ഇരുട്ടുകടൈ ഹല്‍വ

വര്‍ഷങ്ങള്‍ക്കുമുന്‍പ് പുനലൂര്‍നിന്നും തിരുനെല്‍വേലിയിലേക്കുള്ള മീറ്റര്‍ഗേജ് ട്രെയിന്‍ യാത്രയ്ക്കിടെ ഓരോ സ്‌റ്റേഷനിലും വണ്ടി നിര്‍ത്തുമ്പോള്‍ കുറേയാളുകള്‍ വണ്ടിക്കടുത്തേക്ക് വരും. അവര്‍ ചെറിയതും വലുതുമായ പാത്രങ്ങള്‍ യാത്രക്കാരുടെ കൈവശം കൊടുത്തുവിടും. കൗതുകകരമായൊരു കാഴ്ചയായിരുന്നു അത്. എന്തിനാണ് ഈ ഒഴിഞ്ഞ പാത്രങ്ങള്‍ അവര്‍ കൈമാറുന്നത്. ജിജ്ഞാസ അടക്കാനാവാതെ അന്ന് ചോദിച്ചു. അവര്‍ പറഞ്ഞു പാത്രം തന്നയക്കുന്നത് തിരുനെല്‍വേലി ഹല്‍വ വാങ്ങാനാണ്. ഞങ്ങള്‍ ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരാണ്.

കാലം കടന്നുപോയി. കുന്നുകള്‍ക്കും മലകള്‍ക്കുമിടയിലൂടെ കണ്ണറ പാലം കയറി കൂവിപ്പോയിരുന്ന പുനലൂര്‍ മീറ്റ്‌ഗേജ് പാത പൊളിച്ചു. ഒപ്പം തിരുനല്‍വേലി ഹല്‍വാ വാങ്ങാന്‍ പാത്രം കൊടുക്കാനും ഇന്നാരുമില്ല. എന്നാലും തിരുനെല്‍വേലി ഹല്‍വ ഇന്നും അവിടെ ഉണ്ട്, രുചി പകര്‍ന്നുകൊണ്ട്.

ഇരുട്ടുകടയിലെ സ്വാദ്

കാലങ്ങള്‍ക്കുമുന്‍പ് തിരുനല്‍വേലിയിലെത്തിയ ആര്‍. കൃഷ്ണസിങ് ഒരു കട നിലൈപ്പാര്‍ കോവിലിനു സമീപം ഈസ്റ്റ്കാര്‍ സ്ട്രീറ്റില്‍ തുടങ്ങി. ഹല്‍വയും മധുരപലഹാരങ്ങളും ഉണ്ടാക്കുന്നൊരു ചെറിയ കട. പ്രധാന വിഭവം ഹല്‍വയായിരുന്നു. കടയ്ക്ക് ഒരു പേരും ഇല്ലായിരുന്നു. ആ കടയില്‍ അന്ന് വെളിച്ചത്തിന് വൈദ്യുതിയോ മറ്റോ ഉണ്ടായിരുന്നില്ല. ഏതാണ്ട് ഇരുണ്ടിരുന്നു കടയുടെ അകം. അടുപ്പില്‍ അണയാത്ത തീ മാത്രമായിരുന്നു എടുത്തുപറയത്തക്ക വെളിച്ച സ്രോതസ്സ്. ഇന്നും ഏതാണ്ടങ്ങനെതന്നെ. ഈ സവിശേഷതകൊണ്ട് ആരോ അതിനെ ഇരുട്ടുകടൈ (മലയാളത്തില്‍ ഇരുണ്ട കട) എന്നു പേരിട്ടുവിളിച്ചു.

ഇരുട്ടുകടൈയില്‍ ഉണ്ടാക്കുന്ന ഇരുട്ടുകടൈ ഹല്‍വയാണ് തിരുനെല്‍വേലിയുടെ ഒരു പ്രശസ്തി. ഹല്‍വ എവിടെയുമുണ്ടാക്കാം. എന്നാല്‍ തിരുനെല്‍വേലി ഇരുട്ടുകടൈ ഹല്‍വ ഞങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ രുചിയുണ്ടാവൂ എന്ന് ഇരുട്ടുകടൈയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരിലൊരാളായ ഗോപാലകൃഷ്ണന്‍. ശുദ്ധമായ ഗോതമ്പും നെയ്യും പിന്നെ താമരഭരണിയാറ്റിലെ ജലവുമാണ് ഈ ഹല്‍വയുടെ സ്വാദിനു കാരണമെന്നാണ് ഇവര്‍ പറയുന്നത്. വൈകുന്നേരം 5 മണിയോടെയാണ് ഇരുട്ടുകടൈയില്‍ കച്ചവടം തുടങ്ങുന്നത്. ഈ സമയം ഇവിടെയെത്തിയാല്‍ റാന്തല്‍ വെളിച്ചത്തില്‍ വാഴയിലയില്‍ ഹല്‍വ കഴിക്കാം. സാമ്പിളിന് പത്ത് രൂപയാണ്. കിലോ 140ഉം. കണ്ടുപരിചയിച്ച ഹല്‍വകളില്‍നിന്നും വ്യത്യസ്തമാണിത്. മാര്‍ദ്ദവവും കൂടുതലാണ് പകല്‍ സമയം ഇരുട്ടുകടൈ തുറക്കാത്തതിനാല്‍ ഇവരുടെ ഒരേയൊരു ബ്രാഞ്ചായ വിശാഖം സ്വീറ്റ്‌സ്‌വഴിയാണ് കച്ചവടം. തിരുവനന്തപുരത്തുനിന്നും നാഗര്‍കോവില്‍ – നാങ്കുഹേരിവഴി ട്രെയിനിലും പുനലൂര്‍ നിന്ന് തെന്‍മല-ചെങ്കോട്ട-തെങ്കാശിവഴി ബസ്സിലും തിരുനല്‍വേലിയിലെത്താം.

തയ്യാറാക്കും വിധം

ഗോതമ്പ് – 2 കപ്പ്
പഞ്ചസാര – 7 കപ്പ്
വെള്ളം – 12 കപ്പ്
ഏലക്കാ പൊടി -അര ടീസ്പൂണ്‍
നെയ്യ്-3 കപ്പ്

ഗോതമ്പുപൊടി വെള്ളമൊഴിച്ച് 8 മണിക്കൂര്‍ വെച്ചശേഷം ഒന്നിളക്കി വീറ്റ് മില്‍ക്ക് എടുക്കുക. 5 മിനിറ്റ് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് 3 തവണ ശുദ്ധജലമുപയോഗിച്ച് ഇളക്കി ഫില്‍ട്ടര്‍ ചെയ്ത് ഫെര്‍മന്റേഷനു വിടുക. രാവിലെ പാത്രത്തിനടിയില്‍ കട്ടികൂടിയ ഗോതമ്പു മിശ്രിതവും (വീറ്റ്മില്‍ക്ക്) മുകളില്‍ തെളിഞ്ഞ ജലവും കാണാം. തെളിഞ്ഞ ജലം കളയുക. ഗോതമ്പ് മിശ്രിതം ചുവടു കട്ടിയുള്ള പാത്രത്തില്‍ ചെറു തീയില്‍ ചൂടാക്കി 12 കപ്പ് വെള്ളമൊഴിച്ച് ഇളക്കി യോജിപ്പിച്ച് 1 മണിക്കൂര്‍ തിളപ്പിക്കുക. കുറുകിവരുമ്പോള്‍ പഞ്ചസാര അല്പാല്‍പം ചേര്‍ക്കുക. മുറുകുമ്പോള്‍ നെയ്യ് ചേര്‍ക്കുക. നന്നായി ഇളക്കുക, നെയ്യ് മുകളിലേക്ക് വരുന്ന പാകമാകുമ്പോള്‍ ഏലക്കാപ്പൊടിയും നട്ട്‌സും ഇടുക. ഇഷ്ടമുള്ള ആകൃതി ലഭിക്കാന്‍ പാത്രത്തില്‍ നെയ് തടവി അതിലേക്കൊഴിക്കുക. ചൂടാറി കട്ടിയാവുമ്പോള്‍ ഉപയോഗിക്കാം. 40 ദിവസം കേടുകൂടാതെ ഹല്‍വ ഇരിക്കും.
Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ 12