പാമ്പെന്നു പറയരുത്

ധൈര്യശാലിയുമൊന്നു പതറും. ആകാരത്തില്‍ ചെറുതെങ്കിലും പാമ്പുകളെ നമ്മുക്കെല്ലാം ഭയമാണ്. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നാണല്ലോ പഴമൊഴി. എന്നാല്‍ കൈപ്പുറം അബ്ബാസ് എന്ന മുപ്പതൊന്‍പതുകാരന് പാമ്പുകളെ പേടിയില്ല. ഉഗ്ര വിഷമുളള പാമ്പുകളോട് ചങ്ങാത്തം കൂടിയും സല്ലപിച്ചും കഴുത്തില്‍ ഹാരമായണിഞ്ഞുമൊക്കെയാണ് ഇയാള്‍ വ്യത്യസ്തനാകുന്നത്. കിണറ്റിലോ പറമ്പിലോ എവിടെയായാലും പാമ്പിനെ പിടിക്കാനായി അബ്ബാസിന്റെ സഹായം തേടിയാല്‍ ഞൊടിയിടയില്‍ അബ്ബാസ് സ്ഥലത്ത് പറന്നെത്തും. എത്ര വിഷമേറിയ സര്‍പ്പമായാലും നിമിഷങ്ങള്‍ക്കകം അബ്ബാസിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിട്ടുമുണ്ടാകും.

അബ്ബാസ് പാമ്പു പിടുത്തം ആരംഭിച്ചിട്ട് ഇരുപത്തിരണ്ടു വര്‍ഷത്തിലധികമായി. പാമ്പുകളെ അതിക്രൂരമായി തല്ലിക്കൊല്ലുന്നതും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതു മെല്ലാം കണ്ട് മനം മടുത്താണ് പത്താം തരത്തിനുശേഷം അബ്ബാസ് പാമ്പുപിടുത്തം തുടങ്ങുന്നത്. നീര്‍ക്കോലിയെ പിടിച്ചുകൊണ്ട് ഈ രംഗത്തേക്ക് കടന്നുവന്ന അബ്ബാസ് തുടര്‍ന്ന് പിടിച്ച പാമ്പുകള്‍ക്കും കണക്കില്ല. ഒരു കല്യാണ വീട്ടിന്റെ മൂലോടില്‍ കിടന്നിരുന്ന മൂന്ന് പാമ്പുകളെ പിടികൂടിയത്, ആറംങ്ങോട്ടുകരയില്‍ കിണറ്റിനരികില്‍ കണ്ട വിഷസര്‍പ്പത്തെ എങ്ങനെ പിടിക്കണമെന്നറിയാതെ അന്ധാളിച്ചു നിന്ന വനപാലകര്‍ക്ക് ആശ്വാസമേകി പാമ്പിനെ പിടിച്ചത്,

കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്ത് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം മൂര്‍ഖന്‍ പാമ്പിനെ വരുതിയിലാക്കിയത്, എണ്‍പതു വര്‍ഷം പ്രായമുളള കൂറ്റന്‍ വെമ്പാലയെ പിടികൂടിയത്, ക്വാറിയില്‍ വീണ രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടിച്ച് സ്ത്രീകളെയും കുട്ടികളെയും രക്ഷിച്ചത് തുടങ്ങി പാമ്പു പിടുത്തമേഖലയില്‍ അബ്ബാസിന്റെ സാഹസിക തകളേറെയാണ്.

ജീവന്‍ പോലും പണയം വെച്ച് പാമ്പിനെ പിടിക്കാനിറങ്ങുന്നതില്‍നിന്നും പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ‘നിങ്ങളുടെ വീട്ടില്‍ പാമ്പിനെ കണ്ടാല്‍ നിങ്ങള്‍ എന്നെ വിളിക്കില്ലേ, അതുപോലെയല്ലേ മറ്റുളളവരുമെന്ന ചോദ്യമുന്നയിച്ച് അയാള്‍ നാട്ടുകാരുടെ വായടക്കും. കരാട്ടെ,കുങ്ഫു, കളരി തുടങ്ങിയ മാര്‍ഷല്‍ ആര്‍ട്‌സുകളിലുളള വൈദഗ്ധ്യം, പാമ്പുകളെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനുളള കൈവേഗതയും ആത്മബലവും ശ്രദ്ധയും ലഭിക്കുന്നതിന് അബ്ബാസിന് സഹായകരമാകുന്നു. പാമ്പു പിടുത്ത ത്തില്‍ മാത്രമല്ല പാമ്പുകളുടെ മുട്ട വിരിയിക്കുന്ന കാര്യത്തിലും അബ്ബാസ് മിടുക്കനാണ്. വഴിയില്‍ കിടന്നുകിട്ടിയ മലമ്പാമ്പിന്റെ മുട്ടകളെ കൃത്രിമ സാഹചര്യങ്ങള്‍ ഒരുക്കി വിരിയിച്ചത്, ചില്ലുപെട്ടിയില്‍ നീര്‍ക്കോലിയെ അടയിരുത്തി 57 നീര്‍ക്കോലി മുട്ടകള്‍ വിരിയിച്ചത്, മതില്‍പ്പൊത്തിനുളളില്‍ നിന്ന് പിടികൂടിയ ഗര്‍ഭിണിയായ അണലിയെ അക്വോറിയത്തില്‍ വെച്ച് സംരക്ഷണം നല്‍കി 17 അണലി കുഞ്ഞുങ്ങള്‍ പിറന്നത് തുടങ്ങി നിരവധി സംഭവങ്ങള്‍. പാമ്പുകളോടുളള ഇഷ്ടവും ആരും കടന്നു ചെല്ലാത്ത മേഖലയിലേക്ക് കടന്നു ചെന്ന് സാഹസികമായ കാര്യങ്ങള്‍ ചെയ്യുവാനുളള താല്‍പര്യവുമാണ് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അബ്ബാസിനെ പാമ്പു പിടുത്തക്കാരനാക്കി മാറ്റിയത്.

പാമ്പുകളുടെ തോഴന്‍

പാമ്പുകളെക്കുറിച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകനാണിന്ന് അബ്ബാസ്. സ്‌കൂള്‍ കുട്ടികള്‍ തുടങ്ങി ഡോക്ടര്‍മാര്‍ക്കടക്കം പാമ്പുകളെക്കുറിച്ചുളള ബോധവത്കരണക്ലാസ്സുകള്‍ അബ്ബാസ് എടുക്കുന്നുണ്ട്. പാമ്പുകളെ പറ്റിയുളള പുസ്തകങ്ങള്‍ പഠിച്ചതിലൂടെയും സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണ് വിവിധതരം പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷത കളെകുറിച്ചുമുളള അറിവ് അയാള്‍ സമ്പാദിച്ചത്. ഇങ്ങനെ പാമ്പുകളെക്കുറിച്ചുളള ശാസ്ത്രീയമായ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് അബ്ബാസ് പാമ്പുപിടുത്തം തുടങ്ങുന്നത്. കൊളുത്തുളള ഇരുമ്പിന്റെ ദണ്ഡുപയോഗിച്ചാണ് പാമ്പിനെ പിടിക്കുന്നത്. പാമ്പിന്റെ തല താങ്ങാനായി മാത്രമേ ദണ്ഡ് ഉപയോഗിക്കുന്നുളളു. പീന്നീടുളള പാമ്പിന്റെ ചലനങ്ങളെല്ലാം നിയന്ത്രിക്കുന്നത് കൈകള്‍കൊണ്ടാണെന്ന് അബ്ബാസ്. പാമ്പിനെ പിടിക്കുമ്പോള്‍ വാലിന്റെ ഭാഗത്ത് നിന്നാണ് പിടിക്കേണ്ടത്.

അല്ലെങ്കില്‍ പാമ്പിന്റെ കടി കൊള്ളും. ഏറ്റവും എളുപ്പത്തില്‍ പിടികൂടാവുന്ന പാമ്പാണ് മൂര്‍ഖന്‍.എപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതിനാല്‍ മൂര്‍ഖനെ എളുപ്പത്തില്‍ കരവലയത്തിനുള്ളിലാക്കാം. പക്ഷേ ശ്രദ്ധാപൂര്‍വ്വം പിടിച്ചില്ലെങ്കില്‍ മൂര്‍ഖന്‍ അപകടകാരിയുമാണ്. വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതായതുകൊണ്ടാണ് ചേരയെ പിടിക്കാനാണ് ഏറ്റവും പ്രയാസം. ദിവസവും മൂന്നോ നാലോ പാമ്പിനെയെങ്കിലും അബ്ബാസ് പിടിക്കും. പാടത്തു നിന്ന് തവളകളെ പിടിച്ചു കൊണ്ടു വന്നാണ് പാമ്പുകള്‍ക്ക് അയാള്‍ തീറ്റ നല്‍കുന്നത്. സംരക്ഷിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ കൈവശം പാമ്പുകള്‍ കുറെയാ കുമ്പോള്‍ നിലമ്പൂര്‍ പോലുളള കാടുകളില്‍ കൊണ്ടു ചെന്നു വിടുകയാണ് ചെയ്യുന്നത്.

പാമ്പുകളുമായി ബന്ധപ്പെട്ട് ഒരുപാട് മിഥ്യാധാരണകള്‍ ആളുകളുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് അബ്ബാസിന്റെ അഭിപ്രായം. അടിച്ചു കഴിഞ്ഞാല്‍ പാമ്പു പക വീട്ടി കടിക്കുമെന്നു പറയുന്നത് പഴംകഥകള്‍ മാത്രമാണ്. പാമ്പ് നമ്മളെ ഒരിക്കലും ഓടി വന്ന് കടിക്കില്ല. നമ്മളെ കണ്ടാല്‍ പോടിച്ചോടുകയാണ് ചെയ്യുക. മുട്ടയിട്ടു കിടക്കുന്ന പാമ്പാണെങ്കില്‍ പോലും നമ്മള്‍ അടുത്ത് ചെന്നാല്‍ അതു മുട്ട ഉപേക്ഷിച്ച് പോകും. പാമ്പുകള്‍ക്ക് മനുഷ്യരോട് പ്രണയമുണ്ടെന്നു പറയുന്നതും ശുദ്ധ അസംബന്ധമാണ്. ഒരിക്കലും ഇണങ്ങാത്ത കൂട്ടരാണ് പാമ്പുകള്‍. 5 വര്‍ഷം അരുമയോടെ വളര്‍ത്തിയാലും തുറന്നു വിട്ടാല്‍ പാമ്പ് അതിന്റെ വഴിക്ക് പോകും. കൂടാതെ പാല്‍ക്കായം, വെള്ളുത്തുളളി, മുരിങ്ങയില തുടങ്ങിയവ അരച്ച് തെളിച്ചാല്‍ പാമ്പു പോകുമെന്ന് പറയുന്നതെല്ലാം തെറ്റായ ധാരണയാണ്.

പാമ്പുകളെ പിടിക്കുന്നവന്‍ ചികിത്സയും പഠിക്കണം

അബ്ബാസ് പേരെടുത്ത വിഷവൈദ്യന്‍ കൂടിയാണ്. പാമ്പുകളെ പിടിക്കുന്നുണ്ടെങ്കില്‍ പാമ്പു കടിച്ചാല്‍ ചികിത്സിക്കാനുളള വിദ്യ കൂടി പഠിക്കണമെന്നുളള നിര്‍ബന്ധമാണ് ചികിത്സ പഠിക്കാന്‍ അബ്ബാസിനെ പ്രേരിപ്പിച്ചത്. പല പ്രശസ്തരായ വൈദ്യന്‍മാരുടെയും അടുത്തു നിന്നു കാലങ്ങളോളം പഠിച്ചാണ് അയാള്‍ ചികിത്സ ആരംഭിക്കുന്നത്. പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ പാമ്പു വേലായുധന്റെ മരണവും ചികിത്സ പഠിക്കാനൊരു കാരണമായി. ചികിത്സ പഠിച്ചാല്‍ പാമ്പു കടിച്ചാല്‍ എന്തുചെയ്യണമെന്നു നമുക്കറിയാനാകുമെന്നു പറയുന്ന അബ്ബാസിന് ചികിത്സ അറിയാവുന്നതുകൊണ്ട് പാമ്പു കടിയില്‍ നിന്ന് രക്ഷപ്പെട്ട ഒരു അനുഭവവും പറയാനുണ്ട്. ‘കഴിഞ്ഞ മാര്‍ച്ചില്‍ എനിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റിരുന്നു. പാമ്പിനെ പിടിച്ച് തുണി സഞ്ചിയിലാണ് ഞാന്‍ ഇട്ടിരുന്നത്. തുണിസഞ്ചിയിലിട്ടാല്‍ പാമ്പിന് നമ്മളെ കാണാനാകും. പക്ഷേ നമുക്ക് പാമ്പിനെ കാണാന്‍ കഴിയില്ല. സംസാരത്തിനിടയില്‍ സഞ്ചിയുടെ അടുത്തേക്ക് കൈ പോയതും കടി കെണ്ടു. നാലു ദിവസമായി ഭക്ഷണം കിട്ടാതെ ബ്ലാഡര്‍ മുഴുവന്‍ വിഷം നിറഞ്ഞു കിടക്കുന്ന പാമ്പായിരുന്നുവത്. ചികിത്സ അറിയാവുന്നതുകൊണ്ടാണ് അന്ന് ഞാന്‍ രക്ഷപ്പെട്ടത്. സര്‍ജറി ചെയ്യാന്‍ വേണ്ടി മാത്രമാണ് ഹോസ്പിറ്റലില്‍ പോയത്. ഇന്ന് അബ്ബാസിനെ തേടി നിരവധി രോഗികളെത്തുന്നുണ്ട്. ഡോക്ടര്‍ കൈ ഒഴിഞ്ഞ കേസുകളടക്കം അബ്ബാസിന്റെ അടുത്തു നിന്നും സുഖ ചികിത്സ ലഭിച്ച് പോകാറുണ്ട്. ഏതു പാതിരാത്രിക്ക് രോഗികള്‍ അബ്ബാസിനെ തേടിയെത്തിയാലും അവരെ സഹായിക്കാന്‍ അബ്ബാസ് സന്നദ്ധനായിരിക്കും.

ഏറേക്കാലമായി പാമ്പുപിടുത്ത രംഗത്ത് സജീവമാണെങ്കിലും അബ്ബാസിന് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ടൈലറിങ്ങ് പണിയാണ് ആശ്രയം. സ്റ്റാര്‍ ഡ്രസ്സ് എന്നാണ് ടൈലറിങ്ങ് ഷോപ്പിന്റെ പേര്. നല്ലൊരു മജീഷ്യന്‍ കൂടിയാണ് അബ്ബാസ.പാമ്പുകള്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനോടൊപ്പം സ്‌കൂളുകളില്‍ മാജിക് ചെയ്തും കിട്ടുന്ന പണം ക്യാന്‍സര്‍ രോഗികളുടെ ഫണ്ടിലേക്കായാണ് അയാള്‍ വിനിയോഗിക്കുന്നത്. ഇതിനെല്ലാം സഹായമായി പന്ത്രണ്ടു വയസ്സുകാരി മകള്‍ നസീമയും ഭാര്യയും ഉണ്ട്. പാമ്പിനെ പിടിക്കുന്നതിനായി ഓടി നടക്കുന്നതില്‍ ഭാര്യ ജമീലയ്ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇന്ന് എല്ലാ പിന്തുണകളും നല്‍കി അവര്‍ കൂടെയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാമ്പിനെ പിടിക്കാനുളള അഭ്യര്‍ത്ഥനയുമായി അബ്ബാസിനെ തേടി ഇന്ന് ഫോണ്‍ കോളുകളെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ‘പാമ്പ് അബ്ബാസി’ന്റെ വീട് ചോദിച്ചാല്‍ ഇന്നു കൈപ്പുറത്തുകാര്‍ക്ക് വഴി പറഞ്ഞു തരാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. പാമ്പുകളെ പിടിക്കാന്‍ വനപാലകര്‍ പോലും അബ്ബാസിന്റെ സഹായം തേടാറാണ് പതിവ്. അബ്ബാസിന്റെ കൈയില്‍ പാമ്പ് എളുപ്പത്തില്‍ വഴങ്ങുന്നതിന് പിന്നില്‍ മാന്ത്രികശക്തിയാണെന്ന് പറയുന്നവര്‍ക്ക് നല്‍കാനും അബ്ബാസിന് ഉത്തരമുണ്ട്.‘ഇതൊരു അത്ഭുത ശക്തിയൊന്നുമല്ല, മനസ്സിന് ശക്തിയുളള ആര്‍ക്കും പാമ്പിനെ സുഖമായി പിടിക്കാം. പാമ്പുകളോടുളള സ്‌നേഹവും, ആത്മധൈര്യവും മാത്രമാണ് എന്റെ മാന്ത്രികശക്തി.
Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ 12