‘വിശ്വാസം’ അതാണോ എല്ലാം?…

സ്വര്‍ണ്ണം ഇന്ത്യക്കാരുടെ ഒരു ദൗര്‍ബല്യമാണ്. പ്രത്യേകിച്ച് കേരളീയരുടെ. സ്വര്‍ണ്ണം ഏതു രൂപത്തിലായാലും, വില കൂടിയാലും കുറഞ്ഞാലും, മുന്‍പിന്‍ നോക്കാതെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതില്‍ മലയാളികള്‍ പിശുക്കു കാണിക്കാറില്ല. ഇന്നത്തെ സാഹചര്യം വച്ച് നോക്കുമ്പോള്‍ അതില്‍ വലിയ തെറ്റുമില്ല. പക്ഷേ എന്തു വാങ്ങുന്നു, എങ്ങനെ വാങ്ങുന്നു എന്നതാണ് പ്രധാനം. ദിനംപ്രതി കുതിച്ചുയരുന്ന സ്വര്‍ണ്ണ വില വരുംകാല ഘട്ടത്തിലേക്കുള്ള നിക്ഷേപം കൂടിയായിട്ടാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ സ്വര്‍ണ്ണവ്യാപാരവുമായി ബന്ധപ്പെട്ട് പണിക്കൂലി, പണിക്കുറവ് തുടങ്ങി സാധാരണക്കാരന് പരിചയമില്ലാത്ത അഥവാ എന്തെന്ന് ആഴത്തിലറിയാന്‍ നമ്മള്‍ മെനക്കെടാത്ത കുറേ സംഗതികളുണ്ട്.

പരസ്യങ്ങളുടെ മായികലോകത്ത് ജീവിക്കുന്ന നമുക്ക് അവയില്‍നിന്നും ഒളിച്ചോടാന്‍ സാധിക്കുകയില്ലെങ്കിലും അവ നമ്മെ കീഴ്‌പ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും. പണിക്കൂലി മൊത്തമായും ഒഴിവാക്കി ഫ്രീയായി നല്‍കുന്നു. പഴയ സ്വര്‍ണ്ണം മാറി പുതിയവ നല്‍കുന്നു; എന്നാല്‍ പണിക്കുറവ് എടുക്കുന്നില്ല എന്നിങ്ങനെ നിരവധി പരസ്യങ്ങള്‍ നാം കാണാറും കേള്‍ക്കാറുമുണ്ട്. സത്യത്തില്‍ എന്താണ് പണിക്കുറവ്? എന്താണ് പണിക്കൂലി?

പണിക്കൂലിയും പണിക്കുറവും

ഇന്ന് പണിക്കൂലി, പണിക്കുറവ് എന്നു പറയുന്ന സംഭവമില്ല. പകരം വാല്യു അഡീഷന്‍ (VA) മാത്രമാണ് ഉള്ളത്. പണ്ടുകാലങ്ങളില്‍ മാത്രമാണ് പണിക്കൂലി, പണിക്കുറവ് എന്നൊക്കെ പറഞ്ഞിരുന്നത്. കൂലി മുടക്കാതെ ഒരു സാധനവും പണിതെടുക്കാന്‍ സാധിക്കുകയില്ലെന്ന് നാം ആദ്യം മനസ്സിലാക്കണം. ഒരു ആഭരണം പണിയുന്ന ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍ തന്റെ ജോലിക്ക് കണക്കാക്കുന്ന വേതനമാണ് ആ ആഭരണത്തിന് വരുന്ന പണിക്കൂലി എന്നു പറയുന്നത്.

ആഭരണം ഉരുക്കുമ്പോള്‍ സ്വര്‍ണ്ണ നഷ്ടം ഉണ്ടാകാം; രാകുമ്പോള്‍ നഷ്ടമുണ്ടാകാം. കട്ടിങ്ങില്‍ നഷ്ടമുണ്ടാകാം. അതായത് 8 ഗ്രാം സ്വര്‍ണ്ണമെടുത്ത് വള പണിയുമ്പോള്‍ 7600 മി.ഗ്രാമോളമേ വളയായി നമുക്ക് കിട്ടുകയുള്ളൂ. 400 മില്ലിയുടെ കുറവ്, പണിക്കുറവായി കണക്കാക്കും. എന്നാല്‍ ഇന്ന് കടകളില്‍നിന്ന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പണിക്കൂലിയും പണിക്കുറവും ഇല്ലെന്ന് പറയുമ്പോഴും നാം ഒരു കാര്യം ഓര്‍ക്കണം. ഇവയെല്ലാം കൂട്ടിയാണ് വാല്യൂ അഡീഷന്‍ എന്ന പേരില്‍ കാണിക്കുന്നത്. അതുകൊണ്ട് പണിക്കൂലി ഇല്ലെന്നു പറയുന്നതില്‍ സത്യമില്ല. ”പണിക്കൂലിയും പണിക്കുറവും ഇല്ലെന്നു പറഞ്ഞ് ഒരു ജ്വല്ലറി പരസ്യം ചെയ്യുന്നത് തെറ്റാണ്. കാരണം മറ്റ് സ്ഥാപനങ്ങള്‍ പണിക്കൂലി മേടിക്കുന്നു എന്നല്ലേ അര്‍ത്ഥം? ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്ന പരസ്യങ്ങള്‍ നല്‍കുന്നത് സ്ഥാപനങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം.” ഗോള്‍ഡ് മര്‍ച്ചന്റ്‌സ് എറണാകുളം ജില്ലാ അസ്സോസിയേഷന്‍ സെക്രട്ടറി ജോസഫ് മഠത്തിപ്പറമ്പില്‍ പറയുന്നു. സമൂഹത്തോട് കടപ്പാടുള്ള, ദീര്‍ഘകാലം വിപണന രംഗത്ത് നില്‍ക്കണമെന്ന് ആഗ്രഹത്തില്‍ വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്കു മാത്രമേ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാവൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണം മേടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അണിഞ്ഞൊരുങ്ങുന്നതിനും ആഭരണങ്ങള്‍ ധരിക്കുന്നതിനും ഏറെ സമയവും പണവും ചെലവിടുന്നവരാണ് മലയാളികള്‍. എന്നാലോ ചായക്കടയില്‍ പോയി ചായ കുടിക്കുന്ന ലാഘവത്തോടെ ധൃതിപിടിച്ച് സ്വര്‍ണ്ണം വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വിശ്വാസ്യത: വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. സ്വര്‍ണ്ണ വ്യാപാര രംഗത്ത് ഇതുവരെയുള്ള സ്ഥാപനത്തിന്റെ ഇടപാടുകള്‍ വിലയിരുത്തണം.
പാരമ്പര്യം: സ്വര്‍ണ്ണ വ്യാപാര രംഗത്തുള്ള അവരുടെ പരിചയം, അറിവ്, അനുഭവം എന്നിവയെല്ലാം സ്വര്‍ണ്ണം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കണം.
സ്വര്‍ണ്ണം വാങ്ങി പരിചയവും അറിവുമുള്ളവരുമായി സംസാരിച്ചതിനുശേഷം മാത്രം മേടിക്കുക.
പരസ്യങ്ങള്‍ കണ്ട്, പ്രത്യേകിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ട് സ്വര്‍ണ്ണം മേടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
സ്വര്‍ണ്ണ വിലയെക്കുറിച്ചും വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങളെക്കുറിച്ചും മിനിമം അറിവുണ്ടായിരിക്കണം. പല ചതിവുകളുടെയും കാരണം ഇവയെക്കുറിച്ച് യാതൊരുവിധ അറിവും ഇല്ലാ എന്നുള്ളതാണ്. ഇത്തരം അറിവില്ലായ്മകളാണ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണം.
ആഭരണം വാങ്ങിയതിന്റെ ബില്ല് കൃത്യമായി ചോദിച്ചുവാങ്ങുകയും അവ സ്വര്‍ണ്ണംപോലെ തന്നെ സൂക്ഷിച്ചുവയ്ക്കുകയും വേണം.
പരാതികള്‍ ഉണ്ടെങ്കില്‍ അതാത് കടയുടമയുമായി ബന്ധപ്പെട്ടോ ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസ്സോസിയേഷനുമായി നേരിട്ട് ബന്ധപ്പെട്ടോ വേണ്ട നടപടികള്‍ സ്വീകരിക്കാം.

മെഷീന്‍ വര്‍ക്കും ഹാന്റ് വര്‍ക്കും

മാറുന്ന കാലത്തിനനുസരിച്ച് ആഭരണങ്ങളുടെ ഡിസൈനിലും നിര്‍മ്മാണത്തിലും വൈിധ്യം കടന്നുകൂടിയിട്ടുണ്ട്. മെഷീന്‍ നിര്‍മ്മിത ആഭരണങ്ങള്‍ പുതിയ കാലത്തിന്റെ ജീവിതരീതിക്കും ആഡംബരത്തിനും തികച്ചും യോജിക്കുന്ന രീതിയിലായിരിക്കും. മുതിര്‍ന്ന തലമുറയില്‍പെട്ടവരായിരിക്കട്ടെ എപ്പോഴും കൈവയ്ക്കുന്നത് പരമ്പരാഗത രീതിയിലുള്ള ഹാന്റ് മെയ്ഡ് വര്‍ക്കുകളിലാണ്. മെഷിന്‍ വര്‍ക്കിനും ഹാന്റ് വര്‍ക്കിനും അതിന്റേതായ ഭംഗിയും പ്രത്യേകതകളുമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് രീതിയിലുള്ള ആഭരണങ്ങളും വിറ്റഴിയുന്നുണ്ട്. ഹാന്റ് മെയ്ഡ് വര്‍ക്കുകള്‍ കൂടുതല്‍ ഈട് നില്‍ക്കുമെങ്കിലും പണിക്കൂലിയും സമയവും അധികം ചെലവാക്കും. എന്നാല്‍ മെഷീന്‍ വര്‍ക്കുകള്‍ക്ക് കുറഞ്ഞ സമയം മതിയെങ്കില്‍, വിളക്കി ചേര്‍ക്കലാണ് ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. ഹാന്റ് മെയ്ഡ് വര്‍ക്കുകളാണെങ്കില്‍ ഓരോരുത്തരുടേയും ആവശ്യത്തിനും അഭിരുചിക്കും അനുസരിച്ച് നിര്‍മ്മിക്കാന്‍ സാധിക്കും.

എന്താണ് ഹാള്‍മാര്‍ക്ക്
അല്ലെങ്കില്‍ 916 പരിശുദ്ധി

916 പരിശുദ്ധിയാണ് ആഭരണമുണ്ടാക്കാനാവശ്യമായ അല്ലെങ്കില്‍ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നതായ ആഭരണത്തിന് ഉണ്ടായിരിക്കേണ്ട ക്വാളിറ്റി. 919 അതായത് 24 കാരറ്റ്. ഇത് തനി തങ്കമാണ്. അതില്‍ ആഭരണം പണിയാന്‍ സാധികുകയില്ല. അതില്‍ പാകത്തിന് ചെമ്പോ വെള്ളിയോ ചേര്‍ത്ത് 22 കാരറ്റ് ആക്കിയാല്‍ മാത്രമേ ആഭരണം നിര്‍മ്മിക്കാന്‍ സാധിക്കൂ. ഇതില്‍ 916 ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കും. 22 കാരറ്റില്‍ താഴെ വരുന്ന ആഭരണത്തില്‍ എത്ര വേണമെങ്കിലും ചെമ്പോ, വെള്ളിയോ ചേര്‍ക്കാം. പക്ഷേ, ചില തങ്കത്തില്‍ ചെമ്പിന്റെ അളവ് കൂടിയും കുറഞ്ഞും കാണും. അത്തരം ആഭരണങ്ങളില്‍ ഗവണ്‍മെന്റ് അംഗീകൃത മുദ്ര കാണുകയില്ല. അത്തരം ആഭരണങ്ങള്‍ മേടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കണമെങ്കില്‍ ഗവണ്‍മെന്റ് ടെസ്റ്റ് ചെയ്ത ഹാള്‍മാര്‍ക്ക് ചിഹ്‌നം ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം സ്വര്‍ണ്ണം മേടിക്കണം.

Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ Volume 7 Issue 2

BY ജോജോ കെ ജോസഫ്‌