ജീവിതാന്ത്യ പരിചരണം ഒരവകാശം

നല്ല ഒരു ജീവിതാവസാനം വയോജന ശുശ്രൂഷയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാ മനുഷ്യരും നല്ല ഒരു ജീവിതാന്ത്യത്തിനുവേണ്ടി വളരെയധികം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്. ഇതിലേക്ക് ഏറ്റവുമധികം സഹായിക്കുന്നത് പാലിയേറ്റീവ് കെയര്‍ എന്ന പരിചരണമാണ്. മാറാവ്യാധികള്‍ പിടിപെടുന്ന മനുഷ്യരുടെ ജീവിത ദൈര്‍ഘ്യത്തെക്കാളുപരി ജീവിത ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കിയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള രോഗികളുടെ വേദനകളും വിഷമതകളും കൂടാതെ ഈ അസുഖത്തോടനുബന്ധിച്ച് ആ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെയെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ് പാലിയേറ്റീവ് കെയര്‍. ആദ്യകാലങ്ങളിലെല്ലാം കാന്‍സര്‍ രോഗികള്‍ക്ക് മാത്രമാണ് പാലിയേറ്റീവ് കെയര്‍ കിട്ടിയിരുന്നത്. പക്ഷേ, മാറാവ്യാധികള്‍ പിടിപെട്ട എല്ലാ രോഗികള്‍ക്കും അവരുടെ ജീവിതാന്ത്യം സംതൃപ്തിയുള്ളതാക്കുവാന്‍ പാലിയേറ്റീവ് കെയര്‍ അനിവാര്യമാണെന്ന് കാലഘട്ടം തെൡയിച്ചുകഴിഞ്ഞിരിക്കുന്നു.

ഇക്കൂട്ടത്തില്‍പെടുന്നവയാണ് ‘തന്മാത്ര’ അഥവാ ഡിമെന്‍ഷ്യ. ദീര്‍ഘകാലമായുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പാര്‍ക്കിന്‍സന്‍സ് മുതലായവ പൊതുവെ ഭൂരിപക്ഷം ജനങ്ങളുടേയും വാര്‍ദ്ധക്യത്തിലെത്തിയാണ് മരണമാകുന്നത്. വളരെ കുറച്ച് മനുഷ്യര്‍ മാത്രമാണ് വാര്‍ദ്ധക്യത്തിലെത്തിയിട്ട് അപ്രതീക്ഷിതമായി മരണമടയുന്നത്. കൂടുതല്‍ വയോജനങ്ങളും ഒന്നില്‍ കൂടുതല്‍ ദീര്‍ഘകാലാസുഖങ്ങള്‍ പിടിപെട്ട് അതിന്റേതായ വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവരായിരിക്കും. എല്ലാവര്‍ക്കും സ്വഗൃഹത്തില്‍ കിടന്ന് മരിക്കാനാണ് ആഗ്രഹമെങ്കിലും ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നത് ആശുപത്രി മരണമാണ്. അതുകൊണ്ടുതന്നെ ആശുപത്രിയിലെ ജെറിയാട്രിക്‌സ,് പാലിയേറ്റീവ് കെയര്‍ മുതലായ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ആണ് കൂടുതലാളുകളുടേയും ജീവിതാന്ത്യ പരിചരണം നടത്തുന്നത്.വയോജനങ്ങളുടെ ജീവിതാന്ത്യ പരിചരണത്തെപ്പറ്റി നടത്തിയ പഠനങ്ങളെല്ലാംതന്നെ ഇതില്‍ ഇപ്പോള്‍ സംഭവിക്കുന്ന ന്യൂനതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്. അവയില്‍ പ്രധാനപ്പെട്ട താഴെപറയുന്നവയാണ്.

വയോജനങ്ങളുടെ ജീവിതാന്ത്യ പരിചരണത്തെപ്പറ്റി നടത്തിയ പഠനങ്ങളെല്ലാംതന്നെ ഇതില്‍ ഇപ്പോള്‍ സംഭവിക്കുന്ന ന്യൂനതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്. അവയില്‍ പ്രധാനപ്പെട്ട താഴെപറയുന്നവയാണ്.

1. ഭക്ഷണം കഴിക്കാന്‍ പ്രത്യേകം സഹായം ലഭിക്കാറില്ല.
2. മാനസികവും ആത്മീയവുമായ ആവശ്യങ്ങളെ പരിഗണിക്കാതെ ശാരീരിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു.
3. യുവാക്കളെ അപേക്ഷിച്ച് വയോജനങ്ങള്‍ക്ക് വേദന നിയന്ത്രണം തുലോം കുറവാണ് ലഭ്യമാകുന്നത്. പ്രത്യേകിച്ചും ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക്.
4. യുവജനങ്ങളെ അപേക്ഷിച്ച് വയോജനങ്ങള്‍ക്ക് ഹോസ്പിറ്റല്‍ കെയറിന്റെ ലഭ്യത കുറവാണ്.
5. പരിശീലനം ലഭിച്ച ജോലിക്കാരുടെ അഭാവംമൂലം പലപ്പോഴും വൃദ്ധജനങ്ങളില്‍ വേണ്ട വിധത്തില്‍ ജീവിതാന്ത്യ പരിചരണം നടക്കാതെ പോകുന്നു.
6. പലതരം മരുന്നുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനംമൂലം ശരിയായ രീതിയിലുള്ള രോഗലക്ഷണ നിയന്ത്രണം പലപ്പോഴും സാധിക്കാതെവരുന്നു.

മുകളില്‍ വിവരിച്ച വസ്തുതകളെല്ലാം കണക്കിലെടുത്ത് അതിനുവേണ്ടുന്ന രീതിയിലുള്ള ശ്രദ്ധാപൂര്‍വമായ പരിചരണംകൊണ്ട് മാത്രമേ രോഗിക്ക് സംതൃപ്തി നിറഞ്ഞ ഒരു ജീവിതാവസാനം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ.
ലോകത്തിലാകമാനമുള്ള എല്ലാ വയോജനങ്ങളും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് അവരവര്‍ക്ക് ഒരു നല്ല മരണം സംഭവിക്കണേ എന്ന്. എന്നാല്‍ എന്താണ് ഒരു നല്ല മരണം എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്താണ് ഒരു നല്ല മരണത്തിന്റെ ചേരുവകള്‍? ഏജ് കണ്‍സേണ്‍ എന്ന സംഘടന നടത്തിയ പഠനങ്ങളില്‍നിന്നും ഏതാനും ചില അടിസ്ഥാന തത്ത്വങ്ങള്‍ നല്ല മരണത്തിന് അനിവാര്യമാണെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നതാണ്.

1. മരണം എപ്പോഴെന്നും ഏകദേശം ഏത് രൂപത്തിലെന്നും കഴിയുന്നത്ര അറിഞ്ഞിരിക്കുക.
2. മരണത്തോടനുബന്ധിച്ച് സംഭവിച്ചേക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളില്‍ ഒരു പരിധി വരെയെങ്കിലും നിയന്ത്രണമുണ്ടായിരിക്കുക.
3. മരണം കഴിവതും മാന്യതയും സ്വകാര്യതയുമുള്ളതുമാവുക.
4. വേദനയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ക്ക് ഫലപ്രദമായ നിയന്ത്രണമുണ്ടാവുക.
5. മരണസ്ഥലം എവിടെയാണെന്ന് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുക. (സ്വന്തം വീടോ മറ്റെവിടെയെങ്കിലുമോ)
6. വൈകാരികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരങ്ങള്‍ ലഭ്യമാവുക.
7. ജീവിതാന്ത്യ പരിചരണത്തിന് മാത്രമായി പരി ശീലനം ലഭിച്ച ഹോസ്പിറ്റല്‍ കെയര്‍ ലഭ്യമാവുക.

8. മരണസമയത്ത് ആരൊക്കെ കൂടെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം.
9. ജീവിതാന്ത്യ പരിചരണവും ചികിത്സാ രീതികളും ഏതു തരത്തിലുള്ളതായിരിക്കണമെന്ന് നേരത്തേ ആരോഗ്യമുളളപ്പോള്‍ത്തന്നെ എഴുതി തയ്യാറാക്കി വേണ്ടപ്പെട്ടവരെ ഏല്പിക്കാന്‍ സാധിക്കുക. ഇതിന് അഡ്വാന്‍സ് ഡയറക്ടറീസ് എന്നു പറയും. രോഗിയുടെ അഭിലാഷങ്ങള്‍ തീര്‍ച്ചയായും മാനിക്കപ്പെടേണ്ടതാണ്.
10. വേണ്ടപ്പെട്ടവരോടെല്ലാം ഗുഡ്‌ബൈ പറയുവാനുള്ള സമയം ലഭ്യമാവുക.
11. ഗുണനിലവാരമില്ലാത്ത ജീവിതം അല്പംപോലും മുന്നോട്ടു നീളാതെ സമയമാകുമ്പോള്‍ മരിക്കാന്‍ സാധിക്കുക.

Published on നവംബർ-ഡിസംബർ സിൽവർലൈൻ 2012 Volume 6 Issue 4

ഡോ. ജോര്‍ജ് പോള്‍
ജെറിയാട്രിക് മെഡിസിന്‍ വിഭാഗം മേധാവി,
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി