കഥയുടെ നിലയ്ക്കാത്ത ഘടികാരങ്ങള്‍

ഈ ലോകം നിമ്മിക്കപ്പെട്ടിരിക്കുന്നത് ഇഷ്ടികകള്‍ കൊണ്ടല്ല, കഥകള്‍ കൊണ്ടാണ്.” അതുകൊണ്ടാണ് നമ്മള്‍ കഥയറിഞ്ഞോ എന്നു ചോദിക്കുന്നതും, ‘കഥ കഴിഞ്ഞു’ എന്ന് വളരെ സാധാരണമായും ഒക്കെ പറയുന്നത്. ചലനം നിലച്ച ഒരു ഘടികാരത്തിന്റെ കഥയെക്കുറിച്ച് മലയാളിക്കു പറഞ്ഞുകൊടുത്ത് മലയാള കഥാലോകത്തില്‍ ഇടം നേടിയ കഥാകൃത്താണ് സുഭാഷ് ചന്ദ്രന്‍. എഴുതിയ കഥകള്‍ ഇരുപത്തഞ്ചു മാത്രമെങ്കിലും അവയെല്ലാം മലയാളി വായനക്കാര്‍ സ്വന്തം ഹൃദയത്തിലേറ്റി. രണ്ട് സര്‍വകലാശാലകള്‍ അവയില്‍ രണ്ട് കഥാപുസ്തകങ്ങള്‍ പാഠ്യവിഷയത്തിലുള്‍പ്പെടുത്തി.കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞു. സുഭാഷ് ചന്ദ്രന്റെ കഥകള്‍ ആരോടും അനായാസമായിട്ടാണ് സംവദിക്കുന്നത് അവയിലെ കഥാപാത്രങ്ങള്‍, അവരുടെ ചിന്തകള്‍, ഒക്കെയും നമുക്ക് ചിരപരിചിതമായി തോന്നുന്നതതിനാലാണ്. തന്റെ ഓര്‍മ്മകളും നിരീക്ഷണങ്ങളും സില്‍വര്‍ലൈനുമായി സുഭാഷ് ചന്ദ്രന്‍ പങ്കുവയ്ക്കുമ്പോള്‍ തോന്നിയതും അതുതന്നെയാണ്. ആരോടും അനായാസമായി സംസാരിക്കാനറിയുന്ന ഒരു വ്യക്തി.

കഥാകൃത്തായ അദ്ദേഹത്തെ കഥകളിലൂടെ നമുക്കറിയാം. ആദ്യ കഥയായ ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ മുതല്‍ ഏറ്റവുമൊടുവില്‍ ‘മനുഷ്യന് ഒരാമുഖം’എന്ന നോവല്‍ വരെ നീളുന്ന സാഹിത്യസപര്യക്കിടെ നമ്മള്‍ അദ്ദേഹത്തെ വായിച്ചറിഞ്ഞിട്ടുണ്ട്. കഥയ്ക്ക് അപ്പുറത്തെ സുഭാഷ് ചന്ദ്രന്‍ എന്താണെന്ന് അദ്ദേഹം പറയുന്നു.

”വളരെ സാധാരണമായൊരു ചെറിയ കുടുംബത്തില്‍ ജനിച്ച് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ മാത്രം പഠിച്ച് വളര്‍ന്ന, ഒരു പാവപ്പെട്ട കമ്പനിത്തൊഴിലാളിയുടെ മകനാണ് സുഭാഷ് ചന്ദ്രന്‍ എന്ന ഞാന്‍. ആലുവയ്ക്കടുത്ത് കടുങ്ങല്ലൂര്‍ എന്ന നാട്ടിന്‍പുറത്തുനിന്നും എറണാകുളം നഗരത്തിലെ ആല്‍ബര്‍ട്‌സ്, മഹാരാജാസ് കോളേജുകളില്‍ പഠിച്ച് തൊഴില്‍ തേടി കോഴിക്കോട്ടേക്ക് വണ്ടി കയറിയൊരു സാദാ നാട്ടിന്‍പുറത്തുകാരന്‍. നല്ലൊരു ഭര്‍ത്താവും അച്ഛനുമാകാന്‍ ശ്രമിക്കുന്നൊരു സാധാരണക്കാരന്‍. പിന്നെയുള്ളത് ”അഹങ്കാരിയായ ഒരു കലാകാരന്‍”. പക്ഷേ ആ വിചാരം എഴുതുന്ന ആ നേരത്തു മാത്രമേയുള്ളൂ”.

സുഭാഷ് ചന്ദ്രന്റെ കഥകള്‍ വായിക്കുന്നതിനിടെ സഹൃദയന് ന്യായമായും തോന്നാവുന്ന ഒരു സംശയമുണ്ട്. ഈ കഥയിലെ കഥാപാത്രം, അല്ലെങ്കില്‍ കഥയില്‍ ഇടയ്ക്കിടെ കടന്നുവരുന്ന ‘ഞാന്‍, എന്നെ’ തുടങ്ങിയ ആത്മപ്രകാശനങ്ങള്‍, ഇവ പ്രത്യക്ഷീകരിക്കുന്നത് കഥാകൃത്തിനെയും ഒട്ടൊക്കെ നമ്മളെ തന്നെയുമല്ലേ എന്ന്. സുഭാഷ് ചന്ദ്രന് അതേപ്പറ്റി പറയാനുള്ളത് ഇപ്രകാരമാണ്.

”ഞാന്‍ ആകെ ഇരുപത്തഞ്ച് കഥകളേ എഴുതിയിട്ടുള്ളൂ, ഒരു നോവലും. അതില്‍ എന്നെ, ഞാന്‍ തുടങ്ങിയവ വളരെ കുറച്ചു കഥകളില്‍ വരുന്നു എന്നത് ശരിയാണ്. പൊട്ടറ്റോ ഇൗറ്റേഴ്‌സ് എന്ന ഒരു കഥയുണ്ട്. അതില്‍ പറയുന്ന ഞാന്‍ ഞാനല്ല, പക്ഷേ വേറെ കഥകളില്‍ പറയുന്ന അഥവാ പരാമര്‍ശിക്കുന്ന ‘ഞാന്‍’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് എഴുത്തുകാരനായ സുഭാഷ് ചന്ദ്രനെത്തന്നെയാണ്. അതു പലപ്പോഴും സ്വാഭാവികമായി വന്നുപോകുന്നതാണ്. എന്റെ അല്ലെങ്കില്‍ എഴുത്തുകാരന്റെ പ്രധാന ചിന്താവിഷയം മനുഷ്യമനസ്സും അതിന്റെ വൈകാരികതയുമാണ്. അതൊപ്പിയെടുക്കാനുള്ള ഏക അവലംബം സ്വന്തം ആത്മാവും. എന്റെ ചുറ്റിലും സംഭവിക്കുന്ന, കണ്ണിനും കാതിനും അനുഭവവേദ്യമാകുന്ന അനുഭവങ്ങളുടെ സ്വാംശീകൃത രൂപമാണ് കഥകളായി രൂപാന്തരപ്പെടുന്നത്. സ്വാഭാവികമായും ‘ഞാന്‍’ എന്ന എഴുത്തുകാരന്റെ പ്രതിബിംബം കൃതിയില്‍ പ്രവേശിക്കുന്നു. ഏതൊരു എഴുത്തുകാരന്റെ കൃതിയിലും ഈ ആത്മാംശം കടന്നുവരും. ഇതിനൊരു ഉത്തരം എന്ന രീതിയില്‍ എനിക്ക് തരാനാവുക. കെ.ജി. ശങ്കരപ്പിള്ള സാറിന്റെ കവിതയിലെ നാലു വരികളാണ്.

ഏറ്റവും മികച്ച കവി?
‘ഞാന്‍ തന്നെ…
അതുകഴിഞ്ഞ്…?
അതു കഴിയുന്നില്ലല്ലോ…!”

എഴുത്തുകാരനും ഒരു വ്യക്തിത്വമുണ്ട്. എല്ലാവരെയുംപോലെ സ്വതന്ത്രനാണ് അയാളും. ഒരു കൊതുമ്പു വള്ളത്തില്‍ കടലില്‍ പോയി ചൂണ്ടയിടുന്ന മുക്കുവനെ സങ്കല്പിക്കൂ. ഇര കൊളുത്തി മത്സ്യത്തെയും ധ്യാനിച്ചിരിക്കുന്ന അയാളുടെ ചിന്താമണ്ഡലത്തില്‍ ഒരായിരം മീനുകള്‍ പുളച്ചുനീന്തുന്നുണ്ടാവും. ആ ജലരാശിയില്‍നിന്നും അയാള്‍ക്കു വേണ്ടുന്നതിനെ പ്രതീക്ഷിച്ചിരിക്കുകയാണയാള്‍. പക്ഷേ, ഈ വ്യക്തിയാവില്ല അയാളുടെ ഭാര്യയുടെയും മക്കളുടെയും അടുത്തയാള്‍. കടലിലെ ആ ഏകാന്ത സാഹചര്യത്തിലെ അയാളെ അവര്‍ക്കും അറിയാനാവില്ല. ഓരോ തൊഴിലിനും ഇത് ബാധകമാണ്. ഒരു കഥാകൃത്തിനെ സംബന്ധിച്ച വെല്ലുവിളി എഴുത്തുജീവിതത്തിലും വ്യക്തിജീവിതത്തിലും അയാള്‍ കണ്ണും കാതും തുറന്ന് പിടിക്കേണ്ടതുണ്ട് എന്നതാണ്. കാരണം സമൂഹത്തില്‍നിന്നും അയാള്‍ സ്വാംശീകരിക്കുന്ന കാഴ്ചകളുടെ സത്താണ് അയാളുടെ എഴുത്തിലൂടെ വെളിവാകുന്നത്. നമ്മള്‍ എന്താണോ അതില്‍നിന്നും ഉയര്‍ന്നുവേണം കഴിവുകള്‍ വിനിയോഗിക്കാന്‍. ‘മനുഷ്യന് ഒരാമുഖം’ എന്ന എന്റെ നോവലിലെ ജിതേന്ദ്രനെപ്പോലെ ആവരുത് ആരും. അയാള്‍ 54 വയസ്സുവരെ സാധാരണക്കാരനായി ജീവിച്ച്, ലോണെടുത്ത് മക്കളെ കെട്ടിച്ചയച്ചശേഷം മരിച്ചുപോകുന്ന, എന്നാല്‍ അസാമാന്യമായ കഴിവുകള്‍ ഉള്ള സുകുമാരകലകളില്‍ പ്രാവീണ്യമുള്ള ആളാണ്. എന്നാല്‍ അത് ഒരിക്കലും അയാള്‍ വെളിവാക്കുന്നേയില്ല. ഒരെഴുത്തുകാരന്‍ തന്റെ കഴിവിനെ പരിമിതപ്പെടുത്തും വിധം പൂഴ്ത്തിവയ്ക്കാതെ സ്വതന്ത്രമാക്കുക തന്നെ വേണം. കണ്ണും കാതും തുറന്നുപിടിക്കണം. പ്രതികരിക്കേണ്ടപ്പോള്‍ പ്രതികരിക്കണം. സമൂഹത്തിന്റെ വികാര വിചാരങ്ങള്‍ പകര്‍ത്താന്‍ ബാദ്ധ്യസ്ഥമായ പേനയാണ് ഒരു എഴുത്തുകാരന്‍”.

ഒരാള്‍ക്ക് ഒരു കഥയേ എഴുതാനാവൂ. പിന്നെ എഴുതുന്നതെന്തും ആദ്യമെഴുതിയതിന്റെ തുടര്‍ച്ചയാവും എന്നാണ് ലാറ്റിനമേരിക്കന്‍ സാഹിത്യകാരനും നോബേല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ അഭിപ്രായം. ഈ അഭിപ്രായം നമ്മുടെ എഴുത്തുകാര്‍ പലരും അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല എന്നാണ് സുഭാഷ് ചന്ദ്രന്റെ ഭിന്നാഭിപ്രായം. അതിനെപ്പറ്റി സുഭാഷ് ചന്ദ്രന്‍ പറയുന്നതിപ്രകാരം:

”സാങ്കേതികമായ അര്‍ത്ഥത്തില്‍ മാര്‍ക്കേസിന്റെ അഭിപ്രായം ശരിയാണ്”. എന്നാല്‍ അത് എല്ലാ എഴുത്തുകാരുടെ കാര്യത്തിലും ശരിയാണെന്നു തോന്നുന്നില്ല. മരിയോവര്‍ഗാസ് യോസാ എന്ന ലാറ്റിനമേരിക്കന്‍ നോവലിസ്റ്റിന്റെ കാര്യം ഉദാഹരിച്ചു പറയാം. യോസായുടെ സ്‌റ്റോറി ടെല്ലറിന്റെ പ്രമേയം. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഒരു
ഫോട്ടോ പ്രദര്‍ശനം യോസാ കാണുന്നതും അതിലൂടെ കഥ വികസിക്കുന്നതുമാണ്. എന്നാല്‍ ഈ നോവലുമായി വിദൂരമായ സാമ്യമോ മറ്റെന്തെങ്കിലും തുടര്‍ച്ചയോ ഇല്ലാത്തതാണ് യോസയുടെ തന്നെ രണ്ടാനമ്മയ്ക്ക് സ്തുതി എന്ന നോവല്‍.

ഓരോ എഴുത്തുകാരനെയും അല്ലെങ്കില്‍ ഓരോ വ്യക്തിയേയും ഒരെഴുത്തുകാരനെങ്കിലും ജീവിതത്തില്‍ സ്വാധീനിക്കാറുണ്ട്. എനിക്ക് എം.ടി.യെ ആണിഷ്ടം. അല്ലെങ്കില്‍ പൗലോ കൊയ്‌ലോയെ. ഗുന്തര്‍ ഗ്രാസിനെ, മാര്‍കേസിനെ, വി.എസ്. നൈപാളിനെ. എം. മുകുന്ദനെ എന്നൊക്കെ ഓരോ വ്യക്തിയ്ക്കും പറയാനുണ്ട്്. ചില എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ച് പൂര്‍ത്തിയാക്കുമ്പോള്‍ ജീവിതത്തിനു തന്നെ പുതിയ മാനം കൈവരാറുമുണ്ട്”.

സുഭാഷ് ചന്ദ്രനെന്ന കഥാകൃത്തിനെയും അത്തരത്തില്‍ ഒരെഴുത്തുകാരന്‍ കൗമാരത്തിലേ സ്വാധീനിച്ചിരുന്നു. അത് മറ്റാരുമല്ല. വിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ഫയദോര്‍ ദെസ്തയേവ്‌സ്‌കി. അതേപ്പറ്റി സുഭാഷ് ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്”. ‘ഫയദോര്‍ ദെസ്തയേവ്‌സ്‌കി എന്റെ രണ്ടാമത്തെ അച്ഛനാണ്, അദ്ദേഹത്തിന്റെ ബ്രദേഴ്‌സ് കാരമസോവ് എന്റെ കുടുംബചരിത്രവും’ എന്ന്. ദെസ്തയേവ്‌സ്‌കിയെക്കുറിച്ച് പറയുമ്പോള്‍ മറ്റേത് സാഹിത്യകാരനെക്കുറിച്ചു പറയുമ്പോഴും ഉള്ളതിനേക്കാള്‍ ആവേശഭരിതനായാണ് സുഭാഷ് ചന്ദ്രനെ കാണാനാവുക. ഫയദോര്‍ ദെസ്തയേവ്‌സ്‌കി എങ്ങിനെയാണ് ഇഷ്ട എഴുത്തുകാരനായതെന്ന് സുഭാഷ്…….

”കഥകള്‍ വായിക്കാന്‍ എനിക്കിഷ്ടമായിരുന്നു.ഒരു വലിയ പെരുന്നാള്‍ ദിവസം എന്റെ കൂട്ടുകാരന്‍ അന്‍വര്‍ ഹുസൈന്റെ വീട്ടില്‍ ഞാന്‍ പോയി. 10-ാം ക്ലാസ്സ് വരെ എന്റെ സഹപാഠിയായിരുന്നു അവന്‍. അന്ന് ഞാന്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സില്‍ സെക്കന്റ് ഗ്രൂപ്പും കൂനമ്മാവിലെ പാരലല്‍ കോളേജില്‍ ശനിയും ഞായറും ഫസ്റ്റ് ഗ്രൂപ്പിനുള്ള കണക്കും പഠിക്കുന്നു.ആ പെരുന്നാള്‍ ദിവസത്തെ സന്ദര്‍ശനം എന്റെ ജീവിതത്തിലെ രണ്ട് പ്രിയപ്പെട്ട വ്യക്തിത്വങ്ങളെ പരിചയപ്പെടാന്‍ വഴിയൊരുക്കി. ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍. അദ്ദേഹത്തിന്റെ ഗസല്‍ ടേപ് റെക്കോര്‍ഡു വഴി ഞാന്‍ കേട്ടത് അന്നാണ്. പിന്നെ ഫയദോര്‍ദെസ്തയോവ്‌സ്‌കി. അന്‍വറിന്റെ ഉപ്പയായ മീതീനിക്കയാണ് പുസ്തക ഷെല്‍ഫില്‍നിന്നും ദെസ്തയോവ്‌സ്‌കിയെ എനിക്ക് പരിചയപ്പെടുത്തിയത്, അദ്ദേഹത്തിന്റെ ‘ബ്രദേഴ്‌സ് കാരമസോവ്’. എനിക്കു നീട്ടിയിട്ട് എന്നോട് പറഞ്ഞു: ദെസ്തയോവ്‌സ്‌കിയെ വായിക്കണം. എഴുത്തിന്റെ മാക്‌സിമമാണയാള്‍. അങ്ങനെ പാഠപുസ്തകമല്ലാതെ ആദ്യമായി ഞാന്‍ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ ഹൃദ്യമായ വിവര്‍ത്തനം നിര്‍വഹിച്ചിരുന്നുവെങ്കിലും 17കാരന് പിടികിട്ടാത്ത വികാരങ്ങളായിരുന്നു ആ പുസ്തകത്തില്‍. പക്ഷേ എന്നെ ജീവിതത്തില്‍ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ഒന്നായിരുന്നു ആ പുസ്തകം”.

ദുഃഖം  എന്നത് എല്ലായ്‌പ്പോഴും മനോഹരമായ ഒന്നായി ആര്‍ക്കും തോന്നാറില്ല. എന്നാല്‍ സുഭാഷ് ചന്ദ്രന്റെ കഥാതന്തുക്കള്‍ ഏറിയ പങ്കും ദുഃഖസാന്ദ്രമാണെന്നു കാണാം. ശുഭാന്ത്യത്തോ ടെയുള്ള കഥകള്‍ ഒരു പക്ഷേ കഥാകാരന്റെ സമാഹാരങ്ങളില്‍ കണ്ടെന്നു വരില്ലദുഃഖത്തിന്റെ കനത്ത സാന്ദ്രതയ്ക്കിടയിലൂടെ വായനക്കാരന്റെ ഹൃദയത്തില്‍ തൊടുന്നു കഥയുടെ ആത്മാവ്. വായനക്കിടെ ബുക്കാറാം വിത്തലിന്റെ കുപ്പായത്തി ലൊളിപ്പിച്ച ഘടികാരത്തിന്റെ ടക് ടക് ശബ്ദവും തല്പത്തിലെ കമലയുടെ തേങ്ങിക്കരച്ചിലും തൊട്ടടുത്തെന്ന പോലെ നാം കേട്ടെന്നിരിക്കും. എന്തു കൊണ്ടാണിങ്ങനെ ദഃുഖ പൂരിതമായ കഥകള്‍ എഴുതുന്നതെന്നു ചോദിക്കേ….

‘ദുഃഖം എന്നതിനേക്കാള്‍ നിസ്സഹായത എന്നു പറയാനാണ് എനിക്കിഷ്ടം. സമൂഹമായി നില്‍ക്കുമ്പോള്‍ മനുഷ്യന്‍ ശക്തനാണെന്നിരിക്കേ വ്യക്തിപരമായി അവന്‍ ദുര്‍ബലനും നിസ്സഹായനും ഒരു ഡെങ്കി കൊതുകിനു മുന്നില്‍ പോലും തോറ്റുപോകുന്നവനുമാണ്. ആകസ്മികതകള്‍ നിറഞ്ഞതാണ് ജീവിതം. ആ ആകസ്മികതകള്‍ ഒരുപിടി നിസ്സഹായമായ അവസ്ഥകള്‍ സൃഷ്ടിക്കുമ്പോള്‍ എന്നിലെ എഴുത്തുകാരന് അവ എഴുതാതിരിക്കാനാവില്ല. ഇത് എന്റെ നിസ്സഹായതയല്ല. എഴുത്തുകാരന്‍ ഉപയോഗിക്കുന്ന നിസ്സഹായാവസ്ഥ എന്ന വാക്കും പ്രത്യക്ഷീകരിക്കുന്ന നിസ്സഹായതാബോധവും വ്യക്തിപരമല്ല. മനുഷ്യജീവിതത്തിന്റേതാണ്. മെല്‍വിന്റെ ‘മൊബിഡിക്’ എന്ന നോവലില്‍ വെളുത്ത തിമിംഗലത്തെ കീഴടക്കാനാവാത്ത ജീവിതത്തിന്റെ മായികസത്ത എന്നു പറയുന്നതു പോലെയാണിതും. കീഴടക്കാന്‍ ഭയമുള്ളതിനെ കീഴടക്കാനൊരു ശ്രമം. മൊബിഡിക്കില്‍ അഹാബും തിമിംഗലത്തെ കീഴടക്കാനാവാതെ നിസ്സഹായനാവുകയാണ്. ഈ നിസ്സഹായതയും പ്രതീക്ഷയും ശ്രമവുമാണ് ജീവിതത്തെ മുന്നോട്ടു നീക്കുന്നത്. എന്റെ കഥകളില്‍ പ്രത്യക്ഷീകരിക്കപ്പെടുന്നതും ഇതേ ഭാവമാണ്”.

സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എവിടെയാണ്? സമത്വം വേണം എന്ന് എല്ലാവരും ഒഴുക്കനായി പറയുമ്പോള്‍ കഥാകൃത്തിന്റെ ഉത്തരം ഒരു പടികൂടി കടന്ന് യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്നു എന്നത് അത്യധികം ശ്രദ്ധേയമാണ്.

”സ്ത്രീകളോട് എനിക്ക് ബഹുമാനമാണ്, ആരാധനയാണ്, പ്രണയമാണ്. എന്റെ കഥകളില്‍ത്തന്നെ അത് കാണാവുന്നതാണ്. ഒരുപാട് പഠിക്കപ്പെടേണ്ട ഒരു വിഷയമാണ് സ്ത്രീ. സമൂഹത്തില്‍ ഏറെ ഒതുങ്ങിയവളാണ് ഇന്നവള്‍. മനുഷ്യനൊരു ആമുഖം എന്ന എന്റെ നോവലിലെ കുഞ്ഞുമ്മ ഭര്‍ത്താവിനോട് നിങ്ങള്‍ക്ക് വായ് നാറ്റമുണ്ടെന്നു പറയാന്‍ ധൈര്യപ്പെട്ട ആദ്യ സ്ത്രീയാണ്. എന്നാല്‍ ഇന്ന് സമൂഹത്തിലെ സ്ത്രീകള്‍ അങ്ങനെ പറയില്ല. കാരണം നമ്മുടെ സ്ത്രീകള്‍ അനിഷ്ടത്തെയും ഡൈവോഴ്‌സിനെയും ഭയക്കുന്നു. അനിഷ്ടം കേള്‍ക്കാനും പറയാനും പുരുഷന്‍ സമ്മതിക്കില്ല. ഭര്‍ത്താവും ഭാര്യയും പുറത്തു പോകുമ്പോള്‍ അവന്‍ പല സുന്ദരിമാരെക്കുറിച്ചും പറയും. പല സുന്ദരിമാരുടെയും നിമ്‌നോന്നതങ്ങള്‍ എടുത്തുപിടിച്ചുനില്‍ക്കുന്ന ചിത്രങ്ങളില്‍ നോക്കിനില്‍ക്കും. പക്ഷേ പെണ്ണിതൊന്നും ചെയ്യാനേ പാടില്ല. ഭാര്യ മറ്റൊരാണിനെ നോക്കുന്നതുപോലും ഭര്‍ത്താവിന് ആപത്ശങ്ക വളര്‍ത്തും. ഇത് ലോകത്തെ ആണുങ്ങളുടെ ഏതാണ്ട് പൊതു വികാരമാണ്. അതുകൊണ്ടാണ് സുഹൃത്ത് വീട്ടില്‍ വന്നിട്ട് പോകുമ്പോള്‍ത്തന്നെ ഭര്‍ത്താവ് ഭാര്യയോടു പറയുന്നത്, ‘സൂക്ഷിക്കണം. അവനിത്തിരി പെശകാ’ എന്ന്. ഇനി വീട്ടില്‍ വന്ന സുഹൃത്ത് എത്ര നല്ലവനാണെങ്കിലും അവള്‍ ഭര്‍ത്താവിനോട് പറയാതിരിക്കും. ഇത് ഭര്‍ത്താവിനെ ഹര്‍ട്ട് ചെയ്യുമെന്ന് അവള്‍ ബോധവതിയായിരിക്കും. ഇനി പറഞ്ഞുപോയാലോ ഇവള്‍ തന്നെ താരതമ്യപ്പെടുത്തുന്നതാണ് എന്ന് ഈ വൃത്തികെട്ട പുരുഷന്‍ വിചാരിക്കും. സ്ത്രീക്കും ഫാന്റസികളുണ്ട്. എന്നാല്‍ അത് പറയാന്‍ അവള്‍ക്ക് ഈ പുരുഷ കേന്ദ്രീകൃത സാമൂഹിക പശ്ചാത്തലത്തില്‍ അനുവാദമില്ല. പ്രത്യേകിച്ച് കേരളീയ പശ്ചാത്തലത്തില്‍. പുരുഷകേന്ദ്രീകൃതമാണ് കോടതികള്‍ പോലും. ഉദാഹരണത്തിന് സൂര്യനെല്ലി കേസില്‍ വിധി പറഞ്ഞ ജഡ്ജി ചോദിച്ചത് അന്ന് 64 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിട്ടും ഈ പെണ്‍കുട്ടി എന്താണ് ഈ സെക്‌സ് റാക്കറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞതെന്നാണ്? സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി വന്ന ആണ്‍ വക്കീലന്മാരും കാണിക്കുന്നതതാണ്. അത് കേവലം മനുഷ്യാവകാശത്തിന്റെ കാഴ്ചയല്ല. പെരിഫറലായി പറഞ്ഞാല്‍ ആണ് ആണിനുവേണ്ടി നില കൊണ്ടതാണീ മേല്‍പറഞ്ഞ സംഭവങ്ങള്‍. അറ്റാച്ച്‌മെന്റില്ലാത്ത ഭോഗമെന്ന ആണിന്റെ ആഗ്രഹത്തില്‍ നിന്നുമാണ് വേശ്യാവൃത്തി പോലുമുണ്ടായത്”.

ഇത് കഥാകൃത്തിന്റെ സ്ത്രീപക്ഷ അഭിപ്രായം എന്നതിലുപരി ഒരു വ്യക്തിയ്ക്ക് അത് ആണായാലും പെണ്ണായാലും ഒരു പോലെയുള്ള അധികാരങ്ങളും അവകാശങ്ങളും തുല്യതയോടെ അനുഭവിക്കാനാകണമെന്നുള്ള വാദത്തെ സാധൂകരിക്കും വിധം ശക്തമാണ്.

അമ്മയെക്കുറിച്ചും, അച്ഛനെക്കുറിച്ചും, തന്റെ പ്രണയത്തെക്കുറിച്ചും പറയുമ്പോള്‍ സുഭാഷ് ചന്ദ്രന്‍, അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ സാധാരണക്കാരനാകുന്നു.

”വളരെ സ്‌നേഹമയിയാണ് എന്റെ അമ്മ. ഞാന്‍ ഏറ്റവും ഇളയ മകനായതിനാല്‍ വാത്സല്യവും കൂടുതലായിരുന്നു. എന്നെ മനസ്സിലാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ എന്റെ കഥയേയും കഥാപാത്രങ്ങളേയും മനസ്സിലാക്കാന്‍ അമ്മയ്ക്ക് ആവുമായിരുന്നില്ല. ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരത്തില്‍ സമ്മാനം നേടി മാതൃഭൂമിയില്‍ വന്നപ്പോള്‍ അത് വായിച്ച അമ്മ പറഞ്ഞു ”എന്തൂട്ട് കഥയാടാ ഇത്? എനിക്കൊരു ചുക്കും മനസ്സിലായില്ല” എന്ന്. എന്റെ കഥകള്‍ ഒന്നും ഇന്നും അമ്മയ്ക്ക് മനസ്സിലാകാറില്ല. അമ്മയ്ക്കും എനിക്കും ഒരുപോലെ ആസ്വദിക്കുന്ന കഥയെഴുതാന്‍ എനിക്ക് കഴിയുകയുമില്ല. ഈ ലോകത്ത് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു, അമ്മയോട്. എന്റെ ആദ്യ പുസ്തകം ഞാന്‍ സമര്‍പ്പിച്ചത് എന്റെ അച്ഛനും അമ്മയ്ക്കും അച്ഛനും കൂടിയായിരുന്നു. അച്ഛനെക്കുറിച്ച് പറയുമ്പോള്‍, 5-ാം ക്ലാസ്സുവരെ മാത്രം പഠിച്ച തൊഴിലാളിയായ അച്ഛന് എന്റെ ഭ്രാന്തുകള്‍ തിരിച്ചറിയാനുള്ള സമയം ഉണ്ടായിരുന്നില്ല. അഞ്ചു മക്കള്‍ അടങ്ങിയ കുടുംബത്തെ പോറ്റനുള്ള തിരക്കിനിടെ അച്ഛനതിനു സാധിച്ചില്ല. എനിക്ക് വായനയുടെ ലോകം തുറന്നുതന്ന മീതനിക്കയ്ക്ക് എന്റെ ഒരു പുസ്തകമെങ്കിലും കയ്യൊപ്പിട്ട് സമര്‍പ്പിക്കാനുള്ള ഓര്‍മ്മ എനിക്കുമുണ്ടായില്ല. അദ്ദേഹവും എനിക്ക് പിതൃതുല്യനായിരുന്നു. മീതനിക്കയുംഎന്റെ അച്ഛനും തമ്മില്‍ 10 വയസ്സിന്റെ അന്തരമുണ്ടായിരുന്നുവെങ്കിലും രണ്ടുപേരും ഒരേ വര്‍ഷം മരിച്ചു.

ആലുവയിലെ പാരലല്‍ കോളേജില്‍ എം.എ. മലയാളംകാര്‍ക്ക് ക്ലാസ്സെടുക്കാറുണ്ടായിരുന്നു, ഞാന്‍. മാതൃഭൂമിയിലെത്തുന്നതിനൊക്കെ മുന്‍പ്. അവിടെ നിന്നാണ് എന്റെ ജീവിത പങ്കാളിയെ ഞാന്‍ ആദ്യമായി കണ്ടത്. ജീവിതത്തിന്റെ വേദനകള്‍ക്കിടെ ആ മുഖം ഒരു സ്വകാര്യ സാന്ത്വനമായി. മാതൃഭൂമിയില്‍ ജോലികിട്ടി പാരലല്‍ കോളേജിലെ ജീവിതം അവസാനിപ്പിക്കേ കുട്ടികള്‍ നല്‍കിയ വിട വാങ്ങല്‍ കഴിഞ്ഞു പോന്നപ്പോള്‍ അവളുടെ വീട്ടുപേരും സ്ഥലപ്പേരും മനസ്സില്‍ കുറിച്ചിട്ടു. പിന്നെ ഒന്നര വര്‍ഷത്തിനുശേഷം അവള്‍, ജയശ്രീ എന്റെ സ്വന്തമായി. ആ പ്രണയത്തിന് ഇപ്പോള്‍ ഒരു വ്യാഴവട്ടം പൂര്‍ത്തിയായി. സേതു പാര്‍വതി, സേതുലക്ഷ്മി എന്നീ രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യ ജയശ്രീയ്ക്കുമൊപ്പം കോഴിക്കോട് മായനാട് ‘ഭൂമി’ എന്ന വീട്ടില്‍ പാര്‍ക്കുന്നു”.

ഒരു വ്യാഴവട്ടത്തിലധികം ബാലഭൂമിയുടെ എഡിറ്ററായിരുന്ന സുഭാഷ് ചന്ദ്രന്‍ മാതൃഭൂമി ദിനപ്പത്രത്തിലേക്ക് മാറുകയാണ്. ഒരു ബാലപ്രസിദ്ധീകരണത്തില്‍നിന്നും ദൈനംദിന വാര്‍ത്തകളുടെ, സ്‌കൂപ്പുകളുടെ ലോകത്തേക്ക്. ഈ മാറ്റത്തെ അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു:

”ഒരു വ്യാഴവട്ടത്തോളം ബാലഭൂമിയെന്ന മാതൃഭൂമിയുടെ ബാലപ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു. സബ് എഡിറ്ററായി തുടങ്ങിയതാണ് അവിടെ. ഇത്രയും വര്‍ഷംകൊണ്ട് ലോകത്തെ ഏതാണ്ട് ഏറ്റവും നല്ല ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ സാധിച്ചു എന്നത് ഒരു വലിയ ഭാഗ്യമാണ്. ഈ ബാലപ്രസിദ്ധീകരണത്തിനുവേണ്ടി എഡിറ്റ് ചെയ്യുന്നതിനിടെ തന്നെയാണ് എന്റെ മറ്റ് കഥയെഴുത്തുകളും. രണ്ടും വലിയ അന്തരമുള്ള തരം എഴുത്താണ്. ഇടയ്ക്കിടെ കുട്ടിയായും ഇടയ്ക്ക് മുതിര്‍ന്നും ചിന്തിച്ചുകൊണ്ടുള്ള എഴുത്ത്. ഒരേ സമയം വ്യത്യസ്തമായ റോളുകള്‍. വാര്‍ട്ടര്‍ വിറ്റ്മാന്‍ പറഞ്ഞതോര്‍ക്കുകയാണ്; ‘ഞാന്‍ വൈരുദ്ധ്യങ്ങള്‍ സംസാരിക്കുന്നുവെന്നോ? ശരിയായിരിക്കാം. കാരണം എന്നിലൊരു പുരുഷാരം അടങ്ങിയിരിക്കുന്നു’. ഓരോ എഴുത്തുകാരന്റെയുള്ളിലും (എന്നില്‍ മാത്രമല്ല) ദ്വന്ദ്വ വ്യക്തിത്വവും അപര വ്യക്തിത്വവുമൊന്നുമല്ല; ഒരായിരം മനുഷ്യര്‍ അടങ്ങിയിരിക്കുന്നു.

ഇപ്പോള്‍ പത്രത്തിലേക്ക് തിരികെ എത്തുകയാണ്. ബാലഭൂമിയില്‍ നിന്നും മാതൃഭൂമിയിലേക്ക്. 15 വര്‍ഷം എന്റെ ബാല്യമായിരുന്നു. ഇനി കൗമാരകാലമാണ് എനിക്ക് മാതൃഭൂമിയില്‍….”

സുഭാഷ് ചന്ദ്രന്റെ കഥാപാത്രങ്ങള്‍ പുസ്തകത്താളുകളില്‍നിന്നും അഭ്രപാളികളിലേക്കെത്തുകയാണ്. ‘ഗുപ്തം: ഒരു തിരക്കഥ’ ആകസ്മികമെന്ന പേരില്‍ സിനിമയാകുമ്പോള്‍ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വയ്ക്കുകയായി… തന്റെ പുതിയ മാധ്യമത്തിലേക്കുള്ള കൂടുമാറ്റത്തിന്റെ ഫലവും നല്ലതു തന്നെയാവും എന്നുള്ള പ്രതീക്ഷയിലാണ് സുഭാഷ് ചന്ദ്രന്‍.

Published on നവംബർ-ഡിസംബർ സിൽവർലൈൻ Volume 6 Issue 4

BY  സിറിൽ  രാധ്