന്മാരുടെ പല ചികിത്സാ രീതികളും ശാസ്ത്രീയമായി വിശദീകരിക്കാന്‍ പ്രയാസമുള്ളതായിരിക്കും. പക്ഷേ അയിത്തവും തീണ്ടലും തൊടീലുമൊക്കെ ഈ പ്രപഞ്ചത്തില്‍ ഏറ്റവുമുണ്ടായിരുന്ന ഈ ഭൂപ്രദേശത്ത് ഭൂരിപക്ഷം ജനത ഇക്കണ്ട രോഗങ്ങളെയൊക്കെ അതിജീവിച്ചുവന്നത് ഇത്തരം ചികിത്സാ സമ്പ്രദായങ്ങളില്‍കൂടിയല്ലേ? അറിഞ്ഞതൊക്കെയും ഈ അണ്ഡകടാഹത്തിന്റെ 4% മാത്രമേ ഉള്ളൂവെന്ന് പറയുന്നത് സയന്‍സ് തന്നെ. അറിയാത്ത 96% ആണ് ഇപ്പോഴും ഈ പ്രപഞ്ചം എന്നു പറയുന്ന സയന്‍സ് 4%ത്തിലെ ശാസ്ത്രത്തെയും അന്ധത്വത്തെയും നോക്കാതെ ആ 96%ത്തില്‍ കേറി കളിച്ചിരുന്നെങ്കില്‍.

സ്ഥിരം കേള്‍ക്കുന്ന കഥകളാണ് ഐ.എസ്.ആര്‍.ഒ. റോക്കറ്റ് രാഹുകാലം നോക്കി വിക്ഷേപിക്കുന്നതും വിക്ഷേപണത്തിനു മുമ്പ് തേങ്ങയടിക്കുന്നതും. നിരക്ഷരരായ 2 മാലി സ്ത്രീകള്‍ക്ക് ക്രയോജനിക് സാങ്കേതികവിദ്യ മോഷ്ടിച്ചു കടത്താമെന്നു കരുതാമെങ്കില്‍ ഒരു റോക്കറ്റിനെ ഭ്രമണപഥത്തിലെത്തിക്കാന്‍ നിഷ്പ്രയാസം ഒരു തേങ്ങയ്ക്ക് കഴിയില്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും? അന്ധവിശ്വാസത്തെ ഉച്ചാടനം ചെയ്‌തേ അടങ്ങൂ എങ്കില്‍ കുറഞ്ഞപക്ഷം കേരളത്തിലെ സയന്‍സ് അദ്ധ്യാപക നിയമനങ്ങളെങ്കിലും കോഴ വാങ്ങാതെയും കൊടുക്കാതെയും നടത്തേണ്ടതല്ലേ? അങ്ങനെയാണോ നടക്കുന്നത്?

പോലീസിനെയും പട്ടാളത്തിനെയും പേടിക്കാത്തവന്‍ ദൈവത്തെ ഭയന്നെങ്കിലും കൊള്ളരുതായ്മ ചെയ്യാതിരിക്കുന്നെങ്കില്‍ അവനെപ്പിടിച്ച് യുക്തിവാദി ആക്കാന്‍ മെനക്കെടേണ്ടതുണ്ടോ? എല്ലാറ്റിനും അതിന്റേതായ ശാസ്ത്രവും ശാസ്ത്രീയതയും ഒക്കെ ഉണ്ട്. അതറിയേണ്ടവര്‍ നെറ്റില്‍ നോക്കിയോ പുസ്തകം വായിച്ചോ പി.എച്ച്.ഡി. എടുത്തോ ഒക്കെ മനസ്സിലാക്കുക. അല്ലാത്തവരെ അവരുടെ പാട്ടിനു വിട്ടേക്ക്.

ചൊവ്വയിലെ സ്ത്രീരൂപവും പോള്‍ നീരാളിയും ഗണപതിയുടെ പാലുകുടിയും തിരുരൂപത്തിലെ രക്തവുമൊക്കെ വല്ലപ്പോഴുമെങ്കിലുമൊക്കെ വാര്‍ത്തകളാകട്ടെ. അല്ലാതെ കൊടും വേനലില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വരുന്നതും കാത്തുനില്‍ക്കുന്നവന് ഇന്ത്യ ‘അഗ്‌നി പരീക്ഷിച്ചു, പിന്നില്‍ മലയാളി വനിത’യെന്നൊക്കെ വായിച്ചാല്‍ അത് ശാസ്ത്രവും സത്യവുമാണെങ്കിലും ദാഹം മാറ്റാന്‍ സഹായകമല്ലല്ലോ.

അല്ലെങ്കില്‍ത്തന്നെ കുറച്ച് അന്ധവിശ്വാസമൊക്കെ ഇല്ലെങ്കില്‍ ഈ പുരോഗമനവാദികള്‍ക്കൊക്കെ എന്ത് പ്രസക്തി? വൈദ്യുതി മന്ത്രിക്ക് ഫ്യൂസ് കെട്ടാന്‍ അറിയണമെന്നില്ലല്ലോ; ഭക്ഷ്യമന്ത്രിക്ക് കഞ്ഞിവയ്ക്കാനും. യഥാക്രമം ലൈന്‍മാനും, ഹോട്ടല്‍ കുക്കും അതറിയാത്തിടത്തല്ലേ പ്രശ്‌നമുള്ളൂ.

ചിലതൊക്കെ അന്ധമായി വിശ്വസിക്കുന്നതാണ് സ്വസ്ഥതയെങ്കില്‍ അതിനൊക്കെ താല്പര്യമുള്ളവരെ അതിനൊക്കെ അങ്ങ് അനുവദിച്ചുകളയണം. ശാസ്ത്രം ഫണ്ടമെന്റലിസം ആകരുത്. പൂച്ച ഏതുമാകട്ടെ, എലിയെ നിര്‍ബാധം പിടിക്കട്ടെ. പൂച്ച മാത്രമേ എലിയെ പിടിക്കാവൂ എന്നുമില്ല. പാഷാണംവച്ചും എലിപ്പത്തായംവച്ചും എലിയെ പിടിക്കാം. ഇനിയിപ്പം എലി വല്യ ശല്യമാകുന്നില്ലെങ്കില്‍ അത് ജീവിക്കുകയും ചെയ്‌തോട്ടെ. ബുദ്ധിജീവിയൊട്ട് പുസ്തകം വായിക്കത്തുമില്ല, എലി കരണ്ടാല്‍ സമ്മതിക്കത്തുമില്ലെന്നു പണ്ടാരാണ്ട് പറഞ്ഞതോ പറയാന്‍ ഭാവിച്ചതോ പോലെയാണ് കാര്യങ്ങള്‍. അല്ലെങ്കില്‍ ഇക്കണ്ട ശാസ്ത്ര നോബല്‍ ഒക്കെ അടിച്ചെടുത്തിട്ടുള്ള നാട്ടിലെ സായിപ്പന്മാര്‍ നാലാം ക്ലാസ് വരെപോലും സയന്‍സ് പഠിച്ചിട്ടില്ലാത്തവരെന്ന് ആക്ഷേപം കേള്‍ക്കുന്ന ആള്‍ ദൈവസന്നിധിയില്‍ എത്തിപ്പറ്റുന്നത് മനഃസമാധാനത്തിനുവേണ്ടിയാണെങ്കില്‍ അത് അംഗീകരിച്ചുകൊടുക്കേണ്ടതല്ലേ?

ഏതായാലും ജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ ഗവണ്‍മെന്റിനും സമൂഹത്തിനും ഒക്കെ നല്ലതാണ്. അല്ലെങ്കില്‍ എല്ലാം ഗവണ്‍മെന്റ് ചെയ്തുതരുമെന്ന് അവര്‍ ധരിച്ചാലോ? ആകെ എടങ്ങേറാവില്ലേ? ഉണ്ടാവില്ലേ വിപ്ലവം?

നവഗ്രഹങ്ങളില്‍ പ്ലൂട്ടോ ഉണ്ടെന്നും പിന്നെ ഇല്ലെന്നും പറഞ്ഞത് ശാസ്ത്രമാണ്. പ്ലൂട്ടോ അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭൂമിയില്‍ ഓട്ടോകള്‍ ഓടട്ടെ. ഈ വാഹനത്തിന്റെ ഐശ്വര്യം ഇന്ന ദേവന്‍, ഇന്ന ദേവിയെന്നൊക്കെ എഴുതിയ സ്റ്റിക്കറുകള്‍ അതില്‍ കണ്ടോട്ടെ. ഓട്ടോ കൃത്യമായി പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്തോ അതിനു മുന്നേ തന്നെയോ എത്തട്ടെ. ഡ്രൈവര്‍മാര്‍ കൃത്യമായ ബാക്കിയും തന്നോട്ടേ, എന്നാലും ആ സ്റ്റിക്കര്‍കൂടി ചുരണ്ടണമെന്നു മനസ്സിലെ പുരോഗമനം കിടന്നു മുറുമുറുക്കുന്നതെന്തിനാണ്?

വകതിരിവെത്തുന്നതു വരെ ജീവന്‍ മതമില്ലാതെതന്നെ വളരട്ടെ. വകതിരിവെത്തുന്നതുവരെ ജീവന്‍ പാര്‍ട്ടികളില്ലാതെകൂടി വളരട്ടെയെന്നു പറയപ്പെട്ടാല്‍ തെരുവിലിറങ്ങുന്ന കൂട്ടര്‍ വേറെയാകുമെന്നുമാത്രം. ഏതായാലും കാര്യങ്ങള്‍ പുരോഗമിക്കട്ടെ.

by എം.എസ്. അനില്‍

Published സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ Volume 7 Issue 2