ചലനശേഷി കുറയുന്നുവോ?

മനുഷ്യ ജീവിതത്തില്‍ ചലനശേഷിയുടെ പ്രാധാന്യം ആരും പറഞ്ഞു മനസ്സിലാക്കാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കുഞ്ഞ് ജനിച്ചശേഷം അതിന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ആദ്യമായി കമിഴ്ന്നുകിടക്കാന്‍ പഠിക്കുന്നത്. പിന്നീട് ഇരിക്കുവാനും നില്ക്കുവാനും നടക്കുവാനും പഠിക്കുന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് ഓടുവാനും ചാടുവാനും മറിയുവാനുമൊക്കെ സ്വന്തമായി പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നു. അപ്രകാരം ചലനത്തിന്റെ കാര്യത്തില്‍ നൂറുശതമാനവും സ്വാതന്ത്ര്യം നേടുന്നു. പ്രത്യേകിച്ച് അപകടങ്ങളോ അസുഖങ്ങളോ ചലനശേഷിയെ ബാധിച്ചില്ലെങ്കില്‍ ആയുസ്സിന്റെ അവസാന കാലഘട്ടംവരെ വലിയ ബുദ്ധിമുട്ടുകളില്ലാതെ ചലനശേഷിയും തദ്വാരാ ചലന സ്വാതന്ത്ര്യവും നിലനില്ക്കുന്നു. എങ്കില്‍ത്തന്നെയും പ്രായമാകുമ്പോള്‍ അതിനോടനുബന്ധിച്ച് ശരീരത്തിലെ അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തനവൈകല്യംമൂലം ചലനശേഷിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരു വലിയ വിഭാഗം വയോജനങ്ങളുണ്ട്. ഓരോരുത്തരും അനുഭവിക്കുന്ന ചലനശേഷിയിലുള്ള ബുദ്ധിമുട്ടുകളുടെ (Mobility Disorders) ഏറ്റക്കുറച്ചിലുകള്‍ അവര്‍ക്കു പിടിപെട്ടിരിക്കുന്ന ശാരീരിക അസുഖത്തിന്റെയോ അസുഖങ്ങളുടെയോ കാഠിന്യമനുസരിച്ചായിരിക്കും. അമേരിക്കയില്‍ നടത്തിയ ഒരു പഠനമനുസരിച്ച് സാധാരണക്കാരായ മനുഷ്യരില്‍ 65 വയസ്സ് കഴിഞ്ഞ 5% ആള്‍ക്കാരില്‍ ചലനശേഷിയില്‍ വൈകല്യം കാണപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൃദ്ധ സദനങ്ങളില്‍ താമസിക്കുന്നവരില്‍ 80%വും ഇക്കൂട്ടത്തില്‍പെടുന്നവരാണ്. പ്രായം കൂടുന്നതനുസരിച്ച് ബുദ്ധിമുട്ടുകളും കൂടുന്നു.

സുരക്ഷിതമായ ചലനത്തിന് മൂന്ന് പ്രധാന ശാരീരിക ഘടകങ്ങളാണ് ആവശ്യമായിട്ടുള്ളത്.

1) ബാലന്‍സ് കണ്‍ട്രോള്‍ (balance control)

തലച്ചോറും അതിനോടനുബന്ധിച്ചുള്ള ഞരമ്പുകളുമാണ് ഈ കര്‍ത്തവ്യം നിറവേറ്റുന്നത്. വളരെയധികം ദുര്‍ഘടപൂര്‍ണവും വ്യാപ്തിയേറിയതുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് തലച്ചോറും ഞരമ്പുകളും ഈ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ തലച്ചോറിനും നാഡീ വ്യൂഹങ്ങള്‍ക്കും സംഭവിക്കുന്ന ക്ഷതങ്ങള്‍ ചലനശേഷിയെ സാരമായി ബാധിക്കാനിടവരുന്നു. ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് സ്‌ട്രോക്ക് (Stroke) A അഥവാ പക്ഷാഘാതംമൂലം സംഭവിക്കുന്ന പരാലിസിസ് (paralysis) അഥവാ തളര്‍ച്ച. സാധാരണയായി ശരീരത്തിന്റെ ഏതെങ്കിലും ഒരു വശം പരിപൂര്‍ണ്ണമായി തള്ളുകയാണ് പതിവ്. ഈ അസുഖം ബാധിക്കുന്നവരില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ അതിനോടനുബന്ധിച്ചു മരിക്കുകയും മൂന്നിലൊന്നുപേര്‍ സ്ഥിരമായി ചലനശേഷി നഷ്ടപ്പെട്ട് ശയ്യാവലംബരായിത്തീരുകയും ബാക്കിയുള്ള മൂന്നിലൊന്നുപേര്‍ അല്പസ്വല്പം ബുദ്ധിമുട്ടുകളോടെയാണെങ്കിലും ചലനശേഷി നിലനിര്‍ത്തി മുന്നോട്ടുപോകുകയും ചെയ്യുന്നു. ഇത്രയും ഗുരുതരമല്ലെങ്കിലും കൈകാലുകളിലെ നാഡികള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തനവൈകല്യങ്ങളും ചലനശേഷിയെ സാരമായി ബാധിക്കാറുണ്ട്. ഇവ കൂടുതലായി സാധാരണ കണ്ടുവരുന്നത് പ്രമേഹ രോഗികളിലാണ്. ഇതിന് ഡയബെറ്റിക് പെരിഫറല്‍ ന്യൂറോപ്പതി (diabetic peripheral neuropathy) എന്നുപറയും. ചെറുതായ ഒരു തരിപ്പ് അനുഭവപ്പെടുന്നതുമുതല്‍ പരിപൂര്‍ണ്ണ തളര്‍ച്ചവരെ ഈ അസുഖംകൊണ്ട് കൈകാലുകള്‍ക്കുണ്ടാകാം.

2) ഫോര്‍സ് പ്രൊഡക്ഷന്‍ (Force Production)

ബാലന്‍സ് കഴിഞ്ഞാല്‍ രണ്ടാമതായി വേണ്ട ഘടകം ശക്തിയാണ്. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ശരീരത്തിലെ മസിലുകളുടെയും ഏകോപന പ്രവര്‍ത്തനഫലമായിട്ടാണ് ശക്തി ഉല്പാദിപ്പിക്കപ്പെടുന്നത്. (Cardiopulmonary and muscular systems). മേല്‍പറഞ്ഞ മൂന്ന് അവയവങ്ങളില്‍ ഏതിനെങ്കിലും പ്രവര്‍ത്തനവൈകല്യം സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ചലനശേഷിയെ ബാധിക്കും. എത്രമാത്രം ബാധിക്കും എന്നത് അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ എത്രമാത്രം ബാധിച്ചു എന്നതനുസരിച്ചിരിക്കും. ഉദാഹരണത്തിന് കാര്‍ഡിയാക് ഫെയിലിയര്‍ (Cardiac failure) എന്ന അസുഖം ബാധിച്ച ഒരു രോഗിക്ക് നടക്കുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ചിലപ്പോള്‍ സംസാരിക്കാന്‍ വരെ പ്രയാസമുള്ള അവസരങ്ങളുണ്ടായേക്കാം. അതുപോലെ നിയന്ത്രണത്തിലല്ലാത്ത ആസ്ത്മ, ശ്വാസകോശങ്ങളെ ബാധിക്കുന്ന മറ്റ് അസുഖങ്ങള്‍ മുതലായവ അത് അനുഭവിക്കുന്ന രോഗികളുടെ ചലനശേഷിയേയും ബാധിക്കുന്നതാണ്. നിരപ്പില്‍ വലിയ പ്രശ്‌നങ്ങള്‍ കൂടാതെ നടക്കാന്‍ സാധിക്കുന്നവര്‍ക്ക് ചെറിയ കയറ്റം കയറുമ്പോഴേയ്ക്കും നടക്കാന്‍ സാധിക്കാതെ വരുന്നത് ഹൃദയത്തിന്റേയോ ശ്വാസകോശത്തിന്റേയോ പ്രവര്‍ത്തന വൈകല്യം കൊണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ മസിലിന്റെ ശക്തിക്കുറവ് തീര്‍ച്ചയായും ചലനശേഷിയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇക്കൂട്ടത്തില്‍ പ്രത്യേകിച്ചും എടുത്തുപറയേണ്ട ഒന്നാണ് തുടകളുടെ മസിലുകള്‍. മസിലുകളുടെ മാത്രമായ അസുഖങ്ങള്‍ മൂലമോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ മസില്‍ ശോഷണമുണ്ടായാല്‍ അത് മസിലിന്റെ ശക്തിയെ കുറയ്ക്കുകയും തദ്വാരാ ചലനശേഷിയെ ബാധിക്കുകയും ചെയ്യുന്നു.

3) സ്ട്രക്ചറല്‍ സപ്പോര്‍ട്ട് (Structural support)

ബാലന്‍സ് കണ്‍ട്രോള്‍, ഫോര്‍സ് പ്രൊഡക്ഷന്‍ എന്നിവയോടു സ്ട്രക്ചറല്‍ സപ്പോര്‍ട്ടുകൂടി ചേര്‍ന്നാല്‍ മാത്രമേ ചലനം മുഴുവനായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നല്‍കുന്ന അവയവം സ്‌കെലിട്ടല്‍ സിസ്റ്റം (Skeletal System) ആണ്. സ്‌കെലിട്ടല്‍ സിസ്റ്റം എന്നറിയപ്പെടുന്നത് എല്ലും സന്ധികളുമാണ് (bone and joints) എല്ലുകളുടെ ഒടിവുകള്‍, മറ്റസുഖങ്ങള്‍, സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട്, ചതവുകള്‍ മുതലായവയെല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചലനശേഷിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകമെമ്പാടുമുള്ള വയോജനങ്ങളുടെ ചലനശേഷിയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും സര്‍വ്വസാധാരണവുമായ ഒരസുഖമാണ് സന്ധിവാതം അഥവാ ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് (Osteo arthritis) സന്ധികളിലുള്ള കാര്‍ട്ടിലേജിന് (Cartilage) ജീര്‍ണത സംഭവിക്കുമ്പോഴാണ് സന്ധിവാതം ഉടലെടുക്കുന്നത് (degenerative joint disease) കാല്‍മുട്ടുകള്‍, ഇടുപ്പ്, നട്ടെല്ലിന്റെ സന്ധികള്‍ എന്നിവയിലാണ് സാധാരണയായി സന്ധിവാതം കാണാറുള്ളത്. മറ്റ് ഫലപ്രദമായ ചികിത്സകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെടാത്തതുകൊണ്ട് കാല്‍മുട്ട്, ഇടുപ്പ് എന്നീ സന്ധികള്‍ ശസ്ത്രക്രിയ ചെയ്ത് മുറിച്ച് മാറ്റി തല്‍സ്ഥാനങ്ങളില്‍ ലോഹക്കൂട്ടുകൊണ്ടുണ്ടാക്കിയ സന്ധികള്‍ വച്ചുപിടിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ നാം കണ്ടുവരുന്നത് (joint replacement therapy). സന്ധിവാതം മൂലമുണ്ടാകുന്ന വേദന കൊണ്ട് അല്പംപോലും നടക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍ മാത്രമാണ് മേല്‍പറഞ്ഞ ശസ്ത്രക്രിയയിലേക്കും തിരിയുന്നത്. ശസ്ത്രക്രി യയ്ക്കുശേഷം നടക്കുവാന്‍ സാധിക്കും എന്നു മാത്രമല്ല അല്പം പോലും വേദനയു മനുഭവപ്പെടുകയില്ല. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കൂടാതെ വയോജനങ്ങളില്‍ അത്ര സാധാരണമല്ലാതെ കണ്ടുവരുന്ന സന്ധിരോഗങ്ങളാണ് റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ് (rheumatoid artheritis) ക്രിസ്റ്റല്‍ ആര്‍ത്രോപതി (crystal arthropathy) മുതലായവ.

മുകളില്‍ വിവരിച്ച വസ്തുതകള്‍ കൂടാതെ അപ്രധാനമല്ലാത്ത മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളും വയോജനങ്ങളുടെ ചലനശേഷിയെ ബാധിക്കുന്നതായി കാണാം. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് കാഴ്ചശക്തിയുടെ കുറവ്. സാധാരണയായി വയോജനങ്ങളില്‍ കണ്ടുവരുന്ന തിമിരം (cataract) എന്ന അസുഖമാണ് ഇവയില്‍ പ്രധാനി. ഇവയെ ചികിത്സിച്ച് ഭേദമാക്കുന്നതിനോട് കൂടെത്തന്നെ അവരുടെ പ്രവര്‍ത്തന സ്ഥലങ്ങളില്‍ നല്ല വെളിച്ചം പ്രദാനം ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്. വയോജനങ്ങളുടെ മാനസികവും സാമൂഹ്യപരവുമായ ചുറ്റുപാടുകള്‍ അവരുടെ ചലനശേഷിയെ ഒരു പരിധിവരെ സ്വാധീനിക്കുന്ന വസ്തുതകളാണ്. വിഷാദരോഗികള്‍ നടക്കുന്നതിനും യാത്രപോകുന്നതിനും മറ്റും വിമുഖത പ്രകടിപ്പിക്കുന്നതായി കാണാം. ചലനശേഷിയെ ബാധിക്കുന്ന മറ്റൊരു പ്രധാന കാരണമാണ് വീഴുമോ എന്ന ഭയം (fear of fall) ആത്മധൈര്യം നഷ്ടപ്പെടുമ്പോഴാണ് വയോജനങ്ങള്‍ ഈ അവസ്ഥയിലെത്തുന്നത്.

വയോജനങ്ങളുടെ ചലനശേഷിയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നു നോക്കാം. ആദ്യമായി ഈ രോഗികളെ വിപുലമായ പരിശോധനകള്‍ക്ക് വിധേയരാക്കി ഏതൊക്കെ അവയവ ങ്ങളുടെ എന്തൊക്കെ പ്രവര്‍ത്തനവൈകല്യംകൊണ്ടാണ് അവര്‍ക്ക് ചലനശേഷിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത് കഴിഞ്ഞാല്‍ ഇക്കൂട്ടരെ അവരുടെ ചലനശേഷി പഴയതുപോലെ ആക്കിത്തീര്‍ക്കുവാനുള്ള ഒരു ബഹുമുഖ കര്‍മ്മപരിപാടിയിലേര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇതിന് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം എന്നാണ് പറയുന്നത് (rehabilitation programme). മൂന്ന് കാര്യങ്ങളാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. ഒന്നാമതായി വ്യായാമം, രണ്ടാമതായി ചലനത്തിന് സഹായിക്കുന്ന ഉപകരണങ്ങള്‍- നടക്കുവാന്‍ സഹായിക്കുന്ന വാക്കര്‍ (walker), വടി, ക്രച്ചസ് (crutches) മുതലായവ ഇക്കൂട്ടത്തില്‍ പെടുന്നു. മൂന്നാമതായി ജീവിതസാഹചര്യത്തിലും പരിസരങ്ങളിലും വരുത്തേണ്ടതായ വ്യതിയാനങ്ങള്‍. ഇവയെക്കൂടാതെ ശരീരാവയവങ്ങളുടെ പ്രത്യേക അസുഖങ്ങളെ ഫലപ്രദമാകുംവിധം ചികിത്സിക്കുകയും കൂടെത്തന്നെ നടത്തേണ്ടതാണ്. ഉദാഹരണത്തിന് കാര്‍ഡിയാക് ഫെയിലിയര്‍ (cardiac failure) ഉള്ള ഒരു രോഗിക്ക് അതിനുള്ള ഫലപ്രദമായ ചികിത്സ കിട്ടിയാല്‍ മാത്രമേ ചലനശേഷിയില്‍ പുരോഗതി ഉണ്ടാവുകയുള്ളൂ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികളുടെ കാര്യവും വ്യത്യസ്തമല്ല. സന്ധികളില്‍ നീര്‍ക്കെട്ട് അനുഭവിക്കുന്നവര്‍ക്ക് വേദനയും നീര്‍ക്കെട്ടിനുമുള്ള ഫലപ്രദമായ ചികിത്സയുംകൊണ്ടു മാത്രമേ ചലനശേഷി വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. വിഷാദരോഗം പിടിപെട്ടവര്‍ക്ക് അവരുടെ മാനസികാവസ്ഥയിലെ പുരോഗതികൊണ്ടു മാത്രമേ ചലനശേഷി വീണ്ടെടുത്ത് വീണ്ടും പഴയതുപോലെ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തനമണ്ഡലത്തില്‍ മുഴുകുവാന്‍ സാധിക്കുകയുള്ളൂ.

ഓരോരുത്തര്‍ക്കും അവരുടെ ചലനശേഷിക്കുറവിന്റെ രീതിയും കാരണങ്ങളും അനുസരിച്ചാണ് വ്യായാമ മുറകള്‍ നിശ്ചയിക്കപ്പെടുന്നത്. അവ എത്രകാലം ചെയ്യേണ്ടിവരുമെന്നത് ചലനശേഷിയിലുണ്ടാകുന്ന പുരോഗതിയനുസരിച്ചായിരിക്കും. ഇവയെക്കൂടാതെ പലതരത്തിലുള്ള ഉപകരണങ്ങള്‍ ചലനശേഷിയെ സഹായിക്കാനായി ഇപ്പോള്‍ നിലവിലുണ്ട്. പ്രത്യേകമായി പണിതെടുത്ത പാദരക്ഷകള്‍ മുതല്‍ മോട്ടോറൈസ്ഡ് വീല്‍ ചെയര്‍ (motorised wheel chair) വരെ ഇതില്‍പെടും. ഒരുവശം തളര്‍ന്നവര്‍ക്ക് താഴത്തെ നിലയില്‍നിന്നും മുകളിലത്തെ നിലയിലേക്ക് സഞ്ചരിക്കുവാനും തിരികെ ഇറങ്ങാനും ഉതകുന്ന സ്‌റ്റെയര്‍ലിഫ്റ്റ് (stairlift) എന്ന ഉപകരണം വികസിത രാജ്യങ്ങളില്‍ സാധാരണമാണ്. റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഫിസിക്കല്‍ മെഡിസിന്‍ (physical medicine) എന്ന വിഭാഗത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഫിസിയാട്രിസ്റ്റ് (physiatrist) എന്ന സ്‌പെഷ്യലിസ്റ്റുകളാണ്. ചലനശേഷിക്കുറവുള്ള രോഗികള്‍ക്ക് വ്യായാമം, ചലനസഹായ ഉപകരണങ്ങള്‍ എന്നിവകൂടാതെ അവരുടെ ജീവിതസാഹചര്യങ്ങളില്‍ വരുത്തേണ്ടതായ മാറ്റങ്ങള്‍കൂടി ചെയ്താല്‍ മാത്രമേ അവരുടെ ചലനശേഷിയുടെ പാരമ്യത്തിലെത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

നടക്കല്ലുകള്‍ അഥവാ (steps rambs) ഒഴിവാക്കി തല്‍സ്ഥാനത്ത് റാംപ് (ramp) ഉണ്ടാക്കിയാല്‍ തട്ടിവീഴുന്നതിനുള്ള സാധ്യതകള്‍ വളരെയധികം കുറച്ചെടുക്കാന്‍ പറ്റും. ബാത്ത്‌റൂമില്‍ കൈ പിടിക്കുവാന്‍ റെയിലിങ്‌സ് (railings), ഷവര്‍, ടോയ്‌ലറ്റ് മുതലായവ കൂടുതല്‍ സുരക്ഷിത സ്ഥാനങ്ങളില്‍ സ്ഥാപിക്കുക മുതലായവയും ഇക്കൂട്ടത്തില്‍പെടുന്നു. താരതമ്യേന അപ്രധാനമെന്ന് തോന്നിയേക്കാവുന്ന ഈ വ്യതിയാനങ്ങള്‍ വയോജനങ്ങള്‍ക്കുണ്ടാക്കിക്കൊടുക്കുന്ന ആത്മധൈര്യവും സുരക്ഷിതത്വബോധവും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വീടിന്റെയുള്ളില്‍ നല്ല വെളിച്ചമുണ്ടായിരിക്കേണ്ടത് വീഴ്ച തടയാനുള്ള ഒരു പ്രധാന ഘടകമാണ്. കൂടാതെ വീടിനുള്ളിലെ ഘനമുള്ള ഫര്‍ണീച്ചര്‍ തന്ത്രപരമായി സ്ഥാപിക്കുന്നതിലൂടെ ചലനശേഷിക്കുറവുള്ളവര്‍ക്ക് അവയില്‍ പിടിച്ചുകൊണ്ട് ധൈര്യമായി നടക്കുവാന്‍ സാധിക്കും.

ചലനശേഷിക്കുറവ് വയോജനങ്ങളില്‍ ഒരു വലിയ ശതമാനം ആള്‍ക്കാരില്‍ കണ്ടുവരുന്നു. ഇവരുടെ സ്വതന്ത്രമായ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമെന്നതിലുമുപരി ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകംകൂടിയാണ് ചലനശേഷിയിലുള്ള പ്രശ്‌നങ്ങള്‍. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഇതനുഭവിക്കുന്ന രോഗികള്‍ ഈ പ്രശ്‌നപരിഹാരത്തിനായി സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഡോ. ജോര്‍ജ് പോള്‍
ജെറിയാട്രിക് മെഡിസിന്‍ വിഭാഗം മേധാവി,
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി

Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ Volume 7 Issue 2