അച്ഛന്റെ ചിട്ടയും അമ്മയുടെ കരുതലും

എന്റെ കുട്ടിക്കാലത്ത് ഒരു ദിവസം അച്ഛന്‍ എന്നെ വിളിച്ച് ഉപദേശിക്കാന്‍ ആരംഭിച്ചു. പഠിച്ചില്ലെങ്കില്‍ ജോലി കിട്ടുകയില്ല. ജോലി കിട്ടിയില്ലെങ്കില്‍ ജീവിക്കാന്‍ പണമുണ്ടാകുകയില്ല. ഇന്നത്തെ കാലത്ത് നൂറില്‍ നൂറും വാങ്ങി പഠിച്ചാലേ രക്ഷയുള്ളൂ. ഏറ്റവും മിടുക്കര്‍ക്കേ രക്ഷയുള്ളൂ. പഠിക്കാത്തവര്‍ പഠിക്കുന്ന മിടുക്കര്‍ക്കു ജോലി ചെയ്തു ജീവിക്കേണ്ടി വരും. പഠിച്ചില്ലെങ്കില്‍ നിനക്കു ചാണകം വാരി ജീവിക്കേണ്ടി വരും. നിന്റെ കൂട്ടുകാരിയായ ദീപ പഠിച്ചു മിടുക്കിയായി ഡോക്ടറായി കാറില്‍ പോകുമ്പോള്‍ നീ നടന്നലഞ്ഞ് തലയില്‍ പുല്ലും ചുമന്നു നടക്കുന്ന അവസ്ഥയോര്‍ത്തു നോക്ക്.. – കേട്ടിരുന്ന എന്റെ കണ്ണുകള്‍ കുടുകുടാ നിറഞ്ഞൊഴുകി. ഞാന്‍ നെഞ്ചെരിഞ്ഞ് ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെട്ടു. അന്നു മുതല്‍ കാലങ്ങളോളം അച്ഛന്റെ അന്നത്തെ ഈ വാക്കുകള്‍ എന്നെ വേട്ടയാടി. പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞാല്‍ ഞാന്‍ തകര്‍ന്നു. അച്ഛന്‍ ഒരു നല്ല അധ്യാപകനും നല്ല എഴുത്തുകാരനുമായിരുന്നു എന്ന്, ഇപ്പോള്‍ വ്യക്തമാകുന്നു. ചെറിയൊരു കുട്ടിയുടെ മനസ്സിനെ അത്രമേല്‍ സ്വാധീനിക്കാന്‍ പറ്റിയ വാക്കുകളും ബിംബങ്ങളും ഉപയോഗിക്കാന്‍ അച്ഛനു സാധിച്ചു.

എന്റെ അച്ഛനമ്മമാര്‍ അധ്യാപകരായിരുന്നു. അധ്യാപകരുടെ മക്കളായി വളരുക അത്ര സന്തോഷകരമായ കാര്യമല്ല. പ്രത്യേകിച്ചും കോളജ് അധ്യാപകരുടെ. പൊതുവെ, സ്വന്തം അറിവിനും കാഴ്ചപ്പാടിനും തീരുമാനങ്ങള്‍ക്കുമപ്പുറത്ത് ശരികളുണ്ടെന്നു വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരാണ് അധ്യാപകരായ അച്ഛനമ്മമാര്‍. എന്റെ അച്ഛന്‍ പഴയ തലമുറയില്‍പ്പെട്ട പിതാവായിരുന്നു. മക്കളെ കര്‍ശനമായ അച്ചടക്കത്തില്‍ വളര്‍ത്തണമെന്നും ഇരുപത്തിനാലു മണിക്കൂറും പഠിക്കുക, പഠിക്കുക, പഠിക്കുക എന്നതു മാത്രമാണ് മക്കളുടെ ജോലിയെന്നും അച്ഛന്‍ ഉറച്ചു വിശ്വസിച്ചു. സുവോളജിയാണ് അച്ഛന്റെ വിഷയം. വീടു നിറയെ സുവോളജി പുസ്തകങ്ങളായിരുന്നു. എല്ലാ പുസ്തകങ്ങളും അച്ഛന് ഏതാണ്ട് മന:പാഠമായിരുന്നു. അച്ഛന്‍ രാവിലെ നാലുമണിക്ക് ഉണരും. കട്ടന്‍കാപ്പിയും സിഗററ്റും ബീഡിയുമായി വായന തുടങ്ങും. എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ ധാരാളം കുട്ടികള്‍ പഠിക്കാനെത്തിയിരുന്നു. മിക്കവരുടെയും താമസവും ഭക്ഷണവും അവിടെത്തന്നെ. അച്ഛനോട് സുവോളജിയിലെ വല്ല സംശയവും ചോദിച്ചാല്‍ തീര്‍ന്നു. ആ ഷെല്‍ഫില്‍ നാലാമത്തെ തട്ടില്‍ ഇരിക്കുന്ന ഏഴാമത്തെ പുസ്തകത്തിലെ നാനൂറ്റി ഇരുപത്തിയഞ്ചാമത്തെ പേജിലെ മൂന്നാമത്തെ പാരഗ്രാഫിന്റെ ഏഴാമത്തെ വരി വായിക്ക് എന്ന മട്ടില്‍ സ്പീഷീസില്‍ തുടങ്ങി ഫൈലവും കിങ്ഡവും വരെ പഠിപ്പിച്ചിട്ടേ അച്ഛന്‍ വിട്ടയയ്ക്കുകയുള്ളൂ. അതുകൊണ്ട്, അച്ഛന്റെ മുമ്പില്‍ച്ചെന്നു ചാടാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കയ്യിലൊരു പുസ്തകമില്ലെങ്കില്‍ അച്ഛന് അരിശം വരും.

താഴ്ന്ന ക്ലാസുകളില്‍ പകര്‍ത്തിയെഴുത്തും ഗുണനപ്പട്ടിക മന:പാഠം പഠിക്കലും പത്രങ്ങളിലെ പ്രധാന ന്യൂസ് എഴുതലും നിര്‍ബന്ധമായിരുന്നു. വളരെക്കാലം, എന്നെ വഴക്കു പറയണമെന്ന് തോന്നിയാല്‍ ഉടനെ അച്ഛന്‍ വിളിച്ച് ഗുണനപ്പട്ടിക ചോദിച്ചു. എത്ര നന്നായി പഠിച്ചാലും അച്ഛന്‍ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യുമ്പോള്‍ എനിക്കു തെറ്റിപ്പോകും. പഠിക്കുന്ന കാര്യമല്ലാതെ ഒരു കൊച്ചുവര്‍ത്തമാനവും അച്ഛന് എന്നോടു പറയാനുണ്ടായിരുന്നില്ല. അച്ഛന്റെ ഫലിതങ്ങള്‍ പോലും പഠിത്തവും മാര്‍ക്കും റാങ്കും ഒരു സയന്റിസ്‌റ്റോ ഡോക്ടറോ ആയിത്തീരേണ്ടതിന്റെ അനിവാര്യതയും ഒക്കെയുമായി ബന്ധപ്പെട്ടതായിരുന്നു. അച്ഛന്റെ മുമ്പില്‍ ഞാനൊരു വിദ്യാഭ്യാസ ക്കുറ്റവാളിയായിരുന്നു. തൂക്കുമരത്തില്‍ കുറഞ്ഞ ഒരു ദണ്ഡനയും ഞാന്‍ അര്‍ഹിച്ചിരുന്നില്ല.

ഇതുകൊണ്ടൊക്കെ, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് അച്ഛന്‍ തന്നെയാണ്. ചെയ്യുന്നത് എത്ര ചെറിയ ജോലിയായാലും അത് ഏറ്റവും നന്നായി ചെയ്യണമെന്നതാണ് അച്ഛന്‍ എനിക്കു തന്ന ഏറ്റവും വിലപ്പെട്ട പാഠം.നീ എത്ര ചെറിയ ജോലി ചെയ്താലും അതു നന്നായി ചെയ്യണം, തൂപ്പുകാരിയാണ് ആകുന്നതെങ്കില്‍ ഏറ്റവും നല്ല തൂപ്പുകാരിയാകണം എന്ന് അച്ഛന്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. പെര്‍ഫെക്ഷനിസം എന്നെ വേട്ടയാടിയത് അന്നു മുതലാണ്. ഒരു ഘട്ടം വരെ ഞാന്‍ അച്ഛന്റെ അംഗീകാരത്തിനും അഭിനന്ദനത്തിനും വേണ്ടി കിണഞ്ഞു ശ്രമിച്ചു. ലോകത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയാലും സ്വന്തം അച്ഛന്റെ അഭിനന്ദനം നേടാന്‍ പ്രയാസമാണെന്ന ചൊല്ലു പോലെ അച്ഛന്‍ ഒരിക്കലും എന്നെക്കുറിച്ചു സന്തോഷിക്കാന്‍ സന്നദ്ധനായില്ല. ഞാനൊരു മോശപ്പെട്ട മകള്‍ ആയിരുന്നു. അച്ഛന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ എനിക്കു സാധിച്ചില്ല. ഇന്നും അതില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

അമ്മ മറ്റു പല കാര്യങ്ങളിലും അച്ഛന്റെ വക്താവ് ആയിരുന്നെങ്കിലും സാഹിത്യത്തിന്റെ കാര്യത്തില്‍ എന്നെ പിന്തുണച്ചു. എന്റെ ആദ്യകാല കൃതികള്‍ ആദ്യം വായിച്ചതും അഭിനന്ദിച്ചതും അമ്മയാണ്. പുസ്തകങ്ങള്‍ വാങ്ങിത്തരുന്നത് അമ്മയുടെ സന്തോഷമായിരുന്നു. അമ്മയുടെ കൂട്ടുകാരികളും അമ്മയെപ്പോലെതന്നെ എന്നെക്കുറിച്ച് അഭിമാനിച്ചു. എം.ഡി രത്‌നമ്മ ടീച്ചറും സി. ചന്ദ്രമതി ടീച്ചറും ലീലാമ്മച്ചിയും ഗിരിജാന്റിയും അമ്മ എന്നു തന്നെ വിളിച്ചിരുന്ന ലളിത പി. നായരും ഒക്കെയായിരുന്നു എന്റെ ആദ്യ വായനക്കാര്‍. അച്ഛന്‍ വാങ്ങിത്തന്ന സാഹിത്യകൃതികള്‍ കുട്ടികളുടെ ദിനചര്യയും കുമാരനാശാന്റെ വീണപൂവും ചിന്താവിഷ്ടയായ സീതയും ദുരവസ്ഥയും കരുണയുമൊക്കെയാണ്. അച്ഛന്റെ പ്രീതി സമ്പാദിക്കാന്‍ അതൊക്കെ ഞാന്‍
മന:പാഠം പഠിച്ചു. എന്‍.ബി.എസിന്റെയും ഡിസി ബുക്‌സിന്റെയും പുസ്തകങ്ങള്‍ വരുത്തിത്തന്നത് അമ്മയായിരുന്നു. സമ്മാനപ്പെട്ടിയും മഹച്ചരിത മാലയും വിശ്വസാഹിത്യ മാലയുമൊക്കെ എനിക്ക് കിട്ടിയ

അച്ഛന്റെ മുമ്പില്‍ ഞാനൊരു വിദ്യാഭ്യാസക്കുറ്റവാളിയായിരുന്നു.തൂക്കുമരത്തില്‍ കുറഞ്ഞ ഒരു ദണ്ഡനയും ഞാന്‍ അര്‍ഹിച്ചിരുന്നില്ല.ത് അങ്ങനെയാണ്. അമ്മയുടെ മക്കള്‍ രണ്ടുപേരും എക്‌സ്ട്രാ ഓര്‍ഡിനറി ആണെന്ന് അമ്മ ഉറച്ചു വിശ്വസിച്ചു. അമ്മ വലിയ സംഭാഷണപ്രിയയായിരുന്നു. സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കാന്‍ അമ്മ മിടുക്കിയായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് ഒരുപാടു കൂട്ടുകാരുണ്ടായി. അമ്മയുടെ സാന്നിധ്യം ബന്ധുക്കളും സുഹൃത്തുക്കളും ഇഷ്ടപ്പെട്ടു. ടിപ്പര്‍ ലോറിയുടെ ദിവസ വാടക മുതല്‍ സൗന്ദര്യ ലഹരിയിലെ ശ്ലോകങ്ങള്‍ വരെ അമ്മയ്ക്ക് അപ്രതീക്ഷിത വിജ്ഞാനമുണ്ട്. പതിനേഴു വയസ്സു മുതല്‍ കുടുംബച്ഛിദ്രം എന്നെ അരക്ഷിതാവസ്ഥയിലാക്കി. പക്ഷേ, ഞങ്ങളുടെ പഠിത്തവും വിവാഹവും ഉള്‍പ്പെടെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുമ്പോള്‍ അമ്മയ്ക്ക് ഒരു ഘട്ടത്തിലും ആത്മവിശ്വാസക്കുറവുണ്ടായില്ല

താന്‍ ഡിഗ്രിക്കു പഠിച്ച സൊറാബ് ആന്‍ഡ് റസ്തം ആണ് അച്ഛന്റെ വിശ്വസാഹിത്യസൃഷ്ടി. അമ്മ ‘സീക്രട്ട് ‘ വരെ വായിച്ചു കഴിഞ്ഞു. റയില്‍വേ സ്‌റ്റേഷനിലേക്കു പോകുമ്പോള്‍ അച്ഛന്‍ കാലു തെറ്റി വീഴാനുള്ള സാധ്യതയെക്കുറിച്ച് ഓര്‍മിപ്പിക്കും. അമ്മ റിട്ടയര്‍ ചെയ്തതിനുശേഷം കൈനറ്റിക് ഹോണ്ട ഓടിക്കാന്‍ പഠിച്ചു. എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ അച്ഛന് നാളെയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ്. അമ്മയ്ക്ക് ഉല്‍ക്കണ്ഠയാകട്ടെ, ആത്മവിശ്വാസക്കുറവാകട്ടെ, അന്നുമില്ല, ഇന്നുമില്ല. ലണ്ടനിലേക്ക് ഇമെയില്‍ അയയ്ക്കാന്‍ ഒരുപാടു പൈസയാകുമോ എന്ന് അച്ഛന്‍ ആശങ്കപ്പെടുമ്പോള്‍ അമ്മ എന്റെ മകളുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ആയിക്കഴിഞ്ഞു. എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ അച്ഛന്‍ കൃത്യമായി കണക്കെഴുതി വയ്ക്കുന്നു. എത്ര നേരം കുത്തിയിരുന്ന് എഴുതാനും അച്ഛന് മടിയില്ല. കണക്കുകള്‍, ബില്ലുകള്‍, അച്’ന്റെ സാധനങ്ങള്‍ എല്ലാം അച്ഛന്‍ ക്രമമായി അടുക്കി വയ്ക്കും. അച്ഛന്റെ സാധനങ്ങളും അച്ഛന്റെ ഇടവും എക്‌സ്‌ക്ലൂസീവ് ആണ്. അവയില്‍ തൊട്ടാല്‍ ഭൂമി കീഴ്‌മേല്‍ മറിയും. അമ്മയാണെങ്കില്‍ നേരെ തിരിച്ചാണ്. രാവിലെ മുതല്‍ അമ്മ ബാഗും വാച്ചും കണ്ണടയും തപ്പി നടക്കും.

അച്ഛന്റെയും അമ്മയുടെയും സ്വഭാവത്തിലെ നല്ല അംശങ്ങളൊന്നും എനിക്കു കിട്ടിയില്ല. അമ്മയുടെ സംഭാഷണചാതുര്യവും ഉചിതമായ തീരുമാനമെടുക്കാനുള്ള കഴിവും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കാനുള്ള കഴിവും അനിയത്തിക്കു കിട്ടി. അച്ഛന്‍ എന്നെക്കുറിച്ച് എന്ത് ആഗ്രഹിച്ചോ അതിന്റെ വിപരീത ദശയിലാണ് ഞാന്‍ സഞ്ചരിച്ചത്. മകള്‍ എന്ന നിലയില്‍ അച്ഛന്റെ സങ്കല്‍പ്പങ്ങളൊന്നും പൂര്‍ത്തീകരിക്കാന്‍ എനിക്കു സാധിച്ചില്ല. എന്റെ അച്ഛന് എന്നെക്കുറിച്ചോര്‍ത്ത് ഇന്നും നിരാശയും വിഷമവും മാത്രമേയുള്ളൂ. മറ്റുള്ളവര്‍ മകള്‍ക്ക് എന്താണു ജോലി എന്നു ചോദിക്കുമ്പോള്‍ ഉത്തരം പറയാനില്ലാതെ വിഷമിക്കുന്നു എന്നാണ് അച്ഛന്‍ പറയാറുള്ളത്. ഞാനൊരു വലിയ ശാസ്ത്രജ്ഞയോ ഡോക്ടറോ കുറഞ്ഞപക്ഷം കോളജ് അധ്യാപികയോ ആകണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. ഇതൊന്നുമായില്ല. മാത്രമല്ല, അച്ഛനു തീരെ അംഗീകരിക്കാന്‍ സാധിക്കാത്ത ജോലി സ്വീകരിക്കുകയും അത് ഉപേക്ഷിക്കുകയും ചെയ്തു.

ഞാന്‍ എല്ലാക്കാലത്തും കുടുംബത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി കൊതിച്ചിരുന്നു. പക്ഷേ, അമ്മയാകാന്‍ എനിക്കു ഭയമുണ്ടായിരുന്നു. എനിക്ക് നല്ല പേരന്റ് ആകാന്‍ സാധിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിച്ചില്ല. ഞാന്‍ നല്ല അമ്മയാണോ എന്ന് ഇന്നും എനിക്കു തീര്‍ച്ചയില്ല. പേരന്റ് എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് എന്റെ മകള്‍ നന്‍മയുടെ ആഹ്ലാദവും അഭിമാനവും അന്തസ്സും അനുഭവിച്ചു ജീവിക്കുമെന്നു മാത്രമാണ്. അതെങ്ങനെ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും അവളുടേതാണ്.

കുട്ടികളെ ആദരിക്കുക എന്നതാണ് പേരന്റിങ്ങിന്റെ ആദ്യ പാഠം എന്നു ഞാന്‍ കരുതുന്നു. മകള്‍ക്കു ഞാന്‍ നല്‍കുന്ന സ്‌നേഹവും ബഹുമാനവും മാത്രമേ അവള്‍ എനിക്കു തിരിച്ചു തരികയുള്ളൂ. വ്യക്തിപരമായി ഞാന്‍ മകളില്‍ നിന്നു പ്രതീക്ഷിക്കുന്നത് അവളുടെ അമ്മയായിരിക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും മാത്രമാണ്. കര്‍മ്മ പരമ്പരയുടെ ശൃംഖലയില്‍ എന്നെ ബന്ധിച്ചിട്ട ജീവനാണ് അവളെന്നും അതുകൊണ്ട് അവള്‍ എന്നെക്കാള്‍ മഹത്വമുള്ളവളാണെന്നും ഞാന്‍ ഓര്‍മ വയ്ക്കുന്നു. അവളുടെ അച്ഛനമ്മമാരുടെ സ്‌നേഹത്തിന്റെ വെളിച്ചം അവളുടെ ജീവിതത്തില്‍ സന്തോഷമായും സമാധാനമായും നിറഞ്ഞു നില്‍ക്കട്ടെ എന്നു മാത്രമേയുള്ളൂ ആഗ്രഹം. അതല്ലാതെ മക്കളില്‍നിന്ന് എന്താണു പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്കറിയില്ല.

എന്നെ നല്ല അമ്മയാക്കി വളര്‍ത്തിയെടുക്കുന്നത് എന്റെ മകള്‍ തന്നെയാണ്. അവള്‍ എല്‍.കെ.ജിയില്‍ ചേരും മുമ്പ് ഒരു ദിവസം എന്റെ അച്ഛന്‍ എന്റെ മേല്‍ പ്രയോഗിച്ച വിദ്യ ഞാന്‍ അവളുടെ മേല്‍ പരീക്ഷിച്ചു. പഠിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പഠിച്ചില്ലെങ്കിലുള്ള ഭീകരമായ അവസ്ഥയും ദാരിദ്ര്യവും ഒക്കെ വര്‍ണിച്ചു വര്‍ണിച്ച് അവസാനം ഞാന്‍ ആ പഞ്ച് ലൈനിലെത്തി– നീ കഷ്ടപ്പെട്ട് റോഡിലൂടെ അലഞ്ഞു നടക്കുമ്പോള്‍ നിന്റെ കൂട്ടുകാരായ ഐറീനും ഷെയ്‌നും ലിയയുമൊക്കെ വലിയ വലിയ കാറുകളില്‍ പോകുന്നത് ഒന്നോര്‍ത്തു നോക്ക്.. ! അവള്‍ എന്നെ ഉമ്മ വച്ചു സമാധാനിപ്പിച്ചു- അമ്മ വിശമിക്കണ്ട. ഞാന്‍ ഇടത്തുവശം ചേര്‍ന്ന്, കാറിടിക്കാതെ സൂക്ഷിച്ചു നടന്നോളാം….!

Published on നവംബർ-ഡിസംബർ സിൽവർലൈൻ 2012 Volume 6 Issue 4

By കെ .ആര്‍. മീര സാഹിത്യകാരി