സ്റ്റാമ്പുകള്‍ പറയുന്ന ചരിത്രങ്ങള്‍

കലര്‍ന്ന ക്യാന്‍വാസിലേക്ക് ബ്രിട്ടനിലെ യുവരാജ്ഞി വിക്‌ടോറിയയുടെ ചിത്രം ലോകത്തിലെ ആദ്യ സ്റ്റാമ്പായി 1840ല്‍ ആലേഖനം ചെയ്യപ്പെടുമ്പോള്‍ പില്‍ക്കാലത്ത് സ്റ്റാമ്പ് ശേഖരണം (ഫിലാറ്റലി) എന്ന ആശയത്തിന്, അറിവു ശേഖരണത്തിന്റെ സ്മാരകങ്ങള്‍ക്ക് ഈ സ്റ്റാമ്പ് സാക്ഷിയാകുമെന്ന് ഇംഗ്ലീഷുകാര്‍പോലും കരുതിയിട്ടുണ്ടാവില്ല. അത്രയ്ക്ക് ദ്രുതഗതിയിലായിരുന്നു സ്റ്റാമ്പ് ശേഖരണം അഥവാ അറിവ് ശേഖരണം എന്ന വിനോദത്തിന് കൈ വന്ന പ്രചാരം.

ഇന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലെ നാനാതുറകളില്‍പ്പെട്ട ലക്ഷകണക്കിനാളുകള്‍ സ്റ്റാമ്പ് ശേഖരണത്തിന് സമയം കണ്ടെത്തുന്നവരായുണ്ട്. അവരില്‍ പലര്‍ക്കും ഇതൊരു ”ടൈംപാസ്’ വിനോദമായിരിക്കാം. എന്നാല്‍ കുര്യാക്കോസ് കീഴ്പ്പള്ളിയെ ഇവരില്‍നിന്നൊക്കെ വ്യത്യസ്തനാക്കുന്നത് ചരിത്രത്തിന്റെ ഏടുകളിലേക്ക് ചൂഴ്ന്നിറങ്ങാന്‍ സഹായകരമാകുന്ന രീതിയിലാണ് അദ്ദേഹം തന്റെ സ്റ്റാമ്പ് ശേഖരണം വിപുലീകരിക്കുന്നത് എന്നതാണ്.

വെറുമൊരു വിനോദത്തിനപ്പുറം കുട്ടികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമാകുന്ന തരത്തിലായിരിക്കണം തന്റെ സ്റ്റാമ്പ് ശേഖരണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.കിട്ടുന്ന എല്ലാ സ്റ്റാമ്പുകളും നാണയങ്ങളും വെറുതെ ശേഖരിച്ചു കൂട്ടുന്നതില്‍ കുര്യാക്കോസിന് താല്പര്യമില്ല. ഓരോ നാണയത്തെക്കുറിച്ചും സ്റ്റാമ്പിനെക്കുറിച്ചും എഴുതി തയ്യാറാക്കിയതോ പ്രിന്റ് ചെയ്തതോ ആയ ബ്രോഷര്‍ അടക്കമാണ് തന്റെ നാണയ-സ്റ്റാമ്പ് ശേഖരങ്ങളുടെ പ്രദര്‍ശനം നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കുര്യാക്കോസ് സംഘടിപ്പിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ നാണയങ്ങളുടേയും സ്റ്റാമ്പുകളുടേയും വന്‍ ശേഖരമാണ്. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് നാട് ഭരിച്ചിരുന്ന ചക്രവര്‍ത്തിമാര്‍, രാജാക്കന്മാര്‍, കവികള്‍, രാഷ്ട്രീയ പ്രമുഖര്‍, മഹദ് വ്യക്തികള്‍ എന്നിവരുടെയൊക്കെ ചിത്രങ്ങളുള്ള നാണയങ്ങള്‍, സ്റ്റാമ്പുകള്‍, കറന്‍സികള്‍, തിരുവിതാംകൂര്‍, കൊച്ചി, അഞ്ചല്‍ കാര്‍ഡുകള്‍, വിവിധ രാജ്യങ്ങളിലെ ക്രിസ്മസ് കാര്‍ഡുകള്‍, സ്റ്റാമ്പിനോടൊപ്പം പുത്തിറങ്ങുന്ന ഫസ്റ്റ് ഡേ കാര്‍ഡുകള്‍, സ്‌പെഷ്യല്‍ കവറുകള്‍, സ്‌പെഷ്യല്‍ കണ്‍സലേഷന്‍ കാര്‍ഡുകള്‍, പഴയതും പുതിയതുമായ ഇന്ത്യന്‍ സ്റ്റാമ്പുകള്‍, സുഗന്ധം പരത്തുന്ന സ്റ്റാമ്പുകള്‍, ഇന്ത്യയ്ക്കുവേണ്ടി പൊരുതി ജീവന്‍ നഷ്ടപ്പെട്ടവരുടെ ചിത്രങ്ങള്‍ പതിച്ച സ്റ്റാമ്പുകള്‍, ഗാന്ധിജിയുടെ പേരില്‍ ആദ്യമായി ഇറങ്ങിയ ഒന്നരയണ വിലയുള്ള സ്റ്റാമ്പ്, കേരളത്തിലെ പ്രത്യേകതയുള്ള ചില സ്ഥലനാമങ്ങളുടെ പേരില്‍ തപാല്‍ വകുപ്പ് ഇതുവരെ ഇറക്കിയ 34 സ്റ്റാമ്പുകള്‍ മുഴുവനും, നൂറിലധികം മേഘദൂത് കാര്‍ഡുകള്‍, 150-തോളം വിദേശരാജ്യങ്ങളിലെ സ്റ്റാമ്പുകള്‍ എന്നിവയെല്ലാം കുര്യാക്കോസിന്റെ ശേഖരത്തിലുണ്ട്.

500-ഉം 600 ഉം വര്‍ഷം വരെ പഴക്കമുള്ള നാട്ടുരാജാവിന്റെ ഭരണ കാലഘട്ടത്തിലുള്ള നാണയങ്ങള്‍, ചക്രം, അണ, നയാപൈസ തുടങ്ങി 150-ഓളം രാജ്യങ്ങളിലെ അപൂര്‍വ നാണയങ്ങളും കറന്‍സികളുമാണ് കുര്യാക്കോസിന്റെ പക്കലുള്ള മറ്റൊരു സമ്പത്ത്. മാത്രമല്ല രണ്ടര സെന്റീമീറ്റര്‍ വലിപ്പമുള്ള ഖുര്‍ ആനും മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ബൈബിളും ഭഗവദ്‌ ഗീതയും അദ്ദേഹത്തിന്റെ ശേഖരണത്തിലെ മറ്റു ചില പ്രത്യേകതകളില്‍ ഉള്‍പ്പെടും.

സ്‌കൂളില്‍ പഠിക്കുമ്പോഴും അതിന് ശേഷവും വായിച്ചറിഞ്ഞ പുസ്തകത്തില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവിനെ കൂട്ടുപിടിച്ചാണ് കുര്യാക്കോസ് നാണയ-സ്റ്റാമ്പ് ശേഖരണം തുടങ്ങാന്‍ തീരുമാനിച്ചത്. ഈ രംഗത്ത് ധാരാളം വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കുകയും തനിക്കും ഈ മേഖലയില്‍ ശ്രദ്ധേയനാകണമെന്ന ആഗ്രഹമുണ്ടാവുകയും ചെയ്തതിനാലാണ് തന്റെ സ്റ്റാമ്പ് ശേഖരണത്തിന്റെ തുടക്കം എന്ന് കുര്യാക്കോസ് പറയുന്നു.

കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ തന്റെ ഹോബിയെ അദ്ദേഹം വളര്‍ത്തുകയായിരുന്നു. സ്‌കൂളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമായി ഇരുപതോളം പ്രദര്‍ശനങ്ങള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. സ്റ്റാമ്പ് ശേഖരണം എന്നത് കേവലം ഒരു ഹോബി മാത്രമായി കണക്കാക്കേണ്ടതില്ലെന്നും അറിവ് സമ്പാദനത്തിന്റെ ഒരു മാര്‍ഗമായി കാണണമെന്നുമാണ് കുര്യാക്കോസിന്റെ വാദം. ഒരു പ്രത്യേക സ്റ്റാമ്പ് സ്വരൂപിക്കുന്നതിലൂടെ ആ സ്റ്റാമ്പിന്റെ പ്രത്യേകതകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല പ്രായമായവര്‍ക്കും ഇത്തരം ഹോബികള്‍ വളര്‍ത്തുന്നതിലൂടെ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. സ്റ്റാമ്പ് ശേഖരണം രാജാക്കന്മാരുടെ ഹോബിയെന്നും ഹോബികളുടെ രാജാവ് എന്നുമാണ് അറിയപ്പെടുന്നത്. പുതുതലമുറയ്ക്ക് ഇത്തരം ഹോബികള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധകുറവാണെന്ന സത്യം കുര്യാക്കോസിനെ വേദനിപ്പിക്കുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലില്‍നിന്നും ലഭിക്കുന്ന വേതനത്തിന്റെ ഒരു പങ്ക് തന്റെ സ്റ്റാമ്പ് ശേഖരണത്തിനായി മാറ്റിവയ്ക്കുമ്പോള്‍ ഹോബികളില്ലാത്ത വരുംതലമുറയ്ക്ക് ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് കുര്യാക്കോസ്.കുര്യാക്കോസിന്റെ സ്റ്റാമ്പ് ശേഖരം കണ്ടറിയണമെങ്കില്‍ 94956 55013 എന്ന നമ്പറിലേയ്ക്ക് വിളിച്ചാല്‍ മതി.

പഴകുന്തോറും വീഞ്ഞിന് മാധുര്യം ഏറുമെന്നതുപോലെ ഇന്നത്തെ തന്റെ ശേഖരങ്ങള്‍ നാളത്തെ മുത്തുകളായി മാറും എന്ന ആത്മവിശ്വാസത്തിലാണ് ഈ 48കാരന്‍. ഭാര്യ നിര്‍മ്മലയുടെ അകമഴിഞ്ഞ സഹകരണവും മക്കളായ ചാര്‍ളിയുടെയും മെര്‍ലിന്റെയും സഹായനിര്‍ദ്ദേശങ്ങളും കുര്യാക്കോസിന് കൂട്ടാകുന്നു; പ്രചോദനമാകുന്നു.

Coins of Mughal
1971 australian 50 coin

Published on ജനുവരി – മാര്‍ച്ച് 2013 സില്‍വര്‍ലൈന്‍ Volume6 Issue5

By ജോജോ കൊച്ചടാട്ട്‌