കലാശാല ബാബുവിന് ആദരാഞ്ജലികൾ

സില്‍വര്‍ലൈന്‍ മാഗസിന്‍ 2012 ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തില്‍ കലാശാലാ ബാബുവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് 

വില്ലന്‍ഭാവങ്ങളില്ലാതെ കലാശാല ബാബു

‘കലാശാല ബാബു’ എന്ന പേരു കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച ഒരു പിടി വില്ലന്‍ കഥാപത്രങ്ങളായിരിക്കും. തനതായ അഭിനയശൈലിയിലൂടെ സിനിമാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച്, ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കലാശാല ബാബുവിൻ്റെ കലാ ജീവിത മുഹൂര്‍ത്തങ്ങളെക്കുറിച്ചറിയാനാണ് തൃപ്പൂണിത്തുറയിലുളള റോയല്‍ ഗാര്‍ഡന്‍ അപ്പാര്‍ട്ടമെൻറിലെ 10 സി ഫ്‌ളാറ്റിലെത്തിയത്. ഷോക്കേയ്‌സിനോടു ചേര്‍ന്നുളള ആട്ടുകട്ടിലില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമിരുന്ന് ടിവി കാണുകയായിരുന്നു അദ്ദേഹം. വില്ലന്‍ പരിവേഷമില്ലാതെ നേരിയ പുഞ്ചിരിയുമായി അദ്ദേഹം അപ്പാള്‍ സ്‌നേഹസമ്പന്നനായ കുടുംബസ്ഥൻ്റെ റോളിലായിരുന്നു. കലാശാല ബാബുവെന്ന അഭിനയസാമ്രാട്ടിൻ്റെ സിനിമാ മോഹത്തെയും പിന്നിട്ട ജീവിതവഴികളെയും കുറിച്ച്.

അഭിനയം പഠിക്കാനായി നാടകത്തിലേക്ക്‌

ഒരു സിനിമ നടനാകണമെന്നതായിരുന്നു കുട്ടിക്കാലം മുതല്‍ കലാശാല ബാബുവിൻ്റെ ആഗ്രഹം.നിത്യഹരിത നായകനായ നസീറും സത്യന്‍ മാഷുമെല്ലാം സിനിമയില്‍ തകര്‍ത്തഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് സിനിമാ മോഹം ശക്തമായി മനസ്സിനെ കീഴടക്കുന്നത്. ഊണിലും ഉറക്കത്തിലും സിനിമാനടനാകുക എന്ന ചിന്ത മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ ഒരു പുതുമുഖത്തിന് സിനിമയില്‍ ചുവടുറപ്പിക്കുന്നത് എളുപ്പമായിരുന്നില്ല. അങ്ങനെയാണ് ഡിഗ്രി പഠനത്തിനുശേഷം അഭിനയം പഠിക്കുവാനായി നാടകത്തില്‍ ചേരുന്നത്. അഭിനയത്തിൻ്റെ ഓരോ തലങ്ങളെക്കുറിച്ചും നാടകത്തില്‍ നിന്നും പഠിച്ചെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് എ.പി. വര്‍ക്കി, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് രൂപികരിച്ച നാടകസമിതിയുടെ ‘മാനിഷാദാ’ എന്ന നാടകത്തില്‍ അഭിനയിക്കാനുളള അവസരം തേടിയെത്തുന്നതും അഭിനയിക്കുന്നതും.പക്ഷേ ആദ്യ നാടകം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് ദൃശ്യകലാഞ്ജലിയുടെ ‘പഞ്ചജന്യം’ എന്ന നാടകത്തിലഭിനയിച്ചത് വഴിത്തിരിവായി. ‘ആ നാടകത്തിലെ എന്റെ അഭിനയം കണ്ട് കാണികള്‍ വാതോരാതെ പ്രശംസിച്ചെങ്കിലും എൻ്റെ തെറ്റുകള്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അവ തിരുത്തി അഭിനയത്തിൻ്റെ പുതിയ സാധ്യതകളെക്കുറിച്ച് അറിയാനാണ് പിന്നീട് ഞാന്‍ പ്രെഫഷണല്‍ നാടകരംഗത്തേക്ക് വന്നത്’. കലാശാല ബാബു വ്യക്തമാക്കുന്നു.

ഓ.മാധവൻ്റെ കാളിദാസ കലാസമിതി സംഘടിപ്പിച്ച നാടകത്തില്‍ കാഴ്ചവെച്ച മികവുറ്റ പ്രകടനമാണ് കലൂര്‍ ഡെന്നിസ്, ജോണ്‍ പോള്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്ത ‘ഇണയെത്തേടി’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ഒരുക്കികൊടുക്കുന്നത്. പക്ഷേ ആ പടത്തിന് വേണ്ടത്ര വിജയം കൊയ്യാന്‍ കഴിഞ്ഞില്ല. അതിനു ശേഷം അദ്ദേഹം തൃപ്പൂണിത്തുറയിലെത്തി ‘കലാശാല’ എന്ന നാടകട്രൂപ്പ് ആരംഭിച്ചു. അങ്ങനെയാണ് അദ്ദേഹം കലാശാല ബാബുവായി അറിയപ്പെട്ടു തുടങ്ങുന്നത്.

സിനിമ തന്നെ അന്നം

കലാശാലയുടെ ആരംഭം ബാബുവിൻ്റെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.അന്ന് നാടകരംഗത്ത് തിളങ്ങിനിന്നിരുന്ന തിലകന്‍,സുരാസു എന്നിവരെ വച്ച് ഇറക്കിയ ‘താളവട്ടം’ എന്ന നാടകം ട്രൂപ്പിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.എന്‍.എന്‍ പിളളയെ പോലുളള പ്രമുഖ അഭിനേതാക്കളെകൊണ്ട് നാടകം അവതരിപ്പിക്കാന്‍ സാധിച്ചത് കലാശാലക്കു പുതിയൊരു ഭാവിയാണ് സമ്മാനിച്ചത്. പക്ഷേ കാലക്രമേണയുളള നല്ല കഥകളുടെ അഭാവം മൂലം അദ്ദേഹത്തിന് സമിതി നിര്‍ത്തേണ്ടതായി വന്നു.തുടര്‍ന്ന് അഭിനയം ഉപേക്ഷിച്ച് പല തരത്തിലുളള കച്ചവടങ്ങള്‍ ചെയ്തുവെങ്കിലും പരാജയമായിരുന്നു പരിണിതഫലം.

‘കച്ചവടമല്ല സിനിമയാണ് എൻ്റെ ചോറ് ’എന്ന കാര്യം അതോടെ അദ്ദേഹത്തിനു മനസ്സിലായി. ആ സമയത്താണ് യന്ത്ര മീഡിയയുടെ സമയം സീരിയലില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കുന്നത് .തുടര്‍ന്ന് ഏഴിലംപാല, ജ്വാലയായ് ,ധന്യം തുടങ്ങി നിരവധി സീരിയലുകളില്‍ മികച്ചവേഷം ചെയ്യാനായി. മിനിസ്‌ക്രീനിലെ അഭിനയമാണ് ലോഹിതദാസിൻ്റെകസ്തൂരിമാനില്‍ അഭിനയിക്കാന്‍ വഴിയൊരുക്കിയത്. പിന്നീട് റണ്‍വേ,തുറുപ്പുഗുലാന്‍ തുടങ്ങി എഴുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്യാന്‍ സാധിച്ചു. എൻ്റെ വീട് അപ്പുൻ്റെയും, ലയണ്‍ തുടങ്ങിയ സിനിമകളില്‍ നെഗറ്റീവില്‍ നിന്നും പോസറ്റീവിലേക്ക് മാറുന്ന കഥാപാത്രങ്ങളും അവതരിപ്പിക്കാനായി. ‘‘ഒരു നടനാകാനും സിനിമയിലെത്താനും ആദ്യം വേണ്ടത് ഭാഗ്യമാണ്. അതുണ്ടെങ്കിലേ കഴിവു കൊണ്ടു പ്രയോജനമുളളു എന്ന് എൻ്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. വളരെ കഷ്ടപ്പെട്ടതിനു ശേഷമാണ് സിനിമയില്‍ സജീവമാകാന്‍ എനിക്ക് സാധിച്ചത്. എങ്കിലും റോള്‍ ആവശ്യപ്പെട്ട് ഒരു നിര്‍മ്മാതാവിനെയും ഞാന്‍ ശല്യപ്പെടുത്തിയിട്ടില്ല. കാരണം എൻ്റെ ഐഡൻറിറ്റി യില്‍ നിന്നും താഴെ പോകാന്‍ എനിക്ക് സാധിക്കില്ലായിരുന്നു . ’ ബാബു പറയുന്നു.

എൻ്റെ കരുത്ത് എൻ്റെ കുടുംബം

പ്രശസ്ത കഥകളി വിദ്വാന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടേയും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കല്യാണിക്കുട്ടിയമ്മയുടേയും ഏഴു മക്കളില്‍ ഒരാളാണ് ബാബു. ‘എൻ്റെ അച്ഛന്‍ കര്‍ശന കൃത്യനിഷ്ഠയുളളയാളും അമ്മ അമിത വാത്‌സല്യത്തിനുമുടമയുമായുമായിരുന്നു. പുലര്‍ച്ചേ എഴുന്നേറ്റ് എല്ലാ കാര്യങ്ങളും ചിട്ടയോടെ ചെയ്യണമെന്ന് അച്ഛന് കാര്‍ക്കശ്യമുണ്ടായിരുന്നു. അമ്മയുടെ അമിതവാത്സല്യം അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ക്കു തുണയായി. ഒറ്റയ്ക്കു ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛന്‍ പറഞ്ഞതിന്റെ നല്ല വശങ്ങള്‍ ഞാന്‍ മനസ്സിലാക്കി തുടങ്ങിയത്. എൻ്റെ ഉളളിലുളള കഴിവുകളെ പ്രോത്സാഹിപ്പിച്ച്, എന്നെ ഒരു നല്ല കലാകാരനായി വളര്‍ത്തിയെടുക്കുന്നതിന് അവര്‍ വളരെ പരിശ്രമിച്ചിരുന്നു. ജീവിതത്തില്‍ പാലിക്കേണ്ടതും പിന്തുടരേണ്ടതുമായ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അമ്മയില്‍ നിന്നാണ് പഠിച്ചത്. അത് എന്നെ ഒരു നല്ല വ്യക്തിയാക്കുന്നതിനും കുടുംബസ്ഥനാകുന്നതിനും സഹായിച്ചു. അച്ഛനെയും അമ്മയേയും കൂടാതെ എൻ്റെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഭാര്യ ലളിതയാണ്. എൻ്റെ അമ്മ ചോറു തന്നതിനു ശേഷം എനിക്ക് ഏറ്റവും കൂടുതല്‍ ചോറു വിളമ്പി തന്നിരിക്കുന്നതും എൻ്റെ തടി ഇന്നിങ്ങനെ ഇരിക്കുന്നതിനു കാരണവും ഇവളാണ്. മക്കള്‍ സജീവും ശ്രീദേവിയുമാണ് എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍. ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളില്‍ എന്റെ ലോകം വീടാണ്. ഒഴിവു സമയം മുഴുവന്‍ കുടുംബത്തോടെത്ത് ചെലവഴിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ഇന്ന് എൻ്റെ കരുത്ത് എൻ്റെ കുടുംബമാണെന്ന്’ കലാശാല ബാബു.

കഥാപത്രമായി ജീവിക്കണം

അഭിമുഖമായുളള നയമാണ് അഭിനയം എന്നാണ് കലാശാല ബാബുവിൻ്റെ അഭിപ്രായം. ‘കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, കഥാപാത്രമായി ജീവിക്കാനാണ് എനിക്കിഷ്ടം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ വികാരം നമ്മുടെ മുഖത്തു പ്രത്യക്ഷമാകൂ. ഭംഗി നോക്കി കരയാനോ ചിരിക്കാനോ എനിക്ക് അറിയില്ല.എൻ്റെ അഭിനയം 90% ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാലും ഞാനിപ്പോഴും തൃപ്തനല്ല. ഒരോ സിനിമ കഴിയുമ്പോഴും അഭിനയം ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നാറുണ്ട്. ഒരര്‍ത്ഥത്തില്‍ അഭിനയം ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ അഭിനയിച്ച സിനിമകളിലെ എന്റെ ആക്ഷന്‍,റിയാക്ഷന്‍,ഡയലോഗ് മോഡുലേഷന്‍ തുടങ്ങിയവയെല്ലാം സശ്രദ്ധം വീക്ഷിച്ച് സ്വയം വിലയിരുത്താന്‍ ശ്രമിക്കാറുണ്ട്. എൻ്റെ ഏറ്റവും വലിയ വിമര്‍ശകന്‍ ഞാന്‍ തന്നെയാണ്. ഒരു നല്ല നടന്‍ സെല്‍ഫ് ക്രിട്ടിക് ആയിരിക്കണമെന്നതാണ് എൻ്റെ അഭിപ്രായം. അതുപോലെ ബോണ്‍ ആര്‍ട്ടിസ്റ്റുകളേക്കാള്‍ സെല്‍ഫ് മെയ്ഡ് ആര്‍ട്ടിസ്റ്റുകള്‍ക്കാണ് കഴിവു കൂടുതലെന്നു തോന്നിയിട്ടുണ്ട്. കാരണം പാടനറിയുന്നവന്‍ പാട്ട് പഠിക്കുന്നതിനേക്കാള്‍, പാടാനറിയാത്തവന്‍ പാട്ട് പഠിച്ച് നന്നായി പാടുന്നതാണ് മഹത്തരം. അതു പോലെ തന്നെയാണ് അഭിനയവും. അവനവനിലുളള മൈനസിനെയും പ്ലസ്സിനെയും മനസ്സിലാക്കി,ആ മൈനസ്സിനെ പ്ലസ്സാക്കി മാറ്റിയാണ് ഒരു സെല്‍ഫ് മെയ്ഡ് ആര്‍ട്ടിസ്റ്റ് വളര്‍ന്നു വരുന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഒരു സെല്‍ഫ് മെയ്ഡ് ആര്‍ട്ടിസ്റ്റാണ് . മലയാള സിനിമയില്‍ മോഹന്‍ലാല്‍ ,മമ്മുട്ടി, ശ്രീനിവാസന്‍ തുടങ്ങി നിരവധിപേര്‍ ഈ ഗണത്തില്‍പ്പെട്ടവരാണ് . നടിമാരില്‍ ഏതു റോളും അനായാസമായി അഭിനയിക്കാന്‍ കഴിവുളള നടിയാണ് ഉര്‍വശി. ഹ്യൂമറും സിരിയസ്സ് റോളുകളും നന്നായി ചെയ്യാന്‍ അവര്‍ക്കാകും. ശോഭന, മഞ്ജുവാര്യാര്‍ തുടങ്ങിയവരും പ്രഗത്ഭരാണ്.’

മമ്മുട്ടി മുതല്‍ ആസിഫ് അലി വരെയുളള ഒട്ടുമിക്ക നടന്‍മാരോടും കൂടി അഭിനയിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന അമ്മ എന്ന സീരിയലില്‍ സ്‌നേഹ നിധിയായ മുത്തച്ഛൻ്റെ റോള്‍ കൈകാര്യം ചെയ്ത് ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സിറ്റുവേഷന്‍ കോമഡിയിലൂടെ ജനങ്ങളെ ചിരിപ്പിക്കുന്ന വ്യത്യസ്തമായ റോളുകള്‍ ചെയ്യണമെന്നതാണ് ഇനി അദ്ദേഹത്തന്റെ ആഗ്രഹം. ‘ഒരു വേഷം അഭിനയിച്ചു പൊലിപ്പിച്ചാല്‍ ,പിന്നീട് അതിലേക്കു മാത്രമേ വിളിക്കൂ ’എന്ന ഇന്ത്യന്‍ സിനിമയുടെ പ്രത്യേകതയാണ് ബാബുവിനെ പോലുളള കഴിവുറ്റ അഭിനേതാക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. എങ്കിലും കോമഡി ചെയ്യാനുളള തൻ്റെ കഴിവ് സിനിമാലോകം തിരിച്ചറിയപ്പെടുമെന്ന പ്രതീക്ഷ അദ്ദേഹം കൈവെടിയുന്നില്ല. അഭിനയത്തോടിന്നും അടങ്ങാത്ത അഭിവാഞ്‌ഛ ഈ വില്ലന്‍, ഒരു തികഞ്ഞ കോമേഡിയനായി വെളളിത്തിരയില്‍ മിന്നി മറയുന്നത് നമ്മുക്കു വൈകാതെ കാണാം .

Published on ഓഗസ്റ്റ് – സെപ്റ്റംബര്‍ സിൽവർലൈൻ

തയ്യാറാക്കിയത് ദിനജ