ഉമ്മറപ്പടിയില്‍ കാതോര്‍ത്ത്…

മഴകാണാന്‍ വലിയ ഇഷ്ടായിരുന്നു. പുതുമഴ പെയ്യുമ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ മുറ്റത്തോടിനടന്ന് മഴനനയും. ദാ ഇപ്പോഴും എനിക്കു കാണാം മുറ്റത്തുനിന്ന് മഴ നനയുന്നത്. വേദവതിയമ്മയുടെ ഓര്‍മ്മകളിലേക്ക് വി.കെ.എന്‍. നടവഴി കയറിവന്നു.

വടക്കേകൂട്ടാലയുടെ ഉമ്മറത്തിണ്ണയില്‍ തുലാവര്‍ഷത്തിന്റെ വരവും കാത്ത് യശ്ശഃശരീ രനായ സാഹിത്യകാരന്‍ വികെഎന്നിന്റെ പത്‌നി വേദവതിയമ്മ…

വീണ്ടും ഒരു മഴക്കാലം കൂടി…

ഓര്‍മ്മയുടെ ഫ്രെയ്മുകളില്‍ നിന്നും മകരമഴ നനഞ്ഞ് വി.കെ.എന്‍. പടിയിറങ്ങിയിട്ട് ജനുവരി 25ന് ഒന്‍പതുവര്‍ഷം തികയുന്നു. വേദവതിയമ്മ തനിച്ചായിപ്പോയ ഒന്‍പതുവര്‍ഷങ്ങള്‍. എപ്പോഴും ആളും ബഹളവും നിറഞ്ഞുനിന്നിരുന്ന വടക്കേകൂട്ടാലയുടെ അകത്തളങ്ങളില്‍പോലും ഇന്ന് ആളനക്കങ്ങളില്ല. വേദവതിയും മരുമകള്‍ രമയുമാണ് ഇപ്പോഴിവിടെയുള്ളത്.

”വരാന്തയിലെ എഴുത്തുകസേരയിലിരുന്നാ സാധാരണ എഴുതാറ്. എഴുതുമ്പോഴെല്ലാം റേഡിയോയും അരികിലുണ്ടാവും. അതാ ശീലം.. ഇപ്പോ ഞങ്ങള് രണ്ടാളും ഇവിടെ റേഡിയോ വയ്ക്കാറില്ല. എന്തോ റേഡിയോ കാണുമ്പോഴേ മനസ്സില്‍ ഒരു തിരയിളക്കംപോലെ”. വി.കെ.എന്നിന്റെ പ്രിയപ്പെട്ട ഫിലിപ്‌സ് റേഡിയോയും ഇപ്പോള്‍ ഉറക്കത്തിലാണ്. ഒന്‍പതുവര്‍ഷമായി ആ റേഡിയോ വി.കെ.എന്നിന്റെ മുറിയില്‍ ഒറ്റയ്ക്കാണ്.

റേഡിയോ പോലെ തന്നെ സന്തത സഹചാരികളിലൊരാളായിരുന്നു പണിക്കാരന്‍ കോരി. ”മൂത്താരുടെ കാര്യം കഴിഞ്ഞേയുള്ളൂ കോരിക്കെന്തും. വി.കെ.എന്‍. പോയ വര്‍ഷത്തില്‍ത്തന്നെ കോരിയും പോയി. അത്രയ്ക്ക് ആത്മബന്ധമായിരുന്നു അവരു തമ്മില്‍”. വേദവതിയമ്മയുടെ കണ്ണുകളിലും നേര്‍ത്ത മഴയുടെ മൂടിക്കെട്ട്…

വിവാഹം

ഇന്ത്യ ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ച നാളുകള്‍. ദേവസ്വം അസി. കമ്മീഷണറായിരുന്ന കോടോത്ത് ചന്ദ്രശേഖരന്‍ നമ്പ്യാരുടെ കാര്യാലയത്തിലെ ക്ലര്‍ക്ക് ജോലിക്കായി ഒരു ചെറുപ്പക്കാരനെത്തി; വടക്കേക്കൂട്ടാല നാരായണന്‍കുട്ടി.

”സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റില്‍ഒന്‍പതാം തരത്തില്‍ പഠിക്ക്യാണ് അപ്പൊ ഞാന്‍. അന്നൊക്കെ സ്‌കൂളിലേക്ക് കുതിരവണ്ടിയിലാ പോവാറ്. വഴീലെന്നും ഞങ്ങള് തമ്മില്‍ കാണാറുണ്ട്. പക്ഷെ മിണ്ടാറൊന്നൂല്ല്യ. രണ്ടാള്‍ക്കും പേരൊന്നും അറിയില്ലായിരുന്നു. ഒരിക്കല്‍ കൂട്ടുകാരിലാരോ പറഞ്ഞു നിന്റെ അച്ഛന്റെ ഓഫീസിലെ ജോലിക്കാരനാണെന്ന്. അപ്പോഴേക്കും കഥകളൊക്കെ അച്ചടിച്ചു വന്നുതുടങ്ങീരുന്നു. അതൊക്കെ തേടിപ്പിടിച്ച് വായിച്ചിരുന്നു ഞാന്‍…ഇടയ്ക്ക് പിന്നെ ആള്‍ക്ക് ജോലിമാറ്റമായി. രണ്ടാള്‍ക്കും തമ്മില്‍ തീരെ കാണാന്‍ പറ്റിയിരുന്നില്ല. അഞ്ചു വര്‍ഷത്തിനുശേഷാണ് പിന്നെ ഞങ്ങള്‍ കാണുന്നത്. ഒരു ദിവസം എല്ലാരും ഉള്ളപ്പോള്‍ വീട്ടില്‍ വന്നിരുന്നു. തിരിച്ച് ഓഫീസിലെത്തിയിട്ട് എല്ലാരോടും പറഞ്ഞു ഞാന്‍ വേദേ കല്യാണം കഴിക്കാന്‍ പോവാണെന്ന്..

എന്റെ അച്ഛന് അത് ഭയങ്കര ദേഷ്യായി. ഓഫീസിലേക്ക് ആളെ വിട്ട് വിളിപ്പിച്ച് ചോദിച്ചപ്പോഴും ആള്‍ക്ക് ഒരു കുലുക്കവുമില്ല. ആള്‌ടെ ഈ കൂസലില്ലായ്മ അച്ഛന് നല്ല ഇഷ്ടായി. വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചു.”

അങ്ങനെ ചതയം നക്ഷത്രത്തില്‍ ജനിച്ച വടക്കേകൂട്ടാല നാരായണന്‍കുട്ടിയും അനിഴം നക്ഷത്രക്കാരി വേദവതിയും ഗുരുവായൂര്‍ നടയില്‍ ഒന്നായി. 1954 ഫെബ്രുവരി പതിനൊന്ന് വ്യാഴാഴ്ച സന്ധ്യയ്ക്കായിരുന്നു താലികെട്ട്. അന്നുമുതല്‍ വടക്കേകൂട്ടാല തറവാട്ടിലെ നിറസാന്നിദ്ധ്യമായി വേദയുണ്ട്.

വിവാഹപ്പിറ്റേന്ന്

വിവാഹത്തിനും വളരെ മുമ്പാണ് വി.കെ.എന്‍. വിവാഹപ്പിറ്റേന്ന് എഴുതുന്നത്. ”തനി കൊല്ലങ്കോടന്‍ സ്ലാംഗിലെഴുതിയ കഥ അന്നേ നല്ല അഭിപ്രായം നേടിയിരുന്നു. വിവാഹം കഴിക്കാത്ത ആളെങ്ങനെയാ വിവാഹപ്പിറ്റേന്നത്തെ കഥയെഴുതണേ എന്നുപറഞ്ഞ് കൂട്ടുകാരൊക്കെ ഒരുപാട് കളിയാക്കിയിരുന്നതായി വി.കെ.എന്‍. പറഞ്ഞിരുന്നു”.

തൃക്കാളിയൂരില്‍ താമസിക്കവെ ദേവസ്വം ട്രസ്റ്റിമാര്‍ ക്ഷേത്രഭരണം ഏറ്റെടുത്തതോടെയാണ് വി.കെ.എന്‍. ദേവസ്വം ജോലി രാജിവച്ചത്.

ദില്ലിക്കാലം

”പത്രപ്രവര്‍ത്തനത്തില് ഹരം കേറീട്ടാ ഡല്‍ഹിക്കുപോയത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, നാലു ഭാഷേലും അസാമാന്യമായ അറിവുണ്ടായിരുന്നു. ഡല്‍ഹിയിലായിരുന്നപ്പം ന്യൂസ് ഏജന്‍സികളിലും പത്രമോഫീസുകളിലും മാറിമാറി ജോലിനോക്കിയിരുന്നു. കുട്ടിസാബെന്നാ അവിടെയെല്ലാരും വിളിക്കാറ്.ഡല്‍ഹിക്കാല അനുഭവങ്ങളും ഓര്‍മ്മകളുമാണ് ‘ഡല്‍ഹി ഡേയ്‌സ്’ ആയി എഴുതിയത്. എഴുതാന്‍ മോഹിച്ചാണ് ഡല്‍ഹിക്ക് പോയത്. പക്ഷെ തിരിച്ച് തിരുവില്വാമലയില്‍ എത്തിയപ്പോഴാണ് എഴുത്ത് ഉഷാറായത്.

വടക്കേകൂട്ടാലയിലെ ഉമ്മറത്തിണ്ണയിലിരുന്നാല്‍ പുറത്ത് ഒരുപാട് ‘ശ്വാനന്‍സ്’ ചുറ്റിയടിക്കുന്നത് കാണാം. ഉമ്മറത്തെ ചാരുകസേരയില്‍ എഴുതി മടുക്കുമ്പോള്‍ അകത്തേക്ക് നോക്കിപ്പറയും. ”വേദേ ഒരു ചായ… എഴുതാനൊരു മൂഡിന്.” പിന്നെ പറയും ”വേദേ നീ കണ്ടോ ശ്വാനന്‍സൊക്കെ ചുറ്റിയടിച്ചിട്ട് വിസര്‍ജ്യംസ് കളയാനാണോ ഇവിടേക്ക് വരുന്നത്…?”

പടിപ്പുരയോട് ചേര്‍ന്ന് വേദവതിയമ്മ സൗജന്യമായി കൊടുത്ത സ്ഥലത്ത് സര്‍ക്കാര്‍ ചെലവില്‍ ഇപ്പോള്‍ സ്മാരകത്തിന്റെ പണി നടക്കുന്നുണ്ട്. വി.കെ.എന്‍. ബാക്കിയാക്കിയതെല്ലാം സ്മാരകത്തിന് നല്‍കാനായി തൂത്തുതുടച്ച് വേദവതിയമ്മ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

വി.കെ.എന്നിന്റെ പ്രിയപ്പെട്ട ഫിലിപ്‌സ് റേഡിയോയും ഇപ്പോള്‍ ഉറക്കത്തിലാണ്. ഒന്‍പതുവര്‍ഷമായി ആ റേഡിയോ വി.കെ.എന്നിന്റെ മുറിയില്‍ ഒറ്റയ്ക്കാണ്‌.

”സൗഹൃദ കൂട്ടങ്ങള്‍ക്കായി അന്നൊക്കെ ഒരുപാട് പേര്‍ വരാറുണ്ട്. ആളില്ലാതായപ്പോ ആരും ഇങ്ങട് വരാതായി. പണ്ട് സുഹൃത്തുക്കള്‍ തന്നെ സംസാരിക്കാനായി ഫോണില്‍ വിളിച്ചാല്‍ ആള് തന്നെ ഫോണെടുത്തുപറയും വി.കെ.എന്‍. സ്ഥലത്തില്ലല്ലോ….”

വേറെയും ചില വി.കെ.എന്‍. ട്രിക്കുകള്‍…

ഒരിക്കല്‍ ഒരു ആരാധകന്‍ കത്തെഴുതി. ഇക്കൊല്ലം വേനലില്‍ തിരുവില്വാമലയ്ക്ക് വരുന്നുണ്ട്. മടക്കത്തപാലില്‍ ഉടന്‍ പോയി വി.കെ.എന്‍. മറുപടി. ”ഇപ്പം വരണ്ട. മണ്‍സൂണ്‍സാവട്ടെ”.
മണ്‍സൂണായപ്പോള്‍ വീണ്ടും പറഞ്ഞു
”വേനലായിട്ടു വന്നാല്‍ മതി. ഹ…ഹ…ഹ…”

”രണ്ട് മക്കളായിരുന്നു ഞങ്ങള്‍ക്ക്. മകന്‍ ബാലചന്ദ്രനും മകള്‍ രഞ്ജനയും. അവളിപ്പൊ കുടുംബായിട്ട് കൊച്ചിയിലാണ് താമസം. അച്ഛനുമുമ്പേ മകന്‍ പോയി. അച്ഛനെപ്പോലെ തന്നെ പണ്ഡിതനായിരുന്നു അവനും. ഒരിക്കല്‍ മൂകാംബികയ്‌ക്കെന്നുപറഞ്ഞ് പോയതാണ്. അപകടായിരുന്നു. ഇപ്പോള്‍ മരുമകള്‍ രമയാണ് ഇവിടെ, എനിക്കൊപ്പം.”

കുടയെടുക്കാതെ മഴ നനഞ്ഞിറങ്ങിപ്പോയ വീട്ടുകാരന്റെ എഴുത്തുകസേരയും, രാക്ഷസപ്പാദുകങ്ങളും വടക്കേക്കൂട്ടാലയുടെ ഉമ്മറത്ത് ബാക്കിയാവുന്നു; വേദവതിയമ്മയുടെ നനവുള്ള ഓര്‍മ്മകളും.

Published on ജനുവരി – മാര്‍ച്ച് 2013 സില്‍വര്‍ലൈന്‍  Volume 6 Issue 5

BY സനിത അനൂപ്‌