മേഘങ്ങളുടെ വീട്‌

മഴമേഘങ്ങള്‍ക്കിള്‍ക്കിടയില്‍ പീലിവിടര്‍ത്തിനില്‍ക്കുന്നൊരു മയൂരമാണ് മേഘാലയ. ഇന്ത്യയുടെ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ഈ കൊച്ചു സംസ്ഥാനത്തിന്റെ പേരിനര്‍ത്ഥം സാധൂകരിക്കും വിധമാണിവിടെ പ്രകൃതി അതിന്റെ കരവിരുത് പ്രകടമാക്കിയിരിക്കുന്നത്. മേഘാലയ എന്ന പേരിനര്‍ത്ഥം ‘മേഘങ്ങളുടെ വീട്’ (- (abode of clouds)  എന്നാണ്. വേനലില്‍ പോലും പൂമരത്തണലൊരുക്കുന്ന മലനിരകളും മഴക്കാടുകളും ഷോലവനങ്ങളും നയനമനോഹരങ്ങളായ ജലപാതങ്ങളാലും സമൃദ്ധമാണിവിടം.

അസമിലെ ഗുഹവത്തിയില്‍നിന്നുമാണ് മേഘാലയയുടെ തലസ്ഥാനനഗരിയായ ഷില്ലോംഗിലെത്തിയത്. ചെന്നിറങ്ങുമ്പോള്‍ത്തന്നെ ആകെ ഒന്നുലയ്ക്കുന്ന കുളിര്. ഏതാനും അടികള്‍ക്കുള്ളിലെ കാഴ്ചയ്ക്കപ്പുറം മൂടല്‍മഞ്ഞിന്റെ മുഖപടം വീഴുന്നു. എന്റെ ലക്ഷ്യം ഷില്ലോംഗായിരുന്നില്ല. പോവേണ്ടത് ലോകത്തിന്റെ റെയിന്‍ കാപ്പിറ്റലിലേക്കാണ്, ‘ചിറാപ്പുഞ്ചിയിലേക്ക്’. അസമില്‍നിന്നും ഷില്ലോംഗിലേക്കുള്ള യാത്ര എന്നെ അവശനാക്കിയിരുന്നെങ്കിലും ചിറാപ്പുഞ്ചിയിലേക്കുള്ള രണ്ട് മണിക്കൂര്‍ ബസ് യാത്രയ്ക്കിടെ കണ്ണടയ്ക്കാന്‍ തോന്നിയില്ല. അത്രമേല്‍ നയനാനന്ദകരമാണ് പ്രകൃതിയുടെ ദൃശ്യവിരുന്ന്. ആര്‍ത്തലച്ച് മലഞ്ചെരുവുകളിലൂടെ കുത്തിയൊലിച്ചുപോകുന്ന പുഴകള്‍ക്കു മുകളിലൂടെയാണ് പലപ്പോഴും യാത്ര. ബ്രിട്ടീഷ് നിര്‍മ്മിതമായ വാര്‍ഡ്‌സ് പാലമാണ് ഇന്നും ചിറാപ്പുഞ്ചിയിലേക്കുള്ള പ്രധാന കവാടം. വെറും രണ്ട് കമ്പികളില്‍ തൂങ്ങിനില്‍ക്കുന്നതുപോലെയാണ് പഴയ ബ്രിട്ടീഷ് ശൈലിയില്‍ നിര്‍മ്മിച്ച പാലത്തിന്റെ മോഡല്‍. ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രധാന സുഖവാസകേന്ദ്രമായിരുന്നു ഇവിടം. കിഴക്കിന്റെ സ്‌കോട്ട്‌ലന്റ് എന്ന വിശേഷണമൊക്കെ ചിറാപുഞ്ചിക്ക് ചാര്‍ത്തിക്കൊടുത്തത് അവര്‍ തന്നെയാവണം.

ചിറാപുഞ്ചിയിലെ ആദ്യ ലക്ഷ്യം സെവന്‍ സിസ്റ്റര്‍ വാട്ടര്‍ഫാള്‍സ് ആയിരുന്നു. പേരു സൂചിപ്പിക്കുംപോലെ ഏഴു സഹോദരിമാരെപ്പോലെ ഒന്നിനുപിറകെയൊന്നായും കൂട്ടമായും പതിക്കുന്ന ഏഴ് വെള്ളച്ചാട്ടങ്ങളാണിവ. സെവന്‍ സിസ്റ്ററില്‍ എത്തിയപ്പോള്‍ മൂടല്‍മഞ്ഞ് ഇവയെ പുതച്ചുനിര്‍ത്തിയിരുന്നു. കാടും ജലവും മഞ്ഞും എല്ലാം ചേര്‍ന്ന് ഒറ്റ നിറത്തിലായതുപോലെ മഞ്ഞിന്റെ ഒരു കണ്ണുപൊത്തിക്കളി. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം പ്രകൃതി കനിഞ്ഞു. താഴെ ഭൂമിയെ തൊട്ടുനിന്നിരുന്ന മേഘമാലകള്‍ തെല്ലിട മാറിനിന്നു; ഞാന്‍ ആ അത്ഭുതദൃശ്യം കണ്ടു. പച്ചപ്പിനിടയിലൂടെ പാലരുവിപോലെ താഴേക്കൊഴുകിവരുന്നു ഏഴു സോദരിമാര്‍.

ചിറാപുഞ്ചിയുടെ തെരുവുകളില്‍ കാഴ്ചകണ്ടു നടന്നപ്പോള്‍ ഒന്നു മനസ്സിലായി. ജനങ്ങള്‍ പൊതുവേ ശാന്തശീലരാണ്. ആ ചെറു കണ്ണുകള്‍ പൊതുവേ ശാന്തതയും സൗഹൃദവും നിറഞ്ഞതാണ്. പിന്നെ നമ്മുടെ നാട്ടില്‍ ഏറെയൊന്നും കാണാത്തൊരു കാഴ്ചയും ഞാന്‍ കണ്ടു. മിക്കവാറും എല്ലാ ടൂറിസ്റ്റ് പോയിന്റുകളിലും കച്ചവടക്കാര്‍ കൊച്ചുകുട്ടികളാണ്്. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അവര്‍ക്കിത് പോക്കറ്റ്മണിക്കുള്ള വഴിയാണെന്ന്. വഴിക്കുവെച്ച് ഒരു കൊച്ചു പൂക്കച്ചവടക്കാരനെ ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു, അവന്‍ ആ പൂക്കൊട്ടകള്‍ സ്വയം ഉണ്ടാക്കുന്നതാണെന്ന്. ഞാനും ഇരുപതു രൂപ കൊടുത്ത് ഒരു പൂക്കൂട വാങ്ങി; അവനെ എന്റെ ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്യിച്ചു.

എന്റെ അടുത്ത ലക്ഷ്യം ബംഗ്ലാദേശ് കാണാവുന്ന മാവ്‌ട്രോപ്പ് (Mawtrop) വ്യൂപോയിന്റിലേക്കാണ്. വലിയ മലകളും കാടുമെല്ലാം പ്രതീക്ഷിച്ചുചെന്ന എന്നെ അവിടെ എതിരേറ്റത് വെള്ളപ്പൊക്കമാണ്. കഴിഞ്ഞ ഏതാനും ദിവസമായി അവിടെ ഇതായിരുന്നു സ്ഥിതി. മാവ്‌ട്രോപ്പില്‍നിന്നും മാവ്‌സമയ് ഗ്രാമത്തിലേക്കെത്തി. വളരെ ഏറെയൊന്നും സൗകര്യങ്ങള്‍ ഉള്ള സ്ഥലമല്ല ഈ ഉള്‍നാടന്‍ ഗ്രാമം. ഇവിടെ എന്റെ ലക്ഷ്യം മാവ്‌സ്മയ് ഗുഹയാണ് (Mawsmai Caves))ഇത് ശരിക്കും ഒരു തുരങ്കമാണ്. ഗ്രാമത്തിനടുത്തു തന്നെയാണ് ഗുഹാമുഖം. പ്രകൃത്യാ ഉള്ള ഈ ഗുഹയില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പ്രവേശനം. ചെറിയൊരു ഫീസും ഇതിന് ഈടാക്കുന്നു. ഭൗമാന്തര്‍ഭാഗത്തേക്ക് യാത്ര ചെയ്യുന്നതുപോലെ തോന്നും ഗുഹക്കകത്തേക്ക് നടന്നിറങ്ങുമ്പോള്‍. അകം നിറയെ ജലമാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കാറ്റും വെളിച്ചവും കടന്നുവരാത്ത ഗുഹയിലൂടെ ഒരു കിലോമീറ്റര്‍ നീളുന്ന നടത്തത്തില്‍ നമ്മള്‍ ഏകാന്തത എന്താണെന്നറിയും. ജലം ഗുഹാഭിത്തിയില്‍ ചെന്നലയ്ക്കുമ്പോഴുള്ള പ്രതിധ്വനി ഭയങ്കരമാണ്. വെളിച്ചമില്ലാതെ ഗുഹയിലേക്കിറങ്ങാനാവില്ല. ശരിക്കും സാഹസികമായൊരു സഞ്ചാരമാണ് മാവ്‌സ്മയ് ഗുഹാദര്‍ശനം. ഗുഹാസന്ദര്‍ശനം കഴിഞ്ഞപ്പോള്‍ സൂര്യന്‍ മദ്ധ്യാഹ്‌നത്തിലെത്തി. പക്ഷേ അന്തരീക്ഷത്തിനപ്പോഴും തണുപ്പ്. ഇവിടെ ഹോട്ടലുകളില്‍ ഭക്ഷണം നേരത്തേ കഴിയും. ഞാന്‍ നേരം വൈകിപ്പോയി. ഒടുവില്‍ ചിറാപ്പുഞ്ചിയുടെ സ്വന്തം ചൗചൗ എന്ന ന്യൂഡില്‍സില്‍ ഞാനെന്റെ വിശപ്പിനെ അടക്കി നിര്‍ത്തി.

സായാഹ്‌നമാകുന്നതോടെ ഇവിടെ കാഴ്ച മഞ്ഞുവന്ന് മറയ്ക്കും. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ചിറാപ്പുഞ്ചിയുടെ തണുപ്പിലുറങ്ങി, അതിരാവിലെ തണുപ്പിലേക്കുണര്‍ന്നു. മഞ്ഞ് അന്തരീക്ഷത്തില്‍ തീര്‍ക്കുന്ന കൗതുകം കണ്ട് ഞാന്‍ ക്യാമറയുമായി പുറത്തേക്കിറങ്ങി. ഈ ഹോട്ടലിന്റെ ഉടമകള്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഒരു സഹോദരനും സഹോദരിയും. അവരോട് പ്രദേശിക വിവരങ്ങള്‍ തിരക്കി ഞാന്‍ പുറത്തിറങ്ങി. പുലര്‍കാലത്തിന് മനോഹാരിത കൂട്ടാന്‍ ഒരുപറ്റം ഗോക്കളും റോഡുവക്കില്‍ മേഞ്ഞുനടന്നിരുന്നു. അവയ്ക്കിടയിലൂടെ നിരനിരയായി ലോറികള്‍ കടന്നുപോകുന്നു. ലൈം സ്‌റ്റോണ്‍ ആണ് കൊണ്ടുപോകുന്നത്. ലൈം സ്‌റ്റോണ്‍ ഏറ്റവും അധികം ഖനനം ചെയ്യുന്ന സ്ഥലമാണ് ചിറാപ്പുഞ്ചി. വാര്‍ഷിക വര്‍ഷപാതമാണ് ചിറാപുഞ്ചിയെ ആഗോള പ്രശസ്തമാക്കുന്നത്. ഖാസികുന്നുകളുടെ മുകള്‍ത്തലപ്പുകളില്‍ തട്ടിനില്‍ക്കുന്ന മഴമേഘങ്ങള്‍ ഇടയ്ക്കിടെ ചിറാപ്പുഞ്ചിയെ ആകെ പെയ്തുനനയ്ക്കും. ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും ബംഗ്ലാദേശിലേക്ക് കയറി സമതലങ്ങളിലൂടെ വടക്കോട്ട് സഞ്ചരിക്കുന്ന മണ്‍സൂണ്‍ മേഘങ്ങളെ പൊടുന്നനെ കോട്ട കെട്ടിയപോലെ 4500 അടി ഉയരത്തില്‍ പ്രത്യക്ഷപ്പെടുന്ന ഖാസി, ഗാരോ, കുന്നുകള്‍ തടയുന്നു. പിന്നെ മഴമേഘങ്ങള്‍ക്ക് പെയ്‌തൊഴിയാതെ വയ്യ. 100-120 ച. കി.മീ. വരുന്ന ചിറാപ്പുഞ്ചിയിലെ കഴിഞ്ഞ മുപ്പതിയേഴു വര്‍ഷത്തെ വര്‍ഷപാതം 11821 മില്ലീമീറ്ററാണ്. അതുകൊണ്ടുതന്നെയാണ് ഇവിടം മഴയുടെ കേന്ദ്രമായതും.

ഇക്കോ പാര്‍ക്കിലേക്കാണിനി ഞാന്‍. ചിറാപുഞ്ചിയുടെ പ്രധാന ആകര്‍ഷണമാണിത്. മരങ്ങള്‍ക്കും താഴെ വന്നുമുട്ടുന്ന മേഘങ്ങള്‍ നമുക്കൊപ്പം നീങ്ങുന്നത് അതിശയത്തോടെയേ കാണാനാവൂ. മേഘങ്ങള്‍ക്കും മുകളിലെത്തി ഞാന്‍. ഏറെനേരം മേഘങ്ങളോട് കൂട്ടുകൂടിയശേഷം ഞാന്‍ തിരികെയിറങ്ങി. പിന്നെ ഏറെനേരം അലഞ്ഞുനടന്നു. ഉച്ചകഴിഞ്ഞതോടെ ചിറാപുഞ്ചിയോട് വിടപറഞ്ഞു. വന്ന വഴി മടങ്ങവേ, എലിഫന്റ് ഫാള്‍ സന്ദര്‍ശിച്ചു. ചെറിയൊരു വെള്ളച്ചാട്ടമാണിതെന്നാലും പ്രത്യേക ഭംഗിയുണ്ടതിന്. സ്ഥിരമായി ആനകളെ കുളിപ്പിക്കാന്‍ കൊണ്ടുവന്നിരുന്നതിനാലാണത്രേ ഇതിന് എലിഫെന്റ് ഫാള്‍ എന്ന് പേരുവന്നത്. ചിറാപ്പുഞ്ചിയില്‍നിന്നും ചുരമിറങ്ങവേ എന്റെ ഉള്ളിലിരുന്നാരോ പറഞ്ഞുകൊണ്ടിരുന്നു ‘മഴ, മഴ’… ചിറാപ്പുഞ്ചിയിലെ വന്‍മഴ എനിക്ക് കാണാന്‍ ഭാഗ്യമുണ്ടായില്ല. അതൊരു വിഷാദ മഴയായി ഉള്ളില്‍ പെയ്തു കൊണ്ടിരുന്നു.

Published on ജനുവരി – മാര്‍ച്ച് 2013 സില്‍വര്‍ലൈന്‍ Volume 6 Issue 5

By അഖില്‍ കൊമാച്ചി