കളരി പഠിക്കാം; സ്റ്റാമിന നേടാം

ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിരുന്ന പ്രാചീന കേരളത്തിലെ ഒരു ആയോധനകലയാണ് കളരിപ്പയറ്റ്. യുദ്ധകാര്യങ്ങളിലും ആത്മരക്ഷോപായങ്ങളിലും കേള്‍വികേട്ട കളരിപ്പയറ്റ് കലാവിദ്യകളിലും സമുന്നതസ്ഥാനം അലങ്കരിച്ചിരുന്നു. മധ്യകാല കേരളത്തില്‍ ഗ്രാമങ്ങള്‍തോറും കളരികളും, അവയിലൂടെ പയറ്റിത്തെളിഞ്ഞ അഭ്യാസികളും ഉണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ സാഹസികരും ധീരതയ്ക്ക് പേരുകേട്ടവരും ആയിരുന്നു. നാടിന്റെ സുരക്ഷയ്ക്കുവേണ്ടി സ്വജീവന്‍ വെടിയാന്‍പോലും തയ്യാറായിരുന്ന ദേശസ്‌നേഹികളുടേതായ ആദര്‍ശോജ്ജ്വലമായ പോയകാലം കളരി സംസ്‌കാരത്തിന്റെ സൃഷ്ടിയാണ്. ശാസ്ത്രീയമായി കളരിയഭ്യസിക്കുന്നത് ഫിറ്റ്‌നസിനു സഹായിക്കുന്ന ഒന്നാണ്.

കളരിപ്പയറ്റിന്റെ ഉദ്ഭവം

പലതരം വിശ്വാസങ്ങള്‍ കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് നിലനില്‍ക്കുന്നു. കേരളത്തിന്റെ തെക്കെ അറ്റത്തു താമസിച്ചിരുന്ന അഗസ്ത്യമുനി ആണ് ഈ കലയുടെ സ്രഷ്ടാവ് എന്ന് ഒരു വിശ്വാസം ഉണ്ട്. എന്നാല്‍ അതല്ല കേരളത്തിന്റെ സൃഷ്ടാവായ പരശുരാമന്‍ തന്റെ നാടായ കേരളത്തെ സംരക്ഷിക്കുവാന്‍ ഒരു വിദ്യ തരണമെന്ന് പരമശിവനോട് അപേക്ഷിക്കുകയും അങ്ങനെ പരമശിവന്‍ പരശുരാമനെ ഈ കല പഠിപ്പിക്കുകയും പിന്നീട് പരശുരാമന്‍ ചില ഉന്നത കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ഈ അറിവ് പകര്‍ന്നു നല്‍കി, ഒപ്പം 108 കളരികള്‍ സ്ഥാപിച്ചു എന്നും ഒരു ഐതിഹ്യം നിലനില്‍ക്കുന്നു. നിരീക്ഷണപാടവവും ചിന്താശക്തിയും ഏറ്റവും കൂടുതല്‍ ഉള്ളതാണ് മനുഷ്യന്‍ എന്ന വര്‍ഗ്ഗം. മൃഗങ്ങള്‍ തമ്മില്‍ പോരാടുമ്പോള്‍ ചില പ്രത്യേക ഘട്ടങ്ങളില്‍ കാണിക്കുന്ന പ്രയോഗങ്ങളും ചേഷ്ടകളും നില്‍പ്പുകളും മനുഷ്യന്‍ ഉള്‍ക്കൊള്ളുകയും പല പ്രയോഗരീതികളും രൂപപ്പെടുത്തുകയും ചെയ്യുന്നു. കളരിപ്പയറ്റിലെ അടിസ്ഥാന വടിവുകള്‍ പലതും ജന്തുക്കളുടെ ആക്രമണശൈലിയോട് വളരെ സാമ്യമുള്ളതാണ്. ഇങ്ങനെ, പ്രകൃതിയിലില്‍ നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നതാണ് കളരി എന്ന് മറ്റൊരു വിശ്വാസം.

വ്യത്യസ്ത സമ്പ്രദായങ്ങള്‍

വടക്കന്‍ കേരളത്തില്‍ പരിശീലിച്ചു വരുന്ന സമ്പ്രദായത്തെ വടക്കന്‍ എന്നും, തെക്കന്‍ ഭാഗങ്ങളില്‍ പ്രചാരത്തില്‍ കണ്ടുവരുന്ന വിദ്യകളെ തെക്കന്‍ സമ്പ്രദായം എന്നും മധ്യകേരളത്തില്‍ കണ്ടുവരുന്ന കളരിയെ മധ്യകേരള സമ്പ്രദായം എന്നും തരംതിരിച്ചിരിക്കുന്നു.
വടക്കന്‍ രീതിയിലെ അറപ്പകൈ സമ്പ്രദായം ആണ് ഇന്ന് ഏറ്റവും പ്രചാരത്തില്‍ കാണുന്നത്. വിവിധ രീതിയില്‍ അമര്‍ന്നും, കാലുകള്‍ ഉയര്‍ത്തിയും, ചാട്ടങ്ങളോടും കൂടിയ ഇതിലെ മെയ്പ്പയറ്റും, പകര്‍ച്ചക്കാല്‍ എന്നിവയും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തെക്കന്‍ സമ്പ്രദായത്തില്‍ ഒറ്റച്ചുവട്, കുട്ടച്ചുവട് എന്നിവയും മധ്യകേരളസമ്പ്രദായത്തില്‍ 2 മുതല്‍ 64 വരെയുള്ള കളങ്ങളില്‍ ഉള്ള കളംചവിട്ടും, പ്രാധാന്യം അര്‍ഹിക്കുന്നു. തെക്കന്‍, മധ്യകേരള സമ്പ്രദായത്തില്‍ ആക്രമണ, പ്രത്യാക്രമണ മുറകള്‍ക്കാണ് മുന്‍തൂക്കം. കൂടാതെ പയ്യനാടന്‍, വട്ടേന്‍തിരിപ്പ്, തുളുനാടന്‍, കടത്തനാടന്‍ തുടങ്ങിയ പ്രാദേശിക സമ്പ്രദായങ്ങളും നിലനില്‍ക്കുന്നു.

കളരിപ്പയറ്റ് പരിശീലനം

മെയ്പ്പയറ്റ്, വടിപ്പയറ്റ്, ആയുധാഭ്യാസങ്ങള്‍, മലക്കങ്ങള്‍, വെറുംകൈ ഇങ്ങനെയാണ് കളരിയുടെ പരിശീലനം പോകുന്നത്. അതില്‍ ശരീരത്തിന്റെ വടിവും ആരോഗ്യവും നിലനിര്‍ത്താന്‍ പറ്റിയ ഒന്നാണ് മെയ്യഭ്യാസം അഥവാ മെയ്പ്പയറ്റ്.

കളരി അഭ്യാസത്തിന് ഒരുങ്ങുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്.

പുലര്‍ച്ചെ 4.30ന് എഴുന്നേല്‍ക്കുക.
പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് ശേഷം ദേഹശുദ്ധി വരുത്തുക.
എണ്ണതേയ്ക്കുക അഥവാ മെഴുക്കിടുക
കച്ചകെട്ടുക
ഇതിനുശേഷമാണ് മെയ്യഭ്യാസമുറകള്‍ ചെയ്യേണ്ടത്.

എണ്ണ തേയ്ക്കല്‍ അഥവാ മെഴുക്കിടല്‍

കളരി പരിശീലനത്തിന്റെ ആരംഭഘട്ടത്തില്‍ നല്ലെണ്ണ (എള്ളെണ്ണ)യും വെളിച്ചെണ്ണയും ഒരേ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് ഉപയോഗിക്കാറ്. മെയ് സ്വാധീനം കൂടുന്നതനുസരിച്ച് കാച്ചിയ തൈലമോ മറ്റോ ഉപയോഗിക്കാം. മെഴുക്കിടുന്നതുകൊണ്ട് ശരീരോഷ്മാവ് കൂടുന്നത് ഒരു പരിധി വരെ തടയുവാന്‍ സാധിക്കും. കൂടാതെ തൊലിയും മാംസപേശികളും എളുപ്പത്തില്‍ അയഞ്ഞു കിട്ടുവാന്‍ എണ്ണലേപനം ഉത്തമമാണ്.

കച്ചകെട്ടല്‍

കളരി അഭ്യാസികള്‍ പരിശീലനസമയത്ത് ധരിക്കുന്ന വസ്ത്രത്തെ കച്ച എന്നാണ് പറയുന്നത്. ഇതിന് ഒരു ചാണ്‍ വീതിയും 18 മുഴം നീളവും ഉണ്ടായിരിക്കണം. തുണി നല്ലമല്ലോ, കോറയോ ആകാം. ഇത് ധരിച്ചാല്‍ അരയ്ക്ക് ഉറപ്പും ഒതുക്കവും ബലവും ഊര്‍ജ്ജസ്വലതയോടെ പയറ്റുവാനുള്ള ഉശിരും കൈവരും.

പഠിക്കുവാന്‍ പറ്റിയ പ്രായം

7നും 13നും ഇടയ്ക്ക് പരിശീലനം തുടങ്ങുന്നതാണ് ഉത്തമം. എന്നാല്‍ പ്രായം കൂടുതലുള്ളവര്‍ക്കും പരിശീലനം ചെയ്യാനുമുള്ള മനസ്സ് ഉണ്ടെങ്കില്‍ ഈ മഹത്തായ കല പഠിച്ചെടുക്കാം. കളരി ശരീരത്തിലെ മസില്‍ പെരുപ്പിക്കുന്നില്ല. മെയ്‌വഴക്കവും, പ്രതിരോധശേഷിയും കൂട്ടി ആരോഗ്യം പ്രദാനം ചെയ്യുന്നു. അതിരാവിലെയുള്ള കളരി അഭ്യാസം ശരീരവും മനസ്സും ഉണര്‍വോടെ സൂക്ഷിക്കുന്നതിന് വഴിതെളിക്കും.നല്ലപോലെ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തായിരിക്കണം പരിശീലനം ചെയ്യേണ്ടത്. പരിശീലന സമയത്ത് വയര്‍ ഒഴിഞ്ഞിരിക്കണം. അതിരാവിലെ പരിശീലനം ചെയ്യുന്നതാണ് നല്ലത്.

ഫിറ്റ്‌നസ് നല്‍കുന്നത്

കളരിപ്പയറ്റിലെ കാലുകളും മെയ്യഭ്യാസവും ശരീരത്തിന് വളരെയേറെ ഗുണങ്ങള്‍ ചെയ്യുന്നതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആര്‍ക്കും ഇവ അഭ്യസിക്കാവുന്നതാണ്. കളരിപ്പയറ്റ് ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് മെയ് വഴക്കത്തോടൊപ്പം ശരീരത്തിന് ഉറപ്പും അതുല്യമായ കായികശേഷിയും കൈവരും.മെയ്യ ഭ്യാസങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി അമിതമായി ഉള്ള കൊഴുപ്പ് പോകുന്നു. മെയ്യഭ്യാസത്തിന്റെ ഏറ്റവും വലിയ ഒരു ഗുണം ഇത് നിത്യവും ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് അപാരമായ സ്റ്റാമിന ഉണ്ടായിരിക്കും.

ജിംനേഷ്യത്തില്‍ നിന്നും കിട്ടുന്ന ശരീരത്തിന്റെ ഉറപ്പ് ഒരു മാസം പരിശീലനം ചെയ്യാതിരുന്നാല്‍ അയഞ്ഞുപോകും. എന്നാല്‍ കളരി പരിശീലനത്തിലൂടെ കിട്ടുന്ന ഉറപ്പും ഒതുക്കവും എന്നും നിലനില്‍ക്കുന്ന ഒന്നാണ്.

കളരി അഭ്യാസത്തിലൂടെ ശരീരത്തിന് ഉറപ്പും ആകാരഭംഗിയും കിട്ടുന്നതോടൊപ്പം സെല്‍ഫ് ഡിഫന്‍സ് ടെക്‌നിക്കുകളും കിട്ടുന്നു. നമ്മുടെ ആധുനിക സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത്തരം സെല്‍ഫ് ഡിഫന്‍സ് ടെക്‌നിക്കുകള്‍. സ്ത്രീകള്‍ ഇത് അഭ്യസിച്ചാല്‍ ആത്മസുരക്ഷയ്ക്ക് ഉതകും. കളരിപ്പയറ്റ് അഭ്യസിക്കുന്നതുമൂലം ആത്മവിശ്വാസം, ഏകാഗ്രത, ചിന്താശക്തി മുതലായവ ലഭിക്കുന്നു.

BY Vimal Antony

Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ Volum 7 Issue 4