ഓത്തുപള്ളീലന്നു നമ്മള്‍……

കേരളത്തില്‍ രാഷ്ട്രീയ സാംസ്‌ക്കാരിക ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുണ്ട് മലബാറിന്. അതില്‍ത്തന്നെ വിശേഷിച്ചും വടക്കേ മലബാര്‍ മറ്റെല്ലാറ്റില്‍നിന്നും വേറിട്ടുനില്‍ക്കുംവിധം വൈവിധ്യമാര്‍ന്നതുമായിരുന്നു. കാലഗതിയെ നിര്‍ണയിക്കുന്നതില്‍നിന്ന് ഒരിക്കലുമിവിടെ കലകളെ ആരും മാറ്റിനിര്‍ത്തിയിരുന്നില്ല. അതിനാവുമായിരുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇവിടുത്തെ മനസ്സുകള്‍ അന്ന് ജാതിമത ഭേദങ്ങള്‍ക്കതീതമായി കലയുടെ സ്വാധീനശക്തിയാല്‍ കൊരുക്കപ്പെട്ടിരുന്നു. ഇവിടെ മുളച്ചുയര്‍ന്ന രാഷ്ട്രീയത്തിന്റെ വിത്തുകള്‍ക്ക് വളമേകാന്‍ അതുകൊണ്ടുതന്നെ കലകള്‍ക്കും സഹൃദയത്വത്തിനും വളരെ വേഗം കഴിഞ്ഞു. ഇന്നത്തെ കേരളത്തിനു സങ്കല്പിക്കാനാവാത്തത്ര പിന്നോക്കമായിരുന്നു മറ്റു പല കാര്യങ്ങളും. എന്നിട്ടും അവയെ അതിജീവിക്കുംവിധം വടക്കേ മലബാറില്‍നിന്നും അനവധി പ്രതിഭകള്‍ ഉയിര്‍കൊണ്ടത് രാഷ്ട്രീയത്തിനൊപ്പംതന്നെയൊരു സമാന്തര ധാരയായി കലയും കലാകാരന്മാരും പൂരകമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. നവോത്ഥാന നായകര്‍ ഉഴുതിട്ട ആ നാട്ടില്‍ 1956ല്‍ വടകരയിലായിരുന്നു വി.ടി. മുരളി എന്ന ഗായകന്റെ ജനനം. തന്റെ ഇന്നലെകളെക്കുറിച്ച് വി.ടി. മുരളി പറയുന്നു.

വടകരയുടെ സാംസ്‌ക്കാരിക മേഖലയില്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു എന്റെ അച്ഛന്‍ വി.ടി. കുമാരന്‍. മടപ്പള്ളി ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്ന അച്ഛന്‍ അദ്ധ്യാപകനെന്ന നിലയിലും കവി എന്ന നിലയിലും സമൂഹവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിലൂടെതന്നെയായിരുന്നു സമൂഹവുമായി എന്നെ ആദ്യം ബന്ധിപ്പിച്ച വഴി. എന്റെ കുട്ടിക്കാലം മുതല്‍ക്കുതന്നെ അച്ഛനെ കാണാനെത്തിയിരുന്ന കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായി ഞാനും സമ്പര്‍ക്കത്തിലായി. ഇത് എനിക്കവരുമായി കൂടുതല്‍ ഇടപെടാന്‍ ഒരവസരമായിത്തീര്‍ന്നു. സംസ്‌കൃതത്തിലുംമാര്‍ക്‌സിയന്‍ ആശയത്തിലുമെല്ലാം അഗാധമായ അറിവും വായനയും അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുകാട്, എസ്.കെ. പൊറ്റക്കാട്, ഉറൂബ് എന്നിവരൊക്കെത്തന്നെ അന്ന് വീട്ടിലെ സന്ദര്‍ശകവൃന്ദത്തില്‍പെട്ടവരായിരുന്നു. അന്ന് നരേന്ദ്രപ്രസാദും ജോര്‍ജ് ഇരുമ്പയവുമൊക്കെ മടപ്പള്ളി കോളേജില്‍ അദ്ധ്യാപകരാണ്. നരേന്ദ്രപ്രസാദ് വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. അച്ഛനില്‍നിന്നാണ് അദ്ദേഹം സംസ്‌കൃതം പഠിച്ചിരുന്നത്. എന്റെ കൗമാരകാലമായിരുന്നു അത്. അച്ഛനെപ്പോലെ അമ്മയും പാടുമായിരുന്നു അന്നൊക്കെ… അതുകൊണ്ടുതന്നെയാവാം ചെറുപ്പംമുതല്‍ സംഗീതത്തിന്റെ അലകള്‍ എന്നിലുമുണ്ടായി.

ആദ്യകാലങ്ങളില്‍ത്തന്നെ ഇടതുപ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായ സ്ഥലംകൂടിയായിരുന്നു എന്റേത്; ‘ഒഞ്ചിയം’. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കേട്ടുവളര്‍ന്നതൊക്കെയും അച്ഛന്റെ കവിതകളും മലബാറിലെ നാടക ഗാനങ്ങളും പടപ്പാട്ടുകളുമൊക്കെയാണ്. അന്ന് വടക്കേ മലബാറിലെ നാടക ഗാനങ്ങള്‍ എഴുതിയിരുന്നത് കെ. രാഘവന്‍ മാഷും അച്ഛനുമൊക്കെയാണ്. ഞാനും ആദ്യം പാടിയത് ഇവരുടെതന്നെ വരികള്‍തന്നെ. പിന്നെ നന്നേ ചെറുപ്പത്തില്‍ നാടകത്തില്‍ പിന്നണി പാടിത്തുടങ്ങി. അന്ന് ഞാന്‍ ഫീമെയില്‍ വോയ്‌സില്‍ പാടുമായിരുന്നു. കുട്ട്യേടത്തി വിലാസിനി, സാവിത്രി എന്നിങ്ങനെ നിരവധി നടിമാര്‍ക്കുവേണ്ടി, നാടകത്തില്‍ ഞാന്‍ പാടിയിരുന്നു. 1971ലായിരുന്നു എന്റെ പ്രീഡിഗ്രി പഠന കാലം. അതിനുശേഷം സംഗീത പഠനത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി.

സ്വാതിതിരുനാള്‍ സംഗീത കോളേജിലെത്തിയ എന്നെ കാത്തിരുന്നത് വലിയൊരു കലാലോകമായിരുന്നു. കോളേജിന്റെ ഇടനാഴികളില്‍നിന്നും ഞാന്‍ തികച്ചും ആകസ്മികമായാണ് അന്ന് പ്രൊഫഷണല്‍ നാടക പിന്നണി ഗാന രംഗത്തെത്തുന്നത്. കണിയാപുരം രാമചന്ദ്രന്റെ ‘എനിക്കു മരണമില്ല’ എന്ന നാടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകര്‍ത്തു നടക്കുന്നു. കാഴ്ചക്കാരനായി ഞാനും അന്നവിടെയുണ്ട്. നാടകത്തിന്റെ ഫൈനല്‍ റിഹേഴ്‌സലിനുശേഷം അവതരണത്തിനെത്തിയപ്പോള്‍ പിന്നണി പാടാന്‍ നിശ്ചയിച്ചിരുന്ന ഗായകന് ചിക്കന്‍പോക്‌സ് പിടിപെട്ടു. അങ്ങനെ അപ്രതീക്ഷിതമായി എനിക്കു നറുക്കുവീണു. അങ്ങനെ കണിയാപുരം എഴുതി ദേവരാജന്‍ മാഷ് സംഗീതംപകര്‍ന്ന ‘മാനിഷാദമന്ത്രം പാടി മനസ്സു കരയുന്നു’ എന്ന ഗാനം, പ്രൊഫഷണല്‍ നാടകരംഗത്തേക്ക് എന്റെ ചുവടുവയ്പായി. മലബാറിലെ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു നാടകത്തിന്റെ പ്രമേയം. കൊല്ലപ്പെട്ടയാളുടെ വീടിന്റെ പശ്ചാത്തലമായിരുന്നു കഥ. വയലാറിനു സമര്‍പ്പിച്ച ഈ നാടകം ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിലും പ്രസക്തമാണ്.

കെ.പി.എ.സി.യില്‍ ഞാന്‍ എത്തിയശേഷം പിന്നെ ധാരാളം നാടക ഗാനങ്ങള്‍ പാടാനായി എന്നത് വളരെ വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അതും ദേവരാജന്‍ മാഷിനെയും കെ. രാഘവന്‍ മാഷിനെയും പോലെ പ്രഗല്‍ഭരുടെകൂടെ.

ഞാനെന്ന ഏകലവ്യന്‍

സംഗീതത്തെപ്പറ്റി ഞാന്‍ പഠിച്ചതൊക്കെയും മാഷിനെയും അദ്ദേഹത്തിന്റെ സംഗീത സപര്യയെയും നിരീക്ഷിച്ചാണ്. വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ മാഷിനൊപ്പം ശേഷിയുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ലെന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. അദ്ദേഹത്തിന്റെ സംഗീതബോധം അത്രമേല്‍ അപാരമാണ്. എന്നെ ആദ്യം സിനിമയില്‍ പാടിച്ചത്അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പലര്‍ക്കും ബ്രേക്ക് ആയിട്ടുണ്ട്. ആ ഗാനങ്ങള്‍ ഇന്നും കാലത്തെ അതിജീവിക്കുന്നുമുണ്ട്. മാനത്തെ കായലില്‍-ബ്രഹ്മാനന്ദന്‍, എങ്ങനെ നീ മറക്കും കുയിലേ-കോഴിക്കോട് അബ്ദുള്‍ ഖാദര്‍, കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം-മെഹബൂബ്, വെളുത്ത പെണ്ണേ-ഉദയഭാനു. ഈ ഗാനങ്ങള്‍ ആരാണ് മറക്കുക? മാഷ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് എന്റെ സംഗീതത്തെ രാകിമിനുക്കിയത്. മാഷിന്റെ പാട്ടുകള്‍ കെ.പി.എ.സി.ക്കുവേണ്ടി റെക്കോര്‍ഡ് ചെയ്തപ്പോഴും പാടിയത് ഞാനായിരുന്നു. ഒടുവില്‍ തോപ്പില്‍ഭാസിയുടെ ഒളിവിലെ ഓര്‍മ്മകളിലെ ഗാനങ്ങള്‍വരെ മാഷിന്റെ കീഴില്‍ പാടാന്‍ എനിക്ക് നിയോഗമുണ്ടായി. മാഷ് ചിട്ടപ്പെടുത്തി ഞാന്‍ പാടിയ പാട്ടുകളിലേറെയും ഒ.എന്‍.വി.യെപ്പോലെയുള്ള സര്‍ഗപ്രതിഭകളുടെ സൃഷ്ടികളുമായിരുന്നു.

ഓത്തുപള്ളിയും പി.ടി.യും ഞാനും

കേരളത്തിലെ ഗാനരചയിതാക്കള്‍ക്കിടയില്‍ പി.ടി. അബ്ദുറഹിമാന്റെ സ്ഥാനം എന്താണ്? മാപ്പിളക്കവി എന്ന് നമ്മള്‍ പ്രാന്തവത്കരിച്ച, എന്നാല്‍ കേരളത്തിലെതന്നെ ഏറ്റവും പ്രതിഭാധനനായ ഗാനരചയിതാവായിരുന്നു അദ്ദേഹം. പക്ഷേ, ശുദ്ധ മലയാളത്തില്‍ മനോഹര ഗാനങ്ങളെഴുതിയ പി.ടി.യെ മാപ്പിളക്കവി എന്ന പ്രയോഗംകൊണ്ട് അടിച്ചിരുത്തുകയാണുണ്ടായത്. പി.ടി. മാപ്പിളപ്പാട്ടുകള്‍എഴുതിയിട്ടുണ്ട്. അതേസമയംതന്നെ വൈലോപ്പിള്ളിയും പി. ഭാസ്‌കരന്‍മാഷും മാപ്പിളപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. എന്നിട്ടും അവരെയൊന്നും കേരളം മാപ്പിളക്കവികള്‍ എന്നു വിളിച്ചില്ല. പി.ടി.ക്കുനേരെ അങ്ങനെയൊരു ഉപരോധമുണ്ടാക്കിയതിലൂടെ മുഖ്യധാര മലയാള ഗാനശാഖയ്ക്കുണ്ടായത് വന്‍ നഷ്ടമാണ്. പി.ടി.യുമായി എന്റെ ബന്ധം തുടങ്ങുന്നത് എന്റെ കുട്ടിക്കാലം മുതല്‍ക്കാണ്. അച്ഛന്റെ ശിഷ്യന്‍തന്നെയായിരുന്നു പി.ടി. എനിക്കദ്ദേഹം സുഹൃത്തും സഹോദരനുമൊക്കെയായിരുന്നു. എന്റെ അച്ഛനെന്നുവച്ചാല്‍ പി.ടി.ക്ക് ജീവനായിരുന്നു. അച്ഛന്റെ കവിതകളുടെ ശരിയായ ആസ്വാദനം ഞാന്‍ ഏറ്റവും നന്നായി കേട്ടത് പി.ടി.യില്‍നിന്നുതന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു.

അച്ഛന്‍ 52-ാം വയസ്സില്‍ പെട്ടെന്നൊരുദിവസം സ്‌ട്രോക്ക് വന്ന് തളര്‍ന്ന ദിനങ്ങളിലൊന്നില്‍ ഞാനാകെയുലഞ്ഞു നില്‍ക്കയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുറിയില്‍ത്തന്നെ ഇരിപ്പായിരുന്നു അച്ഛനൊപ്പം ഞാന്‍. അച്ഛന്റെ സുഹൃത്തുക്കള്‍ ആ സമയത്താണ് തേന്‍തുള്ളി എന്ന പടം എടുക്കുന്നത്. കെ.പി. കുമാരനായിരുന്നു സംവിധായകന്‍. അതിന്റെ അണിയറക്കാര്‍ അച്ഛനോടുള്ള സ്‌നേഹവായ്പ് എങ്ങനെ പ്രകടമാക്കും എന്നു ചിന്തിച്ചു. അങ്ങനെ അവര്‍ എന്നെ ആ സിനിമയില്‍ പാടാന്‍ ക്ഷണിച്ചു. എന്നെക്കൊണ്ട് പാടിക്കാന്‍ രാഘവന്‍ മാഷും സമ്മതിച്ചു. അങ്ങനെ ആ സിനിമയില്‍ രണ്ട് ഗാനങ്ങള്‍ ഞാന്‍ പാടി.

ഇതില്‍ പ്രധാന അഭിനേതാക്കള്‍. തേന്‍തുള്ളി ഇന്ന് ഒരു ഓര്‍മ്മ മാത്രമാണ്. ഇന്ന് ഒറ്റ പ്രിന്റുപോലുമവശേഷിക്കാതെ ചിത്രം നഷ്ടപ്പെട്ടുപോയി. എന്റെ പല നാടക ഗാനങ്ങള്‍ക്കും വിധി ഇതുതന്നെയായിരുന്നു. പലതും നഷ്ടപ്പെട്ടുപോയി.

മാതളത്തേനുണ്ണാന്‍ എന്ന ഗാനം ‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയിലാണ് പിന്നെ പാടിയത്. ഒ.എന്‍.വി.യുടെ വരികള്‍ക്ക് ഹരിപ്പാട് കെ.പി.എന്‍.പിള്ള ഈണം പകര്‍ന്ന ഗാനമായിരുന്നു അത്. പിന്നെ കത്തി എന്ന ചിത്രത്തില്‍ ‘പൊന്നരളിപ്പൂ’ എന്ന ഗാനം. ഒ.എന്‍.വി. – എം.ബി. ശ്രീനിവാസന്‍ എന്നിവരായിരുന്നു ശില്പികള്‍. ഉത്പത്തി എന്ന ചിത്രത്തില്‍ വാണി ജയറാമിനൊപ്പം പാടിയശേഷം പിന്നെ ഞാന്‍ പാടിയതൊക്കെയും നാടക ഗാനങ്ങളും ലളിതഗാനങ്ങളുമാണ്. ആരോടും അവസരം തേടിയലയാനോ അതിനുവേണ്ടി ശ്രമിക്കാനോ ഞാനും മുതിര്‍ന്നില്ല. അപ്പോഴേയ്ക്കും മാപ്പിള പാട്ടുകാരന്‍ എന്ന മുദ്ര എനിക്കുമേല്‍ വീണിരുന്നു. എന്നിട്ടും കലാകാരന്‍ എന്ന നിലയില്‍ എന്റെ ജീവിതം സാര്‍ത്ഥകമാണ് എന്നാണ് ഞാന്‍ കരുതുന്നത്. കെ.പി.എ.സി.യുടെ നാടകങ്ങളിലും കെ.ടി.മുഹമ്മദ്, ഒ.എന്‍.വി., രാഘവന്‍ മാഷ്, പി.ടി., പിന്നെ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് പുണ്യമായി കരുതുന്നു. അവയുടെ ഭാഗമാകാനായത് ഭാഗ്യവും.

Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ 12 Volume 7 Issue 2

വി.ടി. മുരളിയുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്: സിറിള്‍ രാധ്, ഫോട്ടോ: അജീബ് കൊമാച്ചി