ഒരു അതിജീവനത്തിന്റെ കഥ

ദൈവത്തെ നേരിട്ടുകാണാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ എന്റെ ജീവിതത്തില്‍ ഞാന്‍ പലതവണ ദൈവത്തെ നേരിട്ടു കണ്ടു. അല്ലെങ്കില്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നില്ല.” ബിജു കോലാറ വീട്ടില്‍ പറയുന്നു. ആഘോഷിക്കേണ്ട ഒരവധിക്കാലം ബിജുവിന് സമ്മാനിച്ചത് തീവ്രവാദികളുടെ പീഡനകാലമായിരുന്നു. 2011 ജൂണ്‍ 11ന് അവധിക്കാലം ആഘോഷിക്കാനാണ് ബിജു കോലാറ ഭാര്യ എലേന, മക്കളായ അര്‍ജുന്‍, അജയ് എന്നിവരോടൊപ്പം ഫിലിപ്പൈന്‍സിലെ എലേനയുടെ വീട്ടിലേക്ക് പോയത്. ആ യാത്ര ജീവിതത്തിലെ ഇരുണ്ട ഏടാകുമെന്ന് ചിന്തിക്കാനോ നീണ്ട 415 ദിനരാത്രങ്ങള്‍ തീവ്രവാദികളുടെ തടവില്‍ കഴിയേണ്ടിവരുമെന്നോ ഫിലിപ്പൈന്‍സിലെത്തിയപ്പോള്‍ ബിജു കരുതിയിരുന്നില്ല. ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചും അവിടെനിന്നും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷപ്പെടലിനെക്കുറിച്ചും ബിജു കോലാറ വീട്ടില്‍ പറയുമ്പോള്‍ വിശ്വാസമാണ് കരുത്ത് എന്ന് നാം തിരിച്ചറിയുന്നു.

”കുവൈത്തില്‍ യു.എസ്.ആര്‍മി കോണ്‍ട്രാക്ട് കമ്പനിയായ ബ്രോണ്‍സ് ആന്റ് താവൂസില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. അവിടെ അവധിക്കാലം ജൂണിലാണ്. അവധിയാഘോഷങ്ങള്‍ ഭാര്യ എലേനയുടെ നാടായ ഫിലിപ്പൈന്‍സിലാക്കാമെന്നു കരുതിയാണ് ഞങ്ങള്‍ മക്കളുമൊത്ത് അവിടെയെത്തിയത്. എലേനയുടെ മാതാപിതാക്കള്‍ ഇളയ മകനായ അജയിനെ കണ്ടിട്ടുമുണ്ടായിരുന്നില്ല. അവിടെ സുളു പ്രവിശ്യയിലുള്ള ഹുജുവില്‍ എലേനയുടെ വീട്ടില്‍ ജൂണ്‍ 9ന് എത്തി. ആകെ സന്തോഷം നിറഞ്ഞുനിന്ന ആ വീട്ടില്‍ ജൂണ്‍ 11 രാത്രി മകനോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ കാലില്‍ ഇരുമ്പുവടികൊണ്ടടിച്ചപോലെ വേദന. പുളഞ്ഞെണീറ്റ ഞാന്‍ കണ്ടത് പട്ടാള വേഷവിധാനത്തോടെ രണ്ടുപേര്‍ ആയുധമേന്തി മുന്നില്‍ നില്ക്കുന്നതാണ്. ”ഒരു വിദേശി ഇവിടെ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. നിങ്ങളെ ക്യാപ്റ്റന് കാണണമെന്നു പറയുന്നു. അദ്ദേഹം താഴെ ജീപ്പില്‍ കാത്തിരിക്കുന്നു” അവരിലൊരാള്‍ എലേനയോടു പറഞ്ഞു. ”മറ്റൊന്നും തോന്നാഞ്ഞതിനാല്‍ ഞാന്‍ അവരോടൊപ്പം താഴേക്കിറങ്ങി, ഭാര്യയും അനുജത്തിയും പുറകെയും. ഈ പ്രദേശത്ത് തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്നൊക്കെയും അവര്‍ തട്ടിക്കൊണ്ടുപോയത് യൂറോപ്യന്‍മാരെ മാത്രമായിരുന്നു. മാത്രമല്ല 2007ല്‍ ഞാനവിടെ കുറേനാള്‍ താമസിച്ചിട്ടും ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടുമില്ല.

പട്ടാളക്കാര്‍ക്കൊപ്പം ഞാന്‍ താഴേക്കിറങ്ങി, ഗ്രൗണ്ട് ഫ്‌ളോറിലെത്തിയപ്പോഴേയ്ക്കും അവരുടെ എണ്ണം കൂടിവന്നു. പെട്ടെന്ന് എന്നെ പുറകില്‍ നിന്നും രണ്ടുപേര്‍ അനങ്ങാനാവാത്തവിധം പിടിച്ചു. അവര്‍ ഭാര്യയേയും അനുജത്തിയേയും തോക്കിന്‍മുനയില്‍ നിര്‍ത്തി. എന്റെ കഴുത്തിലെ കട്ടിയേറിയ മാലയില്‍ അവരിലൊരാള്‍ പിടിച്ചുവലിച്ചു. രണ്ടുമൂന്നുപ്രാവശ്യം വലിച്ചപ്പോള്‍ മാലപൊട്ടി. എന്റെ കഴുത്തുമുറിഞ്ഞ് ചോരയൊലിച്ചു. ഞാനൊന്നു കണ്ണോടിച്ചപ്പോള്‍ പട്ടാളക്കാരില്‍ ചിലര്‍ക്കെല്ലാം നീണ്ട മുടി…! ഞാന്‍ തീവ്രവാദികളുടെ കൈയ്യിലകപ്പെട്ടുവോ എന്ന സംശയം എനിക്ക് തോന്നിത്തുടങ്ങി. പിന്നെ ശക്തമായൊരടി കിട്ടിയതേ എനിക്കോര്‍മ്മയുള്ളൂ.

ബോധം വരുമ്പോള്‍ അവര്‍ എന്നെ വലിച്ചിഴയ്ക്കുകയാണ്. പിന്നെ 6 കിലോമീറ്ററോളം കാട്ടിലൂടെ എന്നെ നടത്തി. വെളുപ്പിന് 3 മണിക്ക് വാഴയില വെട്ടി വിരിച്ച് അതിലെന്നെ കിടത്തി. 5 മണിക്ക് അവര്‍ എഴുന്നേറ്റ് നിസ്‌കരിച്ചു. പിന്നെ എന്നെയും ആട്ടിത്തെളിച്ച് ഉള്‍ക്കാട്ടിലേക്ക്. അവരുടെ ക്യാമ്പില്‍ കുട്ടികള്‍ വരെയുണ്ടായിരുന്നു. അവരുടെ കയ്യില്‍ തോക്കുകളും. ജൂണ്‍ 12ന് രാവിലെ തീവ്രവാദി ഗ്രൂപ്പിന്റെ ക്യാപ്റ്റന്‍ എന്നോടു സംസാരിച്ചു. എന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നെ തട്ടിക്കൊണ്ടുപോയത് നാട്ടിലും ഫിലിപ്പൈന്‍സിലും വലിയ വാര്‍ത്തയായിരുന്നു. തീവ്രവാദികള്‍ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് ആവശ്യപ്പെട്ട മോചനദ്രവ്യം 10 മില്യണ്‍ യു.എസ്. ഡോളറായിരുന്നു. അംബാസിഡറോടാണ് അവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത്. പിന്നീട് ഒരിക്കലും അദ്ദേഹം എന്നെക്കുറിച്ച് തിരക്കിയതേയില്ല! പിന്നീട് തീവ്രവാദികള്‍ മോചനദ്രവ്യം 1 മില്യണ്‍ ആയി കുറച്ചു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം രക്ഷപ്പെടുമായിരിക്കും എന്ന ഒരു പ്രതീക്ഷ എന്നില്‍ ജനിപ്പിച്ച ഒരു സംഭവമുണ്ടായി. ഫിലിപ്പൈന്‍സ് മറീനുകളും തീവ്രവാദികളും തമ്മില്‍ ഒരു എന്‍കൗണ്ടര്‍ നടന്നു. മൂന്നര മണിക്കൂര്‍ നേരം നീണ്ടുനിന്ന ആ ഏറ്റുമുട്ടലിനിടെ തോക്കുകളുടെ ഗര്‍ജനം കേട്ട് എനിക്ക് ഒരാഴ്ചയോളം ചെവി കേള്‍ക്കാനാവുമായിരുന്നില്ല. ആ എന്‍കൗണ്ടറിനുശേഷം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ എന്നെ വെവ്വേറെയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടേയിരുന്നു. പലപ്പോഴും എനിക്കവര്‍ ഭക്ഷണംപോലും തന്നില്ല, കുടിക്കാന്‍ തന്നിരുന്നതാവട്ടെ കൊതുകും കൂത്താടിയും നിറഞ്ഞ വെള്ളവും. ഞാന്‍ എന്റെ ബനിയനില്‍ അരിച്ച് ആ മലിനജലം കുടിച്ചു. ഓരോ കവിള്‍ കുടിക്കുമ്പോഴും കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

”നാട്ടിലും ഫിലിപ്പൈന്‍സിലെ ബന്ധുക്കള്‍ക്കും ലഭിച്ച വിവരം ഞാന്‍ മരിച്ചു എന്നാണ്. ആരാണതു പറഞ്ഞതെന്നറിയില്ല, എന്തായാലും ആരുമത് വിശ്വസിച്ചിരുന്നില്ല. നാള്‍ക്കുനാള്‍ തീവ്രവാദി ക്യാമ്പിലെ ദുരിതം കൂടിവന്നു. അവര്‍ എന്നെ നിലംതൊടീച്ചില്ല, ഒരു തൊട്ടില്‍ കെട്ടി എന്നെ അതില്‍ കിടത്തും. എന്നിട്ട് താഴെ കിടക്കുന്നയാള്‍ തോക്കിന്റെ ബാരല്‍കൊണ്ട് കുത്തിക്കൊണ്ടേയിരിക്കും. ഉറങ്ങിയാല്‍ അടി കിട്ടും, പലപ്പോഴും തോക്കിന്റെ പാത്തികൊണ്ട്. ദൈവാനുഗ്രഹത്താല്‍ ഈ സാഹചര്യങ്ങളിലായിട്ടും ഒരു സാംക്രമിക രോഗങ്ങളും എനിക്കു വന്നില്ല. പക്ഷേ 84 കിലോയുണ്ടായിരുന്ന ഞാന്‍ വെറും 48 കിലോ ആയി കുറഞ്ഞു. പീഡനം ഒരു നിത്യസംഭവമായിരുന്നു, ആലംബഹീനനെങ്കിലും എനിക്കവിടെ വലിയ സെക്യൂരിറ്റിയായിരുന്നു! എങ്ങോട്ടും ഓടിപ്പോവാനാവില്ല. കാരണം കാട്ടില്‍ തീവ്രവാദികളും ഭരണകൂടവും മൈനുകള്‍ കുഴിച്ചിട്ടിരുന്നു. എട്ടുപേര്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഓരോ പത്ത് മീറ്ററിലും പത്തുപേരും പിന്നെ ഓരോ ഇരുപത് മീറ്ററിലും 13 പേരും. അങ്ങനെ നൂറുമീറ്ററില്‍ തീവ്രവാദി വലയം. ഓരോ ദിവസവും പുലരുമ്പോള്‍ ഞാന്‍ കരുതും ഇന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടും, എന്നെ മോചിപ്പിക്കും; അങ്ങനെ ഞാന്‍ നാട്ടിലെത്തും. ഇങ്ങനെയൊക്കെ. ഞാന്‍ മരിച്ചാല്‍ എന്റെ മക്കള്‍ക്ക് പിന്നെ ഒരിക്കല്‍പോലും നാട്ടിലെത്താനാവാതെ പോകും. താടിയും മുടിയും ഏറെ വളര്‍ന്ന് ജട പിടിച്ചു തുടങ്ങിയപ്പോള്‍ അവരെന്നെ ഉപദ്രവിക്കുന്നത് കുറച്ചു.

ഒരു ഈദ് കഴിഞ്ഞ് അടുത്ത ഈദ് വന്നു. തീവ്രവാദികള്‍ക്കൊപ്പം ഞാനും ഉപവസിച്ചു, അതിനാലാവണം അവര്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ എനിക്കും ഒരു ചെറിയ പങ്കുതന്നു. കേട്ടുകേട്ട് തീവ്രവാദികളുടെ ഭാഷ ഒട്ടൊക്കെ എനിക്ക് മനസ്സിലാക്കാനാവുമായിരുന്നു. ഈദ് പെരുന്നാളിന് ഇരുപതു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു.”
”ഓഗസ്റ്റ് 19ന് ഈദ്, ഓഗസ്റ്റ് 20ന് ഇവന്റെ തലവെട്ടി എംബസിയിലേക്കയക്കണം.”
ഞാന്‍ ഭയന്നു വിറച്ചുപോയി, പിന്നീടുവന്ന ദിനങ്ങള്‍ മരണത്തിലേക്കുള്ള കൗണ്ട് ഡൗണ്‍ ആയിരുന്നു. ഭാര്യയുടേയും മക്കളുടേയും മുഖം മനസ്സിലേക്കെത്തുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വൃത്തിയില്ലാത്തതെങ്കിലും ഒരുപാട് വെള്ളം ഞാന്‍ കുടിച്ചിരുന്നു. അതിനാല്‍ ഇടയ്ക്കിടെ രാത്രി മൂത്രമൊഴിക്കാനെഴുന്നേല്ക്കുമായിരുന്നു. കാവല്‍ക്കാരിലൊരാള്‍ എന്നും രാത്രി ഉണര്‍ന്നിരിക്കുക പതിവായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 10ന് രാത്രി ഞാന്‍ എഴുന്നേറ്റപ്പോള്‍ കാവലിന് 5 പേര്‍ മാത്രം.

അവരെല്ലാം നല്ല ഉറക്കത്തിലും. നിലത്ത് അലക്ഷ്യമായിക്കിടന്ന തോക്ക് തട്ടി ഞാന്‍ തീവ്രവാദികളിലൊരാളുടെ അടുത്തേക്കിട്ടു. ആരും ഉണര്‍ന്നില്ല. അപ്പോള്‍ മാത്രമാണ് എനിക്ക് രക്ഷപ്പെടാന്‍ ഒരുള്‍വിളി തോന്നിയത്. ആരോ എന്റെ ഉള്ളിലിരുന്നു പറഞ്ഞു, ഇതാണ് നിന്റെ സമയം…! പറഞ്ഞത് ദൈവംതന്നെയാവണം. ശ്രമിക്കാഞ്ഞിട്ടാണ് രക്ഷപ്പെടാത്തത് എന്നു വരരുതല്ലോ. പെട്ടെന്ന് മക്കളുടെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു. ഒന്ന് തിരിഞ്ഞുനോക്കി, പിന്നെ സര്‍വ്വശക്തിയുമെടുത്ത് നടന്നു. ഒരു നാലുമീറ്റര്‍… അപ്പോഴേക്കും ഞാന്‍ കുഴഞ്ഞുപോയി. 415 ദിവസത്തെ പീഡനവും ക്ഷീണവും എന്നെ ശാരീരികമായി തളര്‍ത്തി. പക്ഷേ, രക്ഷപ്പെടാനുള്ള ആഗ്രഹം എന്നെ നടത്തിച്ചു. ഞാന്‍ ശക്തിസംഭരിച്ചു നടന്നു. ഇനിയവര്‍ പിടിച്ചാല്‍ എന്നെ കൊല്ലും. എന്നെനിക്കുറപ്പായിരുന്നു. അതുകൊണ്ട് തിരിച്ചുപോക്ക് എന്ന ഒന്നില്ല..! പല്ലെല്ലാം കൂട്ടിയിടിച്ചു, ശ്വാസോച്ഛ്വാസം ഉച്ചത്തിലായി, വിറച്ചുതുടങ്ങിയ ഞാന്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. ശബ്ദം ഒരുപാട് ഉച്ചത്തിലാവുന്നു എന്നു തോന്നിയപ്പോള്‍ നടത്തത്തിനിടെ ഞാന്‍ ബനിയന്‍ ചുരുട്ടി വായില്‍ തിരുകി. കാട്ടില്‍ വേറെയും തീവ്രവാദി ഗ്രൂപ്പുകള്‍ ഉണ്ടെന്നെനിക്കറിയാമായിരുന്നു.

അവരുടെ ഒരു ബുള്ളറ്റ്, ഒരു കത്തി എനിക്ക് മരണത്തിലേക്കുള്ള വഴിയാണ്. ആരുടെ കൈയ്യിലും പെടരുത്; ആ നിശ്ചയത്തില്‍ കാട്ടിലെ നിലാവെട്ടത്തിലൂടെ ഞാന്‍ ഓടാന്‍ തുടങ്ങി. ഏതോ പട്ടാള ട്രക്ക് കടന്നുപോയ ടയര്‍പാടിനു മീതെക്കൂടി ഓടി. ഒരു പക്ഷേ, ജീവിതത്തിലേക്കുള്ള ട്രാക്ക്, അല്ലെങ്കില്‍ മരണത്തിലേക്ക്. ഓട്ടത്തിനിടെ ആരുമായോ ഞാന്‍ കൂട്ടിയിടിച്ചു. എല്ലാം അവസാനിച്ചു! ഒരു ബുള്ളറ്റ് തുളച്ചുകയറുന്നതും മരണം വരുന്നതും കാത്തുകിടക്കവേ ഞാന്‍ കരഞ്ഞുപോയി. അയാള്‍ ചോദിച്ചു: ”നീ ഇന്ത്യക്കാരനാണോ?” അരണ്ട വെട്ടത്തില്‍ ആജാനുബാഹുവായ ആ മനുഷ്യന്റെ വെളുത്ത പല്ലുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളൂ. അയാള്‍ എന്നെ എടുത്തുകൊണ്ടും വലിച്ചുകൊണ്ടും ഓടി. എല്ലാം വിധിയെന്നുകരുതി ഞാന്‍ അര്‍പ്പിച്ചു. അയാള്‍ പറക്കുകയായിരുന്നു. ഒരുപാടുദൂരം ആ ഓട്ടം തുടര്‍ന്നു. പെട്ടെന്ന് രണ്ട് വീടുകള്‍ ഞാന്‍ കണ്ടു. രണ്ടല്ല, വീടുകള്‍ അനവധി… കാട്ടില്‍നിന്നും ഞാന്‍ നാട്ടിലെത്തിയിരിക്കുന്നു!

ഞാന്‍ ഒരു ജീപ്പില്‍ എത്തിക്കപ്പെട്ടു, ഒരു മണിക്കൂര്‍ നേരത്തെ യാത്ര. ഒരു കെട്ടിടത്തിനു മുന്നിലെത്തി അയാള്‍ പറഞ്ഞു: ”നീ അങ്ങോട്ടു പോവുക.” ഒരു നിമിഷം ഞാന്‍ സംശയിച്ചു, ഇത് ജീവിതമോ മരണമോ? എന്തോ ആവട്ടെ. നന്ദി പറയാന്‍ ഞാന്‍ ആ മനുഷ്യന്റെ നേരെ തിരിഞ്ഞു. അയാളെ കണ്ടില്ല. ഞാന്‍ കണ്ടതും ഇവിടെ എന്നെ എത്തിച്ചതുമായ അയാള്‍ ആരാണ്? ദൈവമോ അതോ മനുഷ്യനോ? അയാള്‍ എന്നെ എത്തിച്ചയിടം പോലീസ് സ്‌റ്റേഷനായിരുന്നു. എലേനയും മക്കളും അവിടെയെത്തി. ജട വളര്‍ന്ന അവശനായ എെന്ന മക്കള്‍ക്ക് തിരിച്ചറിയാനായില്ല. തിരിച്ചറിഞ്ഞത് ശബ്ദം കൊണ്ടാണ്. നാട്ടിലെത്തുക എന്നതായിരുന്നു പിന്നെ ഏക ലക്ഷ്യം. സ്‌റ്റേഷനില്‍വച്ച് എലേനയും ഞാനും ഉറപ്പിച്ചു. ഒരിക്കലും ഇനി ഫിലിപ്പൈന്‍സിലേക്കില്ല…
പിന്നെ എംബസി സഹായത്തോടെ മലേഷ്യയിലേക്കും അവിടെനിന്നും മുംബൈ വഴി നാട്ടിലേക്കും. നാട്ടിലെത്തിയശേഷമാണ് എന്റെ രക്ഷയ്ക്കായി നടന്ന ശ്രമങ്ങള്‍ അറിയുന്നത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും, അദ്ദേഹത്തിന്റെ നാല് അഡീഷണല്‍ സെക്രട്ടറിമാരും, കേന്ദ്രമന്ത്രി എ. രാജ എന്നിവരും നിരന്തരം എന്റെ മോചനത്തിനു ശ്രമിച്ചിരുന്നു. അവര്‍ വീട്ടിലേക്ക് വിളിച്ച് വിശദ വിവരങ്ങള്‍ തിരക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കക്ഷിരാഷ്ട്രീയം നോക്കാതെ വിവിധ രാഷ്ട്രീയക്കാരും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ഇടപെടലുകള്‍ ഫിലിപ്പൈന്‍ കാട്ടിലെ തീവ്രവാദികള്‍ക്ക് സ്വീകാര്യമായിരുന്നില്ലത്രേ.”

415 ദിനരാത്രങ്ങളിലെ സഹനത്തിന്റെ ഏടുകള്‍ മറിച്ചുകഴിഞ്ഞപ്പോള്‍ ബിജു കോലാറ കരയുകയായിരുന്നു. ഇപ്പോള്‍ കൊയിലാണ്ടിയിലെ മൂടാടിയില്‍ കോലാറ വീട്ടില്‍ എലേനയും മക്കളുമൊത്ത് സന്തോഷത്തിന്റെ ദിനങ്ങള്‍ പിന്നിടുകയാണ് ബിജു. കത്തികളെയും, ബുള്ളറ്റുകളെയും ഭയക്കാതെ, സ്‌നേഹത്തിന്റെ സുരക്ഷിതത്വത്തിനു നടുവില്‍.

Published on സെപ്റ്റംബര്‍ – ഒക്‌റ്റോബര്‍  2012 സില്‍വര്‍ലൈന്‍ Volum7 Issue 2

By ബിജു കോലാറ