ഭൂമിയുടെ അവകാശികള്‍

എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നൊക്കെ നമ്മില്‍ പലരും പറയാറുണ്ട്. എന്നാല്‍ നമ്മില്‍ എത്രപേര്‍ ഇത്തരത്തില്‍ എല്ലാ ജീവികളേയും സഹവര്‍ത്തിത്വ മനോഭാവത്തോടെ കാണാറുണ്ട്? ഒരു ജീവിയെയെങ്കിലും കാരുണ്യത്തോടെ യാതൊരു ലാഭേച്ഛയും കൂടാതെ സ്‌നേഹിച്ചു വളര്‍ത്താന്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടെ എത്രപേര്‍ സമയം കണ്ടെത്തുന്നുണ്ട്? അറിഞ്ഞുകൂടാ. തന്റെ താമസ സ്ഥലത്തെ എല്ലാ ജീവികള്‍ക്കുമുള്ള ഒരു സ്‌നേഹവീടായിക്കണ്ട് മാറ്റിയിരിക്കുകയാണ് പുല്ലേപ്പടി ഐ.എഫ്.പി. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നാല് ബിയില്‍ താമസിക്കുന്ന പി.എ. ബാബു. ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രൊജക്റ്റില്‍ അസിസ്റ്റന്റ് ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ദിനങ്ങള്‍ തുടങ്ങുന്നതുതന്നെ ജീവികള്‍ക്കു വേണ്ടിയാണ്. കിഴക്കു വെള്ളകീറുമ്പോള്‍ കാക്കകളുടെയും കൊക്കുകളുടെയും കൊച്ചുപടകള്‍തന്നെ ഇദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സ് മുറ്റത്തുണ്ടാവും. ഇവയെ ഊട്ടലാണ് ആദ്യപരിപാടി. ഇനി കാക്കകളെ കണ്ടില്ലെങ്കിലോ ഒന്നു ചൂളം വിളിച്ചാല്‍ മതി അവ പാഞ്ഞെത്തും. ബാബുവിന്റെ കയ്യില്‍നിന്നും ഭക്ഷണം വാങ്ങിക്കഴിക്കാന്‍ കാക്കകള്‍ക്ക് പേടിയേതുമില്ല. ഈ കാക്കയൂട്ടു നടക്കുമ്പോള്‍ വീടിനകത്തുനിന്നു വേറൊരു കൂട്ടര്‍ ബഹളം തുടങ്ങും. ചിന്നുവെന്ന അണ്ണാറക്കണ്ണന്‍, ചിക്കുവെന്ന ഉപ്പന്‍, പിങ്കിപ്പട്ടി, ടോണി പൂച്ച. ഇവര്‍ ബഹളംകൂട്ടി ബാബുവിനെ വിളിക്കും.

പട്ടിയും അണ്ണാറക്കണ്ണനും ഉപ്പനും പൂച്ചക്കുട്ടിയുമെല്ലാം വളരെ സഹവര്‍ത്തിത്വത്തോടെയാണ് ഈ വീട്ടില്‍ കഴിയുന്നത്. പക്ഷിമൃഗാദികളോട് ബാബുവിന്റെ ഇഷ്ടം തുടങ്ങുന്നത് നന്നേ ചെറുപ്രായത്തില്‍ത്തന്നെ. വഴിയില്‍നിന്നും കിട്ടിയ ഒരു മാടത്തയെ വളര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നെ വിവിധയിനം പക്ഷികള്‍ ഇവിടെ എത്തിത്തുടങ്ങി. അക്കൂട്ടത്തില്‍ മൈനകള്‍, തത്തകള്‍, പരുന്ത്, കുയില്‍ എന്നിവ മുതല്‍ വലിയ സൈബീരിയന്‍ കൊക്കുകള്‍ വരെയുണ്ടായിരുന്നു. ദേശാടനപക്ഷിയായ സൈബീരിയന്‍ കൊക്കുകളുടെ രണ്ട് കുഞ്ഞുങ്ങളെ പക്ഷിവേട്ടക്കാരുടെ കയ്യില്‍നിന്നും രക്ഷിച്ച് വളര്‍ത്തുകയായിരുന്നു ബാബു. കുറേക്കാലം ഇണക്കി വളര്‍ത്തിയശേഷം രണ്ടായിരത്തി ആറില്‍ ഇവയെ പറത്തിവിട്ടു.

ബാബു വളര്‍ത്തുന്ന ഓരോ പക്ഷിമൃഗാദികളും ഏതെങ്കിലുമൊരുവിധത്തില്‍ തന്നിലേക്കെത്തിപ്പെടുകയാണെന്ന് ബാബു പറയുന്നു. മുറിവേറ്റിട്ടോ കൂട് നിലത്തുവീണോ ആക്രമിക്കപ്പെട്ടോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത് അനാഥരാവുന്ന പക്ഷിമൃഗാദികളാണ് ബാബുവിന്റെ എല്ലാ അരുമകളും. ഇപ്പോള്‍ ഇവിടെയുള്ള പിങ്കി ക്വാര്‍ട്ടേഴ്‌സിന്റെ പരിസരങ്ങളില്‍ അലഞ്ഞുനടന്നിരുന്നതാണ്. ”ഇവിടത്തെ മൃഗവിരോധികള്‍ അതിനെ കൊല്ലുവാന്‍ ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി എന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിയതാണ്. ക്വാര്‍ട്ടേഴ്‌സില്‍ പട്ടിയെ വളര്‍ത്താന്‍പറ്റില്ല എന്നുപറഞ്ഞ് മറ്റു താമസക്കാര്‍ ഐ.എഫ്.പി. ഡയറക്ടര്‍ക്ക് പരാതി നല്‍കി. പട്ടിയെ ഉപേക്ഷിക്കില്ലെന്ന വാശിയില്‍ ഞാനും ഭാര്യ ജയദേവിയും ഉറച്ചുനിന്നു. പിന്നീട് ഗൗരീശ്വരത്തെ കുറച്ച് സ്ഥലത്ത് ഞങ്ങളൊരു വീടു പണിതു. ശരിക്കും എനിക്ക് സ്വന്തമായി ഒരു വീടു പണിയണം എന്ന ചിന്തപോലും ഉണ്ടാക്കിയത് ഞാന്‍ മക്കളെപ്പോലെ വളര്‍ത്തുന്ന ഈ അരുമകളാണ്. ആ പുതിയ വീട്ടില്‍ ഇവര്‍ക്ക് എന്നും ഇടമുണ്ട്”, ബാബു പറയുന്നു.

ബാബുവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഏറ്റവും ഒടുവിലെത്തിയ അതിഥി ഉപ്പനാണ്. കൂടു തകര്‍ന്നു നിലത്തുവീണ ഉപ്പന്‍ കുഞ്ഞിനെ ഇദ്ദേഹം എടുത്തു വളര്‍ത്തുകയായിരുന്നു ഇദ്ദേഹം. കുറച്ചുനാള്‍ വളര്‍ത്തിയശേഷം പക്ഷികളെ പറത്തിവിടുന്ന പതിവാണിദ്ദേഹത്തിനുള്ളത്. എന്നാല്‍ അങ്ങനെ വിട്ടിട്ടുള്ള ഉപ്പനും മാടത്തയുമൊക്കെ ഇപ്പോഴും തങ്ങളുടെ പഴയ ഭവനത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടെന്ന് ബാബു.

തനിക്ക് ഒത്തിരി ഇഷ്ടം കൂടുതലുള്ള പക്ഷി കാക്കയാണെന്നു പറയുന്നു ഇദ്ദേഹം. പരിസരം ശുചിയാക്കുന്നു, മനുഷ്യന് ഏറ്റവും ഉപകാരിയായ പക്ഷിയാണ് കാക്കയെന്നാണ് ബാബുവിന്റെ അഭിപ്രായം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കാക്കക്കൂട്ടത്തെ നോക്കി ബാബു ‘ജാക്കീ’ എന്നു വിളിച്ചാല്‍ ജാക്കി എന്ന് പേര് കൊടുത്തിട്ടുള്ള രണ്ട് കാക്കകള്‍ പാഞ്ഞുവരും. ബാബു ഇല്ലാത്തപ്പോള്‍ ഇവിടത്തെ പക്ഷിമൃഗാദികളുടെ ഡ്യൂട്ടി മക്കളായ സജിത് ബാബുവിനും ശരത്ബാബുവിനും ഭാര്യ ജയദേവിക്കുമാണ്.

പക്ഷിമൃഗാദി സ്‌നേഹത്തിലൊതുങ്ങുന്നില്ല ബാബുവിന്റെ പ്രകൃതിസ്‌നേഹം. ഐ.എഫ്.പി. ഡയറക്ടറുടെ സഹായത്തോടെ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് സൈമണ്‍ ബ്രിട്ടോ എംഎല്‍എ ആയിരിക്കെ എംഎല്‍എ ഫണ്ടുപയോഗിച്ച് മരങ്ങള്‍ നട്ട് ഒരു വനംതന്നെ സൃഷ്ടിച്ചിരിക്കുന്നു ഇദ്ദേഹം.

ബഷീര്‍ പറഞ്ഞിട്ടുള്ളത്: ”ഒരഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ്വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യന്‍ കൊന്നൊടുക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാവും!”. അങ്ങനെ വരാതിരിക്കാന്‍ ഇത്തരം ഒറ്റപ്പെട്ട ശീലങ്ങള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.

Published on ജനുവരി – മാര്‍ച്ച് 2013 സില്‍വര്‍ലൈന്‍ 20