അമ്മയുടെ വിരല്‍ത്തുമ്പിലെ കുഞ്ഞ്‌

ഏതൊരമ്മയ്ക്കും തന്റെ കുഞ്ഞ് വളരെ വേഗം വളര്‍ന്നുകാണാനാണിഷ്ടം. ശൈശവത്തിന്റെയും ബാല്യത്തിന്റെയും സൗന്ദര്യം ഒന്നുവേറെ തന്നെയാണ് എന്നറിയാമെങ്കിലും തന്റെ കുട്ടി പഠിച്ചു മിടുക്കനായി ഉയര്‍ന്ന ഉദ്യോഗസ്ഥനായി തനിക്ക് താങ്ങും തണലുമാകുന്നതും തന്റെ സ്വപ്‌നത്തിന്റെ ഇതളുകള്‍ക്ക് നിറം ചാര്‍ത്തുന്നതും അവര്‍ നിരന്തരം സ്വപ്‌നം കാണുന്നു. മോഹസാക്ഷാത്കാരത്തിനായുള്ള ബദ്ധപ്പാടിനിടയില്‍ കുട്ടിയുടെ ഇളം മനസ്സിലെ സംഗീതം കേള്‍ക്കാന്‍ പല അമ്മമാരും മറന്നുപോകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു വശം. എന്നിട്ടവര്‍ പ്രകൃതിക്കും അവനുമിടയിലെ അതിമനോഹര സംവാദങ്ങള്‍ അവന്റെ യാത്രാ ലക്ഷ്യങ്ങള്‍ക്ക് തടസ്സമായാലോ എന്നു പേടിച്ച്, അവന്റെ ശ്രദ്ധ നിര്‍ബന്ധപൂര്‍വ്വം പഠനത്തിലേക്കും ക്ലാസ് റൂമിലേക്കും തിരിക്കുന്നു. ഓമനിച്ചുവയ്ക്കാനുള്ള ഒരായിരം നിമിഷങ്ങള്‍ ആ കുട്ടിക്ക് അതോടെ നഷ്ടമാവുകയാണെന്ന് അവരറിയുന്നില്ല. ജീവിതത്തിലെ നോവിനും നിരാശയ്ക്കുമിടയില്‍ കുരുങ്ങുമ്പോള്‍ പ്രകൃതിക്ക് എത്ര വലിയ ആശ്വാസമാകാന്‍ കഴിയുമെന്ന്, പ്രകൃതിക്കു മാത്രമേ അത് സാധിക്കൂ എന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

മഞ്ഞുതുള്ളികളേറ്റുവാങ്ങിനില്‍ക്കുന്ന പുല്‍ത്തുമ്പുപോലെ നിറം മാറുകയും ഓരോ മാറ്റത്തിലും നവംനവങ്ങളായ സൗന്ദര്യത്തിലാറാടിനില്ക്കുകയും ചെയ്യുന്ന ആകാശംപോലെയാണ് ശൈശവം. അന്നവനേറ്റവും അടുത്തിടപഴകുന്നത് അച്ഛനോടെന്നതിനേക്കാളും അമ്മയോടാണ്. ആ അമ്മ അവനെ ഒരുപാടുതരത്തില്‍ സ്വാധീനിക്കുന്നു, അന്ത്യ നിമിഷംവരെ. വളരുമ്പോള്‍ അവന് അമ്മയുടേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ടാകാമെങ്കിലും അടിസ്ഥാനപരമായി അവനെന്നും അമ്മയോട് കടപ്പെട്ടിരിക്കുന്നതായി കാണാം.

കുഞ്ഞിന് ഏതാണ്ട് രണ്ട് വയസ്സാകുന്നതുമുതല്‍ തങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം, അവനെ ഒരു ഡോക്ടറോ എന്‍ജിനീയറോ ആക്കിത്തീര്‍ക്കാനുള്ള കഠിന യത്‌നത്തിലേക്ക് വീണുപോകുന്ന അമ്മമാരാണിന്ന് കൂടുതല്‍. അതോടെ അവര്‍ക്ക് നൂറുതരം വേവലാതികളായി. തന്റെ മുമ്പിലെ കുഞ്ഞുമനസ്സ് ഒരു നിലത്തുമ്പിയുടെ പുറകെ പായുന്നതുകാണാന്‍, അവനോടൊപ്പം അവന്റെ നൂറുനൂറു സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി സഞ്ചരിക്കാന്‍ അമ്മയ്ക്ക് സമയമില്ല, താല്പര്യവുമില്ലെന്നു വന്നാല്‍, അത്തരം കൗതുകങ്ങള്‍ അനാവശ്യവും അരുതാത്തതുമാണെന്ന ധാരണയിലാണവനെത്തുക. പിന്നെ അവനും ഉയര്‍ന്ന പദവികളും പണവും മാത്രം സ്വപ്‌നം കാണുകയായി. അതോടെ പറന്നുകളിച്ചിരുന്ന തുമ്പികള്‍ ചിറകുകരിഞ്ഞ് താഴെ വീഴുകയായി. ആകാശം നോക്കി മതിമറന്നങ്ങനെയിരുന്നാല്‍ വഴക്കുകളുടെ ഘോഷയാത്ര, ”ഇവനൊരു മണ്ടനാന്നാ തോന്നുന്നത്” എന്നൊരു മുന്‍വിധിയും. കുളക്കടവിലിരുന്ന് മീനുകളോട് ‘സുഖമല്ലേ’ എന്ന് വിളിച്ചുചോദിക്കാനും പൂച്ചക്കുട്ടിയുടെ പിന്നാലെ ഓടിയോടി നടന്നു രസിക്കാനും പിന്നെ അവനെങ്ങനെയാണ് ധൈര്യപ്പെടുക?

അവന്‍ ഐശ്വര്യങ്ങള്‍ക്കധിപനായി വളരണ്ട എന്നല്ല, പക്ഷേ, യാന്ത്രിക ലോകത്തിന്റെ കണ്ണുകളിലേക്കുറ്റുനോക്കി അവന്റെ കണ്ണുകള്‍ വേദനിക്കുകയും മനസ്സ് പരുക്കനാവുകയും ചെയ്യുന്നതു കാണാന്‍ ഏതൊരമ്മയാണ് ഇഷ്ടപ്പെടുക? അതിനിടയ്ക്ക് അവന് കാണാന്‍ ഒരായിരം പക്ഷികളും തലയാട്ടുന്ന പൂക്കളും തുടുത്ത മുഖമുള്ള പ്രഭാതവും ഉണ്ടെന്നുവന്നാല്‍ എന്ത് രസമായിരിക്കും! അവന് സന്ദേശവാഹകരായി മേഘങ്ങളും മയൂരങ്ങളും അവനോടൊത്തു കരയാന്‍ ചിരിക്കാന്‍ ചെടികളും ചിത്രശലഭങ്ങളും അവന്റെ സ്വപ്‌നങ്ങള്‍ക്കു പൊലിമ കൂട്ടാന്‍ മഴവില്ലും സംഗീതവുമുതിര്‍ക്കുന്ന മഴത്തുള്ളികളുമുണ്ടെന്നുവന്നാല്‍- അപ്പോഴല്ലേ അമ്മയുടെ കുഞ്ഞ് അജയ്യനാവുക? ആഹ്‌ളാദത്തിനും സമ്പത്തിനും കവിത നിറഞ്ഞ മനസ്സിനും ഉടമയായി. അമ്മയുടെ പൊന്നോമനയായും പ്രകൃതിയുടെ കളിത്തോഴനായും വളരുമ്പോഴല്ലേ, അവന്റെ ലോകം സ്വര്‍ഗ്ഗതുല്യമാവൂ?

കുട്ടിക്ക്, അക്ഷരങ്ങളും അക്കങ്ങളുമെന്നപോലെ പ്രധാനമാണ് കഥകളും കവിതകളുമെന്ന് അമ്മയ്ക്ക് എപ്പോഴും ഓര്‍മ്മവേണം. എത്രയോ കഥകള്‍. ”ധിക്കാരിയായ ആട്ടിന്‍കുട്ടി”യില്‍ തുടങ്ങി ”തയ്യല്‍ക്കാരനും ആനയും” കഴിഞ്ഞ് രാക്ഷസന്മാരുടെ ലോകത്തെത്തിയാലും അവസാനിക്കാത്ത കഥകളുണ്ടല്ലോ നമുക്ക്. ചെറിയ വാചകങ്ങളില്‍, ഒരുപാടു ഭാവരസങ്ങളോടെ, അവന്റെ മനസ്സില്‍ പുരാണങ്ങളും പഞ്ചതന്ത്രവും വേരോടട്ടെ.

കാറ്റിലാടുന്ന പൂക്കളെ നോക്കി ‘അവര്‍ മോനെ നോക്കി ചിരിക്കുകയാണ്’ എന്നു പറയുമ്പോള്‍, ‘അമ്പിളി അമ്മാവന്‍ മോളുടെ കൂടെ ഒളിച്ചുകളിക്കുകയാണ്’ എന്നു പറയുമ്പോള്‍ കുട്ടികളുടെ ലോകത്ത് അവര്‍ക്കൊരുപാട് കൂട്ടുകാരുണ്ടാവുകയാണ്. പൂക്കളും നക്ഷത്രങ്ങളുമില്ലാത്ത ലോകത്ത് ചെന്നുപെട്ടാല്‍ മാത്രമേ അവര്‍ക്ക് സുഹൃത്തുക്കളില്ല എന്നു ദുഃഖിക്കേണ്ടിവരൂ.

ഹോംവര്‍ക്ക് മുഴുവനാക്കാതെ, കുട്ടി മഴയോടു വര്‍ത്തമാനം പറയാനോടിയതുകണ്ട് അമ്മയ്ക്ക് ദേഷ്യം വരുന്നുണ്ടാവണം. ”നിന്നോടു മിണ്ടില്ല്യ. എന്റെയീ പച്ച വളയൊന്നും നിനക്കു തരില്ല” എന്നല്ലേ അവള്‍ ഒച്ചവയ്ക്കുന്നത്? ‘വളകളണിയുന്ന മഴ’. ആരുടെ മനസ്സിലും കുളിരു വിതറാന്‍ മാത്രം കവിതാമയമല്ലേ ആ സങ്കല്പം! ഹോംവര്‍ക്കു ചെയ്തുകഴിഞ്ഞ് മുറ്റത്തോടി കളിക്കണമെന്ന പ്ലാന്‍ നടക്കാതെപോയതിലാണ് അവള്‍ക്ക് മഴയോട് ദേഷ്യം. ആ ദേഷ്യവും പിണക്കവും തനിയെ മാറും. അപ്പോഴാരും നിര്‍ബന്ധിക്കാതെ തന്നെ അവള്‍ തന്റെ ജോലി ചെയ്യും എന്നു കരുതി അമ്മ ക്ഷമിക്കണം. അവളുടെ കൊഞ്ചലും പിണക്കവും ദേഷ്യവും കണ്ടാസ്വദിക്കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? അമ്മയുടെ തിരക്കും ക്ഷീണവുമൊന്നും മനസ്സിലാക്കാന്‍ മാത്രം അവള്‍ക്ക് പ്രായമായിട്ടില്ലല്ലോ.

ഒരു പൂവും കൈയ്യില്‍പിടിച്ച് ഊഞ്ഞാലിലിരുന്നാടണമെന്നാവും ഒരുദിവസം കുട്ടിയുടെ വാശി. അവന്റെ മനസ്സ് ആ പൂവിന്റെ വര്‍ണ്ണത്തിലും ഊഞ്ഞാല്‍ത്താളത്തിലും ലയിച്ച് ഒരു കവിത കുറിക്കുന്നുണ്ടെങ്കിലോ? വായില്‍ തോന്നിയതൊക്കെ അവര്‍ പുലമ്പുന്നുവെന്നും അക്ഷരത്തെറ്റുകള്‍ വരുത്തി വിഡ്ഢിത്തങ്ങളെഴുതുന്നുവെന്നും അമ്മയ്ക്ക് തോന്നിയേക്കാം. പിന്നീട് ആ ‘തോന്ന്യാക്ഷരങ്ങള്‍’ (ശ്രീ. ഒ.എന്‍.വി.യോട് കടപ്പാട്) അമ്മയുടെ പ്രോത്സാഹനത്തിന്റെ മധുവും മണവും നുകര്‍ന്ന് ഒരു കഥയോ കവിതയോ ആയി മാറിയാല്‍ അമ്മ ആഹ്‌ളാദിക്കില്ലേ? അതോ എന്റെ എന്‍ജിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ എന്തിനീ പാഴ്പണിക്കു പോകുന്നുവെന്ന് ഒച്ചവയ്ക്കുമോ?

ജീവിത യാഥാര്‍ത്ഥ്യങ്ങളെ എങ്ങനെ നേരിടണമെന്ന് പകയ്ക്കുമ്പോള്‍ഏ വിരസമായ ഫയലുകളില്‍ മുഖംനട്ടിരുന്ന് തലവേദനയിലാഴുമ്പോള്‍- ജാലകത്തിനരികെ വന്നുപോകുന്ന കുഞ്ഞിക്കുരുവികളെ, ഇളക്കത്താലിപോലെ ദൂരെ ആല്‍ക്കൊമ്പത്തിളകുന്ന ഇലകളെ കാണാന്‍ കഴിഞ്ഞാല്‍ ആ അനുഭൂതി എത്ര ആഹ്‌ളാദജനകമാവും എന്ന് ഒന്ന് സങ്കല്പിച്ചുനോക്കൂ. ഇത്തരം കാഴ്ചകള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. കണ്ടാലും ആസ്വദിക്കാന്‍ കഴിയില്ല എന്നുകൂടി ഓര്‍മ്മിച്ചാലേ ഈ ഭാഗ്യാതിരേകത്തെ മുഴുവനായും ഉള്‍ക്കൊള്ളാന്‍ കഴിയൂ.

പ്രകൃതി ആഹ്‌ളാദകാരിയാണ് എന്ന അറിവ് അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങിനടക്കുമ്പോഴേ കുട്ടി പഠിക്കട്ടെ. പ്രകൃതിയുമായി ഇടപഴകാന്‍ അവന് കഴിയുന്നത്ര അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും നഗരത്തില്‍ ശ്വാസംമുട്ടുന്നവരാണ് എങ്കില്‍പോലും അടുത്തുള്ള പാര്‍ക്കിലൂടെ, കഥകളിലൂടെ അല്ലെങ്കില്‍ അമ്മയുടെ മനസ്സില്‍ തുയിലുണര്‍ത്തുന്ന നാടന്‍ ഓര്‍മ്മകളിലൂടെ അവന് പ്രകൃതിയെ കാണിച്ചുകൊടുക്കാന്‍ കഴിയണം.

പൂക്കളും പക്ഷികളും ആകാശവും കൂട്ടായുള്ളവന്റെ മനസ്സില്‍ ഏത് ദുര്യോഗത്തിലും ഒത്തിരിയെങ്കിലും ആഹ്‌ളാദമുണ്ടാകാതിരിക്കാന്‍ വഴിയില്ലെന്ന് തീര്‍ച്ചയാണ്.

ഒരു കമ്പി തൊട്ടാല്‍ ശ്രുതിയുണരുന്ന വീണപോലെ കുട്ടിയുടെ മനസ്സ് സംഗീതസാന്ദ്രമാകട്ടെ.
ഒരിതള്‍ വിരിയുമ്പോഴേയ്ക്ക് സുഗന്ധം പരത്തുന്ന ഒത്തിരിപ്പൂപോലെയാകട്ടെ.

BY പിയ എ.എസ്.
സാഹിത്യകാരി