കോട്ടയം പുഷ്പനാഥിന് ആദരാഞ്ജലികൾ

ജീവിതത്തിലൊരിക്കലെങ്കിലും അപസര്‍പ്പക കഥകള്‍ വായിക്കാത്തവരുണ്ടോ? ഇല്ല എന്നു തന്നെയാവും ഭൂരിപക്ഷം പേരുടെയും ഉത്തരരമെങ്കിലും വായിക്കാത്തവരും കണ്ടേക്കാം, അതു തികച്ചും സ്വാഭാവികം. എന്നാല്‍ മലയാളത്തിലെ അപസര്‍പ്പക നോവലുകള്‍ വായിച്ചിട്ടുള്ളവരില്‍ കോട്ടയം പുഷ്പനാഥിനെ അറിയാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അതു തികച്ചും അസ്വഭാവികം. കാരണം മലയാള അപസര്‍പ്പക നോവല്‍ രംഗത്തെ കിരീടം വക്കാത്ത രാജാവാണ് കോട്ടയം പുഷ്പനാഥ്. കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് എത്രയോ തലമുറകള്‍ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് നോവലുകളും മാന്ത്രിക നോവലുകളും വായിച്ചു കൊണ്ടേയിരിക്കുന്നു. പുഷ്പനാഥിന്റെ ആദ്യനോവലായ ‘ചുവന്ന മനുഷ്യന്‍’ മുതല്‍ നാനൂറ്റിയമ്പതിനു മേല്‍ നോവലുകള്‍, എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലാത്ത കഥകള്‍… ബ്രാസ്റ്റോക്കറുടെ ഡ്രാക്കുള ഇറങ്ങിയതിനും അരനൂറ്റാണ്ടിനു ശേഷമാണിവിടെ കേരളത്തില്‍ കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവല്‍ രംഗത്തേക്കുള്ള ആദ്യചുവടുവയ്പ്പ്. അതുവരെ സാമ്പ്രദായിക ശൈലിയിലുള്ള നോവലുകളും കഥകളും വായിച്ചു ശീലിച്ച മലയാളികള്‍ക്ക് ഒരു വ്യത്യസ്താനുഭവമാവുകയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. അതുവരെ ആര്‍തര്‍ കോനന്‍ ഡോയലിന്റെയും എച്ച്. ജി. വെല്‍സിന്റെയുമെല്ലാം നോവലുകള്‍ പരിഭാഷപ്പെടുത്തി വന്നതു മാത്രമായിരുന്നു അപസര്‍പ്പക വിഭാഗത്തില്‍ തന്നെ മലയാളിയുടെ വായനാപരിചയം. സ്വന്തഭാഷയില്‍ത്തന്നെ അവയോടു കിടനില്‍ക്കും വിധം നോവലുകള്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അവ ആവേശത്തോടെ വായിച്ചു തുടങ്ങി. പിന്നീട് ആ രചനകള്‍ മലയാളവും കടന്ന് ഇതര ഭാഷകളിലേക്കും പരിഭാഷയിലൂടെ കൂടുമാറ്റം നടത്തി.

ചുങ്കത്ത് മള്ളുശ്ശേരിയിലെ വീട്ടിലേക്ക് കയറുമ്പോള്‍ കയറുന്നത് കാര്‍പാതിയന്‍ മലനിരയിലെ ഡ്രാക്കുള കൊട്ടാരത്തിലേക്കെന്നു വെറുതെ സങ്കല്പിച്ചു. ചുവന്ന പെയിന്റില്‍ കുളിപ്പിച്ച ജനാലകള്‍ വീടിനെ വേറിട്ടു നിര്‍ത്തുന്നു. ‘ചുവന്ന മനുഷ്യന്‍’ ഞങ്ങള്‍ക്കഭിമുഖമായി ഇരിക്കുകയാണ്. ഉദ്വേഗഭരിതമായ കഥകളില്‍ രസം പിടിച്ചിരുന്ന കുട്ടിക്കാലം മുതലേ കണ്ടുപരിചയപ്പെടണമെന്നാഗ്രഹിച്ച ഷെര്‍ലക് ഹോംസ്!

പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് പലരും അന്റാര്‍ട്ടിക്കയിലെയും അലാസ്‌കയിലെയും മഞ്ഞുവഴികളെക്കുറിച്ചും ന്യൂയോര്‍ക്കിലെ വഴികളെയും ആല്‍പ്‌സ് പര്‍വ്വതനിരകളെയും കുറച്ചും കേട്ടറിഞ്ഞത് പുഷ്പനാഥിന്റെ നോവലുകളിലെ ഗഹനമായ ഭൂമിശാസ്ത്രവര്‍ണനകള്‍ വഴിയാണ്.

”എന്നെ ചെറുപ്പത്തില്‍ വായനയുടെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് അമ്മ റേച്ചലായിരുന്നു. ടീച്ചറായിരുന്നു എന്റെ അമ്മ. അമ്മ നല്‍കിയ പുസ്തകങ്ങള്‍ വഴി വായനയുടെ ഹരമറിഞ്ഞ ഞാന്‍ പന്ത്രണ്ടാംവയസ്സില്‍ സ്‌കൂള്‍ മാഗസിനില്‍ ആദ്യത്തെ കഥയെഴുതി. ”സെമിനാരി സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുമ്പോഴാണത് ആ സംഭവം നടന്നത്. എന്റെ അധ്യാപകനായ ഐപ്പ്‌സര്‍, സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ദ ഹൗണ്ട് ഓഫ് ദ ബാസ്‌ക്കര്‍ വില്ലപോലുള്ള കുറ്റാന്വേഷണ നോവലുകള്‍ എനിക്ക് നല്‍കിയിരുന്നു. ക്രമേണ കമ്പം ഇത്തരം കഥകളിലേക്കെത്തി. .. പത്താക്ലാസിനു ശേഷം അമ്മയുടെ നിര്‍ദ്ദേശപ്രകാരം ടൈപ്പ് റൈറ്റിങ്ങും ഹിന്ദിവിദ്വാനും പഠിച്ചു. പിന്നെ ടി.ടി.സി. ട്രെയിനിങ്. അപ്പോഴേക്കും പതിനെട്ടുവയസ്സായി. ആ ഓണക്കാലത്തിനുശേഷം അമ്മ വിട പറഞ്ഞു. ഞാന്‍ തനിച്ചായി എന്നു പറയാം. ഒരു സഹോദരി എനിക്കുണ്ടായിരുന്നു. തുടര്‍ന്ന് ബി.എ. ചരിത്രം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേവികുളം ഗവ. സ്‌കൂളില്‍ അധ്യാപകനായി. അന്നാണ് മലയാളത്തിലെ വിഖ്യാതമായ കുറ്റാന്വേഷണനോവല്‍ പുറത്തുവരുന്നത് എന്റെ ആദ്യനോവല്‍ ‘ചുവന്ന മനുഷ്യന്‍’, ബി.എ.ക്കുശേഷം എം.എ.ക്കു പഠിച്ചെങ്കിലും നോവല്‍ എഴുത്ത് പഠിപ്പിനെ മുടക്കി.”

പുസ്തകങ്ങള്‍ നിലത്തു വീണും, പാതി തുറന്നും ചിതറിക്കിടക്കുന്ന എഴുത്തുമുറി. ഒരുപാട് നോവലുകള്‍ക്ക് ഈറ്റില്ലമായ ഇടം. മേശമേല്‍ ഒരു 85 മോഡല്‍ ടേപ്പ് റെക്കോര്‍ഡര്‍ പഴയൊരു ടേബിള്‍ ഫാന്‍. അതിനോടു ചേര്‍ന്ന് പുല്‍പ്പായ വിരിച്ചൊരു കിടക്ക, രണ്ടുമൂന്നു കസേരകള്‍. മുറിയുടെ മൂലകളില്‍ കൂടുവെച്ച നാടന്‍ ചിലന്തികള്‍. എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞ വീട്ടില്‍ എന്താണിങ്ങനെയൊരു മുറി എന്നു ചിന്തിക്കവേ അദ്ദേഹം പറഞ്ഞു. ”ഈ മുറി ഇങ്ങനെയിരിക്കുന്നതാണ് എനിക്കിഷ്ടം. എന്റെ എഴുത്തും ഉറക്കവുമൊക്കെ ഇവിടെയാണ്.”

പുഷ്പനാഥ് സൃഷ്ടിച്ച കാല ത്തെ അതിജീവിച്ച രണ്ട് കഥാപാത്രങ്ങളുണ്ട്. ഡിറ്റക്റ്റീവ് പുഷ്പരാജ്, ഡിക്റ്ററ്റീവ് മാക്‌സിന്‍ എന്നിവര്‍. പുഷ്പരാജ് ഒരര്‍ത്ഥത്തില്‍ പുഷ്പനാഥിനെ തന്നെ പ്രതിനിധീകരിക്കുന്ന ബുദ്ധിമാനായ കുറ്റാന്വേഷകനാണ്. മാക്‌സിന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനാണ്. ഇവര്‍ രണ്ടുപേരും ചില മാനറിസങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും മിക്ക നോവലുകളിലും നായകന്‍മാരുമാണ്. ഡിറ്റക്റ്റീവ് മാക്‌സിനെപ്പോലെ ഫ്രഞ്ച്‌വിസ്‌കി കുടിക്കുന്ന, ഹാഫ്എ കൊറോണ സിഗരറ്റ് വലിക്കുന്നയാളായിരിക്കും നോവലിസ്റ്റ് എന്നൊരു തോന്നല്‍ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ കഥാപാത്രങ്ങളുടെ യാതൊരു ശീലങ്ങളും ഇദ്ദേഹത്തിനില്ല. മാത്രമല്ല തികഞ്ഞ സസ്യാഹാരി കൂടിയാണ് ഈ മനുഷ്യന്‍. സംസാരത്തിനിടെ ഏറ്റവും ഞെട്ടിച്ച മറ്റൊരു കാര്യം. കോട്ടയം പുഷ്പനാഥ് ഇതുവരെ ഇന്ത്യക്ക് പുറത്തുപോയിട്ടില്ല എന്ന അറിവായിരുന്നു. ന്യൂഓര്‍ലിയന്‍സിലെ ചുഴലിക്കാറ്റും, വോസ്റ്റോക്കിലെ തണുപ്പും, ന്യൂയോര്‍ക്കിലെ സഞ്ചാരവഴികളും, ആല്‍പ്‌സിന്റെ ശിഖിരങ്ങളും, പോളാര്‍ എക്‌സ്‌പ്ലോറേഷനുമെല്ലാം നോവലില്‍ പ്രതിപാദിച്ച ഈ മനുഷ്യന്‍ ഇതുവരെ വിദേശത്തുപോയിട്ടില്ല എന്ന വിവരം വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നാഷണല്‍ ജ്യോഗ്രഫി മാഗസിനും, മറ്റ് വിജ്ഞാനകോശങ്ങളും മാപ്പുകളുമത്രേ ഇദ്ദേഹത്തിന്റെ പ്രധാന വിവരസ്രോതസ്സുകള്‍. അധ്യാപകനായിരുന്ന പുഷ്പനാഥ് പഠിപ്പിക്കുന്ന കാലത്ത് ബ്ലാക്ക് ബോര്‍ഡില്‍ വേള്‍ഡ് മാപ്പ് മുഴുവന്‍ വരക്കുമായിരുന്നു. ലോകത്തിന്റെ ഓരോ മൂലയും അദ്ദേഹം ഓരോ മൂലയും അദ്ദേഹം പരിചയിച്ചതിങ്ങനെയാണ്.

തന്റെ ഹോംസ് തൊപ്പി നേരെയാക്കിവച്ച് അദ്ദേഹം പറഞ്ഞു, ”ഇപ്പോള്‍ കുറ്റാന്വേഷണ നോവല്‍ എഴുത്തു കുറവാണ്. മാന്ത്രിക നോവലുകളാണ് കൂടുതല്‍ എഴുതുന്നത്. എഴുതിക്കഴിയുമ്പോള്‍ എനിക്കു തോന്നും ഞാന്‍ ഇതൊ ക്കെ എങ്ങനെ എഴുതിയെന്ന്.” ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി ത്രേസ്യ വീട്ടമ്മയാണ്. മകന്‍ സലിം പുഷ്പനാഥ്. പ്രശസ്ത ഫോട്ടോഗ്രാഫറാണ്.

ഏകദേശം 450നടുത്ത് നോവലുകള്‍ പുഷ്പനാഥ് എഴുതിക്കഴിഞ്ഞു. നൂറിലേറെ നോവലുകള്‍ തമിഴിലേക്കും കുറച്ച് കന്നഡത്തിലേക്കും തര്‍ജ്ജ്മ ചെയ്യപ്പെട്ടിട്ടുമുണ്ട്. മുറിയില്‍ നിന്നിറങ്ങി ഫോട്ടോ ഷൂട്ടിനിടെയും അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. മുറ്റത്ത് നിര്‍ത്തിയിട്ട നാലു കാറുകളില്‍ ഫോര്‍ച്യൂണ്‍ മുതല്‍ പഴയ ഒമിനി വാന്‍ വരെ ഉള്‍പ്പെടും. എല്ലാ വാഹനനമ്പറു കളും അവസാനിക്കുന്നത് 77 എന്ന നമ്പറിലാണ്. ഫോട്ടോയെടുപ്പിനിടെ ഫോട്ടോഗ്രാഫര്‍ ജോണിനൊരു സംശയം. സാര്‍ നോവലില്‍ പറയുന്നതുപോലെ ശരിക്കും ഈ പ്രേതങ്ങളൊക്കെയുണ്ടോ? മറുപടി പെട്ടെന്നു വന്നു, കുറ്റമുണ്ടെങ്കില്‍ ശിക്ഷയും ഉണ്ടാകും. ഈശ്വരന്‍ ഉണ്ടോ, എങ്കില്‍ അതിനൊരു മറുപുറവും കാണും. ഹോംസ് തൊപ്പി നേരെ പിടിച്ചുവെച്ച് തന്റെ ട്രേഡ്മാര്‍ക്കായ റേബാന്‍ ഗ്ലാസ് എടുത്ത് പുഷ്പനാഥ് മുഖത്തു വയ്ക്കുകയായി. എന്നിട്ട് തന്റെ മീശമേല്‍ ഒന്നുതടവി ഗംഭീര ഭാവത്തില്‍ തന്റെ എഴുത്തുമുറിയിലേക്ക്… തന്റെ പുതിയ മാന്ത്രിക നോവലിന്റെ സംഭ്രമജനകമായ അടുത്ത അദ്ധ്യായങ്ങള്‍ എഴുതിത്തീര്‍ക്കാന്‍.

By സിറിള്‍ രാധ് എന്‍.ആര്‍

https://en.wikipedia.org/wiki/Kottayam_Pushpanath