സ്വാതന്ത്ര്യത്തോടെ വളരട്ടെ..

സ്വതന്ത്രമായ ജീവനുകളാണ് നാമോരോരുത്തരും. ഒന്നിനൊന്ന് വ്യത്യസ്തമായ വേറിട്ട ജീവനുകള്‍. അത്തരം ജീവനുകളെ ചിതറിപ്പോകാതെ ജീവിതഗാനങ്ങളായി നേര്‍വഴിക്കു നടത്താന്‍ നമ്മള്‍ തന്നെ കണ്ടെത്തിയ അല്ലെങ്കില്‍ വിശ്വസിക്കുന്ന ഒന്നാണ് പരസ്പര ബന്ധങ്ങള്‍. അത്തരം ബന്ധങ്ങളാലും ബന്ധനങ്ങളാലും ശക്തരും ചില സമയങ്ങളില്‍ അശക്തരുമാണ് നാം. അത്തരം ബന്ധങ്ങളിലേറ്റം ആഴമേറിയത്; സംശയമില്ല… മാതാപിതാക്കളുമായുള്ള ബന്ധം തന്നെ.

മാതാപിതാക്കള്‍ നേര്‍വഴിക്കുതന്നെ മക്കളെ നയിക്കുമാറ് വ്യക്തമായ ചൂണ്ടുപലകയാവണം എന്നാണ് എനിക്ക് പറയാനുള്ളത്. അതിനു നാം ആദ്യം എന്താണ് വേണ്ടത്? നാം അവരോടുകൂടി എപ്പോഴും ഉണ്ട് എന്നൊരു ഉറച്ച വിശ്വാസം മക്കളില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. മാതാപിതാക്കളില്‍നിന്നും മക്കള്‍ അര്‍ഹിക്കുന്ന പ്രാഥമികമായ ഒരവകാശമാണത്. ”അവരോടൊപ്പം” എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് കൂടെ താമസിക്കുക എന്നതു മാത്രമല്ല, അത് മക്കളെ വിശ്വസിക്കുന്നതിനൊപ്പം പരസ്പര ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു കൂടിയാവണം. മക്കളോട് മാനസികമായി അടുക്കാത്ത മാതാപിതാക്കളെ മക്കള്‍ എത്രമാത്രമാണ് അകലെ നിര്‍ത്തുന്നത് എന്ന് ആര്‍ക്കും പറയാനാവില്ല.

മക്കളെ സ്വതന്ത്രമാക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് സ്വതന്ത്രമാക്കുമ്പോള്‍ അവര്‍ അച്ഛനമ്മമാരോട് സൗഹൃദ മനോഭാവത്തില്‍ വളരും; നമ്മോടു മാത്രമല്ല സമൂഹത്തോടും. ഓരോ മാതാപിതാക്കളും ശുഭാപ്തിവിശ്വാസികളാകണം എന്നു ഞാന്‍ വിശ്വസിക്കുന്നു. മക്കളെ ചട്ടംപഠിപ്പിക്കുമ്പോള്‍ നാമോരോരുത്തരും ആഗ്രഹിക്കുന്നത് നമുക്ക് പറ്റിയ പിഴവുകള്‍ അവരുടെ ജീവിതത്തില്‍ പറ്റരുത് എന്നാവും. അത് നല്ലതുതന്നെ; അങ്ങിനെ തന്നെ വേണം. പക്ഷേ ആ ഒരൊറ്റ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം ആ കൊച്ചു മനസ്സുകളില്‍ അഭിമാനക്ഷതമേല്പിച്ചാവരുത്.

വളരുന്ന പ്രായത്തില്‍ മക്കള്‍ക്ക് മാതാപിതാക്കളുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാനും അനുസരിക്കാനും കാര്യമായ പ്രയാസം കാണും. ഞാനും അത്തരത്തിലൊരാളായിരുന്നു. മാതാപിതാക്കളോടു പ്രതിഷേധവുമായിട്ടാണ് ഞാന്‍ വളര്‍ന്നതുതന്നെ. അവര്‍ എനിക്കുവേണ്ടി എന്തുചെയ്താലും അതില്‍ കുറ്റം കണ്ടെത്തി തിരിച്ച് എതിര്‍ക്കുന്ന ഒരു റിബലായിരുന്നു ഞാന്‍. പക്ഷേ, ഇന്ന് പ്രായത്തിന്റെ തിരിച്ചറിവില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞാനടക്കം അഞ്ചു മക്കളെ കേടുപാടൊന്നും കൂടാതെ കുറവുകള്‍ അറിയിക്കാതെ എന്റെ മാതാപിതാക്കള്‍ എങ്ങനെ വളര്‍ത്തിയെടുത്തു എന്ന് എനിക്കുതന്നെ അത്ഭുതം തോന്നുന്നു. ഇന്ന് അവര്‍ക്ക് നന്നേ വസ്സായിരിക്കുന്നു. അന്ന് അവര്‍ എന്നെ ഉപദേശിച്ച അതേ സന്ദര്‍ഭത്തില്‍ പിതാവിന്റെ റോളില്‍ നില്‍ക്കേണ്ടിവരാറുണ്ട് ഇന്നെനിക്ക്. ഇതൊരു ചെയിനാണ്. ഇന്നത്തെ മക്കളാണ് നാളത്തെ മാതാപിതാക്കള്‍. എങ്ങിനെയും വളര്‍ത്താം, എങ്ങിനെയും വളരാം. പക്ഷേ, വളര്‍ച്ച ശരിയായ ദിശയിലേക്കല്ല എങ്കില്‍ വളര്‍ത്തുന്നവര്‍ക്കും വളരുന്നവര്‍ക്കും ഒരേ പോലെ ദോഷംതന്നെയാവും എന്നു പറയേണ്ടതില്ലല്ലോ.

ആവോളം സ്‌നേഹ വാത്സല്യ ബഹുമാനങ്ങള്‍ കിട്ടി വളര്‍ന്ന കുട്ടികള്‍ക്കേ വളര്‍ന്നു വലുതായി കഴിയുമ്പോള്‍ നല്ല മാതാപിതാക്കളാകാന്‍ കഴിയൂ. ഏറെ ആഗ്രഹിക്കുകയും എന്നാല്‍ സ്‌നേഹിക്കപ്പെടാതെയും വാത്സല്യത്തിനോ ബഹുമാനത്തിനോ പാത്രമാവാതെയും വളരുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് നല്ല മാതാപിതാക്കളാവാന്‍ കഴിയുക?

എന്റെ മാതാപിതാക്കള്‍ എനിക്ക് സ്വാതന്ത്ര്യം തന്നിരുന്നു. അവര്‍ എനിക്കൊരു പാഠവും ചൊല്ലിത്തന്നില്ല എന്നതാണ്, അവര്‍ എനിക്ക് നല്‍കിയ ജീവിതപാഠം. എന്റെ മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കവരോടു തോന്നുന്ന ബഹുമാനവും നല്ല ഓര്‍മ്മയും അതുതന്നെയാണ്. തങ്ങള്‍ക്ക് കിട്ടാതെപോയ സൗഭാഗ്യങ്ങള്‍ മക്കള്‍ക്ക് കിട്ടണം എന്നാഗ്രഹിക്കുന്നവരുടെ കാര്യമെടുക്കാം. എന്റെ അഭിപ്രായത്തില്‍ അങ്ങനെ നല്‍കുന്ന പാരന്റിങ്ങ് ഒരു മോശം പാരന്റിങ്ങാവാന്‍ സാദ്ധ്യതയുണ്ട്. കാരണം കഷ്ടപ്പാടുകള്‍ എന്താണെന്ന് ഒട്ടുമേ അറിയിക്കാതെയാവും ഇത്തരം മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുക.

കുട്ടികളെ വളര്‍ത്തുമ്പോള്‍, അവരെ ചട്ടത്തില്‍ വളര്‍ത്തുമ്പോള്‍ നാം മറന്നുപോവുന്ന ഒരു കാര്യമുണ്ട്. ”അഞ്ചു വയസ്സുകാരനായ കുട്ടിക്കും ഇരുപത്തഞ്ചു വയസ്സുകാരന്റെ പോലെതന്നെ അഭിമാനം ഉണ്ട്” എന്നതാണത്. പലരും കുട്ടികളെ സംബോധന ചെയ്യുന്നത് പലപ്പോഴും ക്ഷതമേല്പിക്കുന്ന ചില വാക്കുകളാലാണ്. പകരം അവരും ഓരോ ജീവനുകളാണ്; നമ്മില്‍ സ്ഫുരിക്കുന്ന അതേ തേജസ്സും ഓജസ്സും തന്നെയാണ് അവര്‍ക്കും എന്ന സത്യം ഉള്‍ക്കൊണ്ട് സ്‌നേഹത്തോടെ അവരെ ബഹുമാനമുള്ള മക്കളായി വളര്‍ത്തുക.

‘ഓരോ മാതാപിതാക്കളും നമ്മെ എങ്ങിനെയാണോ വളര്‍ത്തിത്തുടങ്ങുന്നത്, അതിന്റെ സ്വാധീനം ഒടുക്കംവരെ നമ്മോടൊത്തുണ്ടാകും. ഇന്ന് സംഗീത സംവിധായകന്റെ വേഷമണിഞ്ഞുനില്‍ക്കുന്ന ഷഹബാസ് അമന്‍ എന്ന എന്നെയും ബാപ്പയും ഉമ്മയും താരാട്ടുപാടിയുറക്കിയിട്ടുണ്ട്. പ്രത്യേകിച്ചും എന്റെ ഉമ്മ, അവര്‍ പകര്‍ന്നുതന്ന ആ താരാട്ടിന്റെ ഈണമാണെന്റെ സംഗീതം. അതിലും വലിയൊരു സ്ഥാനം ഞാന്‍ ആര്‍ക്കാണ് ജീവിതത്തില്‍ നല്‍കുക? ഓരോ മാതാപിതാക്കളും മക്കളെ സ്‌നേഹിക്കണം, ബഹുമാനിക്കണം; മക്കള്‍ തിരിച്ചും. ആ സ്‌നേഹവും ബഹുമാനവും ഓരോ മക്കള്‍ക്കും ഓരോ വിധത്തിലാവും തിരികെ നല്‍കാനാവുക. ഞാനും അത് പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. അതുകൊണ്ടുകൂടിയാണ് എന്റെ ‘ഓം അള്ളാഹ്’ എന്ന ആദ്യ പുസ്തകത്തിന്റെ തുടക്കത്തില്‍ ‘ഉമ്മയുടെ കാല്‍ച്ചുവട്ടില്‍ ഇതു വെയ്ക്കുന്നു’ എന്നെഴുതിച്ചേര്‍ത്തത്.

50 വര്‍ഷത്തേക്കെങ്കിലുമുള്ള ജീവിതസുരക്ഷ ഉറപ്പാക്കാന്‍ ഇന്നേ മത്സരബുദ്ധിയുടേയും കോര്‍പ്പറേറ്റ് ചിന്തയുടേയും സെഡറ്റീവുകള്‍ നാം മക്കളില്‍ കുത്തിവെച്ചുകഴിഞ്ഞിരിക്കുന്നു. വേണ്ടത് തിരിച്ചറിവാണ് മക്കള്‍ നന്നാവാന്‍ വേണ്ട തിരിച്ചറിവ് രു മിക്‌സഡ് ജനറേഷന്‍ ആണ് ഇന്നു നമ്മുടേത്. ഗ്രാമവും നഗരവും എല്ലാം ഇന്ന് ഏകദേശം ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഒന്നുകില്‍ കുട്ടികള്‍ കളിക്കാന്‍ പോകുന്നില്ല. അല്ലെങ്കില്‍ അവനെ വിടുന്നില്ല. ഒരു കൗണ്‍സലിംഗിനും പിടികൊടുക്കാതെ മാതാപിതാക്കളും കുട്ടികളും അവരവരുടെ തുരുത്തുകള്‍ കണ്ടെത്തുന്നു. അല്ലെങ്കില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ‘പൂര്‍ണമായും ഒരു മാറ്റം’. അത് പ്രായോഗികമല്ല. കാരണം അടുത്ത 50 വര്‍ഷത്തേക്കെങ്കിലുമുള്ള ജീവിതസുരക്ഷ ഉറപ്പാക്കാന്‍ ഇന്നേ മത്സരബുദ്ധിയുടേയും കോര്‍പ്പറേറ്റ് ചിന്തയുടേയും സെഡറ്റീവുകള്‍ നാം മക്കളില്‍ കുത്തിവെച്ചുകഴിഞ്ഞിരിക്കുന്നു. വേണ്ടത് തിരിച്ചറിവാണ്. മക്കള്‍ നന്നാവാന്‍വേണ്ട തിരിച്ചറിവ്.

Dont worry that children never listen you;
Worry that they are always watching you.

Robert Ulghun

അതെ. അവര്‍ നമ്മെ കണ്ടാണ് പഠിക്കുന്നത്.

ഷഹബാസ് അമാനുമായുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത് :

BY അഖില്‍ കൊമാച്ചി

ജനുവരി-മാർച്ച് സിൽവർലൈൻ  Volume 6 Issue 5